മധുവിന്റെ മരണത്തില്‍ മലയാളി സിവില്‍ സമൂഹത്തിന്റെ പങ്ക്

Madhu

ഗ്രാംഷിയുടെ "ഹെജമണി" എന്ന ആശയത്തെ എഡ്വേര്‍ഡ് സെയ്ദ് ഇങ്ങനെ വിശദീകരിക്കുന്നു;. 

“സിവിൽ സമൂഹത്തിന്റെയും  രാഷ്ട്രീയസമൂഹത്തിന്റെയും ഇടയിൽ ഗ്രാംഷി ഒരു വിശകലനാത്മകമായ വ്യതിരിക്തത നിർവ്വചിച്ചിട്ടുണ്ട്.  സിവിൽ സമൂഹം സ്വമേധയാലോ  (അല്ലെങ്കിൽ ചുരുങ്ങിയത് യുക്തിപൂർവ്വമോ ബലപ്രയോഗം കൊണ്ടോ അല്ലാത്തതെങ്കിലുമായ) സ്കൂളുകൾ, കുടുംബങ്ങൾ, സാമൂഹ്യ കൂട്ടായ്മകൾ തുടങ്ങിയ  ചേർത്തുനിർത്തലുകളാലാണ് നിർമ്മിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ രാഷ്ട്രീയശരീരത്തിനുമേൽ നേരിട്ടുള്ള ആധിപത്യം ലക്ഷ്യം വെക്കുന്ന രാഷ്ട്രീയസമൂഹം  പൊലീസ്, പട്ടാളം, കേന്ദ്രീകൃത  ഉദ്യോഗസ്ഥഭരണസംവിധാനങ്ങൾ തുടങ്ങിയ സ്റ്റേയ്റ്റ് ഇൻസ്റ്റിറ്റ്യൂഷനുകൾ കൊണ്ടാണ് നിർമ്മിക്കപ്പെടുന്നത്. സംസ്കാരം അനിവാര്യമായും  പ്രവർത്തിക്കുന്നത് സിവിൽ സമൂഹത്തിന്റെ അകത്താണ്. അവിടെ ആശയങ്ങളുടെയും ഇൻസ്റ്റിറ്റ്യൂഷനുകളുടെയും വ്യക്തികളുടെയും സ്വാധീനം നേരിട്ടുള്ള ആധിപത്യത്തിലൂടെയല്ല പ്രവർത്തിക്കുന്നത്,  മറിച്ച് സമ്മതി എന്ന പ്രക്രിയയിലൂടെയാണ്. സമഗ്രാധിപത്യപരമല്ലാത്ത ഏത് സമൂഹത്തിലും ചില സംസ്കാരരൂപങ്ങൾക്ക് മറ്റുള്ളവയുടെ  മുകളിൽ മേൽക്കയ്യുണ്ടാവും, ചില ആശയങ്ങൾക്ക് മറ്റുള്ളവയേക്കാൾ സ്വാധീനമുള്ളതുപോലെത്തന്നെ. ഈ സാംസ്കാരികമായ നേതൃത്വരൂപത്തെ ഗ്രാംഷി ഹെജിമണി എന്ന് വിളിക്കുന്നു.” (ഓറിയന്റലിസം).

 

സിവില്‍ സമൂഹം 

 

സിവില്‍ സമൂഹം രൂപപ്പെടുന്നത് എന്തായാലും രാഷ്ട്രീയമായ ഇന്‍ഡോക്ട്രിനേഷന്‍ വഴി അല്ല എന്ന് വ്യക്തം. സംസ്കാരം അനിവാര്യമായും പ്രവര്‍ത്തിക്കുന്നത് സിവില്‍ സമൂഹത്തിന്റെ അകത്താണ്. അതാവട്ടെ ബലപ്രയോഗത്തിലൂടെ നേരിട്ടുണ്ടാക്കുന്ന ആധിപത്യത്തിലുടെയല്ല, സമ്മതി എന്ന പ്രക്രിയയിലുടെയാണ് പ്രവര്‍ത്തിക്കുന്നതും. അതുകൊണ്ട് തന്നെ സിവില്‍ സമൂഹത്തില്‍ പ്രബലമായിരിക്കുന്ന പ്രവണതകള്‍ക്ക്, പെരുമാറ്റ രീതികള്‍‍ക്ക്, വൈകല്യങ്ങള്‍ക്ക് ഒക്കെയും വേര് തിരയേണ്ടതും അവരുടെ സാംസ്കാരികമായ നേതൃത്വരൂപത്തില്‍ അഥവാ ഹെജിമണിയിലാണ്.

 

മധു എന്ന ആദിവാസി യുവാവിനെ നിര്‍ദ്ദയം തല്ലിക്കൊന്ന ആള്‍ക്കൂട്ടത്തെ എടുക്കുക. അവര്‍ രാഷ്ട്രീയമായി സംഘടിപ്പിക്കപ്പെട്ട ഒന്നായിരുന്നില്ല, മറിച്ച് സ്പോണ്ടെനിയസായി രൂപപ്പെട്ട ഒരു മള്‍ടിട്യുഡായിരുന്നു. അവര്‍ പ്രതിനിധാനം ചെയ്യുന്നത് നമ്മുടെ സിവില്‍ സമുഹത്തെയും. അവരെ അത്തരം ഒരു പ്രവര്‍ത്തിയിലേയ്ക്ക് തള്ളിവിട്ടത് എന്താണ്? കറുത്ത തൊലിയുള്ള, “അപരിഷ്കൃത”മായി വസ്ത്രംധരിക്കുകയും പെരുമാറുകയും ചെയ്യുന്ന എല്ലാവരിലും ഒരു കുറ്റവാളി ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ട് എന്ന തോന്നലും.

 

ആ തോന്നല്‍ ബലപ്പെടുന്നതോടെ അത്തരം ലക്ഷണങ്ങള്‍ ഉള്ളവരില്‍ എല്ലാം നാം മോഷ്ടാക്കളെ, കൊള്ളക്കാരെ, കുട്ടിയെ പിടുത്തക്കാരെ എന്ന് തുടങ്ങി അസന്മാര്‍ഗ്ഗം എന്ന് നാം കരുതുന്ന എല്ലാറ്റിന്റെയും പ്രാതിനിധ്യം വായിച്ചെടുക്കുന്നു. അത്തരക്കാരില്‍ നിന്നും സമൂഹത്തെ സംരക്ഷിക്കേണ്ടത് നിയമ സംവിധാനങ്ങളുടെ മാത്രം കടമയല്ല, മറിച്ച് ഉത്തരവാദിത്തമുള്ള ഒരു സിവില്‍ സമൂഹത്തിലെ ഓരോ പൌരന്റെയും കടമയാണ് എന്ന് നാം വിശ്വസിക്കുന്നു.ഇത് തന്നെയാണ് മധുവിന്റെ കാര്യത്തില്‍ സംഭവിച്ചത്. ഇത് തന്നെയാണ് മാനസികരോഗിയായ ഒരു സ്ത്രീയെ കൈകാര്യം ചെയ്തപ്പോള്‍, ഒരു ട്രാന്‍സ്ജെണ്ടറിനെ കൈകാര്യം ചെയ്തപ്പോള്‍ ഒക്കെയും സംഭവിച്ചത്.

 

സൈബര്‍ മാധ്യമങ്ങളില്‍ സംഭവം വന്‍ ജനരോഷം ഉല്‍പാദിപ്പിച്ചപ്പോള്‍ സ്വാഭാവികമായും മുഖ്യധാര മാധ്യമങ്ങളും ചാനലുകളും അത് ഏറ്റെടുത്തു. എന്നാല്‍ അപ്പോഴും കള്ളനെ പിടിച്ചാല്‍ നാല് പൊട്ടിക്കുന്നത് നാട്ടുനടപ്പാണ് എന്ന് വിശ്വസിക്കുന്നവര്‍ ഇവിടെയും ധാരാളം ഉണ്ട് എന്നതാണ് സത്യം. അപുര്‍വ്വം പേര്‍ക്കെ അത് തുറന്നുപറയാന്‍ ധൈര്യം വരുന്നുള്ളൂ എന്നതുകൊണ്ട് ആ അഭിപ്രായത്തിന് ഇവിടെ മേല്‍കൈ ലഭിക്കുന്നില്ല എന്ന് മാത്രം.

 

സൈബര്‍ ലോകത്തിന് പുറത്തുള്ള സമുഹത്തില്‍ മേല്പറഞ്ഞ രീതിയില്‍ അട്ടപ്പാടി സംഭവത്തെ ന്യായീകരിക്കുന്നവര്‍ തന്നെയാണ് അധികം എന്നാണ് വ്യക്തിഗത അനുഭവത്തില്‍ നിന്നും മനസിലാകുന്നത്. അതായത് നമ്മുടെ സിവില്‍ സമൂഹത്തിന്റെ സാംസ്കാരിക നേതൃ രൂപത്തെ, ഹെജമണിയെ സംബന്ധിച്ചിടത്തോളം അട്ടപ്പാടിയില്‍ ആ ആള്‍കൂട്ടം ചെയ്തത് വലിയ പാതകമൊന്നുമല്ല എന്ന്. കൊല്ലാന്‍ വേണ്ടിയല്ല തല്ലിയത്, പക്ഷേ ചത്തുപോയി. സിവില്‍ സമൂഹത്തിന്റെ ജാഗ്രത എന്ന കടമ നിര്‍വഹിക്കുന്നതിനിടയില്‍ അവരുടെ വീര പ്രതിനിധികളില്‍ ആര്‍ക്കോ പറ്റിയ ഒരു അബദ്ധം. ചത്തത് പുണ്യാളനൊന്നുമല്ലല്ലോ, അരിയും മല്ലിയും ബീഡിയുമൊക്കെ ആണെങ്കിലും മോഷണം മോഷണം തന്നെയല്ലേ...!

 

സംസ്കാരം

 

സംസ്കാരം പ്രവര്‍ത്തിക്കുന്നത് സിവില്‍ സമൂഹത്തിനുള്ളിലാണ്. ആ സിവില്‍ സമൂഹമാണ് മധുവിന്റെ കൊലയ്ക്ക് ഉത്തരവാദി. അപ്പോള്‍ അവര്‍ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന, അവരുടെ സാംസ്കാരിക നേതൃരൂപം, അതെന്താണ്? കുറച്ചുകൂടി ലളിതമായി ചോദിച്ചാല്‍ എന്താണ് ഇവരുടെ സംസ്കാരം?

 

അടിയും കോലും അളന്ന് മനുഷ്യരെ മുഖ്യധാരയില്‍ നിന്നും അകറ്റി നിര്‍ത്തി ശ്രേണിവല്‍ക്കരിച്ച ഉചനീചത്വങ്ങള്‍ വഴി എക്സ്ക്ലൂസിവിറ്റി ഒരു സ്ഥാപനമാക്കി മാറ്റിയ ‘കീഴാചാരങ്ങള്‍’ തന്നെ ഇന്നും നമ്മുടെ സാംസ്കാരിക നേതൃരൂപം. ആധുനികതയും, നവോത്ഥാനവും അതിന്‍റെ രാഷ്ട്രീയ തുടര്‍ച്ചയും ഒക്കെ ചേര്‍ന്ന് ഭാഗികമായി ഉണ്ടാക്കിയ ഒരു പ്രതി-മേല്‍കോയ്മയെ തല്‍കാലം ചെറുക്കാന്‍ കോപ്പില്ലാതെ പ്രത്യക്ഷ രൂപം വെടിഞ്ഞ് പരോക്ഷ അസ്തിത്വം സ്വീകരിച്ച മനുസ്മൃതി.

 

മുഖ്യധാരയില്‍ നിന്നും അന്യവല്‍ക്കരിക്കാനും അപ്രഖ്യാപിത തീണ്ടാപ്പാടെയ്ക്ക് മാറ്റി നിര്‍ത്താനും ജാതി എന്ന പ്രത്യക്ഷ ഉപാധി ഇന്ന് അവലംബിക്കാനാവില്ല. കാരണം എന്ത്? ആ സംസ്കാരം പരിണമിച്ച് മറ്റൊന്നായതാണോ? ഹെജമണി തകര്‍ന്നതാണോ? സിവില്‍ സമൂഹത്തിന്റെ സാംസ്കാരിക നേതൃരൂപം മറ്റൊന്നായതാണോ?

 

കെട്ടിയിറക്കിയ ആധുനികത

 

ആധുനികത മുതല്‍ നവോത്ഥാനവും ജനാധിപത്യവും മതേതരത്വവും ഒക്കെയും യുറോപ്യന്‍ മാതൃകയില്‍ കൊളോണിയലിസം വഴി കെട്ടിയിറക്കിയതാണ് ഇക്കണ്ട പ്രശ്നങ്ങള്‍ക്ക് ഒക്കെയും കാരണം എന്നാണ് ഉത്തരാധുനിക വിമര്‍ശനം. ശരി. ഇവിടെ നമ്മള്‍ വ്യക്തമായ ചില നിലപാടുകള്‍ എടുക്കേണ്ടിയിരിക്കുന്നു. ആധുനിക പുര്‍വ്വ സമുഹത്തിലാണേങ്കില്‍ മധു മോഷണത്തിന് പുറമേ തീണ്ടല്‍ ഉള്‍പ്പെടെ മറ്റ്‌ നിരവധി കുറ്റങ്ങള്‍ക്ക് സ്വാഭാവികമായും ഇതേ ശിക്ഷ അനുഭവിക്കെണ്ടിവന്നേനെ. ഒരുപക്ഷെ ഒപ്പം അവന്‍റെ ഊരും ചുട്ടെരിക്കപ്പെട്ടെനെ.

 

ഇന്ന് അവന്റെ ദൌര്‍ഭാഗ്യകരമായ നിര്യാണത്തെ തടയാന്‍ ആയില്ലെങ്കിലും അവന്‍ കടന്നുപോയ നീതി നിഷേധത്തെ അപലപിക്കാന്‍, മരണാനന്തരം എന്ത് നീതി എന്ന ചോദ്യം നിലനില്‍ക്കുമ്പോഴും അവന്റെ കൊലയാളികളെ ശിക്ഷിക്കുക വഴി സാദ്ധ്യമായ നീതി എന്ന പ്രതീതി എങ്കിലും അവന് നല്‍കണം എന്ന് വാദിക്കാന്‍ ഒരു നല്ല ശതമാനം മനുഷ്യരുണ്ട്. അവര്‍ അതിനവലംബിക്കുന്ന യുക്തി എന്താണ്?

 

ഭരണഘടന, അതിന്‍റെ ഭാഗമായ ശിക്ഷാ നിയമം, ആധുനിക നൈതീക ബോധം ഒക്കെ തന്നെ ആധാരം. മോഷ്ടിച്ചു എന്ന് തന്നെ ഇരിക്കട്ടെ, അതിന് വളഞ്ഞിട്ട് തല്ലികൊല്ലാന്‍ ആള്‍കൂട്ടത്തിന് ആര് അനുവാദം നല്‍കി എന്ന ചോദ്യം ഭരണഘടന, ശിക്ഷാനിയമം, അവയില്‍ ഉപരി ആധുനിക നൈതിക ബോധം നല്‍കുന്ന അവബോധത്തില്‍ നിന്നും ഉണ്ടാകുന്നതാണ്, മനുസ്മൃതിയില്‍ നിന്നല്ല. അതുണ്ടായത് സിവില്‍ സമൂഹത്തിന്റെ സാംസ്കാരിക നേതൃരൂപം അടിപടലെ സ്വയം പരിണമിച്ചതിനാല്‍ സംഭവിച്ചതുമല്ല. ആ മാറ്റം “പൊലീസ്, പട്ടാളം, കേന്ദ്രീകൃത  ഉദ്യോഗസ്ഥഭരണസംവിധാനങ്ങൾ തുടങ്ങിയ സ്റ്റേയ്റ്റ് ഇൻസ്റ്റിറ്റ്യൂഷനുകൾ” അടങ്ങുന്ന രാഷ്ട്രിയ സമൂഹത്തില്‍ സംഭവിച്ച മാറ്റങ്ങള്‍ വഴി ഉണ്ടായതാണ്.

 

ഈ ഓരോ മാറ്റവും സിവില്‍ സമൂഹത്തില്‍ നിന്നും ഉണ്ടായ എതിര്‍പ്പും നിസ്സഹകരണവും അതിജീവിച്ചാണ് നിലനിന്നുപോന്നത്. ക്ഷേത്ര പ്രവേശന വിളംബരത്തോടെ ദളിതര്‍ അമ്പലത്തില്‍ കയറാനും സവര്‍ണ്ണര്‍ അവരെ കയറ്റാനും പരസ്പരം മത്സരിക്കുന്ന അവസ്ഥ ഒന്നുമല്ലല്ലോ ഉണ്ടായത്. സ്ത്രീകളുടെയും ദളിതരുടെയും വിദ്യാഭ്യാസം പോലെയുള്ള കാര്യങ്ങളിലും രാഷ്ട്രീയ സമൂഹത്തില്‍ വന്ന മാറ്റം സിവില്‍ സമൂഹം അംഗീകരിക്കുവാന്‍ ആയിരുന്നു പ്രയാസം.

 

ചുരുക്കി പറഞ്ഞാല്‍ ഇന്ത്യയെ, കേരളത്തെ സംബന്ധിച്ചിടത്തോളം ആധുനിക ഭരണകുടം എന്ന അധികാര സ്ഥാപനത്തേക്കാള്‍ പ്രബലമാണ് അതിന്റെ ആധുനിക പുര്‍വ്വ ഹെജമണി അഥവാ സാംസ്കാരിക നേതൃരൂപം. ആ നേതൃരൂപമാണ് മധുവിനെ കൊന്നതും അതിനെ പിന്നെ ന്യായീകരിച്ചതും. ഒരു ഇടത് കമ്യുണിസ്റ്റ് സര്‍ക്കാര്‍ ഭരിക്കുന്നു എന്നതിനാല്‍ ഈ മരണത്തെ ഭരണകൂടത്തിനെതിരെ ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാം എന്നുകണ്ട് അതില്‍ ചാടി വീണ് പെരളുന്നവരെ മാറ്റി നിര്‍ത്തിയാല്‍ അതിനെതിരേ ഉയര്‍ന്ന ശബ്ദങ്ങള്‍ ഒന്നും കേരളിയ സിവില്‍ സമുഹത്തിന്റെ അല്ല. കെട്ടിയിറക്കിയത് എന്ന് ഉത്തരാധുനികത അപഹസിക്കുന്ന ആധുനിക നൈതിക യുക്തികള്‍ക്ക് വരിക്കാരായി തുടരുന്ന മനുഷ്യരുടെയാണ്.

 

അക്രമരഹിതരായ സമാധാനപ്രേമികള്‍

 

കേരളം അക്രമവിരുദ്ധരായ സമാധാന പ്രേമികളുടെ ഒരു സിവില്‍ സമൂഹമാണ് എന്നാണ് വയ്പ്പ്. എന്നാല്‍ അവരുടെ സാംസ്കാരിക അബോധത്തില്‍ നിറഞ്ഞ വയലന്‍സിന്റെ ദൈനംദിന പ്രയോഗങ്ങളുടെ രുപകങ്ങള്‍ നമ്മള്‍ കണ്ടില്ലെന്ന് നടിക്കുന്നു.

 

സൈദ്ധാന്തികമായി പട്ടാളം ഒരു ഭരണകൂട ഉപകരണവും അതുകൊണ്ട് രാഷ്ട്രീയ സമൂഹത്തിന്റെ ഭാഗവുമാണ്. എന്നാല്‍ നമ്മുടെ സിവില്‍ സമൂഹത്തിന്റെ വീര സങ്കല്പത്തിന്റെ കാതലും അത് തന്നെ. സമൂഹ തലത്തില്‍ നാം പ്രതികാരം എന്ന വികാരത്തെ നാം അതുണ്ടാക്കുന്ന സാമൂഹ്യ അസ്വാസ്ഥ്യങ്ങളെ കരുതി നിരുല്‍സാഹപ്പെടുത്തുന്നു, എന്നാല്‍ വ്യക്തി തലത്തില്‍ അതിനെ ഒരു ഇഷ്ട പ്രമേയമായി കൊണ്ടുനടക്കുന്നു. അതിന്‍റെ ആവിഷ്കാരങ്ങളെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നു.

 

വീരാരാധന അക്രമത്തിനുള്ള ഒരു പരോക്ഷ അര്‍ച്ചനയാണെന്ന് അറിഞ്ഞുകൊണ്ടല്ലെങ്കിലും നമ്മള്‍ ചെയ്തുകൊണ്ടേയിരിക്കുന്നു. അതുവഴി നമ്മുടെ സിവില്‍ സമൂഹം അതിന്‍റെ ഗോത്രപരതയെ തന്നെ സാംസ്കാരിക നേതൃരുപമാക്കുന്നു. ഇടയ്ക്ക് ഒന്ന് മിന്നിയ പ്രതി-ഹെജമണി പിന്നെ മങ്ങിക്കൊണ്ടേയിരിക്കുന്നു. നമ്മള്‍ മധുവിനെ മാത്രം കാണുന്നു. പകരം ഉബൈദിനെ കൊല്ലാന്‍ ആഹ്വാനം ചെയ്യുന്നു. പണി ഒന്ന് തന്നെ. ചെയ്യിപ്പിക്കുന്ന ഹെജമണിയും.

 

ചോര കുടിക്കുന്ന ചെന്നായ്ക്കള്‍

 

മുട്ടനാടുകളെ തമ്മില്‍ അടിപ്പിച്ച് ചോര കുടിക്കുന്ന ചെന്നായയുടെ കഥ പരിചിതമാണല്ലോ. ഇവിടെയും ഉണ്ട് അത്തരം ഒരു കൂട്ടം. മധുവിനെ തല്ലിക്കൊന്ന സിവില്‍ സമൂഹത്തെ നയിക്കുന്ന സാംസ്കാരിക നേതൃരൂപം മനുസ്മൃതി മുതല്‍ കീഴാചാരങ്ങള്‍ വരെയുള്ളവ തന്നെ എന്ന് പറഞ്ഞു. അത് ഇന്ത്യ ഒരു രാജ്യമായത് മുതല്‍ക്കെങ്കിലും രാഷ്ട്രീയ സമൂഹം നേരിട്ട് സമ്മതി നിര്‍മ്മാണത്തില്‍ ഇടപെട്ട് നിലനിര്‍ത്തി പോരുന്ന ഒരു ഹെജമണി അല്ല എന്നും. എന്നാല്‍ എല്ലാ കൂട്ടത്തിലും ആടുകളെ തമ്മില്‍ അടിപ്പിച്ച് ചോരകുടിക്കാന്‍ പ്രശ്ചന്ന രൂപത്തില്‍ ചെന്നായ്കകള്‍ ഉണ്ടാവാം.

 

അത്തരം ഒരു ചെന്നായ ഇന്ത്യന്‍ സിവില്‍ സമൂഹത്തിലും രാഷ്ട്രിയ സമൂഹത്തിലും ഒരുപോലെ സാന്നിദ്ധ്യം ഉറപ്പാക്കി തുടരുന്നു. അതിന്‍റെ പേരാണ് സംഘിത്തം.

 

മധുവിന്‍റെ മരണത്തെ തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചകളില്‍ ഒക്കെയും ആദിവാസി ക്ഷേമത്തിനായി മാറ്റി വയ്ക്കപ്പെട്ട കോടികള്‍ എവിടെ പോയി, അവ എന്ത് ഉപകാരം ഉണ്ടാക്കി എന്നീ ചോദ്യങ്ങളില്‍ കേന്ദ്രികരിക്കുന്നു. അതിന് ഉത്തരം പറയേണ്ടത് രാഷ്ട്രിയ സമൂഹം  തന്നെയാണ് താനും. എന്നാല്‍ അതിന്‍റെ മറവില്‍ മറ്റൊരു ചോര കുടി നടക്കുന്നുണ്ട്.

wolfs.jpg

കേരളം ഇന്ന് അഭിമാനിക്കുന്ന ഒരു സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ നേട്ടത്തിലും അഞ്ച് പൈസയുടെ അവകാശവാദം ഉന്നയിക്കാന്‍ പറ്റാത്ത ഒരു സംഘടനയ്ക്കും പ്രത്യയശാസ്ത്രത്തിനും കിട്ടിയ ഗ്യാപ്പില്‍ അതിനെ അവമതിക്കാനേ പറ്റൂ. എന്നാല്‍ അത് കാണാതെ ഇവര്‍ക്ക് മധുവിന്റെ മരണമല്ല, കേരളത്തിന്റെ ഇമേജ് ആണ് പ്രശ്നം എന്ന നിലയില്‍ പ്രതിരോധങ്ങളെ വിമര്‍ശിക്കുന്ന നിഷ്കളങ്കരോട്, പ്രശ്നം കേരളം നമ്പര്‍ വണ്ണോ, ഇലവണോ എന്നതൊന്നുമല്ല ഒരു ഹെജമണിക് ശക്തികേരളത്തെ (സി പി എമ്മിനെയും കേരളത്തിനെയും എന്ന് അവര്‍ സമീകരിക്കുന്നു. സംഘികളുടെ സാംസ്കാരിക ശത്രുതയുടെ അബോധം തന്നെയും അന്ധമായ സി പി എം വിരോധത്തെക്കാള്‍ അലേര്‍ട്ട് ആണ്) എങ്ങനെ കാണുന്നു എന്നതാണ്.

 

മധുവിന്റെ മരണത്തെ സി പി എം ബാഷിങ്ങിന്റെ ഒരു ഉപകരണമായി ഉപയോഗിച്ച് കളയാം എന്ന് ഇവിടത്തെ സിവില്‍ സൊസൈറ്റി, അതിന്റെ സാംസ്കാരിക നേതൃരൂപം തീരുമാനിച്ചാല്‍ അതിനെ ചെറുക്കുക അത്ര എളുപ്പമല്ല. പക്ഷെ അതിനൊത്ത് തുള്ളുന്ന സ്വയം നിര്‍വചിക്കപ്പെട്ട നിഷ്പക്ഷരും “യഥാര്‍ത്ഥ “ഇടതുപക്ഷക്കാരും തങ്ങള്‍ ചെയ്യുന്നത് വലിയൊരു സാംസ്കാരിക ദൌത്യമാണ് എന്നൊക്കെ കരുതുന്നുണ്ടെങ്കില്‍ പിന്നെ ഒന്നും പറയാനില്ല.

 

മധുവിനെ തല്ലിക്കൊന്നവരും അതിനെ സിവില്‍ സമൂഹത്തിന്റെ ജാഗ്രത എന്നൊക്കെയാണ് വിശേഷിപ്പിക്കുന്നത്.