ഇന്ത്യയിൽ സ്ഥിരജോലി ഇല്ലാതാകുമ്പോൾ

labor amendment 2018

രാജ്യത്തെ മുഴുവൻ വ്യവസായ തൊഴിൽ മേഖലകളിലും കരാർ തൊഴിലും നിശ്ചിതകാലാവധി തൊഴിലും അനുവദിച്ചു കൊണ്ട് കേന്ദ്ര തൊഴിൽ മന്ത്രാലയം പുറപ്പെടുവിച്ച ഇന്‍ഡസ്റ്റ്രിയല്‍ എംപ്ലോയ്മെന്റ് (സ്റ്റാൻഡിങ് ഓർഡേഴ്സ്) ഭേദഗതി ചട്ടം 2018 തീവ്രപ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ പോകുന്ന ഒന്നാണ്. സംഘടിതമേഖലയിൽ സ്ഥിരം തൊഴിൽ എന്ന അവകാശത്തെ അട്ടിമറിച്ചു കൊണ്ട് നിയോലിബറൽ നയങ്ങൾക്കനുസൃതമായി ഇന്ത്യയിലെ തൊഴിൽ നിയമത്തെ പരിവർത്തനപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് ആക്കം കൂട്ടുന്ന ഈ നടപടി മോഡി ഗവൺമെന്റിന്റെ തൊഴിലാളിവിരുദ്ധനയങ്ങൾക്ക് ഉത്തമദൃഷ്ടാന്തമാണ്‌. വസ്ത്രനിർമാണമേഖല, തുകലുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ, ഭക്ഷ്യസംസ്ക്കരണം എന്നീ മേഖലകളിൽ മാത്രം നിലവിലുണ്ടായിരുന്ന നിശ്ചിതകാലാവധി തൊഴിൽ എല്ലാ വ്യവസായമേഖലകളിലും ബാധകമാക്കും എന്ന അരുൺ ജെയ്റ്റ്ലിയുടെ ബജറ്റ് പ്രഖ്യാപനത്തിന്റെ തുടർച്ചയാണ് ഈ നടപടി. 1946ലെ വ്യവസായ-തൊഴിൽ നിയമത്തിലെ ചട്ടങ്ങൾ ഭേദഗതി ചെയ്തുകൊണ്ടുള്ള ഈ ഉത്തരവ് തൊഴിലുടമകൾക്ക് പരിപൂർണാധികാരം നൽകുകയും തൊഴിലാളി എന്ന നിലയിലുള്ള ഒരു വ്യക്തിയുടെ അവകാശങ്ങളെ അട്ടിമറിക്കുകയും ചെയ്യുകയാണ്. കുത്തകകള്‍ക്ക് വേണ്ടി ഹയര്‍ ആന്‍ഡ് ഫയര്‍ വ്യാപകമാക്കാനുളള ഒരു നടപടിയാണിത്.

 

നിയമത്തിലെ പ്രധാനനിർദ്ദേശങ്ങൾ പ്രകാരം നിലനിൽക്കുന്ന സ്ഥിരം ജീവനക്കാരെ താൽക്കാലികമോ നിശ്ചിതകാലമോ ആയ തൊഴിലാളി ആക്കി മാറ്റാൻ പാടില്ല. സ്ഥിരതൊഴിലാളിക്ക് ലഭിക്കുന്ന മുഴുവൻ ആനുകൂല്യങ്ങളും കരാർ ജീവനക്കാർക്കും ലഭിക്കുമെന്നും വിജ്ഞാപനം വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഇത്തരം ജോലിക്കാരെ വെറും രണ്ടാഴ്ചത്തെ നോട്ടീസ് നൽകി പിരിച്ചു വിടാൻ തൊഴിലുടമക്ക് ഈ നിയമം അധികാരം നൽകുന്നുണ്ട്. കരാർ പുതുക്കാത്ത സാഹചര്യങ്ങളിൽ തൊഴിലുടമ അതിന്റെ കാരണം വിശദീകരിക്കുകയോ നോട്ടീസ് നൽകുകയോ ചെയ്യേണ്ടതില്ലെന്നും പുതിയഭേദഗതി വ്യക്തമാക്കുന്നു. അതോടൊപ്പം കരാർ തൊഴിലാളി നിയമത്തിലെ പത്താം വകുപ്പുമായി ബന്ധപ്പെട്ടു പ്രധാനപ്പെട്ട ഭേദഗതികളും തൊഴിൽ മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്. ഇതനുസരിച്ചു ഒരു സ്ഥാപനത്തിലെ സ്ഥിരവിഭാഗത്തില്‍പ്പെടുന്ന ജോലികളെ പ്രധാനപ്പെട്ടവയും അല്ലാത്തവയും എന്ന് രണ്ടായി തിരിക്കാനും പ്രധാനപ്പെട്ടവ അല്ലാത്തതിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്താനുമാണു നിർദ്ദേശിക്കുന്നത്. നിലവിൽ നൂറിലധികം തൊഴിലാളികൾ ജോലി ചെയ്യുന്ന മിനിമം വേജ് ആക്റ്റ് ബാധകമുള്ള സ്വകാര്യ-പൊതുമേഖലാസ്ഥാപനങ്ങളിൽ കരാർ തൊഴിലാളികളെ നിയമിക്കാൻ പാടില്ല എന്ന വ്യവസ്ഥയാണ് എടുത്തു മാറ്റപ്പെടുന്നത്. നൂറ് തൊഴിലാളികൾ എന്ന നിബന്ധന നിലനിന്ന സമയത്തുപോലും പ്രത്യേക യൂണിറ്റുകളായി സ്ഥാപനങ്ങളെ വിഭജിച്ചു ഈ നിയമത്തെ കടത്തി വെട്ടാൻ തൊഴിൽ ഉടമകൾക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ടു തന്നെ പുതിയ നിർദേശങ്ങൾ ഇത്തരം ചൂഷണങ്ങളുടെ ആഴം വർധിപ്പിക്കുമെന്ന കാര്യത്തിൽ തർക്കമില്ല.

 

വാജ്‌പേയ് സർക്കാരിന്റെ ഭരണകാലത്ത് 2003ലാണ് ഇന്‍ഡസ്റ്റ്രിയല്‍ എംപ്ലോയ്മെന്റ് (സ്റ്റാൻഡിങ് ഓർഡേഴ്സ്) ചട്ടം ഭേദഗതി ചെയ്ത് നിശ്ചിതകാലതൊഴിൽ എന്ന സമ്പ്രദായം ഇന്ത്യയിൽ കൊണ്ടുവന്നത്. തൊഴിലാളിസംഘടനകളുടെ അതിശക്തമായ എതിർപ്പിനെ തുടർന്ന് 2007ൽ യു.പി.ഏ. സർക്കാരിന്റെ കാലത്തു ഈ നിയമം പിൻവലിക്കുകയാണുണ്ടായത്. പിന്നീട് നരേന്ദ്ര മോഡി അധികാരത്തിലെത്തിയതിനു ശേഷം ഈ നിയമം തിരികെ കൊണ്ടുവരികയും 2016 ഒക്റ്റോബറിൽ വസ്ത്രനിർമാണമേഖലയിൽ നടപ്പിലാക്കുകയും ചെയ്തു. പിന്നീട് ഭക്ഷ്യസംസ്ക്കരണമേഖലയിൽ കൂടി നടപ്പിലാക്കി. ഘട്ടം ഘട്ടമായി വ്യാപിപ്പിക്കാനുള്ള നടപടികൾ കേന്ദ്ര തൊഴിൽ മന്ത്രി ബന്ദാരു ദത്താത്രേയ ആരംഭിച്ചിരുന്നെങ്കിലും തൊഴിലാളി സംഘടനകളുടെ എതിർപ്പുകൾക്കു മുന്നിൽ പിന്മാറേണ്ടി വന്നു. എന്നാൽ ഇപ്പോൾ കരട് രേഖ പുറത്തിറക്കിയതിനു ശേഷം ഗവണ്മെന്റിന്റെ പ്രതിനിധികൾ, തൊഴിലാളികൾ, തൊഴിലുടമകൾ എന്നിവരുമായി തൊഴിൽ മന്ത്രി ഒരു ത്രികക്ഷി സമവായചർച്ച ഈ വിഷയത്തിൽ നടത്തുകയുണ്ടായി. തീരുമാനത്തിലെത്താതെ അലസിപ്പിരിഞ്ഞ ഈ ചർച്ചക്ക് ശേഷം പാർലമെന്റിൽ പാസാക്കുക അല്ലെങ്കിൽ നിയമഭേദഗതി ഓർഡിനൻസായി കൊണ്ട് വരിക എന്ന കീഴ്വഴക്കത്തെ തള്ളിക്കളഞ്ഞു കൊണ്ടാണ് സർക്കാർ ഉത്തരവിന്റെ രൂപത്തിൽ നടപ്പാക്കിയിരിക്കുന്നത്.

 

കോൺട്രാക്റ്റ് ലേബർ ഇന്ത്യയിൽ

 

കാർഷിക, ഉത്പാദന, സേവനമേഖലകളിലായി വ്യാപിച്ചു കിടക്കുന്ന കരാർ തൊഴിലാളികളുടെ സംരക്ഷണം ഇന്ത്യയിലെ തൊഴിൽ നിയമങ്ങളിലെ ഒരു പ്രധാന അജണ്ടയായിരുന്നു. തൊഴിലാളികൾക്ക് മേലുള്ള എല്ലാത്തരം ചൂഷണങ്ങളും അവസാനിപ്പിച്ച്‌ നിയന്ത്രണവിധേയമാക്കുന്നതിന്റെ ഭാഗമായായാണ് 1970ൽ കോൺട്രാക്റ്റ് ലേബർ (റെഗുലേഷൻ ആൻഡ് അബൊളീഷൻ) ആക്റ്റ് പാസ്സാക്കിയത്. തൊഴിലുടമകളും കോൺട്രാക്റ്റർമാരും പാലിക്കേണ്ട നിയമങ്ങളെക്കുറിച്ചും കൃത്യമായ മാനദണ്ഡങ്ങൾ ഈ നിയമത്തിലുണ്ടായിരുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി ഇന്ത്യയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന തൊഴിൽ സംഘർഷങ്ങളുടെ ഏറ്റവും പ്രധാന കാരണം ഈ നിയമങ്ങൾ പാലിക്കപ്പെടാത്തതാണ് എന്നത് വ്യക്തമായ കാര്യമാണ്. മനേസറിലെ മാരുതി സമരവും ചെന്നൈയിലെ ഹ്യുണ്ടായി കമ്പനിയിൽ നടന്ന സമരങ്ങളും ഇതിനു ഉദാഹരണങ്ങളാണ്. മൊത്തം തൊഴിൽ ശക്തിയുടെ അമ്പത്തിയഞ്ചു ശതമാനത്തോളം വരുന്ന കരാർ തൊഴിലാളികൾക്ക് സ്ഥിരം ജോലിക്കാർക്ക് ലഭിക്കുന്നതിന്റെ കാൽ ഭാഗം വേതനം മാത്രമേ ലഭിക്കുന്നുള്ളൂ. കരാർ തൊഴിലിന്റെ സ്ഥിരതയില്ലാത്ത സ്വഭാവം മൂലം ഒരു സംഘടിതശക്തിയായി നിന്ന് ട്രേഡ് യൂണിയനുകൾ രൂപീകരിച്ചു അവകാശസമരങ്ങൾ നടത്താനും കരാർ തൊഴിലാളികൾക്ക് സാധിക്കാതെ വരുന്നു. ഇന്ത്യയിൽ കരാർ തൊഴിലാളികളുടെ എണ്ണത്തിൽ വർഷം തോറും വൻ വർദ്ധനവുണ്ടാകുന്നുണ്ടെങ്കിലും സമരങ്ങളുടെയും ലോക്ക് ഔട്ടുകളുടെയും കാര്യത്തിൽ വലിയ രീതിയിലുള്ള കുറവ് സംഭവിച്ചിട്ടുണ്ട്.

 

കരാർവൽക്കരണത്തിനും തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുന്നതിനുമെതിരെ ലോകമെമ്പാടും ശക്തമായ പ്രക്ഷോഭങ്ങൾ നടക്കുന്ന സമയത്താണ് ഇന്ത്യയിൽ ഇത്തരമൊരു നീക്കം നടന്നിരിക്കുന്നത്. ലോകബാങ്കിന്റെ അഭിപ്രായത്തിൽ ലോകത്തിലെ ഏറ്റവും അയവില്ലാത്ത ലേബർ മാർക്കറ്റാണ് ഇന്ത്യയിലേത്. ഇതിനു മാറ്റം വരണമെങ്കിൽ തൊഴിൽ നിയമങ്ങളിൽ വെള്ളം ചേർത്ത് കുത്തകകൾക്കനുകൂലമാക്കി മാറ്റുകയും മൂലധനത്തിന് നിയന്ത്രണങ്ങളില്ലാതെ കടന്നുകയറാനുമുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ചെടുക്കുകയും വേണം.

ആഗോളവൽക്കരണത്തിന്റെ തുടക്കകാലം മുതൽ തന്നെ ഇതിനുള്ള ശ്രമങ്ങൾ ഇന്ത്യയിൽ നടന്നു കൊണ്ടിരിക്കുകയാണ്. ലോകബാങ്ക് തയ്യാറാക്കിയ സുഗമമായി വ്യവസായം ചെയ്യാൻ സാധിക്കുന്ന ലോകത്തിലെ ആദ്യ അമ്പത് രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തുക എന്നത് പ്രധാനലക്ഷ്യമായിട്ടാണ് എന്‍.ഡി.ഏ. ഗവൺമെന്റ് കണക്കാക്കുന്നത്. ഇന്ത്യയിലെ സമ്പന്നരായ ​വ്യവസായികളുടേയും തൊഴിലുടമകളുടേയും സംഘടനയായ ഫിക്കിയും ​​​(FICCI)​ അസ്സോച്ചവും ​(​​ASSOCHAM)​ ഈ ആവശ്യം നിരന്തരമായി ഉന്നയിച്ചുകൊണ്ടിരിക്കുകയുമാണ്. ആഗോളതലത്തിൽ വലിയരീതിയിലുള്ള നിക്ഷേപകരെ ആകർഷിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യമായി കണക്കാക്കുന്നത്. ഇതിനനുസൃതമായി ഇന്ത്യയിലെ തൊഴിൽ നിയമങ്ങളെ മാറ്റി തീർക്കുന്നതിനായി തൊഴിലുടമകളുടെയും വ്യവസായലോബികളുടെയും സമ്മര്‍ദത്തിനു വഴങ്ങിയാണ് പുതിയവിജ്ഞാപനം സര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്.

 

സ്വതന്ത്രഇന്ത്യയിൽ രൂപം കൊണ്ട് തൊഴിലാളി അനുകൂലമായ നിയമങ്ങൾ വികസിതരാഷ്ട്രങ്ങളിലെ നിയമങ്ങളേക്കാള്‍ ഏറെ മുന്നോട്ടു പോയതും ജനാധിപത്യാവകാശങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതുമായിരുന്നു. 1948ലെ തൊഴില്‍ തര്‍ക്കനിയമവും, ഇന്‍ഡസ്റ്റ്രിയല്‍ എംപ്ലോയ്മെന്റ് സ്റ്റാന്‍ഡിംഗ് ഓര്‍ഡറും 1970ലെ കരാര്‍ തൊഴിലാളി നിയമവും ഇതിനുദാഹരണങ്ങളാണ്. എന്നാൽ 1999ല്‍ വാജ്പേയി സര്‍ക്കാര്‍ നിയമിച്ച രവീന്ദ്രവര്‍മ അധ്യക്ഷനായ രണ്ടാംതൊഴില്‍ കമ്മീഷന്‍ തന്നെ കോണ്‍ട്രാക്റ്റ് ലേബര്‍ നിയമം ദുര്‍ബലമാക്കാന്‍ ശുപാര്‍ശ ചെയ്യുകയുണ്ടായി. ഈ നയങ്ങളെയെല്ലാം റദ്ദ് ചെയ്യുന്ന പ്രതിലോമനടപടികളുമായാണ് മോഡി സർക്കാർ മുന്നോട്ടു പോകുന്നത്. നാല്പത്തിനാല് തൊഴിൽ നിയമങ്ങളെ അഞ്ച് എണ്ണമായി ചുരുക്കികൊണ്ടു 2015ല്‍ വന്ന നിയമം ഇതിനുദാഹരണമാണ്.

it_employees.jpg

മോദിയുടെ പ്രധാനമന്ത്രി പദവിയെ സമ്പൂർണവിപ്ലവമെന്നാണ് ഇന്ത്യയിലെ കുത്തകകൾ വിശേഷിപ്പിച്ചത്. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ കുത്തകതാല്പര്യങ്ങൾ സംരക്ഷിക്കുന്നതിന് കൂട്ടുനിന്നതിനേക്കാൾ കൂടുതൽ പ്രധാനമന്ത്രി പദത്തിലിരുന്നു ചെയ്യാനാകും എന്ന ബോധ്യമാണ് കുത്തകകളെ ഇത്തരമൊരു പ്രസ്താവന നടത്താൻ പ്രേരിപ്പിച്ചത്. ഇതു ശരിയാണെന്നു തെളിയിക്കുന്ന നടപടികളായാണ് കഴിഞ്ഞ മൂന്നു വർഷത്തോളമായി ഇന്ത്യയിൽ അരങ്ങേറുന്നത്. മോഡി അധികാരത്തിലെത്തുമ്പോൾ ഒരു ശതമാനം വരുന്ന അതിസമ്പന്നരുടെ കൈവശം ദേശീയസമ്പത്തിന്റെ 49 ശതമാനമായിരുന്നെങ്കിൽ ഇന്നത് 73 ശതമാനത്തിലേക്കുയർന്നിരിക്കുകയാണ്. ഇതിന്റെ ഏറ്റവും ഒടുവിലെ ഉദാഹരണമാണ് ഇന്‍ഡസ്റ്റ്രിയല്‍ എംപ്ലോയ്മെന്റ് (സ്റ്റാൻഡിങ് ഓർഡേഴ്സ് )ഭേദഗതി ചട്ടം 2018.


ഇന്ത്യയിലെ ഏറ്റവും ശക്തവും സംഘടിതമായതതുമായ തൊഴിലാളിപ്രസ്ഥാനങ്ങൾക്ക് ആഴത്തിൽ വേരോട്ടമുള്ള മേഖലയാണ് ഇപ്പോൾ ഈ ഇടപെടൽ ലക്ഷ്യം വെയ്ക്കുന്നത്. നവലിബറൽ സാമ്പത്തികപരിഷകാരങ്ങൾക്കെതിരെ ഏറ്റവുമധികം പ്രതിരോധമുയർന്നതും അസംഘടിതമേഖലകളിലെ സമരങ്ങൾക്ക് തണലായ്‌ നിന്നതും സംഘടിതമേഖലാ തൊഴിലാളികളാണ്. "[മാന്യമായി] ജീവിക്കാനായി തൊഴിൽ" എടുക്കുന്നവരിൽ നിന്ന് "തൊഴിൽ എടുക്കാനായി" ജീവിക്കുന്നവരായി തൊഴിലാളികളെ പുനഃനിർമിക്കാനുള്ള നവലിബറലിസത്തിന്റെ ശ്രമങ്ങളെ ചെറുത്തുനിന്നിരുന്നത് സംഘടിതമേഖലാതൊഴിലാളികളാണ്. ബാങ്കിങ് മേഖലയും റെയിൽവേയും സ്വകാര്യവത്കരിക്കാനുള്ള ശ്രമങ്ങൾ ഊർജിതമായി നടന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇതൊരു മുന്നൊരുക്കം കൂടിയാണ്. മാന്യമായി ജീവിക്കാനുള്ള അവകാശം അടിസ്ഥാനപ്രമാണാമായി സ്വികരിച്ച നമ്മുടെ രാജ്യത്തിന്റെ കടക്കൽ കത്തിവെക്കാനുള്ള ഒരുകൂട്ടം സ്വാർത്ഥമുതലാളിമാരുടെ ശ്രമവും അതിന് വഴിയൊരുക്കുന്ന ഒരു ഭരണവർഗത്തിന്റെ വിടുവേലയുമായി വേണം ഇതിനെ മനസ്സിലാക്കാൻ. തൊഴിൽ നിയമങ്ങളെ അട്ടിമറിച്ചു കൊണ്ട് ഫിനാൻസ് മൂലധനത്തിന്റെ താല്പര്യങ്ങൾക്കനുസൃതമായി തൊഴിലാളികളെ ചൂഷണം ചെയ്യാനുള്ള നടപടികളെ ചെറുത്തുതോൽപ്പിക്കേണ്ടത് ഒരു രാജ്യം എന്നനിലയിൽ നാം നിലനിൽക്കേണ്ടന്നതിന് അത്യന്താപേക്ഷിതമാണ്. അതുകൊണ്ടുതന്നെ ഏപ്രിൽ 2ന്റെ പൊതുപണിമുടക്ക് വിജയിപ്പിച്ചുകൊണ്ട് തൊഴിലാളി പ്രക്ഷോഭങ്ങൾക്ക് ശക്തി പകരേണ്ടതുണ്ട്.