ആഗോള വലതുവ്യതിയാനം

Re-election of Narendra Modi in India is a part of global shift to right, argues Prof. Prabhat Patnaik

നരേന്ദ്ര മോദി വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടത് ആഗോളവലതുവ്യതിയാനത്തിന്റെ ഭാഗമാണെങ്കിലും, നമ്മുടെ പല ചര്‍ച്ചകളും ഇത് പരാമര്‍ശിക്കുവാന്‍ വിട്ടുപോകാറുണ്ട്. ഇസ്രായേലില്‍ ബെന്യാമിന്‍ നെതന്യാഹു വീണ്ടും തെരെഞ്ഞെടുക്കപ്പെട്ടു (എന്നാല്‍ സര്‍ക്കാര്‍ രൂപീകരിക്കുവാന്‍ സാധിക്കാഞ്ഞത് കാരണം, സെപ്റ്റംബറില്‍ അവിടെ വീണ്ടും തെരെഞ്ഞെടുപ്പ് നടത്തുകയാണ്). റ്റര്‍ക്കിയില്‍ എർദോഗന്റെ പുനഃതെരെഞ്ഞെടുപ്പിന് ഭീമമായ പിന്തുണയുണ്ടായിരുന്നു. എല്ലാ പ്രവചനങ്ങളേയും കാറ്റിൽ പറത്തിയാണ് ഓസ്റ്റ്രേലിയയില്‍ കണ്‍സെര്‍വേറ്റീവ് ഗവണ്‍മെന്റ് അധികാരത്തില്‍ തിരികെയെത്തിയത്.

ഒരുകാലത്ത് ഇടതുപക്ഷത്തിന്റെ പുനഃരുജ്ജീവന പ്രതീക്ഷകള്‍ക്ക് ഊര്‍ജം പകര്‍ന്നിരുന്ന, ഈയടുത്ത കാലം വരെ ഇടതുപക്ഷം ഭരിച്ചുകൊണ്ടിരുന്ന ലാറ്റിനമേരിക്കയില്‍ ഒന്നിന് പിറകേ ഒന്നായി വലതുപക്ഷ സര്‍ക്കാരുകള്‍ അധികാരത്തിലേറുകയാണ്. ഇതിലേറ്റവും പ്രധാനപ്പെട്ടതും കുപ്രസിദ്ധമായതും ബ്രസീലാണ്. അവിടത്തെ പുതിയ പ്രെസിഡെന്റ് ജെയ്ര്‍ ബോല്‍സൊനാരോ മുമ്പത്തെ പട്ടാളഭരണകൂടത്തെ ന്യായീകരിക്കുകയും, അവര്‍ കൂടുതലാളുകളെ കൊല്ലേണ്ടതായിരുന്നുവെന്ന് അഭിപ്രായപ്പെട്ടയാളുമാണ്. ഇതിനെല്ലാം പുറമെയാണ്, ഇന്ത്യയിലെ വോട്ടെണ്ണല്‍ കഴിഞ്ഞയുടന്‍ നടന്ന യൂറോപ്യന്‍ യൂണിയന്‍ തെരെഞ്ഞെടുപ്പില്‍, ഇടത്ത് നിന്നും വലത്തേക്കുള്ള പ്രത്യക്ഷമായ മാറ്റമുണ്ടായത്.

ഫ്രഞ്ച് പ്രസിഡെന്റ് ഇമ്മാനുവെല്‍ മാക്രോണിന്റെ മദ്ധ്യവര്‍ത്തി സഖ്യത്തെ കടത്തിവെട്ടി, ഫ്രാന്‍സിലെ ഏറ്റവും വലിയ പാര്‍ടിയായി മാറിയിരിക്കുന്നു മറീന്‍ ലീ പെന്നിന്റെ തീവ്രവലതുപക്ഷ പാര്‍ടി. ഇറ്റലിയിലെ ഉപ പ്രധാനമന്ത്രി മറ്റിയോ സാല്‍വീനിയുടെ തീവ്രവലതുപക്ഷ പാര്‍ടി ഏന്‍ജെലാ മെര്‍കെലിന്റെ പാര്‍ടിയെ കടത്തിവെട്ടി ഇറ്റലിയിലെയെന്നല്ല, യൂറോപ്യന്‍ പാര്‍ലമെന്റിലെ തന്നെ ഏറ്റവും വലിയ പാര്‍ടിയായിരിക്കുന്നു. അഞ്ച് വര്‍ഷം മുന്നേയുള്ളതിനെയപേക്ഷിച്ച് മെര്‍കെലിന്റെ പാര്‍ടിക്ക് ഒമ്പത് ശതമാനം വോട്ടുകളാണ് കുറഞ്ഞിരിക്കുന്നത്. ജര്‍മനിക്കുള്ളില്‍ തന്നെ, ഓള്‍റ്റെര്‍നേറ്റീവ് ഫോര്‍ ജെര്‍മനി എന്ന തീവ്രവലതുപക്ഷപാര്‍ടി അവരുടെ വോട്ട് ശതമാനം വര്‍ദ്ധിപ്പിച്ച് 10.5 ശതമാനം എന്ന നിലയിലെത്തിച്ചു. ഹംഗറിയില്‍ വിക്റ്റര്‍ ഓര്‍ബന്റെ പാര്‍ടിയും വിജയത്തിലേക്ക് മദിച്ചുകയറുവാന്‍ തയ്യാറെടുത്തിരിക്കുകയാണ്.

കൂടുതലും ആഭ്യന്തരമായ സംഭവവികാസങ്ങളാണ് മോദിയുടെ വിജയത്തിന് ഇടയാക്കിയതെങ്കിലും ആഗോളതലത്തിലെ ഈ ബൃഹത്തായ വലതുപക്ഷവ്യതിയാനത്തെ നാം ഗൗനിക്കാതെയിരിക്കരുത്. ഇതെന്തുകൊണ്ട് ഇങ്ങനെ സംഭവിക്കുന്നു എന്ന ചോദ്യമാണ് വലതുപക്ഷത്തേക്ക് ഇങ്ങനെയൊരു സംഘടിതമായ നീക്കമുണ്ടാകുമ്പോള്‍ നാം ചോദിക്കേണ്ടത്. ബഹുവിധങ്ങളായ ഈ പാര്‍ടികള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും പൊതുവിലുള്ള കാര്യങ്ങളെന്തെന്ന് പരിശോധിക്കുന്നതിന് പകരം യാഥാര്‍ത്ഥ്യത്തിന്റെ ഒരു തുണ്ടുചിത്രം മാത്രമെടുക്കുവാനാണ് ലിബെറല്‍ അവലോകനങ്ങള്‍ താത്പര്യപ്പെടുന്നത്. അവര്‍ യൂറോപ്യന്‍ പാര്‍ടികളെ ഇ.യു.-അനുകൂലികള്‍ എന്നും ഇ.യു.-പ്രതികൂലികള്‍ എന്നും തിരിക്കുന്നു (pro-EU and anti-EU), അല്ലെങ്കില്‍ കുടിയേറ്റാനുകൂലികളെന്നും കുടിയേറ്റവിരുദ്ധര്‍ എന്നും തിരിക്കുന്നു. അത് പോലെ, അവര്‍ മോദിയുടെ വിജയത്തെ, ഹിന്ദുത്വയുമായി ബന്ധപ്പെട്ട ഒരു ഇന്ത്യന്‍ പ്രതിഭാസമായും, എന്നാല്‍ യൂറോപ്പില്‍ സംഭവിക്കുന്ന കാര്യങ്ങളില്‍ നിന്ന് വേറിട്ട് നില്‍ക്കുന്ന ഒന്നായും കാണുന്നു. അമേരിക്കന്‍ ഐക്യനാടുകളില്‍ ഡൊണാള്‍ഡ് റ്റ്രമ്പ് വീണ്ടും തെരെഞ്ഞെടുക്കപ്പെടുവാനുള്ള സാധ്യതകള്‍ ശക്തിപ്രാപിക്കുന്നതും ഈ സംഭവവികാസങ്ങളില്‍ നിന്നും വേറിട്ട് കാണുവാനാണവര്‍ താത്പര്യപ്പെടുന്നത്. എന്നാല്‍ മാര്‍ക്സിസ്റ്റ് അവലോകനങ്ങള്‍ക്ക് ഇത് പോലെയുള്ള ഉദാരമായ തുണ്ടുവത്കരണം സാധ്യമല്ല. അത് പൊതുക്രമങ്ങളും സ്വത്വങ്ങള്‍ ചുരുളഴിക്കുന്ന വര്‍ഗവിന്യാസങ്ങളും തേടുവാനാണ് താത്പര്യപ്പെടുന്നത്. ലോകത്തെ ബാധിച്ചിരിക്കുന്ന ഈ വലതുപക്ഷ ദുര്‍ഘടാവസ്ഥയെ മാര്‍ക്സിസ്റ്റുകളെന്ന നിലയിലെങ്ങനെയാണ് കാണുന്നത്?

ആഗോളസമ്പദ്‌വ്യവസ്ഥയെ 2008 മുതല്‍ ഗ്രസിച്ചിരിക്കുന്ന സാമ്പത്തികപ്രതിസന്ധിയുടെ ഏറ്റവും പ്രകടമായ ആവിഷ്കാരമാണിത്. ഈ പ്രതിസന്ധിയില്‍ നിന്നും ചെറുതായെങ്കിലും കരകയറുന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും, ആ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയ ഉടനെ തന്നെ, ആഗോള സമ്പദ്‌വ്യവസ്ഥ ഒരിക്കല്‍ കൂടി പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തിയിരുന്നു. ആഗോള സമ്പദ്‌വ്യവസ്ഥ നിലത്തെറിഞ്ഞ പന്തുമായുള്ള ഉപമ അതിനെ വൃത്തിയായി നിര്‍വചിക്കുന്നു: എപ്പോഴെല്ലാം പന്ത് കുതിച്ചുയരുന്നുവോ അപ്പോഴൊക്കെ കരകയറുന്നത് സംബന്ധിച്ച് ആര്‍പ്പുവിളികള്‍ ഉണ്ടാകും, എന്നാലത് തിരികെ താഴേക്ക് പോകുമ്പോള്‍ അതെല്ലാം അലിഞ്ഞില്ലാതെയുമാകും.

അമേരിക്കന്‍ ഐക്യനാടുകളിലെ തൊഴിലില്ലായ്മാ നിരക്ക് കഴിഞ്ഞ കുറച്ചു ദശാബ്ദങ്ങളേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ഇന്ന് എന്നതുന്നയിച്ച് ഈ അവകാശവാദം തെറ്റാണെന്ന് ചിലപ്പോള്‍ വാദിച്ചേക്കാം. എന്നാല്‍, തൊഴില്‍ പങ്കാളിത്തനിരക്കും 2008നെ അപേക്ഷിച്ച് കുത്തനെയിടിഞ്ഞിട്ടുണ്ട്. തൊഴില്‍ പങ്കാളിത്ത നിരക്ക് 2008ന്റെ ആദ്യഘട്ടത്തേതിന് തുല്യമാണെന്ന് നാം സങ്കല്പിക്കുകയാണെങ്കില്‍, അമേരിക്കന്‍ ഐക്യനാടുകളിലെ ഇന്നത്തെ തൊഴിലില്ലായ്മാ നിരക്ക്, ഔദ്യോഗികനിരക്കായ നാല് ശതമാനത്തിന് പകരം എട്ട് ശതമാനം ആകുമായിരുന്നു.

പ്രതിസന്ധിയുടെയും തൊഴില്‍രാഹിത്യത്തിന്റെയും ഈ സാഹചര്യത്തിലാണ് ലോകത്താകമാനം വലതുപക്ഷത്തേക്ക് ഒരു വ്യതിയാനം സംഭവിച്ചിരിക്കുന്നത്. പ്രതിസന്ധിയെക്കുറിച്ചും തുടര്‍ന്നുവരുന്ന തൊഴിലില്ലായ്മയെക്കുറിച്ചും നിഷേധനിലപാടാണ് ലിബെറല്‍ ബൂര്‍ഷ്വാ പാര്‍ടികള്‍ക്ക് പൊതുവേയുള്ളത്. തൊഴിലില്ലായ്മയുണ്ടാക്കുന്ന ദുരിതത്തെ വലതുപക്ഷം തിരിച്ചറിയുകയെങ്കിലും ചെയ്യുന്നുണ്ട്, എന്നാല്‍ അവർ വ്യവസ്ഥയെ അല്ല കുടിയേറ്റക്കാരെയാണ് കുറ്റം പറയുന്നത്. കുടിയേറ്റം നിയന്ത്രിക്കുവാനാണ് അവര്‍ ആഗ്രഹിക്കുന്നത്. യൂറോപ്യന്‍ യൂണിയന്റെയുള്ളില്‍, രാജ്യങ്ങളുടെയിടയില്‍ തൊഴിലാളികളുടെ സ്വതന്ത്രകുടിയേറ്റം ഉണ്ടാകണമെന്നതുകൊണ്ട്, വലതുപക്ഷത്തുള്ള പലരും യൂറോപ്യന്‍ യൂണിയന്‍ വിരുദ്ധരുമാണ്.

ലിബെറല്‍ ബൂര്‍ഷ്വാ പാര്‍ടികള്‍ ഈ പ്രതിസന്ധിയുടെ നിലനില്പിനെത്തന്നെ നിഷേധിക്കുന്ന ഒരു സാഹചര്യത്തില്‍, ജനങ്ങള്‍ക്ക് മുന്നില്‍ ഒരു ബദല്‍ നയം അവതരിപ്പിക്കുവാന്‍ ഇടതുപക്ഷം അമാന്തം കാണിക്കുന്ന സാഹചര്യത്തില്‍, വലതുപക്ഷം ആ സംരംഭത്തിന് മുന്‍കൈയെടുത്ത് അവരുടെ കുടിയേറ്റവിരുദ്ധ അജെന്‍ഡയുമായി മുന്നോട്ട് പോയി. പ്രതിസന്ധിയേയും തൊഴിലില്ലായ്മയെയും അവര്‍ക്ക് ശ്രദ്ധിക്കുവാന്‍ കഴിഞ്ഞുവെന്നതും, വ്യവസ്ഥാപിത രാഷ്ട്രീയകക്ഷികള്‍ക്ക് അതു കഴിഞ്ഞില്ല എന്നതുമാണ് ലോകത്താകമാനമുള്ള വലതുപക്ഷത്തിന്റെ വളര്‍ച്ചയ്ക്ക് നിദാനമായത്.

എന്നാല്‍ പിന്നെ ഇതിലെവിടെയാണ് ഇന്ത്യന്‍ സ്ഥിതിവിശേഷം യോജിക്കുന്നത്? ഇന്ത്യയില്‍ പോലും, 2014ല്‍ മോഡി അധികാരത്തില്‍ വരുന്നത് ഒരു “വികസന” അജൻഡ മുന്നോട്ട് വച്ചുകൊണ്ടായിരുന്നു. യുപിഎ 2.0 ഭരിച്ചുകൊണ്ടിരുന്ന കാലയളവില്‍ വളര്‍ച്ചാ നിരക്ക് കുറഞ്ഞുവെന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ട് തന്നെ, എല്ലാവരുടെയും ജീവിതം മെച്ചപ്പെടുത്തുമെന്ന നവലിബെറല്‍ വാഗ്ദാനത്തിന്റെ നിറം മങ്ങിത്തുടങ്ങുകയായിരുന്നു. മോദി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷം അധികാരത്തിലിരുന്നപ്പോള്‍, “വികസനം” എന്ന അവരുടെ വാഗ്ദാനത്തിന് വേണ്ടി ഒരു ചെറുവിരല്‍ പോലും അനക്കിയിരുന്നില്ല. അതുകൊണ്ടാണ്, തെരെഞ്ഞെടുപ്പ് സമയത്ത് വികസനവിഷയത്തെക്കുറിച്ച് കമാ എന്നൊരക്ഷരം അവര്‍ മിണ്ടാതെയിരുന്നത്. എന്നാലവര്‍, ചര്‍ച്ചകളുടെ ദിശ “തീവ്രവാദത്തിനെതിരെയുള്ള പോരാട്ടവും”, “ദേശസുരക്ഷ ഉറപ്പുവരുത്തുന്നതും”, “പാക്കിസ്ഥാനെ ഒരു പാഠം പഠിപ്പിക്കുന്നതും”, “ഹിന്ദുത്വം നടപ്പിലാക്കുന്നതും” ഒക്കെ ആക്കി. അധികാരത്തിലിരുന്ന കഴിഞ്ഞ അഞ്ച് വര്‍ഷം “വികസനം” കൊണ്ടുവരാന്‍ എന്തു ചെയ്തു എന്നത് പോലെയുള്ള അസുഖകരമായ ചോദ്യങ്ങളെ സൗകര്യപൂര്‍വം ഒഴിവാക്കുവാന്‍ ഇതുകൊണ്ട് സാധിച്ചു.

കോണ്‍ഗ്രസിനെപ്പോലെയൊരു നവലിബെറല്‍ പാര്‍ടിയില്‍ നിന്നും ബിജെപിയെപ്പോലെയൊരു വലതുപക്ഷ പാര്‍ടിയിലേക്കുള്ള വ്യതിയാനം സാധ്യമാക്കിയത് നവലിബെറലിസത്തിന്റെ പ്രതിസന്ധിയാണ്. നവലിബെറലിസം “വികസനം” കൊണ്ടുവരുമെന്ന് ഭാവിക്കുവാന്‍ കോണ്‍ഗ്രസിന് കഴിയാതെയായി. ആദ്യത്തെ കുറച്ചു കാലത്തിന് ശേഷം, “വികസനത്തിനെ” കുറിച്ച് ബിജെപി സംസാരിച്ചില്ല, എന്നാല്‍ കോര്‍പറേറ്റ്-സാമ്പത്തികപ്രഭുക്കളെ തൃപ്തിപ്പെടുത്തിക്കൊണ്ട് (ബിജെപി ജയം പ്രവചിക്കുന്ന എക്സിറ്റ് പോളുകള്‍ വന്നപ്പോള്‍ സെന്‍സെക്സ് കുതിച്ചുയരുകയായിരുന്നു), ചര്‍ച്ചകള്‍ പൂര്‍ണമായും മാറ്റി.

ചര്‍ച്ചയിലുള്ള ഈ വ്യതിയാനത്തിന്, എന്നാല്‍, ഒരു ക്ഷണികപ്രഭാവമേയുള്ളൂ. നവലിബെറലിസത്തിന്റെ പ്രതിസന്ധികള്‍ എങ്ങനെ തരണം ചെയ്യണമെന്നതിനെക്കുറിച്ചോ ദശലക്ഷക്കണക്കിന് തൊഴില്‍രഹിതര്‍ക്ക് തൊഴില്‍ നല്‍കുന്നതിനെക്കുറിച്ചോ കോണ്‍ഗ്രസിനോ ഭാരതീയ ജനതാ പാര്‍ടിക്കോ ഒരു ധാരണയുമില്ല. വാസ്തവത്തില്‍, പഴയ നവലിബെറല്‍ പാതയിലൂടെ യാത്ര ചെയ്യുന്നതിനുള്ള ബുദ്ധിമുട്ട് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന് മനസ്സിലാകുന്നുണ്ട്. അതുകൊണ്ടാണ്, കോണ്‍ഗ്രസിന്റെ തെരെഞ്ഞെടുപ്പ് പത്രികയില്‍ താഴെത്തട്ടിലെ ജനവിഭാഗങ്ങള്‍ക്ക് ധനസഹായം നല്‍കുന്ന ന്യായ്‌ (NYAY) പദ്ധതിയെ കുറിച്ചുള്ള ചര്‍ച്ചകളുണ്ടായത്. സാധാരണഗതിയില്‍ വളരെയേറെ ആവേശമുണ്ടാക്കുകയും കോണ്‍ഗ്രസിനനുകൂലമായി വര്‍ത്തിക്കുകയും ചെയ്യുമായിരുന്ന ഈ പദ്ധതി എന്നാല്‍ ഒരു നനഞ്ഞ പടക്കമായി മാറുകയാണുണ്ടായത്. പദ്ധതിക്കാവശ്യമായ തുക എവിടെ നിന്നും, എങ്ങനെ വകയിരുത്തുമെന്നും വിശ്വാസയോഗ്യമായി നിര്‍ണയിക്കുവാന്‍ അവര്‍ക്ക് കഴിയാഞ്ഞത് മൂലമാണത്. തെരെഞ്ഞെടുപ്പ് കഴിയുന്നതിന്റെ പിറ്റേ ദിവസം ലംഘിക്കുവാനുള്ള, മറ്റൊരു തെരെഞ്ഞെടുപ്പ് വാഗ്ദാനമായി ജനങ്ങള്‍ അതിനെ വിലയിരുത്തി.

സമ്പദ്‌ഘടനയെ എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്ന് മധ്യവര്‍ത്തി, ലിബെറല്‍-ബൂര്‍ഷ്വാ പാര്‍ടിയായ കോണ്‍ഗ്രസിന് ഒരു വിവരവുമില്ലാത്തത് പോലെ, ബിജെപിക്കും വിവരമില്ല. അവരുടെ “ദേശീയവാദവും” ഉടനെ തേഞ്ഞ് നേര്‍ത്തു നേര്‍ത്തു വരും. ദിനേനെയുള്ള പാക്കിസ്ഥാന്‍-വിരുദ്ധ, മുസ്ലിം-വിരുദ്ധ വാചാടോപത്തില്‍ തൊഴിൽരഹിതരും വിശക്കുന്നവരുമായ ജനങ്ങളെ, എന്നെന്നും കൊരുത്തിടാന്‍ കഴിയുകയില്ല. അതിന് പുറമേ, സാമ്പത്തികസ്ഥിതി നിശ്ചലമായി നില്‍ക്കുകയുമില്ല. ഇനിയിപ്പോള്‍ മോദി സര്‍ക്കാര്‍ സമ്പദ്‌വ്യവസ്ഥയില്‍ ഒന്നും തന്നെ ചെയ്തില്ലെങ്കിലും, സമ്പദ്‌വ്യവസ്ഥ മോദിയെ വെറുതേ വിടാന്‍ പോകുന്നില്ല. ഈ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാവുകയും, മാന്ദ്യവും ബാലന്‍സ് ഓഫ് പേയ്‌മെന്റും സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍ സമയമേറുന്തോറും കഠിനമായി വരികയും ചെയ്യും. അത് സംഭവിക്കുമ്പോള്‍ മോദി സര്‍ക്കാരിന് ഒരു ന്യായീകരണവും കാണില്ല (സമ്പദ്‌വ്യവസ്ഥയെ രക്ഷപെടുത്തുക എന്നത് അപ്പോള്‍ അത്രയേറെ ബുദ്ധിമുട്ടുള്ളതാകും).

ജനങ്ങളുടെ നീറുന്ന ഭൗതികപ്രശ്നങ്ങള്‍ക്ക് ഒരുത്തരം നല്‍കുവാന്‍ ഒരുവിധത്തിലുമുള്ള നവലിബെറല്‍ സംവിധാനങ്ങള്‍ക്കും കഴിയില്ലാത്ത സ്ഥിതിക്ക്, നവലിബെറല്‍ മുതലാളിത്തത്തിനെക്കാളും മുന്നില്‍ പോകുവാന്‍ കഴിയുന്ന ഇടതുപക്ഷത്തിന് മാത്രമേ ഈ പ്രതിസന്ധിയില്‍ നിന്നും പുറത്തുകടക്കുന്നതിനുള്ള വഴി ലഭ്യമാക്കുവാന്‍ കഴിയുകയുള്ളൂ. ഈ വഴിയെടുത്താല്‍ ആത്യന്തികമായി മുതലാളിത്തത്തിനെ തന്നെയും മറികടക്കുവാന്‍ ഇടയാക്കും. ഇത് ഇന്ത്യയില്‍ മാത്രമല്ല, ആഗോളതലത്തില്‍ തന്നെ ശരിയായ കാര്യമാണ്.

ഹ്രസ്വകാലത്തേക്കെങ്കിലും തെറ്റായ, ഭിന്നിപ്പിക്കുന്ന അജന്‍ഡകള്‍ക്ക് ചുറ്റും ജനങ്ങളെ അണിനിരത്തുന്നതില്‍ വലതുപക്ഷം എത്ര തന്നെ വിജയിച്ചിട്ടുണ്ടെങ്കിലും നിലവിലെ തൊഴിലില്ലായ്മയുടെയും നൈരാശ്യത്തിന്റെയും സ്ഥിതിയില്‍ നിന്നും ജനങ്ങളെ രക്ഷിക്കുവാന്‍ അവർ അശക്തരായിരിക്കുന്ന ഒരു ചരിത്രപരമായ ദശാസന്ധിയാണ്, ചുരുക്കിപ്പറഞ്ഞാല്‍, നാം കണ്ടുകൊണ്ടിരിക്കുന്നത്.

നിലവിലെ വ്യവസ്ഥ സുസ്ഥിരവും ദീര്‍ഗ്ഘജീവിതത്തിന് കെല്പുള്ളതുമാണെന്ന് തോന്നിപ്പിക്കുന്ന മുഹൂര്‍ത്തങ്ങള്‍ ഒരു രാഷ്ട്രത്തിന്റെ ചരിത്രത്തിലുണ്ടാകാറാണ്ട്. എന്നാല്‍, മുമ്പത്തെപ്പോലെ മുന്നോട്ട് പോകുവാന്‍ വ്യവസ്ഥയ്ക്ക് സാധിക്കാതെ വരുമ്പോള്‍ ഇതെല്ലാം പെട്ടെന്ന് തന്നെ മാറുകയും, പുതിയ മുഹൂര്‍ത്തങ്ങളുണ്ടാവുകയും ചെയ്യും. മുതലാളിത്തത്തെ സംബന്ധിച്ചിടത്തോളം, ഇപ്പോള്‍ അത്തരമൊരു മുഹൂര്‍ത്തമാണ്. ഇന്ത്യയില്‍ മാത്രമല്ല, ആഗോളതലത്തിലും അങ്ങനെയാണ്. വലതുപക്ഷം തെരെഞ്ഞെടുപ്പുകളില്‍ എത്രത്തോളം വിജയിച്ചുവെങ്കില്‍ തന്നെയും, ഈ അടിസ്ഥാനയാഥാര്‍ത്ഥ്യത്തെ മാറ്റുവാനാകില്ല.

(പ്രൊഫ. പ്രഭാത് പട്‌നായിക്‍ ന്യൂസ് ക്ലിക്കില്‍ എഴുതിയ 'The Global Shift to Right' എന്ന ഇംഗ്ലീഷ് ലേഖനത്തിന്റെ പരിഭാഷ. ഇന്ത്യയിലെ പ്രമുഖരായ മാര്‍ക്സിസ്റ്റ് സാമ്പത്തികശാസ്ത്രജ്ഞരിലൊരാളാണ് പ്രൊഫ. പ്രഭാത് പട്നായിക്‍. ന്യൂ ഡെല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസിലെ സെന്റര്‍ ഫോര്‍ എകൊണോമിക്‍ സ്റ്റഡീസ് ആന്‍ഡ് പ്ലാനിങ്ങില്‍ അധ്യാപകനായിരുന്നു. 2010ല്‍ വിരമിച്ചു.)