തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ ലിബെറലുകളോട് ചോദിക്കുന്ന ചോദ്യങ്ങള്‍

BJP Supporters Raising the Narendra Modi Masks in a Rally

മുമ്പത്തെ പോലെ തന്നെ 2019ലെ പൊതുതെരെഞ്ഞെടുപ്പ് നരേന്ദ്ര മോദി വിജയിച്ചു കഴിഞ്ഞു, എന്നാല്‍ വ്യത്യസ്തമായൊരു സാഹചര്യത്തില്‍. വികസനവാഗ്ദാനമായിരുന്നു 2014ലെ മോഡി തരംഗത്തിന് കാരണമെന്ന് കരുതാം. എന്നാൽ അഞ്ച് വര്‍ഷങ്ങൾക്കിപ്പുറം, തന്റെ തെരെഞ്ഞെടുപ്പ് പ്രചരണത്തില്‍ വികസനം എന്ന് ഒരു തവണ പോലും മോദി ഉച്ചരിച്ചിട്ടില്ല. കാരണം ആ വിഷയത്തില്‍ അയാളുടെ സര്‍ക്കാര്‍ അമ്പേ പരാജയപ്പെട്ടിരുന്നു. തൊഴിലില്ലായ്മയുടെ വര്‍ദ്ധനവില്‍ നിന്നുമിത് വ്യക്തമാണ്. അപ്പോള്‍ അയാൾക്ക് ലഭിച്ചയീ വമ്പിച്ച പിന്തുണയുടെ പിന്നിലുള്ള കാരണങ്ങള്‍ എന്തൊക്കെയായിരിക്കും?

ഹിന്ദു ദേശീയതയുടെ വർദ്ധിച്ചുവരുന്ന സ്വീകാര്യതയെ ഒന്നാമത്തെ ഘടകമായി കരുതണം, കാരണം ഈ പ്രത്യയശാസ്ത്രം പരമ്പരാഗത ബിജെപി വോട്ടർമാരുടെ പ്രധാനപ്രചോദനമാണ്. ഇത്തരം വോട്ടർമാരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയുമാണ്. ഹിന്ദു-മുസ്‌ലിം വിവാഹങ്ങൾക്കെതിരെ, ഘര്‍ വാപ്പസിക്ക് വേണ്ടി, ഗോസംരക്ഷണത്തിന് വേണ്ടി (നിരപരാധികളായ മുസ്ലിംങ്ങളെ തല്ലിക്കൊന്നതുള്‍പ്പടെ), അങ്ങനെ നിരന്തരമായ, ഇന്ത്യയുടെ ചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത പ്രചാരണങ്ങള്‍ കൊണ്ട് അടയാളപ്പെടുത്തപ്പെട്ട കഴിഞ്ഞ അഞ്ച് വര്‍ഷക്കാലയളവിലെ വര്‍ഗീയമേധാവിത്വം ഈ സംഘം വോട്ടർമാർ വ്യക്തമായും ആസ്വദിച്ചിരുന്നു. പ്രഗ്യാ സിങ്ങ് ഉള്‍പ്പടെയുള്ള മുൻ ഹിന്ദുത്വപടലത്തിലെ തീവ്രവാദികളുടെ മുഖ്യധാരാവല്‍ക്കരണത്തെ ഈ സുദൃഢാനുഭാവികള്‍ അംഗീകരിക്കുകയും ചെയ്തു. പ്രഗ്യ സിംഗിന്റെ പാർലമെന്റ് പ്രവേശനം ഈ തെരഞ്ഞെടുപ്പിന്റെ പ്രതീകമായി അവശേഷിക്കും.

എന്നാല്‍ ബിജെപി വോട്ടര്‍മാരിലെ ഒരു ഭാഗം മാത്രമേ അവര്‍ ഹിന്ദുത്വപ്രത്യയശാസ്ത്രം കാരണം മോദിയെ പിന്തുണയ്ക്കുന്നു എന്ന് പറയുകയുള്ളൂ. മറ്റുള്ളവരോ? ഇവിടെ പല സാധ്യതകളുണ്ട്. ഒന്നാമത്, അവരെല്ലാം ഒരേ ഹിന്ദുത്വ ബ്രാന്‍ഡിൽ വിശ്വസിക്കുന്നവരാണ് - കുറഞ്ഞ പക്ഷം ഹിന്ദുഭൂരിപക്ഷവാദത്തില്‍ പ്രശ്നമില്ലാത്തവരാണ് - പക്ഷേ അവരുടെ വോട്ടിന് മറ്റ് പല വിശദീകരണങ്ങളും നല്‍കാനാണ് അവര്‍ക്ക് താല്പര്യം. അത്തരക്കാര്‍ക്ക് വോട്ട് ചെയുവാന്‍ മോദി ഇത്തവണ മറ്റൊരു കാരണം നല്‍കിയിട്ടുണ്ട്: ദേശീയസുരക്ഷ. പുല്‍വാമ സംഭവത്തിന് ശേഷം പാക്കിസ്ഥാന്‍ കേന്ദ്രീകൃതമായി മാറിയ തെരെഞ്ഞെടുപ്പ് പ്രചാരണം, പ്രധാനമന്ത്രിയെ രാജ്യസംരക്ഷകന്‍ എന്ന രീതിയില്‍ അവതരിപ്പിക്കുവാന്‍ സഹായിച്ചു. ഈ സാഹചര്യത്തില്‍ ഇന്ത്യയെ നയിക്കുവാന്‍ ഒരു ശക്തിമാന്‍ വേണമെന്നും, അയാളുടെ എതിരാളികള്‍ക്ക് തീർത്തും ദുർബലമായ ഒരു സഖ്യസർക്കാരിനെ മാത്രമേ നല്‍കുവാന്‍ സാധിക്കുകയുള്ളൂ എന്നും അയാള്‍ വാദിച്ചു. ചില വോട്ടര്‍മാര്‍, ഈ ശക്തിമാന്‍ വാചോടാപങ്ങളെ ഒരു ഒഴികഴിവായെടുക്കാതെ അവയെ മുഖവിലയ്ക്ക് തന്നെയെടുത്തു. അവരിൽ തന്നെ പലരും രാഹുല്‍ ഗാന്ധി അനുഭവസമ്പത്തുള്ള ഒരു നേതാവല്ലെന്നത് കൊണ്ട് പ്രതിപക്ഷത്തിന് ഒരു വിജയപ്രദമായ ബദല്‍ സൃഷ്ടിക്കുവാനാകില്ല എന്ന് കരുതി.

ലോക്‍നീതി-സി.എസ്.ഡി.എസ് എക്സിറ്റ് പോളിന്റെ കണ്ടെത്തലുകള്‍ ബലപ്പെടുത്തുന്ന മൂന്ന് നിഗമനങ്ങളാണ് പതിനേഴാമത് ഇന്ത്യന്‍ ഇലക്ഷന്റെ ഈ വായന മുന്നോട്ട് വയ്ക്കുന്നത്.

ഒന്നാമത്, വംശീയജനാധിപത്യമെന്ന (ethnic democracy) യാഥാര്‍ത്ഥ്യത്തിലേക്ക് ഇന്ത്യ ഒരു പടി കൂടി മുന്നോട്ട് കടന്നിരിക്കുന്നു. നിയമപരമായിത്തന്നെ ജൂതരാഷ്ട്രമായ തന്റെ രാജ്യത്തെ വിശേഷിപ്പിക്കുവാന്‍ ഇസ്രായേലി രാഷ്ട്രീയതന്ത്രജ്ഞനായ സാമ്മി സ്മൂഹ (Sammy Smooha) രൂപംകൊടുത്ത വാക്കാണിത്. മതനിരപേക്ഷമെന്ന് പേപ്പറിലെങ്കിലും തുടരുന്ന ഇന്ത്യയില്‍, പക്ഷേ പ്രയോഗത്തില്‍, ന്യൂനപക്ഷങ്ങള്‍ രണ്ടാംകിട പൗരരായി മാറിക്കൊണ്ടിരിക്കുകയാണ്. ലോകസഭയിലെ മുസ്ലിം എംപിമാരുടെ പ്രാതിനിധ്യക്കുറവ് ഇത് വ്യക്തമാക്കുന്നു.

രണ്ടാമത്, ഒരു ഉദാരരഹിതജനാധിപത്യവ്യവസ്ഥയിലേക്ക് ഇന്ത്യ ഒരു പടി കൂടി അടുത്തിരിക്കുകയാണ്. തെരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തെരെഞ്ഞെടുപ്പ് കമ്മീഷനും മാധ്യമങ്ങള്‍ക്കും സംഭവിച്ച വിശ്വാസ്യതാനഷ്ടം ഈയൊരു പ്രവണതയെ ഊട്ടിയുറപ്പിച്ചു. ഒരു വ്യക്തി രാജ്യത്തെയാകെ മൂര്‍ത്തീകരിക്കുമ്പോള്‍, എല്ലാവിധ ഭീഷണികളില്‍ നിന്നുമുള്ള രക്ഷകനായി സ്വയം പ്രഖ്യാപിക്കുമ്പോള്‍, അയാളുടെ അധികാരത്തെ ചോദ്യം ചെയ്യുന്നത് ക്രമവിരുദ്ധമാകും എന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ പോപ്പുലിസ്റ്റ് പ്രയോഗത്തില്‍ നിന്നുമുരുത്തിരുഞ്ഞതാണ് ഈ യുക്തി. അയാള്‍ ശക്തനാകും തോറും വിമര്‍ശനബുദ്ധി പ്രയോഗിക്കുവാനുള്ള ഇടവും കുറയുന്നു. അതിന്റെ ഫലമായി പേരിന് പോലുമൊരു പത്രസമ്മേളനമോ, മുൻകാല നയങ്ങളെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ നടത്തുകയോ ചെയ്തിട്ടില്ല. ഉദാരജനാധിപത്യത്തിന്റെ ഏറ്റവും ആവേശകരമായ എപ്പിസോഡുകളായ മുഖ്യ എതിരാളികൾ തമ്മിലുള്ള സംവാദങ്ങളെക്കുറിച്ച് പറയാതെയിരിക്കുന്നതാണ് ഭേദം. അതിന് പകരമായി, പൊതുവിടങ്ങളിൽ നരേന്ദ്ര മോദി നിറഞ്ഞു നിന്നു. ഇലക്റ്റ്രോണിക്‍ മാധ്യമങ്ങളിലെ പ്രൈം-റ്റൈം ഉപയോഗപ്പെടുത്തലുകൾ, അതിഭീമമായ തുക ചിലവഴിച്ചുള്ള തെരെഞ്ഞെടുപ്പ് പ്രചാരണങ്ങൾ ഒക്കെ ഔദ്യോഗികമായ നിയന്ത്രണങ്ങളെ വരെ പ്രഹസനങ്ങളാക്കി മാറ്റി. ഇന്ത്യ ഇസ്രയേലിനെപ്പോലെ മാത്രമല്ല, ബ്രസീൽ, ഹംഗറി, തുർക്കി, തുടങ്ങിയ രാജ്യങ്ങളെപ്പോലെയും, വലിയൊരു പരിധിവരെ അമേരിക്കയെ പോലെയും വംശീയ, ഉദാരതാരഹിത, ദേശീയ-പോപ്പുലിസ്റ്റ് ജനാധിപത്യങ്ങള്‍ക്ക് സമാനമായെന്നാണ് ഇവയെല്ലാം പ്രതിഫലിപ്പിക്കുന്നത്. ഈ രാജ്യങ്ങളിലും, ഭൂരിപക്ഷസമുദായം നേരിടുന്ന ബാഹ്യവും ആന്തരികവുമായ ഭീഷണികളെ എതിരിടുന്ന രക്ഷകനായി ഒരു വ്യക്തിയെ ഉയർത്തിക്കാട്ടുകയും, സമൂഹത്തെയും പൊതുജനാഭിപ്രായത്തെയും ധ്രുവീകരിച്ചും - തങ്ങളോടൊപ്പമല്ലാത്തവര്‍ തങ്ങള്‍ക്കെതിരാണ് എന്ന് പറയുന്നത്രയും - സമൂഹത്തെ വിഭജിക്കയും കുടുംബങ്ങളെ ശിഥിലമാക്കുകയും ചെയ്യുന്നതായി കാണാം. ഈ പുതിയ തരം ഭരണകൂടത്തിൽ സുരക്ഷയുടെ പേരില്‍ രാഷ്ട്രീയ എതിരാളികൾ ശത്രുക്കളായി മാറി - ജനങ്ങളുടെയും രാജ്യത്തിന്റെയും ശത്രുക്കള്‍. അനുയായികളെ ഒരുമിച്ചുകൂട്ടുന്നതിനും സാമൂഹ്യ-സാമ്പത്തികപരിമിതികളില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിനും ഈ പോപ്പുലിസ്റ്റ് നേതാക്കള്‍ക്ക് എതിരിടുവാനായി ഭീഷണികള്‍ ആവശ്യമുള്ളതിനാല്‍ മിക്കവാറും എല്ലാ ഉദാരരഹിതജനാധിപത്യങ്ങളും സുരക്ഷാ ഭരണകൂടങ്ങള്‍ കൂടിയാണ്.

മൂന്നാമത്, മുന്‍കാലങ്ങളിലെപ്പോലെ നയപരിപാടികള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ പങ്ക് വഹിക്കുന്നില്ല: മുമ്പൊക്കെ തെരെഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ പുറത്തുപോകുന്ന പ്രധാനമന്ത്രിയുടെ നേട്ടങ്ങള്‍ വിലയിരുത്തപ്പെടുകയും, നയപരിപാടികള്‍ താരതമ്യപ്പെടുത്തുകയും ചെയ്തിരുന്നുവെങ്കില്‍, ഇത്തവണത്തെ പ്രചരണം തൊഴിലുകളെ പറ്റിയായിരുന്നില്ല, കാര്‍ഷികപ്രതിസന്ധിയെ പറ്റിയും പ്രകൃതിയെ പറ്റിയും ആയിരുന്നില്ല, പകരംവികാരങ്ങളെക്കുറിച്ചായിരുന്നു - ഭയം, ദേഷ്യം എന്നിങ്ങനെ ലോകത്താകമാനം ഉപയോഗിക്കപ്പെടുന്ന പോപ്പുലിസ്റ്റ് രസക്കൂട്ടുകളുടെ അവിഭാജ്യഘടകങ്ങളെ കുറിച്ചായിരുന്നു. ഇന്ത്യ നേരിടുന്ന ചില സുപ്രധാനപ്രശ്നങ്ങളെ കോണ്‍ഗ്രസിന്റെ നയപരിപാടി അഭിസംബോധന ചെയ്തിരുന്നു - പ്രകൃതിദുരന്തങ്ങളെക്കുറിച്ചും, വ്യക്തിസ്വാതന്ത്ര്യങ്ങളെ ഹനിക്കുന്ന നിയമങ്ങളെ സംബന്ധിച്ചും, വന്‍തോതിലെ ദാരിദ്ര്യത്തെക്കുറിച്ചും എല്ലാം - എന്നാല്‍ അവ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നില്ല.

എന്നാല്‍ ചില ഇന്ത്യന്‍ പൗരര്‍ നരേന്ദ്ര മോദിക്ക് വോട്ട് ചെയ്തത് പ്രതിപക്ഷം ഫലപ്രദമായ ഒരു ബദലാണെന്ന് അവര്‍ കരുതിയിരുന്നില്ല എന്നതുകൊണ്ടാണ്. ശരിക്കും പറഞ്ഞാല്‍, മോദിയുടെ എതിരാളികള്‍ക്ക് മധ്യപ്രദേശ്, രാജ്സ്ഥാന്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ആറ് മാസം മുമ്പ് നടന്ന നിയമസഭാതെരെഞ്ഞെടുപ്പില്‍ പിന്തുണ നല്‍കിയ അതേ ജനങ്ങള്‍ ഇത്തവണ മോദിക്കാണ് അവരുടെ വോട്ട് നല്‍കിയത്. എന്തുകൊണ്ടാണ് ഈ മോദിഭ്രാന്തില്‍ ഒരു വിള്ളല്‍ വീഴ്ത്തുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടത്?

മത്സരത്തില്‍ പക്ഷപാതിത്വം ഉള്ളത് കൊണ്ട് മാത്രമല്ല - മോഡിക്ക് കൂടുതൽ പണവും മാധ്യമങ്ങളിൽ കൂടുതൽ പിന്തുണയും ഉണ്ടായിരുന്നു, ഹിലാരി ക്ലിന്റനെ ഡോണള്‍ഡ് ട്രമ്പ് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് എതിരിട്ടത് പോലെ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പടെ രാഹുല്‍ ഗാന്ധിയെ ഇകഴ്ത്തിക്കാട്ടുവാനുള്ള ഒരു കൂലിപ്പട്ടാളം അയാള്‍ക്കുണ്ടായിരുന്നു. ഒപ്പം, പ്രതിപക്ഷത്തിന് എന്ത് തരത്തിലുള്ള സര്‍ക്കാരാണ് തങ്ങള്‍ സൃഷ്ടിക്കുവാന്‍ പോകുന്നതെന്നുള്ളത് വോട്ടര്‍മാര്‍ക്ക് മുന്നില്‍ കാണിക്കുവാന്‍ ഇല്ലായിരുന്നു. മോദിയെ എതിരിടാൻ, പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ ഉയര്‍ത്തിക്കാട്ടുവാനൊരു നേതാവ് അവരുടെ പക്കലില്ലായിരുന്നു. ജനാധിപത്യത്തിന് ബിജെപി ഒരു ഭീഷണിയാണെന്ന് മായാവതി, അഖിലേഷ് യാദവ്, അര്‍വിന്ദ് കെജ്രിവാള്‍, മമതാ ബാനെര്‍ജീ, പ്രകാശ് അംബേദ്കര്‍ തുടങ്ങിയ സംസ്ഥാനതലപാര്‍ടി നേതാക്കള്‍ കരുതിയിരുന്നുവെങ്കിലും അവര്‍ കോണ്‍ഗ്രസുമായി ഒരു നീക്കുപോക്കിനും തയ്യാറല്ലായിരുന്നു. എന്തുകൊണ്ട് എന്ന ചോദ്യത്തിന് മൂന്ന് വിശദീകരണങ്ങളുണ്ട്. ഒന്നാമതായി സംസ്ഥാനഭരണം നിലനിര്‍ത്തുകയാണെങ്കില്‍ കേന്ദ്രത്തിൽ ബിജെപി ഗവണ്‍മെന്റ് വന്നാലും ജീവിച്ച് പോകാമെന്ന് അവര്‍ ധരിക്കുന്നു. രണ്ടാമത്തേത്: ജനാധിപത്യത്തോടും മതനിരപേക്ഷതയോടും അവര്‍ക്കുള്ള ആത്മാര്‍ത്ഥതയ്ക്ക് ആഴവും പരപ്പുമില്ല. അവരില്‍ പലരും ബിജെപിയുമായി മുമ്പ് സഖ്യത്തിലായിരുന്നു. എന്തുകൊണ്ട് അത് ഇനിയുമായിക്കൂടാ? മൂന്ന്: പല എതിരാളികളും ഒരു അദ്ഭുതലോകത്താണ് ജീവിക്കുന്നത്, അല്ലെങ്കില്‍ ഭൂതകാലത്തില്‍. അവര്‍ ഭൂരിപക്ഷവാദ കാലഘട്ടത്തിന്റെ നവസ്വാഭാവികതയുമായി ഇതുവരെയും താദാത്മ്യം പ്രാപിച്ചിട്ടില്ല. അവരില്‍ പലരും ഒരു കാല്പനികരാഷ്ട്രത്തിന്റെ സൃഷ്ടിയെ, അവരാല്‍ സാധ്യമാകുന്ന നവയുഗപ്പിറവി കിനാവ് കണ്ട് നടക്കുന്നവരാണ്. പുതിയൊരു പാര്‍ടി ആദ്യമേ തുടങ്ങുന്നതിന്റെ ബുദ്ധിമുട്ട് മനസ്സിലാക്കാതെ - കെജ്രിവാള്‍ ശ്രമിച്ചിട്ടുണ്ട് - അവര്‍ കോണ്‍ഗ്രസിനോട് ആത്മാഹുതി ചെയ്യുവാന്‍ വരെ പറയും. സമയം ഇനിയും പാഴാക്കുന്നത് ജനാധിപത്യത്തിന് ഇതിലുമേറെദോഷം ചെയ്യും.

സമാനപ്രശ്നങ്ങൾ മറ്റിടങ്ങളിലും ലിബെറലുകള്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്: എതിരാളികള്‍ക്കുള്ള അച്ചടക്കം അവര്‍ക്കില്ല. ഐക്യപ്പെടുന്നതിന്റെ ആവശ്യകതയെ സംബന്ധിച്ച് അവര്‍ അറിയുന്നതിന് തൊട്ടുമുന്നേ പോപ്പുലിസ്റ്റുകള്‍ തങ്ങളുടെ കളി നിയമങ്ങള്‍ മാറ്റിയെഴുതും - അവരുടെ ശക്തിമാന്‍ അധികാരത്തിലിരിക്കുന്നിടത്തോളം കാലം വരെയെങ്കിലും.

Original article published in Indian Express: Election results invite questions for liberals. Worldwide, they lack their rivals’ discipline