ഇന്ത്യയില്‍ കമ്മ്യൂണിസത്തിന്റെ ആവശ്യകത എന്താണ്? - ഭാഗം 1

Massive march by Indian Farmers under the leadership of Communists in India

സാഹചര്യങ്ങള്‍

ഞാന്‍ ഉപരിപഠനത്തിനായി പോകുന്നതിന് മുമ്പ്, 1990കളുടെ തുടക്കത്തിൽ ഡെല്‍ഹിയില്‍ ഒരു പത്രപ്രവര്‍ത്തകനായി തൊഴിലെടുത്ത് വരികയായിരുന്നു. ഇന്ത്യയിലെന്ത് സംഭവിക്കുന്നുവെന്ന് എന്നെ ബോധ്യപ്പെടുത്തിയ രണ്ട് പ്രധാനപ്പെട്ട സംഭവങ്ങള്‍ അക്കാലത്ത് നടന്നു.

അന്താരാഷ്ട്ര നാണ്യനിധിയിൽ (IMF - International Monetary Fund) നിന്ന്‌ ഇന്ത്യ കടം വാങ്ങുകയാണെന്ന്‌ പ്രഖ്യാപിക്കാൻ മൻമോഹൻ സിങ്ങ്‌ തീരുമാനിച്ചതായിരുന്നു ഒന്ന്‌. ഇതിന്റെ പ്രഖ്യാപനം ബാങ്കോക്കില്‍ വെച്ചായിരുന്നു അദ്ദേഹം നടത്തിയത്. പ്രഖ്യാപനം അമേരിക്കൻ ഇംഗ്ലീഷ് ശൈലിയിലുള്ളതായിരുന്നെന്ന്‌ ഇതിന്റെ പത്രക്കുറിപ്പ് വായിച്ചുകൊണ്ടിരുന്ന ഞങ്ങൾ കണ്ടെത്തുകയും, ആ രേഖ തീർച്ചയായും ഏതെങ്കിലും ഒരു “യാങ്കി” എഴുതി തയ്യാറാക്കി മൻമോഹൻ സിങ്ങിന്‌ ഫാക്‌സ്‌ ചെയ്തതായിരിക്കാമെന്ന് ഞങ്ങള്‍ കരുതുകയും ചെയ്തു.

നാണ്യനിധിയുടെ സഹായം തേടി ഇന്ത്യ അങ്ങോട്ട് പോവുകയായിരുന്നു. നിങ്ങൾക്ക്‌ ഓർമയുണ്ടാകുമോ എന്നറിയില്ല, ബാങ്ക്‌ ഓഫ്‌ ലണ്ടനിൽനിന്ന്‌ വായ്പയെടുക്കുവാൻ ഇന്ത്യ വിമാനത്തിൽ സ്വർണം കയറ്റിയയ്ക്കുകയാണുണ്ടായത്. ഇതെന്ത്‌ ആഭാസമാണെന്ന് നോക്കൂ. ദക്ഷിണേഷ്യയിൽനിന്നും ആഫ്രിക്കയിൽനിന്നും കരീബ്ബിയനിൽനിന്നും മോഷ്ടിച്ച സമ്പത്തില്ലായിരുന്നെങ്കിൽ ഇംഗ്ലണ്ട്‌ നിസ്സാരമായ ഒരു ചെറുതുരുത്ത്‌ മാത്രമാകുമായിരുന്നു. ആഗോളദക്ഷിണത്തിലെ (Global South) കോളനികളിലെ അടിമജനവിഭാഗത്തിൽനിന്നും ഊറ്റിയെടുത്തു കൊണ്ടുപോയ സമ്പത്തില്ലായിരുന്നുവെങ്കിൽ അവിടെയൊരു വ്യവസായവിപ്ലവം പോലും ഒരുപക്ഷേ അസാധ്യമാകുമായിരുന്നു. നമ്മൾ ബ്രിട്ടനു വേണ്ടി, ജോൺ ബുള്ളിനു വേണ്ടി, വിക്റ്റോറിയ മഹാറാണിക്കു വേണ്ടി സൗജന്യമായി അദ്ധ്വാനിക്കുകയായിരുന്നു. അതിന് പകരമായി ബ്രിട്ടന്‍ നമുക്ക്‌ ക്ഷാമങ്ങള്‍ തന്നു, നമ്മുടെ ജീവിതരീതിയടക്കം നശിപ്പിച്ചു.


ഇടതുപക്ഷം മുന്നോട്ടുള്ള വഴികൾ - ചില നിരീക്ഷണങ്ങൾ


എന്നിട്ടും, ഇന്ത്യയുടെ ബാലന്‍സ് ഓഫ് പേയ്മെന്റില്‍ 1991 ജൂലൈയില്‍ കമ്മി വന്നപ്പോള്‍ ബാങ്ക്‌ ഓഫ്‌ ലണ്ടനിൽ നിന്നും ഹ്രസ്വകാലവായ്പ കിട്ടുന്നതിനായി ഇംഗ്ലണ്ടിലേക്ക്‌ സ്വർണം കയറ്റിയയക്കേണ്ടതായി വന്നു. ഇത്‌ കോളോണിയലിസത്തിന്റെ തുടർച്ചയായിട്ടാണ് എനിക്ക്‌ അനുഭവപ്പെട്ടത്. ഇതിലൊരു അസഭ്യതയുണ്ട്‌. സോവിയറ്റ്‌ യൂണിയൻ തകർന്നിരിക്കാം, എന്നാൽ മുതലാളിത്തത്തിന്റെ ഈ അസഭ്യത മുഖ്യപ്രശ്നമായി തന്നെ നിലനിന്നിരുന്നു.

രണ്ടാമത്തെ സംഭവം 1993 സെപ്റ്റംബറിൽ വടക്ക്‌ കിഴക്കൻ ഡൽഹിയിലെ സീലാംപൂരിലായിരുന്നു. ഒരു യുവമാധ്യമപ്രവർത്തകനെന്ന നിലയിൽ, 1992 ഡിസംബർ ആറിന്‌ ബാബ്‌റി മസ്ജിദ്‌ തകർത്തതിനെത്തുടർന്ന് പൊട്ടിപ്പുറപ്പെട്ട സീലാംപൂർ കലാപം റിപോർട്‌ ചെയ്യുകയായിരുന്നു ഞാൻ. മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്തതിനെത്തുടർന്ന്‌ അവിടെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. നിരോധനാജ്ഞയ്ക്കിടെ ഒരു രാത്രിയിൽ ഞാനൊരു ക്ഷേത്രത്തിനകത്ത്‌ ഒളിച്ചിരിക്കുക ആയിരുന്നു. ഞാൻ അവിടെ കയറി ഒരു മണിക്കൂറിന്‌ ശേഷമാകണം വാതിലിൽ ഉറക്കെയുള്ള മുട്ടു കേട്ടു. ഒരു സംഘം കൊലപാതകികൾ അകത്തു വന്നു. അവരുടെ കയ്യിലെ വടിവാളും കത്തികളും മനുഷ്യരക്തത്തിന്റെ മണവുമൊഴിച്ചാൽ അവർ വെറും സാധാരണക്കാരായിരുന്നുവെന്നത്‌ എന്നെ ഞെട്ടിച്ചു. അന്ന്‌ രാത്രി മുഴുവന്‍ എനിക്ക് അവർക്കൊപ്പം ഉറങ്ങേണ്ടതായി വന്നു.

ഏതാനും മണിക്കൂറുകൾക്ക്‌ ശേഷം വീണ്ടും വാതിൽക്കൽ മുട്ടു കേട്ടു. ഒരു “ഷൂട്ട്‌ അറ്റ്‌ സൈറ്റ്‌” തരം നിരോധനാജ്ഞയായിരുന്നു അതെന്നോര്‍ക്കണം. അതിർത്തി സുരക്ഷാ സേനയടക്കം ഡെൽഹിയിലുള്ള ഇന്ത്യയുടെ മുഴുവൻ സേനയും ഇതിനെ ഗൗരവമായി പരിഗണിക്കുകയും ചെയ്തിരുന്നു. ഞങ്ങളാകെ ഭയന്നു പോയി.

പക്ഷേ വാതിൽ തുറന്നപ്പോള്‍ ഉണ്ടായിരുന്നത്‌ ഒരു വൃദ്ധയായിരുന്നു. അവർ എത്തിച്ച ഒരു ചെറിയ പൊതി കൂട്ടത്തിലൊരാൾ സംഘത്തലവനെ ഏൽപ്പിച്ചു. ദൃഡഗാത്രനായ നേതാവിന്റെ അമ്മയായിരുന്നു അത്. ആ പൊതി കൈമാറാൻ എത്തിയതായിരുന്നു അവര്‍. നേതാവ് ആ പൊതിയഴിച്ച ശേഷം അതിനുള്ളിലുണ്ടായിരുന്നത് അയാളുടെ സിരയിലേക്ക് കുത്തിയിറക്കി. സംശയിക്കേണ്ട, ഹെറോയിൻ ആയിരുന്നു അത്.


ആഗോള വലതുവ്യതിയാനം


ഇത്‌ തെറ്റല്ലേയെന്നോർത്ത്‌ ഞാനൊരു മൂലയിലിരുന്നു. ഇവർ ആളുകളെ കൂട്ടക്കൊല നടത്തിയെന്ന് മാത്രമല്ല, അവരിലൊരാൾ ഹെറോയിന്‍ അടിമ കൂടിയാണെന്ന് വന്നിരിക്കുകയാണ്. നമ്മുടെ സംസ്കാരത്തിന് സാരമായിട്ടെന്തോ പിഴവുണ്ടെന്ന്‌ ഞാൻ ഓർത്തു. സാമൂഹികാധ്വാനത്തിലും സ്വകാര്യസ്വത്തുസമ്പാദനത്തിലും ഏർപ്പെട്ടിരിക്കുന്ന ഒരു സംസ്കാരത്തിന് എന്തോ വലിയ പിഴവുണ്ടെന്നത് തീര്‍ച്ചയാണ്. ഇന്ത്യയിലെ ക്ഷേമപദ്ധതികൾ ‐ അവ എത്ര അപര്യാപ്തമായിരുന്നുവെങ്കിലും ‐ ഒരോന്നാരോന്നായി തകർക്കപ്പെടുമ്പോൾ ഇന്ത്യ കൂടുതൽ അസമത്വങ്ങളിലേക്ക്‌ നീങ്ങുകയാണെന്നത്‌ വളരെ വ്യക്തമാണ്‌. രാജ്യം ഗുരുതരമായൊരു പ്രതിസന്ധിയിലേക്കാണ് നീങ്ങിയിരുന്നത്.

ഇതില്‍ ബുദ്ധിജീവികളും ഒരു വലിയ പങ്ക് വഹിച്ചുവെന്ന കാര്യം നാം മറന്നുകൂടാ. സാമൂഹികാദ്ധ്വാനവും സ്വകാര്യസ്വത്തുസമ്പാദനവും തമ്മിലുള്ള വൈരുദ്ധ്യം ജനങ്ങളില്‍ നിന്ന് മറച്ചുവയ്ക്കുന്ന കാര്യത്തില്‍ മുതലാളിത്തം സാമര്‍ത്ഥ്യം കാണിക്കുന്നുണ്ട്. ബുദ്ധിജീവികള്‍ കൂടുതലായി, ചരിത്രത്തിന്റെ നല്ല വശത്ത് നില്‍ക്കുന്നവരില്‍ നിന്നും മാറി മോശപ്പെട്ട വശത്ത് നില്‍ക്കുന്നവരായി മാറി. അവര്‍ രണ്ട് കാര്യങ്ങളെങ്കിലും ചെയ്തിരുന്നു. ഒന്ന്, മുതലാളിത്ത ഉത്പാദനത്തിന്റെ ബുദ്ധിജീവികളായിട്ടവര്‍ മാറി. റ്റെയ്‌ലറിന്റെ രീതിശാസ്ത്രങ്ങളിലൂടെ ജനങ്ങളെ കൂടുതല്‍ “കാര്യക്ഷമതയോടെ” തൊഴിലെടുപ്പിക്കുന്നതിനുള്ള പുത്തന്‍ വഴികള്‍ കണ്ടെത്തുന്നതിലൂടെയോ, ഫിനാന്‍സിനെ സംബന്ധിച്ച ബുദ്ധിജീവികളാകുന്നതിലൂടെയോ അവര്‍ ഉപജീവനമാര്‍ഗം തേടുവാന്‍ ബുദ്ധിമുട്ടുന്ന ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കുന്നു. രണ്ടാമതൊരു തരം ബുദ്ധിജീവികളുണ്ട്: അഭിലാഷങ്ങളും ആസക്തിയും സൃഷ്ടിക്കുന്ന കൂട്ടര്‍. ഇത്തരം ബുദ്ധിജീവികളാണ് പുതിയൊരു സാംസ്കാരികപ്രപഞ്ചത്തെ സൃഷ്ടിച്ചത്. ഇത്തരം ബുദ്ധിജീവികളെപ്പോലെയുള്ളവര്‍ സ്വകാര്യമാധ്യമയിടങ്ങളില്‍ കൂടുതലായി എത്തിച്ചേര്‍ന്നുകൊണ്ടിരുന്നു. വാര്‍ത്താമാധ്യമങ്ങളിലുള്ള ഞങ്ങളെപ്പോലെയുള്ളവര്‍ക്ക് ഇത് നേരത്തെ തന്നെ വ്യക്തമായിരുന്നു.

ആ സമയത്ത്, തൊണ്ണൂറുകളുടെ ആദ്യം, മാധ്യമയിടങ്ങളില്‍ മോശപ്പെട്ടതെന്തോ നടക്കുവാന്‍ പോവുകയാണെന്ന് പത്രപ്രവര്‍ത്തകരായ ഞങ്ങള്‍ക്ക് തോന്നിയിരുന്നു. ആസക്തിയെ സംബന്ധിച്ചൊരു വ്യാജനിര്‍മിതി നടക്കുവാന്‍ പോവുകയാണെന്നും, സാമൂഹികാദ്ധ്വാനം സ്വകാര്യസമ്പാദനം എന്ന യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങളില്‍ നിന്ന് മറച്ചു പിടിക്കുവാനുള്ള ശ്രമങ്ങളുണ്ടാകുമെന്നും ഞങ്ങള്‍ മനസ്സിലാക്കി.

സമൂഹത്തിലേക്ക്‌ പടര്‍ന്നുകയറിക്കൊണ്ടിരുന്ന ഒരുതരം അധഃപതനമായിരുന്നുവത്. ഈ പുതിയ ബുദ്ധിജീവിവര്‍ഗവും, ലാൽ കൃഷ്‌ണ അദ്വാനിയെപോലുള്ള വിഷജീവികള്‍ ഉള്‍ക്കൊള്ളുന്ന ഈ പുത്തന്‍രാഷ്ട്രീയവർഗവും - ഒരു പ്രധാന പങ്ക് വഹിക്കുവാന്‍ പോവുകയാണെന്ന് വ്യക്തമായിരുന്നു. സമൂഹത്തിൽ ബലിയാടുകളെ സൃഷ്ടിക്കുന്ന ഒരു തരം ആശയം ആസൂത്രണം ചെയ്ത് നടപ്പാക്കിയത് ഈ ബുദ്ധിജീവികളായിരുന്നു. ഇന്ത്യയില്‍ ഇതൊരു പുതിയ ആശയമല്ലായിരുന്നുവെങ്കില്‍ കൂടിയും, കുരുതി കൊടുക്കലിന്റെ വ്യാപ്തി വർദ്ധിക്കുവാന്‍ പോവുകയായിരുന്നു. ഇത്‌ ഞങ്ങള്‍ക്ക് വ്യക്തമായിരുന്നു.

വസ്തുതകൾ

ഇന്ത്യയിൽ ഏതാണ്ട്‌ 103 കോടി ജനങ്ങളുണ്ട്‌. മക്‌കിൻസെ പഠനം പ്രകാരം ഇതിൽ 700 ദശലഷം പേർ ദിനം പ്രതി പട്ടിണിയിലാണ്. അല്ലെങ്കിൽ ഇനി എപ്പോൾ ഭക്ഷണം കഴിക്കാനാകുമെന്ന്‌ അവര്‍ക്ക് അറിയില്ല. ഇത്‌ ഏകദേശം രണ്ടിലൊരു ഇന്ത്യക്കാരനാണ്‌. 300 ദശലക്ഷം ഇന്ത്യക്കാർക്ക്‌ മക്‌കിൻസെ റിപോർട്‌ വായിക്കാനാവില്ല. വൈദ്യുതി ഇല്ലാത്തതിനാൽ 240 ദശലക്ഷം പേർക്ക്‌ രാത്രിയിൽ ഈ റിപോർട്‌ വായിക്കാനാവില്ല. ഞെട്ടിക്കുന്ന വസ്‌തുതയെന്തെന്നാൽ വൃത്തിയാക്കാൻ യന്ത്രം ഉണ്ടായിട്ടും പ്രതിവർഷം 1 ദശലക്ഷം ഇന്ത്യക്കാർ മാലിന്യം കോരാനായി കുഴികളിലിറങ്ങുന്നുവെന്നതാണ്‌. സബ്‌ സഹാറൻ ആഫ്രിക്കയിലുള്ളതിനെക്കാൾ പാവപ്പെട്ടവർ ഇന്ത്യയിലുണ്ട്‌. ഭൂമിയിലെ ഏറ്റവും ദരിദ്രമായഇടങ്ങളിൽ ഒന്നാണ്‌ ഇന്ത്യ. എങ്കിലുമിവിടെ കോടീശ്വരന്മാരുണ്ട്‌. അണു ബോബുകളും.

“സാംസ്കാരികതയുടെ അളവുകോൽ അതിലെ ലക്ഷാധിപതികളുടെ എണ്ണമല്ല, മറിച്ച് പട്ടിണി കിടക്കുന്നവരുടെ അഭാവമാണ്” എന്നാണ് എം. കെ. ഗാന്ധി 1916ല്‍ ഒരു കൂട്ടം ഇംഗ്ലീഷുകാരോട് പറഞ്ഞത്. നിലവില്‍, ഏകദേശം നൂറ് വര്‍ഷങ്ങള്‍ക്കിപ്പുറം, ഈ ധാര്‍മികപരീക്ഷണത്തില്‍ ഇന്ത്യ പരാജയപ്പെട്ടിരിക്കുന്നുവെന്നത് വ്യക്തമാണ്. വളരെ ലളിതവും സുഭഗവുമായ ഒരളവുകോൽ ആണത്.. അതില്‍ ഇന്ത്യ അമ്പേ തോറ്റ് പോയിരിക്കുന്നു.

രാഷ്ട്രീയം

എഴുപതുകളില്‍, അല്ലെങ്കില്‍ എണ്‍പതുകളില്‍, ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഉറവകള്‍ വറ്റിവരളുകയുണ്ടായി. സ്വാതന്ത്ര്യസമരത്തോട് ഒരു വിരക്തിയുണ്ടായി. എന്നെ സംബന്ധിച്ചിടത്തോളം, 1985ല്‍ നടന്ന കുപ്രസിദ്ധമായ പ്ലാനിങ്ങ് കമ്മീഷന്‍ മീറ്റിങ്ങ് ഇതിനെ സംബന്ധിച്ചുള്ള നല്ലൊരു സൂചനയായിരുന്നു. പ്രധാനമന്ത്രിയെന്ന നിലയില്‍, രാജീവ് ഗാന്ധിയായിരുന്നു കമ്മീഷന്റെ എക്സ്-ഒഫീഷ്യോ ചെയര്‍മാനെങ്കിലും, അദ്ദേഹം വളരെ അപൂര്‍വമായേ മീറ്റിങ്ങുകള്‍ നടത്തിയിരുന്നുള്ളൂ. അക്കാലത്ത് കമ്മീഷന്റെ ഡെപ്യൂടി ചെയര്‍മാനായിരുന്ന മന്മോഹന്‍ സിങ്ങിന്റേതായിരുന്നു ആ ചുമതല. കമ്മീഷന്റെ ആ സമയത്തെ ഒരു മീറ്റിങ്ങില്‍ രാജീവ് ഗാന്ധി പങ്കെടുക്കുകയുണ്ടായി. കമ്മീഷന്റെ അവതരണം കേട്ടുകഴിഞ്ഞതിന് ശേഷം, അദ്ദേഹം അവരുടെ രീതിയോട് കടുത്ത രീതിയില്‍ പ്രതികരിച്ചു. കര്‍ഷകരെയും താങ്ങു വിലകളേയും പറ്റി അവര്‍ക്കുള്ള ഉത്കണ്ഠയെന്താണെന്ന് അദ്ദേഹത്തിന് മനസ്സിലായില്ല. അതിന് പകരം അമേരിക്കന്‍ ശൈലിയിലുള്ള ഫ്രീവേകളും, മെച്ചപ്പെട്ട വിമാനത്താവളങ്ങളും ആഡംബരങ്ങളായ ഷോപ്പിങ്ങ് മോളുകളും നിര്‍മിക്കുന്നതിനെ പറ്റി അവര്‍ ആലോചിക്കണമെന്ന് അദ്ദേഹം കരുതി. ഇത് ഏറെ രസകരമാണ്, കാരണം മറ്റ് പ്ലാനിങ്ങ് കമ്മീഷന്‍ അംഗങ്ങള്‍ ഷോപ്പിങ്ങ് മോളുകൾക്ക് എതിരെയായിരുന്നു ചിന്തിച്ചിരുന്നത്: കാര്‍ഷികഭൂമി എങ്ങനെ സംരക്ഷിക്കണമെന്നതിനെക്കുറിച്ചും, കര്‍ഷകരുടെ ജീവിതം സുരക്ഷിതമാക്കുന്നതിനെ പറ്റിയും ഒക്കെ. അതിനുപകാരപ്പെടുന്ന രീതിയിലുള്ള ചര്‍ച്ചകളും മറ്റും അവര്‍ നടത്തിയിരുന്നോ എന്നത് വേറെ കാര്യം, എന്നാല്‍ ഈ വിഷയങ്ങള്‍ അജെന്‍ഡയിലുണ്ടായിരുന്നുവെന്നതാണ് വസ്തുത. എന്നാല്‍, അപ്പോഴാണ് ഇതൊക്കെ മുഷിപ്പുളവാക്കുന്നതാണെന്ന് രാജീവ് ഗാന്ധി വന്ന് പറയുന്നത്. പകരം, ഇന്ത്യ അമേരിക്കയെപ്പോലെയാകണം എന്നും.

ദേശീയവിമോചനത്തിന്‌ അപ്പോഴേക്കും അപചയം സംഭവിച്ചിരുന്നു. മദ്ധ്യവര്‍ഗമെന്ന് പറയപ്പെടുന്നവരിലെ ഒരു വിഭാഗത്തിനാകട്ടെ - ആ സമയത്തെ മേലാളവര്‍ഗത്തിന് പകരം സ്ഥാപിക്കപ്പെട്ട പേരാണ് മദ്ധ്യവര്‍ഗം, സമൂഹത്തിലെ മദ്ധ്യവര്‍ഗം എന്നാണ് അതിന്റെ ശരിയായ അര്‍ത്ഥം - ദേശീയവിമോചനസമരത്തിലൂടെ നേടിയെടുത്ത വർഗഘടനയിൽ മാറ്റം വരുത്തുന്നതിനായിരുന്നു താത്പര്യം.

ഈ പ്രക്രിയ അടിയന്തരാവസ്ഥക്കാലത്തുതന്നെ ആരംഭിച്ചിരുന്നു. ഇന്ത്യ വിദേശവിനിമയം ആകര്‍ഷിക്കേണ്ടതുണ്ടെന്നും ലൈസൻസ്‌ രാജ്‌ എടുത്തുകളയണമെന്നും വിവര-പ്രക്ഷേപണമന്ത്രിയായിരുന്ന ഐ. കെ. ഗുജ്‌റാൾ 1976ൽ അടിയന്തരാവസ്ഥക്കാലത്തെ പാർലമെന്റിൽ ഉന്നയിച്ചിരുന്നു. ഇത് 1991 വരെ നടപ്പിലായില്ലെങ്കിലും, എഴുപതുകളുടെ മദ്ധ്യം മുതല്‍ ഇതിനുള്ള നടപടികൾ ആരംഭിച്ചിരുന്നു. നിർണായകമായ ഒരു വഴിത്തിരിവായിരുന്നു 1991. കോൺഗ്രസ്‌ പാർടി നവലിബറലിസത്തിന്‌ കീഴടങ്ങി. കോണ്‍ഗ്രസിലെ ഗാന്ധിയൻ-സോഷ്യലിസ്റ്റ് ഘടകങ്ങള്‍ 1991ന് ശേഷം അരികുവൽക്കരിക്കപ്പെടുകയോ പാര്‍ടി വിട്ടു പോവുകയോ ചെയ്തു തുടങ്ങി. ചില ഘടകങ്ങൾ പാർടിവിട്ട്‌ ഭാരതീയ ജനതാ പാർടിയിൽ(ബിജെപി) ചേരുന്ന സ്ഥിതിവരെയുണ്ടായി.


ഫാസിസവും കമ്മ്യൂണിസവും : ജവഹര്‍ലാല്‍ നെഹ്‌റു


പഴയ സോഷ്യലിസ്റ്റ് പാർടിയായ സമാജ്‌വാദി പാർടിയും ക്ഷയിച്ചു തുടങ്ങി. അങ്ങനെ സമാജ്‌വാദി പാർടിയായാലും ജനതാപാർടിയായാലും ലോക്‍ദൾ പാർടിയായാലും; ലാലു പ്രസാദ്‌ യാദവോ മുലായം സിങോ ആയാലും അടിസ്ഥാനപരമായി എന്തെങ്കിലും രീതിയിൽ എല്ലാവരും പ്രാദേശികബൂർഷ്വാസിയുമായി ചേർന്നു പ്രവർത്തിക്കാൻ തുടങ്ങിയതിന്‌ നാമെല്ലാം സാക്ഷിയായി. വാസ്തവത്തിൽ ഉത്തർപ്രദേശിലെ സമാജ്‌വാദിപാർടിയെ ഞങ്ങൾ സഹാറാഗ്രൂപ്പിന്റെ പാർടിയെന്നു വിളിച്ചുവന്നു. ഉത്തര്‍പ്രദേശിലെ മുലായം സിങ്ങിന്റെ സമാജ്‌വാദി പാര്‍ടിയുടെ ജാമ്യക്കാരായിരുന്നു അടിസ്ഥാനപരമായി സഹാറാഗ്രൂപ്പ്‌.

പ്രാദേശികകക്ഷികളുൾപ്പെടെ, രാഷ്ട്രീയവര്‍ഗത്തിലെ വലിയൊരു വിഭാഗം, ഈ പുതിയ നയത്തിന്‌ മുന്നിൽ അടിയറവ് പറഞ്ഞു. താങ്ങ് വിലകള്‍ക്കും പാവപ്പെട്ടവര്‍ക്ക് സുരക്ഷ നല്‍കുന്ന മറ്റ് പദ്ധതികൾക്കും പകരം മോളുകൾ, വിമാനത്താവളങ്ങൾ തുടങ്ങിയവയുടെ വളർച്ചയിലേക്ക്‌ അത് വഴിതെളിച്ചു.

ഈ പരിതസ്ഥിതിയിൽ, ഒരു ബദലുയര്‍ത്തുക എന്നത്‌ ഏതൊരു രാഷ്ട്രീയപ്രസ്ഥാനത്തിനും അത്യന്തം ശ്രമകരമായ കാര്യമായിരുന്നു. അജെന്‍ഡയെ ഒരു വ്യത്യസ്തദിശയില്‍ മുന്നോട്ടുകൊണ്ടുപോകുവാനായി എങ്ങനെയാണ്‌ ദേശീയതലത്തിൽ ഒരു ജനകീയ ഇച്ഛാശക്തി സൃഷ്ടിക്കുക? തൊണ്ണൂറുകളുടെ മദ്ധ്യത്തില്‍ ഇടതുപക്ഷം പ്രതിരോധത്തിലേക്ക് പിന്തള്ളപ്പെട്ടു.


അംബേദ്കറും കമ്മ്യൂണിസ്റ്റുകാരും


എന്റെ പാർടിയായ കമ്മ്യൂണിസ്റ്റ് പാർടി ഓഫ്‌ ഇന്ത്യ (മാർക്സിസ്റ്റ്)ന്റെ [സിപിഐ(എം)] കേന്ദ്രക്കമ്മിറ്റി 1996ല്‍ എടുത്തൊരു സുപ്രധാനതീരുമാനത്തിലേക്കാണ് നമ്മെയിത് എത്തിക്കുന്നത്. പതിമൂന്ന് ദിവസം പ്രായമെത്തിയ ബിജെപി സർക്കാർ വീണ ശേഷം പ്രതിപക്ഷകക്ഷികളുടെ സഖ്യം നമ്മുടെ പാർടിയുടെ ആരാധ്യനേതാവായിരുന്ന ജ്യോതി ബസുവിനോട്‌ പ്രധാനമന്ത്രിപദം സ്വീകരിക്കുമോയെന്ന്‌ ചോദിച്ചു. കേന്ദ്ര കമ്മിറ്റി വളരെ ദൈർഘ്യമേറിയ ചർച്ചയ്ക്ക് ശേഷം ജ്യോതി ബസു സ്ഥാനം ഏറ്റെടുക്കേണ്ടതില്ല എന്ന് തീരുമാനിച്ചു. തീർത്തും വ്യത്യസ്തമായ രാഷ്ട്രീയദിശയില്‍ സഞ്ചരിക്കേണ്ടി വരുന്ന ഒരു സർക്കാരിന്റെ പ്രധാനമന്ത്രിയായിരിക്കേണ്ടി വരുമെന്നതിനാലായിരുന്നു ഇങ്ങനെ ഒരു തീരുമാനം. ജ്യോതി ബസുവിന് ഇന്ത്യയെ വ്യത്യസ്തമായൊരു രാഷ്ട്രീയദിശയില്‍ ചലിപ്പിക്കുവാനുതകുന്ന ഒരു ശക്തമായ ദേശീയ ജനകീയ ഇച്ഛാശക്തി അന്ന് നിലവിലില്ലായിരുന്നു.

ഈ കാലയളവിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള എല്ലാ രാഷ്ട്രീയപ്പാർടികളും ഈ നയദിശയ്ക്കു - അസമത്വങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും കാർഷികദുരിതങ്ങള്‍ വലിയ രീതിയില്‍ കൊണ്ടുവന്നതിനും ഇടയാക്കിയ ദിശ - അടിയറവ് പറഞ്ഞപ്പോൾ ഫാസിസ്റ്റ് സ്വഭാവമുള്ള രാഷ്ട്രീയ സ്വയംസേവക്‍ സംഘും (ആർ.എസ്.എസ്) അതിന്റെ രാഷ്ട്രീയമുഖമായ ബിജെപിയും ഉയർന്നു വന്നു. ഇത് ദ്രുതഗതിയിലുള്ളൊരു വളർച്ചയായിരുന്നു. ഈ വളർച്ച അഴിമതിയെന്ന ഒരൊറ്റ ശൂന്യവിഭാഗത്തിന്റെ പടയൊരുക്കത്തിലൂടെയായിരുന്നു. ബിജെപിയുടെ ഈ തന്ത്രപരമായ ബുദ്ധിയാണ് അവരുടെ ദേശീയതലത്തിലുള്ള മുന്നേറ്റത്തിനിടയാക്കിയത്.

അഴിമതിയെന്നത് രസകരമായ ഒരു കാര്യമാണ്, എന്തെന്നാൽ അത് പരസ്പരധാരണയുടെ ഒരു രാഷ്ട്രീയത്തെ സൃഷ്ടിക്കുന്നു. എല്ലാ ബൂർഷ്വാ പാർടികളും അധികാരത്തിനു വെളിയിൽ നിൽക്കുമ്പോൾ അധികാരസ്ഥാനീയർക്കെതിരെ അഴിമതിയാരോപിക്കും. ബൂർഷ്വാ പാർടികൾ അന്യോന്യം അഴിമതിയാരോപിച്ചു അങ്ങിങ്ങു നടക്കും. പക്ഷെ ഓരോ തവണയും അവർ സ്ഥാനഭ്രഷ്ടരാകുമ്പോൾ, തങ്ങൾ അഴിമതിക്കാരല്ല എന്ന് ജനങ്ങളെ വിശ്വസിപ്പിക്കാൻ അവർക്കാകുന്നു. ഇരുപാർടികളും അഴിമതിക്കാരാണെന്ന് ആളുകൾ മറക്കുന്ന ഒരു സമവായം അവർ സൃഷ്ടിക്കുന്നു. അടിസ്ഥാനപരമായി അഴിമതിയെന്ന വാക്ക് ഒരു ദ്വികക്ഷി ഭരണത്തിനായുള്ള സമവായം സൃഷ്ടിക്കുന്നു. ഇന്ത്യയിലുള്ള ഒരു വ്യത്യാസമെന്നത്, അതിലൊരു പാർടിയായ ബിജെപിയെ നയിക്കുന്ന ആര്‍.എസ്.എസ്. എന്ന ഫാസിസ്റ്റ് തലച്ചോര്‍, അതിനെ അസുഖകരമായി ദിശയിലേക്ക് തള്ളിയിടുകയാണ് എന്നതാണ്.

(തുടരും)

[ജംഹൂറില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ (The Necessity of Communism) സ്വതന്ത്ര മലയാളപരിഭാഷ. തയ്യാറാക്കിയത് അര്‍ച്ചന, അജ്സല്‍, കിരണ്‍, പ്രതീഷ് എന്നിവര്‍.]