ഇന്ത്യയില്‍ കമ്മ്യൂണിസത്തിന്റെ ആവശ്യകത എന്താണ്? - ഭാഗം 2

Massive march by Indian Farmers under the leadership of Communists in India

ഈ സാഹചര്യങ്ങളിൽ ഇടതുപക്ഷം എന്തുചെയ്യണം? ഈ ചോദ്യത്തിന് മൂന്ന് പ്രതികരണങ്ങൾ ഞാൻ കേട്ടിട്ടുണ്ട്.

സോഷ്യൽ ഡെമോക്രാറ്റുകൾ ആകുക?

ചരിത്രജ്ഞനായ രാമചന്ദ്ര ഗുഹയും ഞാനും തമ്മില്‍ വർഷങ്ങളായി ഈ സംവാദം നടത്തി വരികയാണ്. പശ്ചിമ ബംഗാൾ ഭരിക്കുമ്പോൾ സിപിഐ(എം) അടിസ്ഥാനപരമായി സോഷ്യല്‍ ഡെമോക്രാറ്റുകളായിരുന്നുവെന്നും, അതിനാല്‍ സിപിഐ(എം) ഇക്കാര്യം തുറന്ന് സമ്മതിക്കണമെന്നുമാണ് എന്ന് ഗുഹ എപ്പോഴും പറഞ്ഞിരുന്നത്. പാര്‍ടി ചുറ്റിക അരിവാളിനെയും, ലെനിനെയും സ്റ്റാലിനെയും ഉപേക്ഷിക്കണമെന്നും, ബേൺസ്റ്റീനിയൻ സോഷ്യല്‍ ഡെമോക്രസിയെ ഔപചാരികമായി സ്വീകരിക്കണമെന്നും ഇക്കാര്യത്തില്‍ പാര്‍ടി സത്യസന്ധമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

അടുത്തിടെ ത്രിപുരയിൽ ബിജെപി പ്രവർത്തകർ ലെനിന്റെ പ്രതിമ നശിപ്പിച്ചപ്പോൾ ഈ കാഴ്ചപ്പാട് ഉറപ്പിച്ചുകൊണ്ട് അദ്ദേഹം ദ റ്റെലെഗ്രാഫിൽ ഒരു ലേഖനം വരെയെഴുതി. ഇന്ത്യൻ ഇടതുപക്ഷം ഒരു പുതിയ പുനഃരുജ്ജീവനത്തിന്റെ നട്ടെല്ലായി മാറണമെങ്കിൽ അത് സോഷ്യല്‍ ഡെമോക്രസിയായി മാറേണ്ടതുണ്ടെന്ന് അദ്ദേഹം പറയുന്നു.

ശ്രദ്ധിക്കേണ്ട ഒരു കാര്യമെന്തെന്നു വെച്ചാൽ, വർത്തമാനവും ഭാവിയും തമ്മിലുള്ള വൈരുധ്യാത്മകതയിൽ കമ്മ്യൂണിസം ആശയക്കുഴപ്പത്തിൽ ആകുന്നു എന്നതാണ്. ഒരു രാഷ്ട്രീയ പാര്‍ടി - ഒരു കമ്മ്യൂണിസ്റ്റ് പാര്‍ടി, ഒരു സോഷ്യലിസ്റ്റ് പാര്‍ടി, അതുമല്ലെങ്കിൽ മുതലാളിത്താനന്തര ഭാവിയിൽ വിശ്വസിക്കുന്ന ഏതെങ്കിലും പരിവർത്തന പാര്‍ടി - വർത്തമാനകാലത്തോട് വളരെയധികം യോജിക്കുന്നുണ്ടെങ്കിൽ അത് പരിഷ്കരണത്തിന് കോപ്പുകൂട്ടും. കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിലെ ഒരു രസകരമായ വിശേഷമെന്തെന്നാൽ, മുതലാളിത്തമെങ്ങനെ പ്രവർത്തിക്കുന്നു എന്ന നമ്മുടെ ധാരണയിൽ, അധീശവര്‍ഗങ്ങൾ സമ്പത്തും അധികാരവും മറ്റുള്ളവരുമായി പങ്കിടും എന്നത് വിശ്വസനീയമല്ല എന്നതാണ്. മനുഷ്യ യാഥാർത്ഥ്യത്തോടുള്ള വിശ്വസനീയമായ ഒരു സമീപനമായി നാം അതിനെ കാണുന്നില്ല.

ലിബറലിസം ബാധിച്ച അധീശവർഗങ്ങൾ ദരിദ്രർക്കായി മിച്ചമൂല്യത്തിന്റെ വലിയൊരു പങ്കു നൽകുമെന്നോ, ദരിദ്രരോട് അവരുടെ കൂടെ ഭരിക്കാന്‍ ആവശ്യപ്പെടുമെന്നോ ഒന്നും നാം കരുതുന്നില്ല. ഭരണവർഗം ലിബറലിസത്താലോ അതോ വല്ല നല്ലവിചാരത്താലോ മൂലധനവും, മിച്ചമൂല്യവും, അധികാരവും ഉപേക്ഷിച്ചു മാന്യരാകുമെന്ന് വിശ്വസിക്കുന്നുണ്ടെങ്കിൽ നിങ്ങൾ യാഥാർത്ഥ്യത്തെ തലകീഴായാണ് വീക്ഷിക്കുന്നത്.

ഭരണവര്‍ഗത്തിലെ വ്യക്തികൾ മാന്യരാണോ അല്ലയോ എന്നത് വേറെ കാര്യം. വസ്തുതയെന്തെന്നാൽ ഘടനാപരമായ ഒരു ശക്തിയെന്ന നിലയിൽ ഭരണവര്‍ഗത്തെ മുന്നോട്ടു നയിക്കുന്നത് നീചമായ രാഷ്ട്രീയചക്രവാളമാണ് എന്നതാണ്. നീചവും അധാർമികവുമായ ഘടനയുടെ ആനുകൂല്യമവര്‍ക്കുണ്ട്. നിങ്ങൾ സോഷ്യല്‍ ഡെമോക്രസിയില്‍ മാത്രമേ വിശ്വസിക്കുന്നുവെങ്കിൽ, അടിസ്ഥാനപരമായി നിങ്ങളുടെ പ്രസ്ഥാനത്തിന്റെ ഭാഗമായുള്ള തൊഴിലാളികളെയും കർഷകരെയും ഒറ്റികൊടുക്കുന്നതിലത് എത്തിച്ചേരും. എന്തെന്നാൽ സമരം ചെയ്തും പോരാടിയും അധികാരം കെട്ടിപ്പടുക്കാതെ അവർക്കു മെച്ചപ്പെട്ട ഒരു സ്ഥിതി ഉണ്ടാവുകയില്ല. ഈ അർത്ഥത്തിൽ, വർത്തമാനത്തെ കൂടുതൽ ഉൾക്കൊള്ളുന്നത് വരേണ്യവര്‍ഗ സഹകരണത്തിലേക്ക് നയിക്കുകയും അതുകൊണ്ട് അധ്വാനിക്കുന്ന ജനങ്ങളുടെ ആവശ്യങ്ങൾ, പരിഭവങ്ങൾ, പ്രതീക്ഷകൾ, അഭിലാഷങ്ങൾ എന്നിവ അടിയറവ് വയ്ക്കേണ്ടി വരികയും ചെയ്യും.

അതേ സമയം, ഭാവിയെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിങ്ങള്‍ ഏറെ മുന്നോട്ടു പോയാൽ നിലവിലെ പോരാട്ടങ്ങളിൽ നിന്ന് പാര്‍ടിയും രാഷ്ട്രീയസംഘടനയും വിച്ഛേദിക്കപ്പെടുന്ന അവസ്ഥയുണ്ടാകും. ഇത് ശുദ്ധതയുടെ ആവശ്യമാണ്. ഇത് വിഭാഗീയതയ്ക്കുള്ള പ്രവണതയാണ് സൃഷ്ടിക്കുക.

ഇടതുപക്ഷത്തിന്റെ വെല്ലുവിളികളിലൊന്നു വർത്തമാനത്തെയും ഭാവിയെയും ലക്ഷ്യമാക്കി നിലകൊള്ളുകയെന്നതാണ്. ഇതിൽ ഏതെങ്കിലുമൊന്നിൽ ചേരുകയാണെങ്കിൽ വർത്തമാനവും ഭാവിയുമായുള്ള വൈരുധ്യാത്മകതയെ ഇടതുപക്ഷം മറികടന്ന് പോകും. വർത്തമാനവും ഭാവിയും തമ്മിലുള്ള വൈരുദ്ധ്യാത്മകത ശരിക്കും ഇടതുപക്ഷത്തിന്റെ ഒരു രാഷ്ട്രീയപദ്ധതിയുടെ സത്തയാണ്.

മുന്നണിപ്പട (vanguard) ലയിപ്പിക്കുകയും, ജനങ്ങള്‍ എന്ന് പറയപ്പെടുന്നവരെ സ്വതന്ത്രരായി വിടുകയും ചെയ്യണോ?

കീഴാളപഠനം [Subaltern Studies] 1982ൽ ആരംഭിച്ചപ്പോൾ വളരെയധികം ആവേശഭരിതനായത് ഞാനോർക്കുന്നു. പക്ഷേ, അവരുടെ കൃതികൾ വായിക്കുമ്പോൾ എനിക്കസാധാരണമായി തോന്നിയത്, “സംഘടന” [Organisation] എന്ന് വളരെക്കുറച്ച് മാത്രമേ പരാമർശിച്ചിട്ടുള്ളൂ എന്നതാണ്. “ഓർഗനൈസേഷൻ” എന്ന വിഭാഗം തന്നെ ഉണ്ടായിരുന്നില്ല. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, കീഴാളപഠനം സ്വാഭാവികതയെന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതായി തോന്നി. അതായത് പ്രസ്ഥാനങ്ങൾ സ്വാഭാവികമായി സംഭവിക്കുമെന്നും, കീഴാളർ സ്വയം ചരിത്രം സൃഷ്ടിക്കുമെന്നുമുള്ള ആശയം.

വാസ്തവത്തിൽ, സംഘാടകര്‍ എന്ന ആശയത്തെ തന്നെ ദിപേഷ് ചക്രബർത്തി ആക്രമിച്ചു, അവർ പുറത്തുനിന്നുള്ളവരാണെന്ന് അദ്ദേഹം അനുമാനിച്ചു. ഇത് രസകരമായ ഒരു ആശയമാണ്, കാരണം, ഒന്നാമതായി, സംഘടനകൾ എപ്പോഴും പുറത്തുനിന്നാണ് വരുന്നതെന്നും തൊഴിലാളികൾ സ്വയം സംഘടിച്ച് യൂണിയനുകളുണ്ടാക്കുന്നില്ലായെന്നും ഇത് അനുമാനിക്കുന്നു. ചരിത്രപരമായി ഇത് ശരിയല്ലെങ്കിലും എങ്ങനെയൊക്കെയോ ഇത് സംഘടന അപ്രസക്തമാണെന്ന് അനുമാനിക്കുന്നു.

സംഘടനാ പ്രവർത്തനങ്ങൾ ഇല്ലാതെയാണ് പഴയകാല പോരാട്ടങ്ങൾ നടന്നതെന്ന് ആരെങ്കിലും വാദിക്കുകയാണെങ്കിൽ, വർത്തമാനകാലത്ത് ആളുകൾ സംഘടിക്കേണ്ടതെന്തിനാണ്? സംഘടിക്കേണ്ടതിന്റെ ആവശ്യകത തന്നെ എന്താണ്? വർത്തമാനകാല ലോകത്തിലെ ജനങ്ങളെ എങ്ങനെ പെരുമാറുന്നു എന്നതിനെ ചരിത്രസങ്കല്പങ്ങളെ നിർമിക്കുന്ന രീതി വളരെയധികം സ്വാധീനിക്കുന്നുണ്ട്. അതിനാൽ അക്കാലത്തു ഉയർന്നു വന്ന ഉത്തരാധുനിക ചിന്താഗതിയെ പ്രതിഫലിപ്പിക്കുന്നതാണ് പഴയകാലത്തെ സംഘടനയുടെ മായ്ചുകളയൽ (ലെഫ്റ്റ് വേഡ് പ്രസിദ്ധീകരിച്ച കമ്മ്യൂണിസ്റ്റ് ചരിത്രങ്ങൾ എന്ന എഡിറ്റഡ് ശേഖരത്തിന്റെ ആമുഖത്തിൽ ഞാൻ ഉന്നയിക്കുന്ന വാദമാണിത്). ഇത് തന്നെ ഹയെക്കിയൻ ലിബറലിസത്തിന്റെ പ്രതിഫലനമായിരുന്നു. ഹയെക്‍ 1944ല്‍ എഴുതിയപോലെ ലോകത്തെ മാറ്റാൻ ശ്രമിക്കുന്നത് നിങ്ങളെ അടിയായ്മയിലേക്ക് നയിക്കും. അതിനാൽ ലോകത്തെ മാറ്റാൻ നിങ്ങൾ ശ്രമിക്കേണ്ടതില്ല. ലോകത്തെ മാറ്റുവാന്‍ കമ്പോളത്തെ അനുവദിക്കണം. ഈ വോള്യങ്ങൾ പുറത്തുവരുന്ന കാലത്തെ ചിന്തയുടെ അതിശയകരമായ അപവാദമായിരുന്നു അത്.

സ്വാഭാവികത നല്ലതാണെന്നും സംഘടന മോശമാണെന്നും ഉള്ളൊരു വിശ്വാസം ഉണ്ടായിരുന്നു. അത്തരത്തില്‍ ഒരു ദ്വന്ദത്വം സ്ഥാപിക്കപ്പെട്ടു. സ്വാഭാവികതയും സംഘടനയും തമ്മിലുള്ള വിഭജനത്തെ പറ്റിയുള്ള പഴയ ബോൾഷെവിക് സാഹിത്യമാണ് ഇതിലൂടെ അവഗണിക്കപ്പെട്ടത്. പ്രത്യേകിച്ചും റോസാ ലക്സെംബര്‍ഗിന്റെ കൃതികള്‍.

സംഘടനയില്ലാതെ ഉള്ള ഒരു മാറ്റം യഥാര്‍ത്ഥത്തില്‍ സാധ്യമാണോ? അറബ് വസന്തകാലത്തു ഈജിപ്റ്റില്‍ നിന്നും ഞാൻ റിപ്പോർട് ചെയ്യുമ്പോൾ, തഹ്‌രീർ ചത്വരത്തിൽ ഒരു സംഘടനയോ നേതാക്കളോ ഇല്ലാത്തതിനെ പറ്റി എല്ലാ പാശ്ചാത്യമാധ്യമങ്ങളും ആഘോഷിക്കുകയായിരുന്നു. എന്നാൽ അത് അങ്ങനെ അല്ലായിരുന്നു എന്ന് ഞങ്ങൾക്ക് വ്യക്തമായിരുന്നു. അവിടെ മുസ്ലിം ബ്രദർഹുഡ് ഉണ്ടായിരുന്നു. അവർ അവിടെ ഇല്ലായിരുന്നുവെങ്കിൽ, ജനങ്ങളെ മർദിക്കാനായി ചത്വരത്തിൽ പ്രവേശിച്ച അക്രമികൾക്കെതിരെ യാതൊരു പ്രതിരോധവും ഉണ്ടാകുമായിരുന്നില്ല. പിന്നെ മുഖത്തു തിളങ്ങുന്ന നീല വെളിച്ചവുമായി അവിടെ ഒരു കോണിൽ കംപ്യൂട്ടറുകളുമായി ലിബറൽ ബ്ലോഗർമാർ ഉണ്ടായിരുന്നു. പിന്നെ അവിടത്തെ ചേരികളിൽ നിന്നുള്ള കുട്ടികൾ. പോലീസുകാർക്കെതിരെ കല്ലെറിയുന്ന ഈ കുട്ടികളും വളരെ സംഘടിതമായിരുന്നു.

തഹ്‌രീർ ചത്വരം വളരെ സംഘടിതമായ ഒരു ഇടമായിരുന്നു. എന്നാലത് സംഘടിപ്പിക്കപ്പെട്ടിരുന്ന രീതി മിക്കവാറുമുള്ള പാശ്ചാത്യമാധ്യമങ്ങള്‍ക്ക് അന്യമായിരുന്നു. അതിനാൽ ഒരു മാതൃകയിൽ ഓടുകയും, മുൻപ് പോലീസിനെ കണ്ടപ്പോൾ ചെയ്ത പോലെ മറ്റുള്ളവരുമായി ഏകോപനം നടത്തുകയും ചെയ്ത ഈ കുട്ടികളെ ഒരു സംഘടിതശൃംഖലയുടെ ഭാഗമായിക്കാണാന്‍ അവര്‍ക്ക് സാധിച്ചിരുന്നില്ല.

ഈജിപ്ഷ്യൻ പ്രക്ഷോഭത്തെ പറ്റി അമേരിക്കൻ പത്രപ്രവർത്തകനായ തനാസ്സിസ് കംബാനിസ് എഴുതിയ 'വൺസ് അപോൺ എ റെവൊല്യൂഷൻ' [Once upon a revolution] എന്ന പുസ്തകം ആരഭിക്കുന്നത് തന്നെ മുന്നണിപ്പടയെ സംബന്ധിച്ചുള്ള ലെനിന്റെ ആശയങ്ങളെ ആക്രമിച്ചുകൊണ്ടാണ്. ഈജിപ്ഷ്യൻ വിപ്ലവകാലത്തു ഒരു മുന്നണിപ്പട ഇല്ലാതെയിരുന്നത് ഒരു വലിയ കാര്യമായിട്ടാണ് അദ്ദേഹം വിശ്വസിച്ചിരുന്നത്. സർക്കാർ മാധ്യമങ്ങൾ പ്രക്ഷോഭത്തെ എങ്ങനെ തെറ്റായി ചിത്രീകരിച്ചുവെന്ന് അദ്ദേഹം അതിന് ശേഷം തന്റെ പുസ്തകത്തില്‍ ചർച്ചചെയ്യുന്നു. പ്രക്ഷോഭകർക്കു തങ്ങളുടെ പ്രാതിനിധ്യം നിർവചിക്കണം എന്നായിരുന്നുവെങ്കിൽ 'അവർ' കയ്‌റോയിലെ സർക്കാർ മാധ്യമങ്ങളുടെ ആസ്ഥാനമായ മാസ്പെറോ പിടിച്ചടക്കണമായിരുന്നു എന്ന് അദ്ദേഹം നിർദേശിക്കുന്നു. ഞാൻ എന്നോട് തന്നെ ചോദിച്ചു: കൃത്യമായി ആരാണ് 'അവർ'? 'അവർ' മാസ്പെറോ പിടിച്ചടക്കണമെന്ന് ഈ പത്രപ്രവർത്തകൻ പറയുമ്പോൾ, അദ്ദേഹം ആരെയാണ് കൃത്യമായി പരാമർശിക്കുന്നത്? "സഖാക്കളേ ! നമ്മുക്ക് പോയി മാസ്പെറോ പിടിച്ചെടുക്കാം " എന്ന് ആര്‍ക്കായിരിക്കും പറയുവാന്‍ കഴിയുക?

ഒരാൾക്കെങ്ങനെയാണ് ഒരു വശത്ത് സംഘടനയില്ലാതെ ജനങ്ങളുടെ വിപ്ലവം നടക്കുന്നത് നല്ലതാണെന്ന് വിശ്വസിക്കാനും, അതേസമയം മറുവശത്ത്, പ്രക്ഷോഭത്തിന്റെ പ്രാതിനിധ്യം നിയന്ത്രിക്കാൻ മാസ്പെറോ പിടിച്ചെടുക്കാൻ ഒരു നേതൃത്വം ആഹ്വാനം ചെയ്യണമെന്ന് നിർദ്ദേശിക്കാനും കഴിയുക? അതിനു ഒരു മുന്നണി പാർടി വേണം - വിപ്ലവസിദ്ധാന്തമുള്ള ജനങ്ങൾ, പലവിധത്തിലുള്ള പോരാട്ടങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന, ഒരു മുന്നേറ്റത്തിന്റെ തീവ്രത അറിയുകയും മനസ്സിലാക്കുകയും ചെയ്യുന്ന - ആള്‍ക്കാര്‍ക്ക് മാത്രമേ അങ്ങനൊരു ആഹ്വാനം നടത്താൻ സാധിക്കൂ.

സിദ്ധാന്തത്തിനും പ്രയോഗത്തിനും ഇടയിൽ സംഘടനയുണ്ട്. വിപ്ലവകരമായ പ്രയോഗം ഇല്ലാതെ നിങ്ങൾക്ക് വിപ്ലവസിദ്ധാന്തം ഉണ്ടാകാൻ കഴിയില്ല എന്ന് ലെനിൻ പറഞ്ഞപ്പോൾ, അദ്ദേഹം ഇതുകൂടി കൂട്ടിച്ചേർത്തിരിക്കാം: സംഘടന എന്ന മധ്യസ്ഥാശയമില്ലാതെ നിങ്ങൾക്ക് ഇത് രണ്ടും ഉണ്ടാവുകയില്ല. സംഘടനയാണ് സിദ്ധാന്തവും പ്രയോഗവും കൂട്ടിയിണക്കുന്നത്. ഈ മൂന്ന് ആശയങ്ങളും അനിവാര്യമാണ്. നിങ്ങൾക്കു സിദ്ധാന്തവും പ്രയോഗവും മാത്രമായി ഉണ്ടാവുകയില്ല. നിങ്ങൾക്ക് സംഘടന ഉണ്ടായിരിക്കണം.

പാര്‍ടി പിരിച്ചുവിട്ടിട്ട് സ്വത്വപ്രസ്ഥാനങ്ങൾ വികസിക്കാൻ അനുവദിക്കണോ?

“സ്വത്വ പ്രസ്ഥാനങ്ങൾ” എന്നതുകൊണ്ട് ഞാൻ അർത്ഥമാക്കുന്നത് ജാതി പ്രസ്ഥാനങ്ങൾ, മത പ്രസ്ഥാനങ്ങൾ, ലിംഗ പ്രസ്ഥാനങ്ങൾ തുടങ്ങിയവയാണ്. ഒരർത്ഥത്തിൽ, ദക്ഷിണേഷ്യൻ ചരിത്രത്തിൽ ജാതി, ലിംഗഭേദം, തദ്ദേശീയത തുടങ്ങിയ ചോദ്യങ്ങളിലേർപ്പെടാത്ത ഒരു വർഗസമരത്തെക്കുറിച്ച് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. വര്‍ഗം അതിനെ ഈ ലോകത്തു സ്വയം പ്രകാശിപ്പിക്കുന്ന രീതികളായി ഇവയെ ഓരോന്നിനേയും കാണാവുന്നതാണ്. വർഗം ഒരു സത്തയല്ല. അധികാരത്തെക്കുറിച്ചുള്ള വിശകലനപരമായ ധാരണയാണ് വർഗം. ആളുകൾക്ക് മതപരമോ ജാതീയമോ ലിംഗപരമായോ ഉള്ള സ്വത്വം ഉണ്ടാകുന്നതുപോലെ ഒരു വര്‍ഗം ഉണ്ടാവുകയില്ല. വർഗത്തെ നമുക്ക് വിശകലനാത്മകമായി മാത്രമേ മനസ്സിലാക്കാൻ സാധിക്കുകയുള്ളൂ. അത് വിവിധതരത്തിലുള്ള കഷ്ടപ്പാടുകളുടേയും ബോധത്തിന്റെയും കൂടിച്ചേരലിന്റെ മൂർത്തീഭാവമാണ്. ക്ലാസ്-ഫോർ-ഇറ്റ്സെൽഫ്, ക്ലാസ്-ഇൻ-ഇറ്റ്സെൽഫ് എന്നിവ തമ്മിലുള്ള വ്യത്യാസം മാർക്‌സ് മനോഹരമായി നിർവചിച്ചിരുന്നു. ഒരു വർഗസമൂഹത്തിലെ നിങ്ങളുടെ സ്ഥാനം മാത്രമല്ല പ്രധാനം. അതിനെക്കുറിച്ചുള്ള നിങ്ങളുടെ ധാരണയുമാണ്. മാത്രമല്ല, ഈ ധാരണയ്‌ക്ക് മതം, ജാതി, ലിംഗം തുടങ്ങിയ സ്വത്വങ്ങളിലൂടെ അപവർത്തനം സംഭവിക്കുന്നത് സാധാരണമായ ഒരു കാര്യമാണ്.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആവേശകരമായ കർഷകസമരങ്ങൾക്ക് വേദിയായ തഞ്ചാവൂർ ജില്ലയില്‍ ഒരു പദ്ധതി നടത്തിയതായി ഞാൻ ഓർക്കുന്നു. ഇന്ത്യയിലുടനീളം സഞ്ചരിച്ച് കഥകൾ ശേഖരിച്ചും, പഴയ സഖാക്കളെ കണ്ടുമുട്ടി അവരോടു പോയകാലത്തെക്കുറിച്ച് അന്വേഷിച്ചും വിവരശേഖരണം നടത്തുക എന്ന എന്റെ പതിവു രീതിയായിരുന്നു തഞ്ചാവൂരും. തമിഴ്നാടിന്റെ ഇടതുചരിത്രത്തിലെ പ്രധാനപേരുകളായ ശ്രീനിവാസ റാവു, എ. എം. ഗോപു എന്നിവരെക്കുറിച്ച് ശ്രദ്ധേയമായ ഒരു കഥ പഴയ സഖാക്കൾ എന്നോട് പറഞ്ഞു. ഒരു സംഘടന എങ്ങനെ കെട്ടിപ്പടുക്കാമെന്ന ധാരണയോടെയാണ് അവർ തഞ്ചാവൂരിലെത്തിയത്. മദ്രാസിലും മധുരയിലും ഉള്ള മെച്ചപ്പെട്ട ജീവിതം ഉപേക്ഷിച്ചാണ് അവർ അസമത്വം, പട്ടിണി, വരൾച്ച തുടങ്ങിയ പല പ്രശ്നങ്ങളുണ്ടായിരുന്ന തഞ്ചാവൂർ ജില്ലയിലെ ഈ ഗ്രാമപ്രദേശത്ത് എത്തിയത്. ഇടതുപക്ഷാശയങ്ങളിൽ ആഭിമുഖ്യമുള്ളവർ, കർഷകസമരാനുഭവങ്ങളിലൂടെ സ്വയം ചില കാര്യങ്ങൾ മനസിലാക്കിയ ചില ആളുകൾ എന്നിവരെ ചേർത്ത്, ശ്രീനിവാസ റാവു അവിടെ ഒരു ചെറിയ യൂണിറ്റ് രൂപീകരിച്ചു.

അവരുടെ യൂണിറ്റ് ജില്ലയിലുടനീളം വ്യാപിച്ചു കിടന്നിരുന്നതിനാൽ, അംഗങ്ങൾക്കിടയിൽ അങ്ങോട്ടും ഇങ്ങോട്ടും സന്ദേശങ്ങൾ കൈമാറാൻ ഒരു കൊറിയർ വേണമെന്ന് ശ്രീനിവാസ് റാവു തീരുമാനിച്ചു. തനിക്ക് താൽപ്പര്യമുണ്ടെന്നും ജോലി ചെയ്യാൻ സൈക്കിൾ ഉണ്ടെന്നും പറഞ്ഞ ഒരു യുവാവ് ആ ജോലി ഏറ്റെടുക്കുക്കാൻ സന്നദ്ധനായി.

ഒരു ദിവസം ശ്രീനിവാസ റാവു യുവാവിന് ജില്ലയിലെ മറ്റൊരു പ്രദേശത്തേക്ക് എത്തിക്കാനുള്ള സന്ദേശം നൽകുന്നു. എട്ട് പത്ത് മണിക്കൂർ കഴിഞ്ഞാണ് ആ യുവാവ് തിരികെ വന്നത്. സന്ദേശം കൈമാറാനും മടങ്ങിവരാനും ഇത്രയധികം സമയമെടുത്തതിൽ ശ്രീനിവാസ റാവു പ്രകോപിതനാകുന്നു. സന്ദേശം അടിയന്തിരമായിരുന്നെങ്കിലോ എന്ന് റാവു ചോദിച്ചു. അപ്പോഴാണ് ആ യുവാവ് പറയുന്നത്, അവൻ ഒരു ദലിതനാണെന്നും പട്ടണങ്ങളുടെ നടുവിലൂടെ സൈക്കിൾ സവാരി നടത്താൻ തനിക്കു അനുവാദമില്ലെന്നും. ഒരുപാട് വളഞ്ഞ വഴികളിലൂടെ പോകേണ്ടി വന്നു, അതിനാലാണ് ലക്ഷ്യസ്ഥാനത്ത് പോയി തിരിച്ചെത്താൻ ഇത്രയും സമയമെടുത്തത്. ദലിത് അപമാനത്തിന്റെ തീവ്രത അന്നു വരെ പൂർണമായി മനസ്സിലാക്കുവാനോ ആഗിരണം ചെയ്യാനോ കഴിയാതിരുന്ന ശ്രീനിവാസ റാവു, തന്റെ ഉള്ളിലെ രോഷമെല്ലാം ഈ വിഷയത്തിലേക്കു തിരിച്ചുവിട്ടു.

തഞ്ചാവൂരിലെ അവരുടെ കിസാൻ സഭാ യൂണിറ്റ് ഏറ്റെടുത്തു നടത്താൻ തീരുമാനിച്ച ആദ്യത്തെ പ്രക്ഷോഭം ഈ ദലിത് വിരുദ്ധ സൈക്കിൾ സവാരി നിയന്ത്രണത്തിനെതിരെയായിരുന്നു. അവർ അതിൽ വിജയിക്കുകയും ചെയ്തു. ജാതി സംബന്ധിച്ച വിഷയങ്ങളിൽ ഇടപെടാത്തതിന് ആളുകൾ പലപ്പോഴും ഇന്ത്യൻ ഇടതുപക്ഷത്തെ വിമർശിക്കാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ, ഒന്ന് തിരിഞ്ഞു മുൻകാലപോരാട്ടങ്ങള്‍ നോക്കുകയാണെങ്കിൽ, ആ ഇടപഴകൽ ഒരു പരിധിവരെ ഉണ്ടായിരുന്നതായി നിങ്ങൾക്കു കാണാൻ കഴിയും. നരവംശശാസ്ത്രജ്ഞയായ കാത്‌ലീൻ ഗോഗ് തഞ്ചാവൂരിനെ സംബന്ധിച്ച് മികച്ച പഠനങ്ങൾ ചെയ്തിട്ടുണ്ട്. അവരുടെ കൃതിയിൽ, അവിടുത്തെ കർഷകരുടെ ദുരിതത്തിന്റെ തീവ്രതയെ ഒരു കർഷക വർഗസമരത്തിന്റെ രൂപീകരണവുമായി വ്യക്തമായി ബന്ധിപ്പിച്ച്‌ കാണുന്നുണ്ട്. എന്നാൽ എന്തുകൊണ്ട് വർഗനിർമിതി ജാതിവിരുദ്ധ പോരാട്ടത്തിലൂടെ നടത്തേണ്ടി വന്നുവെന്നത് അവർ പരാമർശിക്കുന്നില്ല. തഞ്ചാവൂർ പോലുള്ള സ്ഥലങ്ങളിൽ ഇടതുപക്ഷത്തിന് ജാതി പ്രധാനമായിരുന്നു.

ബി.ആർ. അംബേദ്കർ 1950കളിൽ ഇന്ത്യയെയും കമ്മ്യൂണിസത്തെയും കുറിച്ചുള്ള ഒരു പുസ്തകം എഴുതുവാൻ തുടങ്ങിയിരുന്നു. പക്ഷേ അദ്ദേഹം ഒരിക്കലും ആ പുസ്തകം പൂർത്തിയാക്കിയില്ല. ഈ പുസ്തകത്തിന്റെ ലഭ്യമായ ഭാഗങ്ങൾ ഞങ്ങൾ കഴിഞ്ഞ വർഷം ലെഫ്റ്റ് വേഡിൽ പ്രസിദ്ധീകരിച്ചിരുന്നു. ഈ പുസ്തകത്തിൽ, ഇന്ത്യയിൽ ഒരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് ജാതിയുടെ അടിവേരിനെ ആഴത്തിൽ മുറിച്ചല്ലാതെ മുന്നോട്ട് പോകാൻ കഴിയില്ലെന്ന് അംബേദ്കർ ചൂണ്ടിക്കാട്ടുന്നു. ഒരു ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സൃഷ്ടിക്ക് ജാതിസമരം അനിവാര്യമാണ്. അത് തീർച്ചയായും ശരിയാണ്. അതേസമയം, ജാതിയെ മാത്രം അടിസ്ഥാനമാക്കി നമ്മൾ ആളുകളെ സംഘടിപ്പിക്കരുതെന്ന് ഞാൻ കരുതുന്നു, കാരണം നിങ്ങൾ ജാതി ധ്രുവീകരണം സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ഒരു ജാതി യുദ്ധത്തിനു പോലും അത് കാരണമായേക്കാം.

തമിഴ്നാട്ടിലെ അടുത്തടുത്ത് കിടക്കുന്ന രണ്ട് ജില്ലകൾ, ഒന്ന് കിഴക്കൻ തഞ്ചാവൂർ ജില്ല, മറ്റൊന്ന് അതിന്റെ പടിഞ്ഞാറ് ഭാഗത്തുള്ളതും - ഇവിടെ രണ്ടിടങ്ങളിലും കാർഷികസമരങ്ങൾ ഉണ്ടായിരുന്നുവെന്നത് ശ്രദ്ധേയമാണ്. ഞാൻ മുകളിൽ സൂചിപ്പിച്ച കമ്മ്യൂണിസ്റ്റുകാരാണ് കിഴക്കൻ തഞ്ചാവൂരിലെ പോരാട്ടത്തിന് നേതൃത്വം നൽകിയത്. ഭൂവുടമകൾക്കെതിരായ ഒരു വലിയ സമരത്തിൽ അവർ വിജയിക്കുകയും ചെയ്തു. ഫോർവേഡ് ബ്ലോക്കിന്റെ നേതൃത്വത്തിലുള്ള മറ്റേ സമരം ഒരു ജാതി യുദ്ധമായി അധഃപതിച്ചു, കാരണം നേതൃത്വം കേവലം ജാതിക്ക് മാത്രം പ്രാധാന്യം നൽകി. അത് ഒരു തലമുറ നീണ്ടുനിന്ന ജാതി കലാപത്തിലേക്ക് നയിച്ചു. ആ ജില്ലയെക്കുറിച്ച് “മുതുകുളത്തൂരിലെ കൊലപാതകം” എന്ന പേരിൽ ഞങ്ങൾ ലെഫ്റ്റ് വേഡിൽ മറ്റൊരു പുസ്തകവും പ്രസിദ്ധീകരിച്ചിരുന്നു.

ജാതിസമരങ്ങളിലൂടെ വർഗസമരം കെട്ടിപ്പടുക്കേണ്ടതുണ്ടെന്നതാണ് തമിഴ്നാട്ടിലെ ഈ പോരാട്ടങ്ങളിൽ നിന്നുള്ള പാഠം - എന്നാൽ ഒരു പ്ലാറ്റ്ഫോം എന്ന നിലയിൽ നാം ജാതിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കരുത് എന്നും, കാരണം അത് ഒരു ജാതിയുദ്ധത്തിനു തന്നെ വഴിവച്ചേക്കാം.

ഞാൻ തമിഴ്നാടിനെ ഊന്നിപ്പറയാൻ കാരണം - ഏകദേശം ഇരുപത് വർഷം മുൻപ് സംസ്ഥാനത്ത് തൊട്ടുകൂടായ്മയ്‌ക്കെതിരെ ആളുകളെ സംഘടിപ്പിക്കാൻ സിപിഐ(എം) ഗൗരവതരമായ നീക്കം നടത്തിയിരുന്നു. കര്‍ഷകസംഘം, ഡെമോക്രാറ്റിക് യൂത്ത് ഫെഡറേഷൻ, അഖിലേന്ത്യാ ജനാധിപത്യ വനിതാ സമിതി തുടങ്ങിയ വർഗ-ബഹുജനസംഘടനകളെല്ലാം തന്നെ, തൊട്ടുകൂടായ്മയെ നേരിട്ട് ആക്രമിക്കാതെ ഒരു പോരാട്ടത്തിനും മുന്നേറാൻ കഴിയില്ലെന്ന് മനസ്സിലാക്കി. അംബേദ്കറുടെ പാഠമായിരുന്നു ഇത്. സി‌പി‌ഐ(എം) ഈ പാഠം ശ്രദ്ധിക്കാൻ നിരവധി വർഷമെടുത്തു, പക്ഷേ ഒടുവിൽ നാമത് ചെയ്തു. തമിഴ്നാട്ടിൽ സിപിഐ(എം), തമിഴ്നാട് തൊട്ടുകൂടായ്മ നിർമാർജന മുന്നണി (Tamilnadu Untouchability Eradication Front) എന്ന സംഘടന കെട്ടിപ്പടുത്തു.

ഈ മുന്നണി, ഗ്രാമങ്ങളിലേക്ക് പോയി അവിടത്തെ ആളുകളെ സംഘടിപ്പിക്കുകയും അവർക്ക് ആത്മവിശ്വാസം നൽകുകയും ചെയ്യുന്നു. സംഘാടനം ഇവിടെ ജനങ്ങൾക്ക് ആത്മവിശ്വാസം നൽകുന്ന ഒരു പ്രക്രിയ കൂടിയാകുന്നു. ആളുകൾക്ക് ബോധമുണ്ടായിരിക്കാം, പ്രവർത്തിക്കാനുള്ള സന്നദ്ധതയുമുണ്ടായിരിക്കാം, പക്ഷേ ചിലപ്പോൾ പ്രവർത്തിക്കാനുള്ള ആത്മവിശ്വാസമില്ലായ്മ ഒരു വിലങ്ങുതടിയായി നിൽക്കും. പോരാട്ടങ്ങൾ വളർത്തികൊണ്ടുവരുന്നതിൽ ആത്മവിശ്വാസം വലിയൊരു പങ്ക് വഹിക്കുന്നു. ഇത് തീർച്ചയായും സ്വയം സൃഷ്ടിച്ചതാകാം - എന്നാൽ പാര്‍ടികളോ മുന്നണികളോ പോലുള്ള രാഷ്ട്രീയശക്തികൾ വന്ന് ആളുകളുടെ ആത്മവിശ്വാസമുയർത്താൻ ഒരു കൈത്താങ്ങ് നൽകുന്നത് നല്ലൊരു കാര്യം തന്നെയാണ്. തമിഴ്നാട്ടിലെ വിവിധഗ്രാമങ്ങൾക്കു നടുവിൽ ഉയർന്നുനിൽക്കുന്ന ജാതിമതിലുകൾ പോലുള്ള മ്ലേച്ഛതകൾക്കെതിരെ ജനങ്ങളെ സംഘടിപ്പിച്ച് തമിഴ്നാട് തൊട്ടുകൂടായ്മ നിർമാർജന മുന്നണി മുന്നോട്ടു പോകുന്നു. ഇത്തരം ജാതിവിരുദ്ധ പോരാട്ടങ്ങളിൽ ഏർപ്പെടുന്നതിലൂടെയും വർഗപരമായ പ്രശ്നങ്ങളുമായി അവയെ ബന്ധിപ്പിക്കുന്നതിലൂടെയും സിപിഐ(എം), കിസാൻ സഭ തുടങ്ങിയ മറ്റ് ബഹുജന സംഘടനകൾ ഒക്കെ തങ്ങളുടെ അംഗസംഖ്യ വർധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കർഷകരുടെയും കാർഷിക തൊഴിലാളികളുടെയും കൂടുതൽ യൂണിറ്റുകൾ അവിടെ നമുക്കിപ്പോഴുണ്ട്.

ഇടതുപക്ഷം നേരിടുന്ന വെല്ലുവിളികൾ

ഒരു പുതിയ ഇടത് ചക്രവാളം ഉരുവാക്കുന്നതിൽ പ്രധാനമായും നാല് വെല്ലുവിളികളാണ് ഞാൻ കാണുന്നത്.

ഒന്നാമതായി, തൊഴിലാളിവർഗവും കൃഷിക്കാരും അങ്ങേയറ്റം വിഘടിച്ചു നിൽക്കുന്ന ഒരവസ്ഥയാണ് നമുക്ക് മുന്നിലുള്ളത്. ഇന്നത്തെ ഗ്രാമീണ ഇന്ത്യയിൽ, സ്ത്രീകളും പുരുഷന്മാരും, കൂടുതലും സ്ത്രീകൾ തന്നെ, ദിവസേന അഞ്ച് മുതൽ ആറ് മണിക്കൂർ ചിലവഴിക്കുന്നത് ദിവസ തൊഴിൽ തേടി ദൂരസ്ഥലങ്ങളിലേക്കുള്ള യാത്രയിലാണ്. കിട്ടുമെന്ന് യാതൊരു ഉറപ്പുകളുമില്ലാത്ത തൊഴിൽ തേടിയുള്ള യാത്രയിൽ. അവർക്ക് സംഘടനാപ്രവർത്തനത്തിന് സമയമില്ല. അവർ അടിസ്ഥാനപരമായി അതിജീവനത്തിന്റെ വക്കിലാണ്.

തൊഴിലാളിവർഗത്തിന്റെ ഈ വിഘടനം വഷളാക്കുന്നതിൽ ഇന്ത്യയ്ക്കുള്ളിൽ പൊങ്ങിവന്നുകൊണ്ടിരിക്കുന്ന മെക്കീലഡോറകൾ എന്നുതന്നെ വിളിക്കാവുന്ന ഫാക്റ്ററികളിലെ ജയിൽസമാനമായ അന്തരീക്ഷത്തിനു വലിയ പങ്കുണ്ട്. ഇത്തരം മെക്കീലഡോറാ ബെൽറ്റുകളിൽ, ഉദാഹരണത്തിനു, ബിഹാറിൽ നിന്നും കർണാടകത്തിലേക്ക് തൊഴിലാളികളെ ഇറക്കുമതി ചെയ്ത് ഫാക്റ്ററി വളപ്പിൽ തളച്ചിടുന്നു. അവർ അവിടെ ജോലി ചെയ്യുന്നു, തുടർന്ന് അവരെ ബസിൽ ബിഹാറിലേക്ക് തിരിച്ചയക്കുന്നു. ഫാക്റ്ററികൾ ജയിലുകളായി മാറുന്ന ഈ ഇടങ്ങളിൽ സംഘടിക്കുക എന്നത് വളരെ പ്രയാസമാണ്. തൊഴിലാളിവർഗത്തിന്റെ ഈ വിഘടനം ഗുരുതരമായ ഒരു വെല്ലുവിളി തന്നെയാണ്.

ഉത്പാദനയിടങ്ങളിൽ എല്ലായ്‌പ്പോഴും സംഘടിപ്പിക്കാൻ‌ കഴിയുന്നില്ലെങ്കിൽ‌, ജീവിക്കുന്നയിടങ്ങളിൽ പോയി സംഘടിപ്പിക്കണം എന്ന ആശയം ഇന്ത്യൻ ഇടതുപക്ഷം ഗൗരവമായി എടുക്കേണ്ടതുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, പ്രധാനമായും ഫാക്റ്ററികളിൽ സംഘടിപ്പിക്കുന്നതിനു പകരം, ജനങ്ങൾ താമസിക്കുന്നിടത്തുപോയി അവരെ സംഘടിപ്പിക്കണം: ചേരികളിലും അവരുടെ വീടുകളിലും, മാസങ്ങളോളം മറ്റെവിടെയോ ഉള്ള ഒരു മെക്കീലഡോറയിൽ ചെലവഴിച്ച ശേഷം അവർ മടങ്ങി വരുന്ന ആ ജീവിതയിടങ്ങളിൽ പോയി. എന്നാൽ ഇത് വളരെ ആയാസകരമായ ഒരു ദീർഘകാലപദ്ധതിയാണ്. മുതലാളിത്ത ഭാഷയിൽ പറഞ്ഞാൽ, കുറച്ചുകാലത്തേക്ക് “ലാഭവിഹിതം” ഒന്നുമേ പ്രതീക്ഷിക്കാനില്ലാത്ത ഒരു പദ്ധതി. വിഘടിച്ചു നിൽക്കുന്ന തൊഴിലാളിവർഗത്തെ രാഷ്ട്രീയമായി പുനരേകീകരിക്കാൻ ലക്ഷ്യമിടുന്ന ഗൗരവപൂർണമായ ഒരു പദ്ധതി. സിപിഐ(എം)ന്റെ നഗരമുന്നണി ഈ ദിശയിലെ ഒരു പ്രധാന ചുവടുവെയ്പാണ്.

നേരത്തെ ചര്‍ച്ച ചെയ്തത് പോലെ പുത്തനാഗ്രഹങ്ങളെ സംബന്ധിച്ചുള്ളതാണ് രണ്ടാമത്തെ വെല്ലുവിളി. അഭിലാഷങ്ങളും ആസക്തിയും ഭീമമായി ഉത്പാദിച്ചു കൊണ്ട് മാധ്യമങ്ങള്‍ ഫലത്തില്‍ സാമൂഹാദ്ധ്വാനവും സ്വകാര്യസമ്പാദനവും മറയ്ക്കുന്നുണ്ട്. എന്താണ് മറയ്ക്കുന്നതെന്ന് ഇടതുപക്ഷം പുറത്തുകൊണ്ടുവരേണ്ടതുണ്ട്. എന്നാലത്, എനിക്ക് തോന്നുന്നത്, അതിന്റെ സ്വന്തമായ അഭിലാഷങ്ങളും സൃഷ്ടിക്കേണ്ടതായുണ്ട്. എങ്ങനെയാണ് നമ്മള്‍ ഈ സോഷ്യലിസ്റ്റ് അഭിലാഷങ്ങൾ സൃഷ്ടിക്കുന്നത്? അത് കാഴ്ചയില്‍ എങ്ങനെയായിരിക്കും ഉണ്ടാവുക? ദേശീയ അന്തര്‍ദേശീയ ജനകീയ ഇച്ഛാശക്തികള്‍ എങ്ങനെയായിരിക്കും കാണാനുണ്ടാവുക? ഇത് ഗൗരവമേറിയ വെല്ലുവിളിയാണ്, ഏതെങ്കിലുമൊരു പാര്‍ടിക്കും സംഘടനയ്കും മാത്രമല്ല, ഇടതുപക്ഷത്തിനാകെ ഇത് ബാധകമാണ്. ആശയപ്പോരാട്ടങ്ങളിൽ നാം മുന്‍പന്തിയില്‍ തന്നെയുണ്ടാകണം - ബദല്‍ അഭിലാഷങ്ങളുമായി ജനങ്ങളുമായി ഇടപെടണം, വ്യക്തിഗത, ഭാവി അഭിലാഷങ്ങള്‍ എന്നതിലുപരി ഒരു പുതിയ കൂട്ടായ്മയുടെ അഭിലാഷങ്ങൾ ആയിരിക്കണമത്.

മൂന്നാമത്തേത്, ഒരു പുതിയ സാമൂഹ്യക്ഷേമപദ്ധതിയെക്കുറിച്ച് ചിന്തിക്കേണ്ട വെല്ലുവിളി ഇടതുപക്ഷത്തിനുണ്ട്. വര്‍ത്തമാനത്തിന്റെയും ഭാവിയുടെയും വൈരുദ്ധ്യാത്മതയ്ക്കിടയില്‍, ഏത് തരത്തിലുള്ള സാമൂഹ്യക്ഷേമപദ്ധതിയാണ് നമുക്ക് വിഭാവനം ചെയ്യുവാന്‍ സാധിക്കുക? സാമൂഹികവേതനത്തിനായുള്ള ആവശ്യങ്ങളിലേക്ക് കൂടുതലായി തിരികെ വരേണ്ടതുണ്ടോ? മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, വ്യക്തിഗത പ്രതിഫലവര്‍ദ്ധനവ് ആവശ്യപ്പെടുന്നതിനേക്കാള്‍ - അത് അടിസ്ഥാനപരമായി കൂടുതല്‍ കൂലിക്കായുള്ള ഒരു നവലിബെറല്‍ രീതിയാണ് - കൂടുതല്‍ സാമൂഹികവേതനത്തിനായി ചോദിക്കേണ്ടതുണ്ടോ? ആരോഗ്യസംരക്ഷണസംവിധാനങ്ങളുടെയും, വിദ്യാഭ്യാസത്തിന്റെയും മറ്റും മെച്ചപ്പെടുത്തലാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. സാമൂഹികാതുരാലയങ്ങള്‍ നിര്‍മിച്ച ഛത്തീസ്ഗഢിലെ ആയാലും, വിവിധങ്ങളായ സാമൂഹ്യസുരക്ഷാ പദ്ധതികള്‍ പരീക്ഷിക്കപ്പെട്ട ക്യൂബയിലെ ആയാലും, ലൂതെര്‍ കാസ്റ്റിയോ ഹാരിയെപ്പോലെയുള്ളവര്‍ അടിസ്ഥാന ആരോഗ്യപരിരക്ഷാ മാര്‍ഗങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്നതിന് രസകരമായ രീതികള്‍ ആവിഷ്കരിച്ച ഹോണ്ടുറാസിലെ ആയാലും, മറ്റിടങ്ങളിലെ മെച്ചപ്പെട്ട രീതികളെ ആസ്പദമാക്കി ഇതിനെ പറ്റി സൂക്ഷ്മമായി പഠിക്കേണ്ടതുണ്ട്.

സാമൂഹ്യക്ഷേമത്തിന്റെ നവരൂപങ്ങളെപ്പറ്റി ഏറെ ഭാവനാത്മകരായിരിക്കണം നാമെല്ലാം. എന്താണ് പുതുചിന്തകള്‍? രണ്ടാമത് പറഞ്ഞ കാര്യത്തിലേക്ക് തിരികെ പോവുകയാണെങ്കില്‍, എങ്ങനെയായിരിക്കണം പുത്തനലഭിലാഷങ്ങളുള്ള ജനങ്ങളെ നമ്മിലേക്ക് ആകര്‍ഷിക്കേണ്ടത്? സമൂഹം പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച ഒരു രീതിയായി വന്നിരിക്കുന്നത് എന്തായിരിക്കണമെന്നതാണ് നാം തീരുമാനിച്ചിരിക്കുന്നത്? അധികാരം കിട്ടിയതിനു ശേഷം മാത്രം ഇടതുപക്ഷം പരിഹാരങ്ങളെപ്പറ്റി ചിന്തിച്ചു തുടങ്ങിയാല്‍ മതി എന്ന ആശയത്തോട് എനിക്ക് യോജിക്കുവാന്‍ കഴിയില്ല. ഇതിനെ പറ്റി നാം വര്‍ത്തമാനകാലത്ത് തന്നെ ചിന്തിച്ചു തുടങ്ങണം. വര്‍ത്തമാനത്തിനും ഭാവിക്കുമിടയിലെ വൈരുദ്ധ്യാത്മകതയാണത്.

അവസാനമായി. നമുക്ക് വിനോദത്തെ പറ്റി ചിന്തിക്കണം. വിനോദത്തിനായി നാം ആവശ്യങ്ങളുന്നയിക്കണം. ഏകദേശം നൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ്, അവര്‍ പത്ത് മണിക്കൂര്‍ ദിനത്തിനായി പൊരുതി, പിന്നീട് എട്ട് മണിക്കൂര്‍ ദിനത്തിനായും. നാല് മണിക്കൂര്‍ ദിനം, അല്ലെങ്കില്‍ മൂന്ന് മണിക്കൂര്‍ ദിനത്തിനായി ഇടതുപക്ഷം ഒരു മുദ്രാവാക്യം രചിക്കേണ്ട കാലമായി. ജീവിതം അദ്ധ്വാനത്തെപ്പറ്റി മാത്രമാണെന്ന് സോഷ്യലിസ്റ്റുകള്‍ ഒരിക്കലും അവകാശപ്പെടരുത്. അതൊരു ഫാസിസ്റ്റ് മുദ്രാവാക്യമാണ്. “Arbeit mach frei” (“തൊഴില്‍ നിങ്ങളെ സ്വതന്ത്രരാക്കും”): ഓഷ്‌വിറ്റ്സിന്റെ കവാടത്തില്‍ നാസികള്‍ തൂക്കിയ മുദ്രാവാക്യമാണിത്. അത് നമ്മുടെ മുദ്രാവാക്യമല്ല. ഇതരമനുഷ്യരുടെയൊപ്പമുള്ള ഒരു സമൂഹനിര്‍മിതിക്കാണ് നാം മനുഷ്യരായി ജീവിക്കുന്നത്. ദിനംപ്രതി ഇരുപത് മണിക്കൂര്‍ തൊഴിലെടുത്താലും, എട്ട് മണിക്കൂര്‍ തൊഴിലെടുത്താലും നാം കുറച്ചേ അദ്ധ്വാനിക്കാവൂ. സമൂഹനിര്‍മിതിയ്ക്കായാണ് നാം കൂടുതല്‍ സമയവും ചെലവാക്കേണ്ടത്. ജനങ്ങളെന്ന നിലയില്‍ നാം മറ്റുള്ളവരുടെയിടയില്‍ കൂടുതല്‍ സമയം ചെലവിടണം. നമ്മുടെ പ്രസ്ഥാനത്തിന്റെ ഹൃദയമാകേണ്ടത് ഇത്തരം ലളിതമായ ആവശ്യങ്ങളാണ്. അടിസ്ഥാനപരമായി ജീവിതവിരുദ്ധമായ മുതലാളിത്തത്തിനെതിരെ നാം പോരാടണം. മുതലാളിത്തത്തിനെതിരെയുള്ള ഋണശക്തികളായിട്ടല്ല, ജീവനശക്തിയായ ഒന്നായിട്ടായിരിക്കണം നാം നമ്മെ അവതരിപ്പിക്കേണ്ടത്.

ഒരർത്ഥത്തിൽ, അതാണ് യഥാർത്ഥ പോയിന്റ്. 1991 ജൂലൈയിൽ മൻ‌മോഹൻ സിംഗ് അമേരിക്കൻ സ്പെല്ലിംഗുള്ള ഐ‌എം‌എഫ് രേഖയിൽ ഒപ്പിട്ടപ്പോഴും, സീലംപൂരിലെ ഒരു ഗ്യാങ്‌സ്റ്റർ തന്റെ സിരകളിലേക്ക് ഹെറോയിൻ കുത്തിവച്ചപ്പോഴും - സംഭവിച്ചത് - ജീവിത വിരുദ്ധമായ ചിലതിന്റെ തുടക്കമായിരുന്നു. ആ തുടക്കങ്ങളിൽ ജീവിതങ്ങൾ ഒടുങ്ങി പോകുന്നതായി അനുഭവപ്പെട്ടു. വിഷമയമായ എന്തോ ഒന്ന് നമ്മുടെ ലോകത്തു പ്രവേശിക്കുകയായിരുന്നു.

ഞാൻ ചൂണ്ടിക്കാണിച്ച നാല് വെല്ലുവിളികളെ, ഇടതുപക്ഷം ഗൗരവമായി കാണുകയും ഒരു ജീവദായക ശക്തിയായി സ്വയം അവതരിപ്പിക്കുകയും ചെയ്യുന്നുവെങ്കിൽ, ഒരു പുതിയ ചക്രവാളം കെട്ടിപ്പടുക്കുവാൻ നാം കൂടുതൽ സജ്ജരായിരിക്കും.

[ജംഹൂറില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ (The Necessity of Communism) സ്വതന്ത്ര മലയാളപരിഭാഷ. തയ്യാറാക്കിയത് അര്‍ച്ചന, അജ്സല്‍, കിരണ്‍, പ്രതീഷ് എന്നിവര്‍.]