പരാജയപ്പെടുന്ന മോഡിണോമിക്സ്

modi

“2014 -മെയ് മാസത്തിൽ അധികാരത്തിലേറുമ്പോൾ രാജ്യം പുതിയ സാമ്പത്തിക തലങ്ങളിലേക്ക് ഉയരും, അതിൽ മോഡിയുടെ സാമ്പത്തിക നയരൂപീകരണത്തിനു പ്രധാന പങ്കുണ്ടാകും”, തുടങ്ങി നിരവധി അവകാശവാദങ്ങളുടെ പിൻബലത്തിലാണ് മോഡിണോമിക്സ് ഒരു തരംഗമായത്. മോഡി സർക്കാരിന്റെ സാമ്പത്തിക നയങ്ങളുടെ തുടർച്ചയായ പരാജയത്തിനാണ് കഴിഞ്ഞ നാല്പത് മാസങ്ങളായി രാജ്യം സാക്ഷ്യം വഹിക്കുന്നത്. ധവളപത്രം ഉയർത്തിപ്പിടിച്ചതൊന്നും സർക്കാർ നിറവേറ്റിയിട്ടില്ല എന്നു മാത്രമല്ല, സർജിക്കൽ സ്‌ട്രൈക്‍ എന്നവകാശപ്പെട്ട നോട്ട് നിരോധനവും ജിഎസ്‌റ്റിയും തികഞ്ഞ പരാജയമാണെന്ന വാർത്തകളും പുറത്തുവന്നിരിക്കുന്നു. ഈ സാഹചര്യത്തിൽ മോഡിണോമിക്സ് സമ്പൂര്‍ണപരാജയമാണോ എന്ന വസ്തുതാപരമായ അന്വേഷണമാണ് ലേഖനം മുന്നോട്ടുവയ്ക്കുന്നത്.

രണ്ടാം യുപിഏയിൽ നിന്നും അധികാരം തിരിച്ചുപിടിക്കുന്നതിന് ഉയർത്തികാണിച്ച മുദ്രാവാക്യങ്ങളാണ് 'വിലവർദ്ധനവ് നിയന്ത്രണം', ‘തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയും', 'വ്യാവസായിക-കാർഷിക മേഖലയുടെ അഭിവൃദ്ധി', 'രാജ്യപുരോഗതി അഥവാ ജിഡിപി വളർച്ച മെച്ചപ്പെടുത്തൽ', 'അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കൽ', 'മെച്ചപ്പെട്ട കേന്ദ്ര സംസ്ഥാന ബന്ധം', തുടങ്ങിയവ. നാല്പത് മാസത്തിനു ശേഷവും ഈ മുദ്രാവാക്യങ്ങൾ മുന്നോട്ട് വെച്ച വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടിട്ടില്ല. ഇതിനുപുറമെയാണ് ജിഎസ്‌റ്റിയും നോട്ടുനിരോധനവും കൂനിൻ മേൽ കുരുവായി ജനങ്ങളുടെ മേൽ ഭവിച്ചിരിക്കുന്നത്. കേന്ദ്രസർക്കാരിന്റെ തന്നെ പ്രസിദ്ധീകരണങ്ങളെ അടിസ്ഥാനമാക്കി ഈ വസ്തുതകൾ പരിശോധിക്കുന്നതാണ് ഉചിതം.

ആദ്യമായി വിലവർദ്ധനസൂചിക പരിശോധിക്കാം. ഇതിനായി രണ്ട് സൂചികകളാണ് നാം പരിശോധിക്കേണ്ടത് - മൊത്തവ്യാപാര വിലസൂചികയും ഉപഭോക്തൃ വിലസൂചികയും. മൊത്തവ്യാപാര വിലസൂചിക പരിശോധിച്ചാൽ എല്ലാ ഉല്പന്നങ്ങളുടെയും വില ആനുപാതികമായി വർദ്ധിക്കുന്നത് കാണാം (ഗ്രാഫ് 1). ഇതിൽ പ്രത്യേകം ശ്രദ്ധിക്കേണ്ടത് പ്രാഥമിക ഉല്പന്നങ്ങളുടെ വിലയിലുണ്ടായ വൻതോതിലുള്ള വർദ്ധനയാണ്. 2013 അപേക്ഷിച്ചു എല്ലാ ഉല്പന്നങ്ങളുടെയും വിലവർദ്ധനവ് ശരാശരി മൂന്ന് ശതമാനത്തിനു മുകളിലായിരിക്കുമ്പോൾ, പ്രാഥമിക ഉല്പന്നങ്ങളായ ധാന്യങ്ങൾ, പയറുവർഗ്ഗങ്ങൾ, പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, മാംസ്യങ്ങൾ, പാലുല്പന്നങ്ങൾ, സുഗന്ധ വ്യഞ്ജനങ്ങൾ, ചായ, കാപ്പി തുടങ്ങിയവക്കെല്ലാം ഉയർന്നതോതിലുള്ള വിലവർദ്ധനവാണ്‌ (ശരാശരി 7.2% വളർച്ച) മൊത്തവ്യാപാര സൂചിക രേഖപ്പെടുത്തുന്നത്. ഇതിൽ തന്നെ അവശ്യ ഭക്ഷ്യവസ്തുക്കളുടെ വിലനിയന്ത്രണം താരതമ്യേന ദുർബലമാണെന്നാണ് സർക്കാർ കണക്കുകൾ സൂചിപ്പിക്കുന്നത്. ഉപഭോക്തൃ വിലസൂചിക പരിശോധിക്കുകയാണെങ്കിൽ കാര്യങ്ങൾ കൂടുതൽ സുതാര്യമാകും. നോട്ടുനിരോധനം അതിന്റെ ആദ്യ മൂന്നുമാസങ്ങളിൽ പണപ്പെരുപ്പം കുറച്ചു. ഇതിന്റെ യുക്തി വളരെ വ്യക്തമായി നാം അടുത്തറിഞ്ഞതാണ്. പണം ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യത്തിൽ പണപ്പെരുപ്പം ഉണ്ടാകില്ല എന്നത് സാമാന്യയുക്തിയാണ്. ഉപഭോക്തൃസൂചിക പരിശോധിച്ചാൽ ഇത് വ്യക്തമാണ് (ഗ്രാഫ് 2). എന്നാൽ ജനുവരി 2017 നു ശേഷം ഉപഭോക്തൃസൂചിക കുത്തനെ ഉയരുന്നതുകാണാം. ഇത് സൂചിപ്പിക്കുന്നത് നോട്ടുനിരോധനശേഷം ഇന്ത്യ കടുത്ത വിലക്കയറ്റവും പണപ്പെരുപ്പവും നേരിടുന്നു എന്ന വസ്തുതയാണ്. മോഡിസർക്കാരിന്റെ രണ്ടുവർഷത്തെ പ്രയത്നങ്ങളെ കാറ്റിൽ പറത്തിയ സാമ്പത്തിക നയമാണ് നോട്ടുനിരോധനം. ഇതുകൂടാതെ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ വിലയുടെ കുതിച്ചുകയറ്റം ജിഎസ്‌റ്റി ഏർപ്പെടുത്തിയതിന്റെ കൂടി ഫലമായിവേണം കരുതാൻ. ഉല്പന്നങ്ങളുടെ വിലനിലവാരം ജിഎസ്‌റ്റി പ്രാബല്യത്തിൽ വരുന്നതോടെ കുറയും എന്ന പ്രചാരണത്തിന് വിരുദ്ധമായി വിലവർദ്ധനവാണ്‌ നാം നേരിടുന്നത്. ഇതിനെക്കുറിച്ചുള്ള വിശദീകരണങ്ങൾ ജിഎസ്‌റ്റി സെഷനിൽ പ്രതിപാദിക്കുന്നതാണ്. ചുരുക്കത്തിൽ രാജ്യം നേരിടുന്ന വിലക്കയറ്റത്തെ തടയുന്നതിൽ മോഡിണോമിക്‌സ് പരാജയമാണെന്ന് കാണാം.

image1.png

ഗ്രാഫ് 1 (Source: Office of the Economic Adviser, Govt. of India, Department of Industrial Policy & Promotion (DIPP))

image2.png

ഗ്രാഫ് 2

അടുത്തതായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്ന വാഗ്ദാനം എത്രത്തോളം പരാജയമാണെന്ന് പരിശോധിക്കാം. അഞ്ചാം തൊഴിൽ-തൊഴിൽരഹിത സർവെ പ്രകാരം രാജ്യത്തെ തൊഴിൽരാഹിത്യം മോഡി സർക്കാർ അധികാരത്തിലേറുന്നതിനു മുമ്പുള്ളതിനേക്കാൾ കൂടുതലാണ് ഇത് 2013-14 കാലത്ത് 4.9 ശതമാനമായിരുന്നത് 2015-16 കാലത്ത് 5 ശതമാനമായി ഉയർന്നിരിക്കുന്നു. രണ്ടാം യുപിഎ കാലത്തെ ഈ ഉയർന്ന തൊഴിലില്ലായ്മആയുധമാക്കിയാണ് ബിജെപി അധികാരത്തിലേറിയത്. സെപ്റ്റംബർ 2017 അവസാനത്തോടെ വരുമെന്ന് പ്രതീക്ഷിക്കുന്ന ആറാം സർവെ ഫലപ്രകാരം തൊഴിലില്ലായ്മ ഇനിയും രൂക്ഷമാകും എന്നതിൽ തർക്കമില്ല. കാരണം ഏപ്രിൽ മുതൽ ഡിസംബർ വരെ നീണ്ടുനിൽക്കുന്ന സർവെയിൽ നോട്ടുനിരോധനം കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഇതിനാൽ രാജ്യം വരും ദിനങ്ങളിൽ കൂടുതൽ തൊഴിലില്ലായ്മയിലേക്ക് കൂപ്പുകുത്തും എന്നതിൽ തർക്കമില്ല. കണക്കിൽ നേരിയ വർദ്ധനവാണെങ്കിലും യഥാർത്ഥ സമ്പദ്‌വ്യവസ്ഥയിൽ കാര്യമായ തിരിച്ചടിയാണ് ഇതുമൂലം ഉണ്ടാകുന്നത്. തൊഴിൽ നഷ്ടപ്പെടുന്നവരിൽ കൂടുതൽ സ്ത്രീകളാകുന്നത് ഈ സർക്കാരിന്റെ മാറ്റത്തിനുള്ള മുറവിളികളിൽ ലിംഗവിവേചനമുണ്ടോ എന്ന സംശയം ജനിപ്പിക്കുന്നു. (ഗ്രാഫ് 3 കാണുക). ഉയർന്നു പോകുന്ന സാധന-സേവനങ്ങളുടെ വിലയും ഉയരുന്ന തൊഴിലില്ലായ്മയും രാജ്യവളർച്ചയെ പിന്നോട്ടടിക്കും എന്നത് കൂടുതൽ ആശങ്ക ജനിപ്പിക്കുന്നു. യുപിഎ കാലത്തെ 'തൊഴിൽരഹിത വളർച്ചയിൽ' നിന്നും രണ്ടാം എൻഡിഎ 'തൊഴിൽരഹിത- വളർച്ചരഹിത' ഇന്ത്യയിലേക്കാണ് നീങ്ങുന്നതെങ്കിൽ സർക്കാരിന്റെ വികലമായ സാമ്പത്തിക നയങ്ങളുടെ നേർ രേഖയായിവേണം ഈ കണക്കുകളെ മനസ്സിലാക്കാൻ.

image3.png

ഗ്രാഫ് 3

കഴിഞ്ഞ 40 മാസത്തെ നിക്ഷേപം മനസ്സിലാക്കുന്നതിന് 'മൊത്തം മൂലധന സ്വരൂപീകരണ' സൂചികയാണ് (Gross Fixed Capital Formation) പരിശോധിക്കേണ്ടത്. ഈ സൂചിക പ്രകാരം 2008 ലുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം രാജ്യത്തെ നിക്ഷേപത്തിൽ കാര്യമായ കുറവാണ് സംഭവിച്ചിരിക്കുന്നത്. നിക്ഷേപം വർദ്ധിപ്പിക്കുന്നതിൽ യുപിഏയെക്കാൾ മിടുക്കർ തങ്ങളാണെന്നും ഗുജറാത്ത് മോഡൽ വികസന നായകൻ നേതൃത്വം നൽകിയാൽ നിക്ഷേപത്തിലും അതുവഴി സംരംഭകത്വത്തിലും മെച്ചപ്പെട്ട പ്രവർത്തനം കാഴചവെയ്‌ക്കാനാകും എന്ന അവകാശവാദമാണ് ഗ്രാഫ് 4 പരിശോധിച്ചാൽ തകരുന്നത്. ലോകബാങ്കിന്റെ കണക്കുപ്രകാരം മോഡി സർക്കാരിന്റെ കാലഘട്ടത്തിൽ നിക്ഷേപവളർച്ച 2005നേക്കാൾ കുറവാണ്. അതായത് രാജ്യവികസനം കൂടുതൽ മന്ദീഭവിക്കുന്നു എന്ന് ചുരുക്കം. മൊത്ത മൂലധന സ്വരൂപീകരണത്തിലെ മന്ദത യുപിഎ കാലത്തിനേക്കാൾ കൂടിയതോതിലാണ് എന്നത് കൂടുതൽ ഉത്ക്കണ്ഠ സൃഷ്ടിക്കുന്നു. ഇത് പ്രധാനമായും തകർക്കുന്നത് കാർഷിക-വ്യാവസായിക മേഖലകളെയാണ്.

image4.png

ഗ്രാഫ് 4

വ്യാവസായിക മേഖലയിലെ നിക്ഷേപത്തിലുണ്ടായ കുറവ് എപ്രകാരമാണ് വ്യാവസായിക മേഖലയെ ബാധിച്ചത് എന്ന് ഒറ്റനോട്ടത്തിൽ തന്നെ ഗ്രാഫ് 5ൽ നിന്നും മനസ്സിലാക്കാം. വ്യാവസായിക ഉല്പാദന സൂചിക (IIP) ജൂൺ 2016 ൽ ഏഴ് ശതമാനമായിരുന്നത് നവംബറിലെ നോട്ടുനിരോധനാനന്തരം ജൂൺ 2017ൽ പൂജ്യം പിന്നിട്ടിരിക്കുന്നു. അതായത് ഉല്പാദനമേഖല പരിപൂര്‍ണമായും സ്തംഭിച്ചിരിക്കുന്നു എന്ന് ദേശീയ ധനകാര്യ മന്ത്രാലയത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന പ്രതിമാസ റിപ്പോര്‍ട് വ്യക്തമാക്കുന്നു. ഈ പിന്നോട്ടടിക്കൽ രാജ്യത്തിന്റെ മൊത്തം സാമ്പത്തിക ഭദ്രതയെ തന്നെ തകിടം മറിച്ചിരിക്കുന്നു. ഈ റിപ്പോർട്ടുകൾ ജനസമക്ഷം പ്രസിദ്ധീകരി ച്ചിരിക്കെ ബഹുമാന്യനായ ധനമന്ത്രി ജെയ്‌റ്റിലിയുടെ പ്രസ്താവനകൾ ഉത്കണ്ഠാകുലമാണ്. കൂടുതൽ വ്യക്തമായ ചിത്രം കുറഞ്ഞുകൊണ്ടിരിക്കുന്ന മൊത്തം ആഭ്യന്തര ഉല്പാദന (ജിഡിപി ) കണക്കുകൾ പരിശോധിച്ചാൽ ലഭിക്കുന്നതാണ്.

image5.png

ഗ്രാഫ് 5

നോട്ടുനിരോധനം ഉല്പാദന-ഉപഭോഗ മേഖലകളെ താറുമാറാക്കുമ്പോൾ നോട്ടുനിരോധനം ഫലവത്തായി എന്ന അവകാശവാദം എന്താണ് പ്രതിനിധാനം ചെയ്യുന്നത് എന്നത് ഇപ്പോഴും വ്യക്തമല്ല. ഇതിനായി മുന്നോട്ടുവച്ച “അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കൽ” എന്ന പരസ്യ വാചകം കൂടി പരിശോധിക്കേണ്ടതുണ്ട്.

നോട്ട് നിരോധിക്കുമ്പോൾ രാജ്യത്ത് ഏകദേശം 16.42 ട്രില്യൺ (16.42 ലക്ഷം കോടി) രൂപയാണ് പ്രചാരത്തിലിരുന്നത് എന്ന് 2016 മാർച്ച് വരെയുള്ള കണക്ക് പ്രതിപാദിച്ച് ആർബിഐ പ്രസ്താവിച്ചു. അതിന്റെ 86 ശതമാനം നിരോധിച്ച 500 ഉം 1000 ഉം നോട്ടുകളാണ്. ഇത് ഏകദേശം 14.18 ട്രില്യൺ രൂപവരും. എന്നാൽ 2016 ഡിസംബർ 30 വരെ അനുവദിച്ച സമയത്ത് ഏകദേശം 14.97 ട്രില്യൺ രൂപ തിരിച്ചെത്തി എന്നാണ് മാധ്യമങ്ങൾ റിപ്പോര്‍ട് ചെയ്തത്. ഇത് സർക്കാർ പക്കലുണ്ടായിരുന്ന കണക്കിനെക്കാൾ അഞ്ച് ശതമാനം കൂടുതലാണ്. ഒരുപാട് തിരുത്തലുകൾക്കൊടുവിൽ മൊത്തം നിരോധിക്കപ്പെട്ട നോട്ടുകൾ 15.44 ട്രില്യൺ ആണെന്നും അതിൽ 15.28 ട്രില്യൺ തിരിച്ചെത്തിയെന്നും ഓഗസ്റ്റ് 2017 ൽ പുറത്തുവന്ന ആർബിഐ റിപ്പോർട് പ്രസ്താവിക്കുന്നു. കേവലം 12000 കോടി രൂപ മാത്രമാണ് ഇനി തിരിച്ചു വരാനുള്ളത്. നൂറുശതമാനം നോട്ടുകളും കണക്കനുസരിച് വെള്ളപ്പണം ആണെന്ന് സാരം. ഇവിടെ ഈ തുകയെങ്കിലും സർക്കാരിന് ഇല്ലായ്മ ചെയ്യാനായില്ലെ എന്ന് ചിന്തിക്കുന്ന ഉദാരമതികൾക്കുവേണ്ടി ഒരു ഊഹകണക്ക് അവതരിപ്പിക്കാം. പ്രവാസികളുടെ കേരളത്തിൽ ഈ കണക്കുകൾ ഊഹമല്ല എന്ന് ഉടൻ വ്യക്തമാകും.

ഇന്ത്യയിൽനിന്നും മൂന്ന് കോടി പ്രവാസികൾ ഉണ്ടെന്നാണ് വിദേശമന്ത്രാലയത്തിന്റെ കണക്ക്. പ്രവാസികൾ 1000 ഉം 500 ഉം രൂപകൾ തങ്ങളുടെ പക്കൽ സൂക്ഷിക്കുന്നത് സ്വാഭാവികമാണ് (അത് നിയമ വിരുദ്ധമാണെങ്കിലും). ഈ കരുതൽ മടങ്ങിവരുമ്പോൾ ഉപയോഗിക്കാനാണ് എന്നിരിക്കട്ടെ. ആയതിനാൽ ശരാശരി രണ്ട് ആയിരം രൂപയും രണ്ട് അഞ്ഞൂറ് രൂപയും ഓരോരുത്തരും സൂക്ഷിച്ചാൽ തന്നെ ഏകദേശം 9000 കോടിവരും. കൂടാതെ നേപ്പാൾ, ഭൂട്ടാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇനിയും ഇന്ത്യൻ രൂപ എത്തിയിട്ടുമില്ല. അങ്ങനെയെങ്കിൽ എവിടെയാണ് കള്ളപ്പണം? മുൻ ആർബിഐ റിപ്പോർട്ടുകൾ പ്രകാരം ഒന്നുമുതൽ മൂന്ന് ശതമാനം വരെ കള്ളപ്പണം ഓരോവർഷവും നിലനിൽക്കുന്ന നോട്ടുകളോടൊപ്പം ചേരും. ഇതിന്റെ സാംഗത്യം വ്യക്തമല്ലെങ്കിലും അങ്ങനെ ആണെങ്കിൽ കള്ളപ്പണവേട്ട വെള്ളപ്പണ നിർമിതിയിലേക്കല്ലെ എത്തിച്ചത്. 2016 ൽ നിന്നും 2017 ലെ റിപ്പോർട്ടിലേക്കെത്തുമ്പോൾ 8 ശതമാനം നോട്ടു വർദ്ധനവ് മുൻ ചോദ്യത്തെ പ്രസക്തമാക്കുന്നു. ഇത് കേന്ദ്ര സർക്കാറിന്റെ സാമ്പത്തിക നയങ്ങളിലെ പൊള്ളത്തരം തുറന്നുകാട്ടുന്നു . അതിർത്തി കടന്നുള്ള ഭീകര വാദവും, കള്ളനോട്ടും തടയുമെന്നതും വിചാരശൂന്യമായ സാമ്പത്തികശാസ്ത്രമാണ് എന്ന് മോഡിസർക്കാർ തെളിയിച്ചുകഴിഞ്ഞു. കാരണം ഇത് രണ്ടും തടയാനായിട്ടില്ല എന്നതുതന്നെ. രാജ്യത്തിന്റെ ബ്ലാക്ക് ഇക്കോണമിയുടെ കേവലം ആറു ശതമാനത്തിലും താഴെയാണ് പണമായി സൂക്ഷിക്കുന്നതെന്നും ബാക്കി ബിനാമി വസ്തുക്കളും റിയൽ എസ്റ്റേറ്റും, സ്വര്‍ണം മറ്റ് നിക്ഷേപങ്ങൾ തുടങ്ങിയ മൂല്യങ്ങളിലാണെന്ന് 2012ലെ കേന്ദ്ര നികുതിവകുപ്പ് (CBDT) റിപ്പോര്‍ട് ചെയ്തിരിക്കുന്ന സാഹചര്യത്തിൽ നോട്ടുനിരോധനവും അതിന്റെ ഉദ്ദേശശുദ്ധിയും നിസംശയം സന്ദേഹിക്കപ്പെടേണ്ടതുണ്ട്. മുകളിൽ സൂചി പ്പിച്ച സാമ്പത്തിക വളർച്ചാസൂചകങ്ങളുടെ പിന്നോട്ടുപോക്കും നോട്ടുനിരോധനവും പരസ്പര ബന്ധിതമാണെന്ന് അതിനാലാണ് ദേശീയ വൈദേശിക മാധ്യമങ്ങൾ ഒരുപോലെ റിപ്പോര്‍ട് ചെയ്യുന്നത്.

അവസാനമായി ജിഎസ്‌റ്റി വേണ്ടത്ര ഗൃഹപാഠങ്ങളോടുകൂടിയാണോ നടപ്പാക്കിയത് എന്നത് മോഡിണോമിക്സ് പരാജയമായിരുന്നുവോ എന്ന ചോദ്യത്തെ സാധൂ കരിക്കും. ജൂലൈ ഒന്നുമുതൽ ജിഎസ്‌റ്റി നിലവിൽ വന്നപ്പോൾ സാധനങ്ങളുടെ വില കുറയും എന്ന പ്രതീക്ഷക്ക് വിരുദ്ധമായി വിലക്കയറ്റത്തിനാണ് നാം സാക്ഷ്യം വഹിച്ചത്. ഈ പ്രതിഭാസത്തിന് കാരണം ജൂലൈ ഒന്നിന് മാർക്കറ്റിൽ ലഭ്യമായ ചരക്കുകൾ മാസങ്ങൾക്കോ വർഷങ്ങൾക്കോ മുൻപ് ഉൽപാദന യൂണിറ്റിൽനിന്നു വ്യത്യസ്ത പ്രദാന ശൃഖലയിലൂടെ മാർക്കറ്റിൽ ലഭ്യമായതാണ്. ഇതിനർത്ഥം ഇവ അതുവരെ സഞ്ചരിച്ച വിവിധ ഘട്ടങ്ങളിൽ എക്സൈസ്, വാറ്റ് തുടങ്ങിയ വിവിധതരം ഉല്പാദന വിനിമയ നികുതികൾ ഈടാക്കപ്പെട്ടവയാണ്. ഇത് എപ്രകാരം ഇൻപുട് ക്രെഡിറ്റായി കച്ചവടക്കാർക്കും ഉല്പാദകർക്കും ലഭിക്കും എന്നതിലെ അവ്യക്തതയാണ് ഉല്പന്നങ്ങൾക്ക് നിലവിലുള്ള വിലയുടെ മുകളിൽ ജിഎസ്‌റ്റി എന്ന പേരിൽ അധികമായി കച്ചവടക്കാർ ഈടാക്കിയത്. കൂടാതെ വ്യത്യസ്ത സ്ലാബുകളിലുള്ള നികുതി ഉല്പാദനത്തിൽ അസംസ്കൃത വസ്തുക്കളുടെ വിലയും ഉല്പമാക്കപ്പെടുന്നതിന്റെ വിലയും തമ്മിലുള്ള പൊരുത്തക്കേട് കൂടുതൽ രൂക്ഷമാക്കി. ഇതിലെ രൂക്ഷത അവ്യക്തതയാകുമ്പോൾ ഉല്പന്നങ്ങളുടെ വില വർദ്ധിപ്പിക്കുകയാണ് ഉല്പാദകരും വിപണനക്കാരും ചെയ്യുന്നത്. രണ്ടായാലും സാധന-സേവന വില ഉയരും എന്നത് സാമാന്യ സാമ്പത്തിക യുക്തിയാണ്. ഇല്പോലും മനസ്സിലാക്കാതെയുള്ള കൊണ്ടുപിടിച്ചുള്ള തീരുമാനങ്ങൾ തുഗ്ലക്കിനെപ്പോലും നാണിപ്പിക്കുന്നതാണ്. മോഡിണോമിക്സിന്റെ പരാജയവും ഈ തുഗ്ലക്കിയൻ രീതിശാസ്ത്രമാണ്. ഇതിന് കൊടുക്കേണ്ടി വരുന്ന വില കടുത്തതും ജനദ്രോഹപരവുമാണ്. "ചരിത്രം ആവർത്തിക്കുന്നത് ആദ്യം ദുരന്തമായും പിന്നെ പ്രഹസനമായും" ആണെന്ന മാർക്സിയൻ ദർശനം ഈ സാഹചര്യത്തിൽ അനുഗുണവും അതേസമയം ഉത്കണ്ഠാകുലവുമാണ്.

(കേരള സർവ്വകലാശാലയിലെ സാമ്പത്തികശാസ്ത്ര വിഭാഗം അസിസ്റ്റന്റ് പ്രഫസറാണ് ലേഖകൻ)