ഭിന്നതയുടെ “ഘർ വാപ്പസിയല്ല”, ഒരുമയുടെ “സമീൻ വാപസി”

vijoo

ഇരുപത്തിയഞ്ച് വര്‍ഷത്തെ നവലിബറൽ നയങ്ങൾ തകർത്തെറിഞ്ഞത് ഇന്ത്യയുടെ കാർഷിക സമ്പദ്‌വ്യവസ്ഥയെയും സംസ്കൃതിയെയുമാണ്. 1995 മുതൽ ഇന്നുവരെയുള്ള കണക്കെടുത്താൽ ഓരോ അര മണിക്കൂറിലും ഒരു ഇന്ത്യൻ കർഷകൻ ആത്മഹത്യ ചെയ്യുന്നു. ലക്ഷങ്ങൾ കാർഷിക വൃത്തി ഉപേക്ഷിക്കുന്നു, ലക്ഷോപലക്ഷങ്ങൾ പാർപ്പിടങ്ങളിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെടുന്നു. കൃഷിയിടങ്ങൾ നഷ്ടപ്പെട്ടവർ തൊഴിൽ തേടി അന്യസംസ്ഥാനങ്ങളിൽ പ്രവാസ ദുരിതങ്ങളിൽ തളയ്ക്കപ്പെടുന്നു. മുഖ്യധാരാ മാധ്യമങ്ങൾക്ക് വാർത്തയല്ലാത്ത, മധ്യവർഗത്തിന്റെ സുഗമ ജീവിതത്തിനു അസൗകര്യങ്ങൾ സൃഷ്ടിക്കുന്ന കർഷക ജനത ഈ ദിവസങ്ങളിൽ തെരുവുകൾ കീഴടക്കുകയാണ്. നവംബർ 2 മുതൽ പതിനായിരങ്ങൾ ഇന്ത്യയുടെ നാലറ്റത്തു നിന്നും ഡൽഹിയിലേക്ക് ഒഴുകുകയാണ്.

All India Kisan Sabha (AIKS) യുടെ നേതൃത്വത്തിൽ, ഇന്ത്യാചരിത്രത്തിൽ ഇടം പിടിക്കുവാൻ പോകുന്ന കിസാൻ സംഘർഷ ജാഥയുടെ അമരക്കാരിൽ ഒരുവനായി സഖാവ് വിജൂ കൃഷ്ണൻ ഉണ്ട്. സിപിഐഎം സെൻട്രൽ കമ്മിറ്റി അംഗവും AIKS ദേശീയ ജോയിൻ സെക്രട്ടറിയുമായ ഇദ്ദേഹമാണ് നവംബർ 2 ന് തമിഴ്‌നാട് വിരുദുനഗറിൽ നിന്ന് ആരംഭിച്ചു ഡൽഹി ലക്ഷ്യമാക്കി തിരിക്കുന്ന ജാഥയുടെ അമരത്ത്. ഓരോ സംസ്ഥാനങ്ങളും കടന്ന്, കർഷക ജനതയുടെ പ്രശ്നങ്ങളെ തൊട്ടറിഞ്ഞു നടത്തുന്ന യാത്രകൾ സഖാവ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ബാംഗ്ലൂർ സെന്റ്‌ ജോസഫ്‌സ് കോളേജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം തലവൻ ആയിരുന്ന സഖാവ് കൃഷ്ണൻ, ജോലി രാജി വച്ച് സിപിഐഎം മുഴുവൻ സമയ പ്രവർത്തകനായ കാലം മുതൽ ഇന്നുവരെ കർഷക ജനതക്ക് ഒപ്പം സമരങ്ങളുടെ ഭാഗമായും ജനങ്ങളെ സമരസജ്ജരാക്കിയും അവർക്കിടയിൽ ഒരുവനായി യാത്ര ചെയ്യുകയാണ്.

എന്താണ് കർഷകരെ "കിസാൻ സംഘർഷ ജാഥ"യിലേക്ക് നയിക്കാൻ ഇടയായ സാമൂഹിക സാഹചര്യങ്ങൾ? എന്തൊക്കെയാണ് മുന്നേറ്റം മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങൾ?

ഭൂമി ഇല്ലാത്തവർക്ക് ഭൂമി, വീട് ഇല്ലാത്തവർക്ക് വീട്. ഇതാണ് ഞങ്ങൾ മുന്നോട്ടു വയ്ക്കുന്ന പ്രധാന ആവശ്യം.

2013 ലെ കേന്ദ്ര സർക്കാരിന്റെ ഭൂമി ഏറ്റെടുക്കൽ ചട്ടം വിവിധ തലങ്ങളിൽ ഉള്ള ഇടപെടലുകൾ മൂലം താരതമ്യേന ഭേദപ്പെട്ട ഒന്നായിരുന്നു. കൈവശക്കാരന്റെ അനുമതി, ഭക്ഷ്യസുരക്ഷാപരമായ അനുമതി, സാമൂഹ്യ ആഘാത നിർണയം, തുടങ്ങി പല വശങ്ങൾ പരിശോധിക്കാനുള്ള വ്യവസ്ഥകൾ അതിൽ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് എൻഡിഎ ഭരണത്തിൽ വന്ന ഭൂമി ഏറ്റെടുക്കൽ ചട്ടം ഇവയെ എല്ലാം കാറ്റിൽ പറത്തുന്ന ഒന്നായിരുന്നു. ഭക്ഷ്യസുരക്ഷാ അനുമതികൾ വേണ്ട, ആഘാത നിർണയങ്ങൾ വേണ്ട എന്നിങ്ങനെ പൂർണമായും കുത്തകകൾക്ക് ഭൂമി കൊള്ളയടിക്കാനും കാർഷിക വ്യവസ്ഥയെയും ഗ്രാമീണ ജീവിതത്തെയും ദുരിതത്തിലേക്ക് നയിക്കാനും പോന്ന വ്യവസ്ഥകൾ പേറുന്നതായിരുന്നു ഈ പുതുക്കിയ ചട്ടം. വ്യവസായ ഇടനാഴിക്ക് അപ്പുറം ഇപ്പുറം 150 കിലോമീറ്റർ വരെ ഏറ്റെടുക്കുന്ന വ്യക്തമായ കൊള്ളയുടെ നിയമങ്ങൾ. ഭൂമി, വനം, വെള്ളം ഇവയുടെ സംരക്ഷണത്തിനായി രൂപം കൊണ്ട മുന്നേറ്റമാണ് ഭൂമി അധികാർ ആന്ദോളൻ.

Land Acquisition Act 2013 നടപ്പാക്കുക എന്നത് ഒരു പ്രധാന ആവശ്യമാണ്. 2013 ചട്ടത്തെ സർവാത്മനാ പിന്തുണയ്ക്കുന്ന നിലപാട് കിസാൻ സഭയ്ക്കില്ല. എതിർക്കപ്പെടേണ്ട ഒരുപാട് കാര്യങ്ങൾ ആ ചട്ടത്തിലും നിലനിൽക്കുന്നുണ്ട്. എങ്കിലും താരതമ്യേന ഭേദപ്പെട്ടത് എന്ന നിലയിൽ ഉള്ള പിന്തുണ മാത്രമാണ് ഇതിൽ ഉള്ളത്. കൃത്യവും സമഗ്രവുമായ ഭൂപരിഷ്കരണം ഇന്ത്യയിൽ നടപ്പാക്കുക, കാർഷിക കടാശ്വാസ പദ്ധതികൾ നടപ്പിൽ വരുത്തുക, സ്വാമിനാഥൻ കമ്മീഷൻ നിർദ്ദേശിച്ച താങ്ങുവില വിളകൾക്ക് നൽകുക, കേന്ദ്രീയ ഇൻഷുറൻസ് പദ്ധതികൾ നടപ്പിലാക്കുക തുടങ്ങി സ്ത്രീ ദളിത് ആദിവാസി ന്യൂനപക്ഷ വിഭാഗങ്ങൾക്കെതിരെയുള്ള പീഡനങ്ങൾക്ക് അറുതി ഉണ്ടാക്കുക എന്നിങ്ങനെ കാർഷിക ജീവിതത്തെ ബാധിക്കുന്ന ഒട്ടനവധി പ്രശ്നങ്ങളുടെ പരിഹാരം ആരാഞ്ഞു കൊണ്ടാണ് ജാഥ മുന്നോട്ടു പോകുന്നത്.

ഭൂമി കൈവശപ്പെടുത്തലിന് എതിരെ നടന്ന "ഭൂമി അധികാർ ആന്ദോളൻ" സമരം എൻ.ഡി.എയുടെ കേന്ദ്ര നിലപാടുകൾക്ക് ലഭിച്ച ആദ്യ പ്രഹരമായിരുന്നു. എന്തൊക്കെയാണ് അവിടെ നിന്നുള്ള അനുഭവങ്ങൾ?

ഭൂമി അധികാർ ആന്ദോളൻ “ഭൂമി സംരക്ഷണം” മാത്രം ലക്ഷ്യമാക്കുന്ന ഒന്നല്ല. ഭൂമിക്കു മേലുള്ള സാധാരണ ജനങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി കൂടിയുള്ളതാണ്. ബിജെപി ഭിന്നതയുടെ "ഘർ വാപ്പസി" മുഴക്കുമ്പോൾ നാം ഒരുമയുടെ "സമീൻ വാപ്പസി" മുഴക്കുന്നു. കഴിഞ്ഞ 10 വർഷത്തിനിടയിൽ പ്രത്യേക സാമ്പത്തിക മേഖലയുടെയും പല പദ്ധതികളുടെയും പേരിൽ സാധാരണക്കാരന്റെ ഭൂമി കൊള്ളയടിക്കപ്പെട്ടു. ഒറീസ പോലെയുള്ള സംസ്ഥാനങ്ങളിൽ ഏറ്റെടുക്കപ്പെട്ട ഭൂമിയുടെ 90 ശതമാനത്തിനു മുകളിൽ ഇന്നും ഉപയോഗശൂന്യമായി കിടക്കുകയാണ്. ഇത്തരം സ്ഥലങ്ങൾ തിരിച്ചു പിടിക്കണം, അവകാശപ്പെട്ടവരുടെ കൈകളിൽ എത്തിക്കണം.

വിഷയാധിഷ്ഠിതമായി 100 കണക്കിന് സംഘടനകളാണ് ഈ മുന്നേറ്റത്തിന്റെ ഭാഗമാവുന്നത്. 300 ലേറെ ജില്ലകളിൽ എൻഡിഎയുടെ പുതുക്കിയ ഭൂമി കൈവശപ്പെടുത്തൽ ചട്ടം തെരുവുകളിൽ കത്തിക്കപ്പെട്ടു, പലയിടങ്ങളിൽ ഒപ്പുശേഖരണ യജ്ഞങ്ങൾ നടന്നു. ഇന്നുവരെ കണ്ടിട്ടില്ലാത്ത സമര തീക്ഷ്ണതയാണ് ഇന്ത്യ ഈ വിഷയത്തിൽ കണ്ടത്. കർഷക ജനതയുടെ ഈ ഒരുമ പിന്നീട് കാർഷിക പ്രതിസന്ധി വിശകലനം ചെയ്യുന്നതിനും, വനാവകാശ പ്രശ്നങ്ങളിലും, ഖനനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിലും ഒക്കെ ഇടപെടുന്നതിനും ഒക്കെ ഫലപ്രദമായി.

സെപ്റ്റംബർ 2 ന് നടന്ന തൊഴിലാളി സമരങ്ങൾക്കും ഈ മുന്നേറ്റത്തിലെ എല്ലാ സംഘടനകളും ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇത് മോദി സർക്കാരിന്റെ മുഖത്തേറ്റ ആദ്യ പ്രഹരമായിരുന്നു. ജനരോഷത്തിനു മുന്നിൽ ഈ ചട്ടം ഭരണകൂടത്തിന് പിൻവലിക്കേണ്ടി വന്നു. ഈ മുന്നേറ്റത്തിന്റെ അടുത്ത പടിയാണ് സംഘർഷ ജാഥയും.

ഭൂമി കൈവശപ്പെടുത്തൽ ചട്ടം പിൻവലിച്ചതോടെ ഈ പ്രശ്നം കുറെയെങ്കിലും അവസാനിച്ചതായി കരുതാമോ?

ഒരിക്കലുമില്ല. എന്ന് തന്നെയല്ല സംസ്ഥാന തലത്തിൽ ഇതിനേക്കാൾ നിർദ്ദയമായ ചട്ടങ്ങൾ മുന്നോട്ടു വച്ചുകൊണ്ട് കർഷകരെ വെല്ലുവിളിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ്, ഒറീസ്സ, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത് നിലവിൽ വന്നു കൊണ്ടിരിക്കുന്നു. ആന്ധ്രപ്രദേശ് തലസ്ഥാനം 53,000 ഏക്കർ സ്ഥലമാണ്. ഇതു കൂടാതെ ഒരു ലക്ഷത്തോളം ഏക്കർ വനഭൂമി ഡീനോട്ടിഫൈ ചെയ്തു കിട്ടാനുള്ള ആവശ്യം ഉന്നയിച്ചിരുന്നു. ഒരു കൗതുകത്തിന്റെ പേരിൽ ലോകത്തെ പല പ്രധാന തലസ്ഥാന നഗരികളുടെയും വിവരങ്ങൾ പരിശോധിച്ചു. അവയൊന്നും ഇത്ര വലുതല്ല. ഒരു സംസ്ഥാനത്തിന്റെ തലസ്ഥാന നഗരിയുടെ കാര്യമാണ് എന്നോർക്കണം. ആന്ധ്ര പോലെയുള്ള പ്രദേശങ്ങളിൽ ഇത്തരം നടപടികളുടെ ആഘാതം എല്ക്കുന്നത് പട്ടിക ജാതി/വർഗ്ഗ വിഭാഗങ്ങൾക്കാണ്.

വ്യാപാര ഇടനാഴികളെ പറ്റിക്കൂടി ഇവിടെ പറയേണ്ടതുണ്ട്. ആറ് ഇടനാഴികളാണ് ഇപ്പോൾ വിഭാവനം ചെയ്യപ്പെടുന്നത്. ബാംഗ്ലൂർ-ചെന്നൈ, ബാംഗ്ലൂർ-മുംബൈ, ഡൽഹി-മുംബൈ, അമൃത്‌സർ-കൽക്കട്ട, ചെന്നൈ-വിശാഖപട്ടണം, വിശാഖപട്ടണം-കൽക്കട്ട. ഇവയുടെ സ്വാധീന മേഖലകളായി കണക്കാക്കപ്പെടുന്നത് ഏകദേശം ഇന്ത്യയുടെ 43% ഭൂമിയാണ്. എന്തു തരത്തിലുള്ള വ്യവസായങ്ങളാണ് ഇവ മൂലം ഉണ്ടാകുന്നത് എന്ന് ആർക്കും അറിയില്ല. ഒരു തരത്തിലുള്ള സുതാര്യതയും പദ്ധതിയുമായി ബന്ധപ്പെട്ടില്ല. പക്ഷെ ഭൂമി കൈവശപ്പെടുത്തിയിട്ടുണ്ട്. ഡൽഹി മുംബൈ വ്യവസായ ഇടനാഴിയുടെ ഓഫീസ് എവിടെ എന്ന് പോലും ആർക്കും അറിയില്ല.
 

25 വർഷത്തെ നവലിബറൽ സാമ്പത്തിക നയങ്ങൾ ഇന്ത്യൻ കാർഷിക മേഖലയെയും ഗ്രാമീണ ജനതയെയും എങ്ങനെയാണ് ബാധിച്ചിട്ടുള്ളത്?

ഉദാരവൽക്കരണത്തിന്റെയും, സ്വകാര്യവൽക്കരണത്തിന്റെയും, ആഗോളീകരണത്തിന്റെയും നയങ്ങൾ ഇന്ത്യയിൽ സ്വീകരിക്കപ്പെട്ടു തുടങ്ങിയത് 1991-ലാണ്. 1993-ൽ കോൺഗ്രസ് നേതൃത്വത്തിലുള്ള കേന്ദ്രഗവണ്മെന്റ് കാർഷികമേഖലയുടെ പുതിയ വഴികളിൽ ഊന്നിക്കൊണ്ട് കാർഷികനയങ്ങൾ പ്രഖ്യാപിച്ചു. പ്രതിപക്ഷത്തുള്ള ബിജെപിയും ഇതിന് അസന്ദിഗ്ധ പിന്തുണ പ്രഖ്യാപിച്ചു. ആഗോളീകരണത്തിന്റെയും സ്വതന്ത്ര വ്യാപാരത്തിന്റെയും പുതിയ വഴി കാർഷികവൃത്തിക്ക് പുതിയ ഉണർവ്വും വികസനവും നൽകുമെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു. അന്താരാഷ്‌ട്ര വിപണി കാർഷികമേഖലയെ ലാഭത്തിൽ കൊണ്ടെത്തിക്കും എന്നും ഭരണവർഗം തെറ്റിദ്ധരിപ്പിച്ചു. സംഭവിച്ചത് നേരെ മറിച്ചാണ്‌. സർക്കാർ സംവിധാനത്തിലുള്ള ആസൂത്രണത്തിന്റെ അഭാവം കാർഷിക മേഖലയെ ഉലച്ചു. സർക്കാർ പടിപടിയായി കാർഷികമേഖലയിൽ നിന്നു പിൻവലിഞ്ഞു. സർക്കാർ സംവിധാനത്തിലുള്ള ഗവേഷണങ്ങൾ, കാർഷിക വായ്‌പകൾ, താങ്ങുവില, ഏറ്റെടുക്കൽ, വിപണനം എന്നിവയിൽ നിന്നെല്ലാം സർക്കാർ പിന്നോട്ട് പോയി. നവലിബറൽ നയങ്ങളുടെയും പൊതുമുതലിന്റെ അഭാവത്തിന്റെയും ഭാഗമായി ഇന്ത്യൻ കാർഷികവ്യവസ്ഥ തുടർച്ചയായി അധഃപതിച്ചു. കാർഷികവൃത്തി ഉൽപ്പാദന സൂചികയിൽ വളരെ ചെറിയ ഭാഗം മാത്രമായി ചരുങ്ങി. ഗ്രാമീണ മേഖലയുടെ വ്യവസ്ഥകൾ തകർന്നു, കർഷകർ കടക്കെണിയിലായി, തൊഴിൽരഹിതരായി. മൊൺസാൻറ്റോ, വാൾമാർട്ട് പോലെയുള്ള അമേരിക്കൻ കുത്തകഭീമന്മാർ വിത്ത് ധാന്യ വിപണികൾ കൈയ്യടക്കി. ആസിയാൻ പോലെയുള്ള സ്വതന്ത്ര വ്യവഹാര കരാറുകൾ കർഷകരുടെ അവസാന പ്രതീക്ഷയേയും തകർത്തു. മറ്റു രാജ്യങ്ങളിൽ നിന്ന് വിലക്കുറവിൽ വരുന്ന ഉല്പന്നങ്ങളോട് ഇന്ത്യൻ കാർഷിക ഉൽപ്പന്നങ്ങൾ മത്സരിച്ചു തളർന്നു വീണു.

ഇക്കാലയളവിൽ ഇന്ത്യയിൽ പലയിടങ്ങളിലും വിപരീത ഭൂപരിഷ്‌ക്കരണം നടന്നു. ഭൂമി വീണ്ടും വീണ്ടും ചെറിയൊരു വിഭാഗത്തിന്റെ കൈകളിലേക്ക് ഒതുങ്ങുന്ന കാഴ്ച നമ്മൾ കണ്ടു. കാർഷികജനതയിൽ വലിയൊരു വിഭാഗത്തിന് SEZന്റെയും, ഖനനത്തിന്റെയും, നഗരവൽക്കരണത്തിന്റെയും, വ്യാപാര വികസനത്തിന്റെയും ഒക്കെ പേരിൽ സ്വന്തം ഭൂമി അടിയറ വയ്‌ക്കേണ്ടി വന്നു. ഇവിടെയെല്ലാം ഗോൾഫ് കോഴ്‌സുകളും ഫോർമുല വൺ ട്രാക്കുകളും ഒക്കെ പൊന്തി വന്നു. 1995 മുതൽ ഇന്നുവരെ നാലു ലക്ഷത്തോളം കർഷക ആത്മഹത്യകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. മാനവചരിത്രം ഇന്നുവരെ കണ്ടിട്ടില്ലാത്ത ഭീകരത എന്ന് വിശേഷിപ്പിക്കാം ഇതിനെ.

ഇതിൽ നിന്നു പുറത്തേക്കൊരു വഴി ഇനിയുണ്ടോ?

 

തീർച്ചയായും നമുക്ക് പുറത്തേക്കു വാതിലുകൾ തുറന്നു കിടപ്പുണ്ട്.

പ്രാഥമികമായി ചെയ്യേണ്ടത് കർഷകജനതയുടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ ഉള്ള പ്രവർത്തനങ്ങളാണ്. അർഹമായ, ലാഭകരമായ വിലനിലവാരം ഉണ്ടാക്കുക എന്നതാണ് അതിലൊന്ന്. സ്വാമിനാഥൻ കമ്മീഷന്റെ ശുപാർശ അനുസരിച്ച് മൂല്യവും അതിന്റെ 50 ശതമാനവും ആണ് മിനിമം താങ്ങുവില. ആ വിലക്ക് ഏറ്റെടുക്കൽ കൂടി ഉറപ്പാക്കണം. മോദി ഇലക്ഷൻ കാലയളവിൽ 400 ൽ അധികം വേദികളിൽ, ചിലയിടങ്ങളിൽ ത്രീഡി ഇമേജായി വരെ ചെന്ന് ഇത് ഉറപ്പു നൽകിയതാണ്. അധികാരത്തിൽ എത്തിയ ശേഷം ബിജെപി അവരെ വഞ്ചിച്ചു. ഗവണ്മെന്റ് സുപ്രീം കോടതിയിൽ ചെന്ന് പറഞ്ഞത് അത് ചെയ്യാൻ കഴിയില്ല എന്നാണ്. അമിത്‌ഷാ ഇതെല്ലാം ഇലക്ഷൻ "ജൂംല"കളായി കാട്ടി കൈകഴുകി. ഞങ്ങൾ കാർഷികവകുപ്പ് മന്ത്രിയെ കണ്ടപ്പോഴും അദ്ദേഹം പറഞ്ഞത് ഇത്തരം വാഗ്ദാനങ്ങളെ ഒന്നും കാര്യമായി എടുക്കരുത് എന്നാണ്. സ്വാമിനാഥൻ കമ്മീഷൻ ശുപാർശ അനുസരിച്ചുള്ള വില നൽകാൻ ഞങ്ങൾക്ക് കഴിയില്ല എന്ന് അവർ സുപ്രീം കോടതിയെ അറിയിച്ചു. വിലയിൽ ബോണസുകൾ നൽകിക്കൊണ്ടിരുന്ന ചില സംസ്ഥാനങ്ങൾ ഉണ്ട്. ഉദാഹരണത്തിനു കേരളം. കേരളം നെല്ലിനു നൽകുന്ന വില കേന്ദ്രം നൽകുന്നതിലും ഒരുപാട് മുകളിൽ ആണ്. കഴിഞ്ഞ ഇടതു ജനാധിപത്യ ഭരണ കാലത്ത്, ഞാൻ കേരള പ്ലാനിംഗ് കമ്മീഷന്റെ ഭാഗമായിരുന്ന കാലത്താണ് ഈ വില നിലവാരം കൊണ്ടുവന്നത്. ബോണസ് കൊടുക്കുന്ന സംസ്ഥാനങ്ങൾക്ക് കേന്ദ്ര ഗവണ്മെന്റ് നൽകിയ ഓർഡർ പറയുന്നത് ബോണസ് കൊടുക്കുകയാണെങ്കിൽ സംസ്ഥാനത്തു നിന്ന് ധാന്യം സ്വീകരിക്കില്ല എന്നാണ്. ഇതൊക്കെ കൃത്യമായും കർഷകവിരുദ്ധമായ നിലപാടുകളാണ്.

മറ്റൊന്ന് സമഗ്രമായ ഭൂപരിഷ്കരണം ഇന്ത്യയിൽ നടപ്പാക്കുക എന്നതാണ്. ജമ്മു കാശ്മീർ, കേരളം, ബംഗാൾ, ത്രിപുര ഒരുപരിധി വരെ കർണാടകം എന്നിവിടങ്ങളിൽ ഒഴികെ പറയത്തക്ക നിലയിലുള്ള ഒരു ഭൂപരിഷ്കരണം ഇന്ത്യയിൽ എങ്ങും ഉണ്ടായിട്ടില്ല. ഇപ്പോഴും ഇവിടെയെല്ലാം മിച്ചഭൂമി ഉണ്ട്. ഉദാഹരണത്തിന് ഒറീസയുടെ കാര്യം എടുത്താൽ കൃത്യമായി മിച്ചഭൂമി കണ്ടെത്തി വിതരണം ചെയ്‌താൽ ഒരു കുടുംബത്തിന് രണ്ടേക്കർ വീതം നൽകാൻ കഴിയും. ഗുജറാത്തിൽ തന്നെ, ഉന പ്രക്ഷോഭത്തിൽ ദളിത് മുന്നേറ്റങ്ങൾ ആവശ്യപ്പെടുന്നത് അഞ്ചേക്കർ ഭൂമിയാണ്. ജനസാന്ദ്രത താരതമ്യേന കുറഞ്ഞ ഗുജറാത്ത് പോലെയുള്ള സംസ്ഥാനങ്ങളിൽ അത് സാധ്യവുമാണ്.

മിച്ചഭൂമി വിതരണം ചെയ്തത് കൊണ്ടു മാത്രം ആവുന്നില്ല. ഗവണ്മെന്റിന്റെ ഭാഗത്തു നിന്ന് വേണ്ട നിലയിലുള്ള കാർഷിക ഇടപെടലുകൾ കൂടി ഉണ്ടാകണം. കാലത്തിനൊപ്പിച്ച് സാങ്കേതികവിദ്യകൾ കർഷകരിൽ എത്തിക്കാൻ ഉള്ള പദ്ധതികൾ, സഹായവിലയിൽ നിലവാരമുള്ള വിത്തുകൾ, താങ്ങുവിലയോടെ ഉൽപ്പന്നങ്ങൾ ഏറ്റെടുക്കാൻ ഉള്ള പദ്ധതികൾ എന്നിവയെല്ലാം തുടരണം. കാർഷികവൃത്തിയിലേക്ക് തിരിച്ചു വരാൻ ജനങ്ങൾക്ക് ആത്മവിശ്വാസം വളർത്താൻ ഉള്ള പ്രവർത്തനങ്ങൾ ഗവണ്മെന്റ് ചെയ്യണം. അത്തരം ഒരു സംസ്കൃതിയുടെ വളർച്ച ലക്ഷ്യമാവണം. ശാസ്ത്രീയമായ കൃഷി വ്യവഹാരങ്ങളിലേക്ക് നമുക്ക് ചെന്നെത്താൻ സാധിക്കണം. ഇപ്പോഴും പഴയ രീതിയിലുള്ള കൃഷി സംവിധാനങ്ങളിൽ തളം കെട്ടി കിടക്കുകയാണ് നമ്മൾ. നെൽകൃഷിയുടെ കാര്യം എടുത്താൽ Systematic Rice Intensification (SRI), മഡഗാസ്‌ക്കർ മോഡൽ പോലെയുള്ള ഉത്പാദനക്ഷമത കൂടിയ സംവിധാനങ്ങളിലേക്ക് നാം മാറണം. ഇതിനു പകരം നമ്മൾ തേടുന്നത് മാജിക്കുകളാണ്. ജിഎം വിളകൾ പോലെയുള്ളവ. എല്ലാത്തിനും ഇന്നത്തെ ഉത്തരം ജിഎം വിളകളാണ്. അതിനുപകരം ശാസ്ത്രീയ കൃഷി രീതികളിലേക്ക് തിരിയണം. പുറത്തേക്കുള്ള വഴികൾ തുറന്നു തന്നെ കിടക്കുന്നു.

ഈ കാർഷിക സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നത്തെ ദളിത്, സ്ത്രീ, ന്യൂനപക്ഷ പ്രശ്നങ്ങളെ എങ്ങനെയാണ് അഭിസംബോധന ചെയ്യുന്നത്?

എന്റെ ഇത്രയും കാലത്തെ നിരീക്ഷണത്തിൽ നിന്ന് അറിഞ്ഞ ചില കാര്യങ്ങളുണ്ട്. ഗ്രാമീണ ജനതയുടെ ജീവിതം പരിശോധിച്ചാൽ നമുക്ക് കാണാവുന്ന ഒരു ഓവർലാപ്പ് ഉണ്ട്. ഏറ്റവും അടിച്ചമർത്തപ്പെട്ട വിഭാഗവും അടിച്ചമർത്തപ്പെട്ട വർഗ്ഗവും ഏകദേശം ഒന്നുതന്നെയാവും. ചില അപവാദങ്ങൾ എന്ന നിലക്ക് ഉയർന്ന ജാതിയിലോ, വിഭാഗത്തിലോ അടിച്ചമർത്തപ്പെട്ടവർ ഉണ്ടാകാം എങ്കിലും വലിയൊരു അളവിൽ ഇതു ശരിയാണ്. കിസാൻ സഭയുടെ നിലപാടുകൾ അതിനാൽ തന്നെ കൃത്യമാണ്. വർഗപരമായ ചൂഷണത്തിന്റെ ഒപ്പം തന്നെ ജാതി ചൂഷണത്തിനെതിരെ കൂടി സമരം ശക്തമാക്കേണ്ടതുണ്ട്. ആദിവാസി മേഖലകളിൽ അവരുടെ ചൂഷണത്തെയും സംബോധന ചെയ്യണം. അങ്ങനെ തന്നെയാണ് തുടർന്നു പോരുന്നതും. മഹാരാഷ്ട്രയിലെ വർളി ആദിവാസി സമരം തന്നെ ഉദാഹരണം. മഹാരാഷ്ട്രയിൽ കിസാൻ സഭയുടെ പ്രവർത്തകരിൽ വലിയൊരു വിഭാഗവും ആദിവാസി മേഖലയിൽ നിന്നുള്ളവരാണ്. തമിഴ്‌നാട്ടിൽ തമിഴ്‌നാട് ഹിൽ ട്രൈബ് അസോസിയേഷൻ, Untouchability Eradication Front എന്നിവ നമുക്കൊപ്പം ഒന്നിച്ചു പ്രവർത്തിക്കുന്നു. ദളിതരുടെ ഭൂമി പ്രശ്നങ്ങളിൽ എല്ലാം കിസാൻ സഭ സമരങ്ങൾ നയിക്കുന്നുണ്ട്. കർണാടകത്തിൽ ദളിത് സംഘർഷ സമിതിയുമായി ചേർന്ന് പ്രശ്നങ്ങളുടെ മുൻ നിരയിൽ നമ്മൾ പ്രവർത്തിക്കുന്നുണ്ട്. ‘മടെ സ്നാന’, ‘പന്തിഭേദ’ പോലെയുള്ള ദളിത് പ്രശ്നങ്ങളുടെ സമരമുന്നണിയിൽ കിസാൻ സഭയും ഉണ്ടായിരുന്നു.

ശരിയാണ്. സ്വത്വപരമായ കാരണങ്ങൾ കൊണ്ട് മാത്രം ചൂഷണം നേരിടേണ്ടി വരുന്നുണ്ട്. ഈ പ്രശ്നങ്ങളെ എല്ലാം കർഷകരുടെ ഒരു വലിയ മുന്നണിയെ അണിനിരത്തി തന്നെ നേരിടുന്ന സമീപനം ആണ് കിസാൻ സഭ സ്വീകരിക്കുന്നത്. അതാണ് മുന്നോട്ടുള്ള വഴിയും. ഉന പ്രക്ഷോഭത്തിൽ പങ്കെടുത്തപ്പോഴും കിസാൻ സഭയുടെ നിലപാട് കൃത്യമായിരുന്നു. അത് അവിടെയുള്ള ദളിതർ നടത്തുന്ന സമരമാണ്. ആ സമരത്തിന് എല്ലാ വിധത്തിലുമുള്ള ഐക്യവും നൽകുകയാണ് കിസാൻ സഭ ചെയ്തത്. ആ സമരത്തെ ഹൈജാക്ക് ചെയ്യാനോ ആ സമരത്തിന്റെ കർതൃത്വം ഏറ്റെടുക്കാമോ നമ്മൾ ശ്രമിച്ചിട്ടില്ല. അതേ സമയം കർണാടകത്തിലെ ‘ഉഡുപ്പി ചലോ’ പോലെയുള്ളവ ഇവിടെയുള്ള ഇടതുപക്ഷവും അവർക്കൊപ്പം കിസാൻ സഭയും കാലങ്ങളായി മുന്നണിയിൽ നിന്ന് നടത്തുന്ന സമരങ്ങളാണ്. ഉനയിലെ സമരം ചരിത്രത്തിന്റെ ഭാഗമാകുന്ന ഒന്നാണ്. അതിൽ ഐക്യം പ്രകടിപ്പിക്കുക കിസാൻ സഭയുടെ കർത്തവ്യമാണ്.

ഇന്ത്യയിൽ നടന്നിട്ടുള്ള ഭൂപരിഷ്കരണം, പ്രത്യേകിച്ചു സിപിഎം ഭരണത്തിന് കീഴിൽ ബംഗാൾ, കേരള സംസ്ഥാനങ്ങളിൽ നടന്ന ഭൂപരിഷ്കരണം ഒരു പരാജയം ആയിരുന്നു എന്നൊരു ആരോപണം വന്നു കാണുന്നുണ്ട്. എന്താണ് താങ്കൾ കരുതുന്നത്?

തികച്ചും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ എന്ന് പറയേണ്ടിവരും. കണക്കുകൾ നോക്കുക. ഭൂമിശാസ്ത്രപരമായി ഇന്ത്യയുടെ രണ്ടു ശതമാനം മാത്രമുള്ള, മൂന്നര ശതമാനം മാത്രം കൃഷിഭൂമിയുള്ള ബംഗാളിലാണ് ഈ രാജ്യത്തെ മിച്ചഭൂമി വിതരണത്തിൽ 22 ശതമാനവും  നടന്നിട്ടുള്ളത്. 30 ലക്ഷം ഏക്കർ ഭൂമിയാണ് 30 ലക്ഷം ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തത്. ബംഗാൾ ജനസംഖ്യയുടെ 27 ശതമാനം ആണ് പട്ടിക ജാതി വർഗ്ഗ വിഭാഗങ്ങൾ എങ്കിൽ ഗുണഭോക്താക്കളിൽ 56 ശതമാനവും അവരിൽ നിന്നാണ്. ആറു ലക്ഷം പട്ടയങ്ങൾ ഭാര്യയുടെയും ഭർത്താവിന്റെയും പങ്കുപട്ടയം ആയാണ് വിതരണം ചെയ്തിരിക്കുന്നത്. ഒന്നര ലക്ഷത്തിലധികം സ്ത്രീകൾക്ക് പട്ടയം നൽകപ്പെട്ടു. പട്ടികേതര വിഭാഗത്തിലെ ന്യൂനപക്ഷ ശതമാനം 27 ആണെങ്കിൽ ആ വിഭാഗത്തിലെ പട്ടയ സ്വീകർത്താക്കളിൽ 36.5 ശതമാനവും അവരാണ്. അഞ്ചു ലക്ഷത്തിലേറെ ഭൂരഹിത കുടുംബങ്ങൾക്ക് വീട് വയ്ക്കാൻ ഭൂമി നൽകി. നാഷണൽ സാമ്പിൾ സർവേ കണക്കു പ്രകാരം ഇന്ത്യയിലെ 35.52 ശതമാനം കൃഷിഭൂമിയാണ് ചെറുകിട കൃഷിക്കാരുടെ കൈയ്യിൽ ഉള്ളത്. എന്നാൽ ബംഗാളിൽ അത് 78 ശതമാനമാണ്.

1957 ലെ ഇ.എം.എസ് ഗവണ്മെന്റ് മുന്നോട്ടു വച്ച ഭൂപരിഷ്കരണ നയങ്ങൾ ഇന്ത്യയിൽ തന്നെ മാർഗദർശകമായ ഒന്നായിരുന്നു. അത് നടപ്പിലാക്കാൻ കഴിയുന്നതിനു മുൻപ് തന്നെ കേന്ദ്രത്തിലെ കോൺഗ്രസ് ഭരണം സകല പാർലമെന്ററി ജനാധിപത്യ മര്യാദകളും ലംഘിച്ചു ഗവണ്മെന്റിനെ പിരിച്ചുവിട്ടു. ഇടതു നേതൃത്വത്തിലുള്ള കർഷക തുടർസമരങ്ങളുടെ ഫലമായി 1969 ൽ ആ ബിൽ, പ്രഥമ ബില്ലുമായി തട്ടിക്കുമ്പോൾ വീര്യം കുറഞ്ഞത് ആണെങ്കിലും, അത് ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞു. കേരളത്തിലെ ജന്മിവ്യവസ്ഥയുടെ ആണിക്കല്ല് ഇളക്കിയത് ഇടതുപക്ഷത്തിന്റെ തുടർസമരങ്ങളും സർക്കാർ നയങ്ങളുമാണ്. 2.8 ദശലക്ഷം കുടിയാന്മാർക്ക് ഭൂമിയിൽ അവകാശം ലഭിച്ചു. വലിയൊരു സംഖ്യ കൃഷിപ്പണിക്കാർക്ക് കൃഷിഭൂമിയും പുരയിടവും ലഭിച്ചിട്ടുണ്ട്. 1957 മുതൽ 1996 വരെയുള്ള കണക്കു മാത്രമെടുത്താൽ അഞ്ചര ലക്ഷം കുടുംബങ്ങൾക്ക് പുരയിടങ്ങൾ വിതരണം ചെയ്യപ്പെട്ടിട്ടുണ്ട്. 57 ലെ ഇഎംഎസ് ഗവണ്മെന്റിനെ മറിച്ചിട്ടത് മൂലം അമ്പതുകളിലും അറുപതുകളിലും ജന്മി വർഗത്തിന് മിച്ചഭൂമി മറച്ചു വയ്ക്കാൻ ഉള്ള സമയം ലഭിച്ചതിന്റെ തിരിച്ചടികൾ ഉണ്ടായിട്ടുണ്ട് എന്നത് വസ്തുതയാണ്.

എന്നിരുന്നാൽ തന്നെയും ഇന്ത്യയിലെ വിതരണം ചെയ്യപ്പെട്ട മിച്ചഭൂമിയിൽ 35 ശതമാനവും കേരളത്തിൽ നിന്നും ബംഗാളിൽ നിന്നുമാണ്. വസ്തുതകൾ മനസിലാക്കാതെ നടത്തുന്ന ആരോപണങ്ങൾ മാത്രമാണ് അവയൊക്കെയും.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ കിസാൻ സഭയുടെ പ്രവർത്തനങ്ങൾ എന്തൊക്കെയാണ്?

നവലിബറൽ നയങ്ങളുടെ ആരംഭ ഘട്ടം മുതലേ കിസാൻ സഭ അവയെ എതിർക്കുകയും അവയ്‌ക്കെതിരെ സമരമുന്നണി രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കിസാൻ സഭയും, കർഷക തൊഴിലാളി യൂണിയനുമാണ് ഇതിനെതിരെ സമരം ആരംഭിച്ച ആദ്യ ഗ്രാമീണ സംഘടനകൾ.

കാർഷിക പ്രശ്നങ്ങളെ ഒറ്റതിരിച്ചു കാണുകയും സമരം ചെയ്യുകയും ചെയ്യുന്നതല്ല കിസാൻ സഭയുടെ നയം. ഓരോ ഗ്രാമങ്ങളിലും അവരവരുടെ പ്രശ്നങ്ങൾ. അവിടുത്തെ സ്‌കൂളുകൾ, അംഗനവാടികൾ, ആരോഗ്യകേന്ദ്രങ്ങൾ, വഴികൾ,  ക്ഷാമം, കൃത്യമായ സർക്കാർ സംവിധാനങ്ങളുടെ അഭാവം ഇവയൊക്കെയും ഈ പ്രശ്നങ്ങളുടെ ഭാഗമായി കണ്ടു മുന്നോട്ടു പോകുന്ന സംഘടനയാണ് കിസാൻ സഭ. കർഷകരുടെ ഇടയിൽ നവലിബറൽ നയങ്ങളെയും ആഗോളീകരണത്തെയും ഒക്കെ വിശദീകരിച്ചു പോയാൽ അവർക്ക് മനസിലാവണം എന്നില്ല. അവരുടെ ജീവൽ പ്രശ്നങ്ങളെ ഓരോന്നും അറിഞ്ഞു മനസിലാക്കി അവയ്ക്കുള്ള പോംവഴികൾ കണ്ടെത്തണം. ഇപ്പോൾ സംസ്ഥാന തലത്തിലുള്ള ഭൂമി കൈവശപ്പെടുത്തൽ ചട്ടങ്ങൾ വരുന്നതോടെ ഭൂമി അധികാര ആന്ദോളൻ മുന്നേറ്റങ്ങൾ അതാതു സംസ്ഥാനങ്ങളിൽ മുൻപോട്ടു പൊയ്ക്കൊണ്ടിരുന്നു. തുടർച്ചയായ പ്രകൃതി ദുരന്തങ്ങൾ മൂലം ഉണ്ടാകുന്ന കൃഷിനാശം കർഷകരുടെ പേടിസ്വപ്നമാണ്. കൃഷിയുടെ കാലഘട്ടത്തിലെ ധനനഷ്ടവും ആദായനഷ്ടവും ആരാണ് സഹിക്കേണ്ടത്? പ്രധാനമന്ത്രിയുടെ ഇൻഷുറൻസ് പദ്ധതി പതിനൊന്ന് അന്താരാഷ്‌ട്ര കമ്പനികളുടെ നടത്തിപ്പിലാണ്. ഏതാണ്ട് 90 - 95 ശതമാനം കർഷകരും ഇൻഷുർ ചെയ്യപ്പെട്ടിട്ടില്ല. ഇൻഷുർ ചെയ്യപ്പെട്ട കേസുകളിൽ തന്നെ തുക നൽകാനുള്ള നിർണയരീതികളെ പറ്റി വളരെയേറെ പരാതികൾ കിട്ടുന്നുണ്ട്. ഉദാഹരണത്തിന് നെല്ല് കൊയ്തു കറ്റകൾ കൃഷിയിടത്തു വച്ചിരുന്നപ്പോൾ കൃഷിനാശം ഉണ്ടായാൽ തുക ലഭിക്കും, അതേ കറ്റകൾ അടുത്തു കൃഷിക്കാരന്റെ വീട്ടുപുരയിടത്തിൽ ആണ് സൂക്ഷിച്ചിരുന്നതെങ്കിൽ തുക ലഭിക്കില്ല. ഇങ്ങനെയുള്ള പ്രശ്നങ്ങൾ. എല്ലാ കൃഷിയിടങ്ങളും സർക്കാർ തലത്തിൽ ഇൻഷുർ ചെയ്യപ്പെടുക എന്നതാണ് കിസാൻ സഭയുടെ നിലപാട്.

നിലവിലുള്ള സഹകരണ സംഘങ്ങളുടെ ജനാധിപത്യവൽക്കരണം പോലെയുള്ള പ്രാദേശിക പ്രശ്നങ്ങൾ, പഞ്ചായത്തുകളുടെ പ്രവർത്തനങ്ങളിൽ ഉള്ള ഇടപെടലുകൾ ഇതെല്ലാം കിസാൻ സഭയുടെ ഭാഗമായി മുന്നോട്ടു പോകുന്നുണ്ട്. പല തരത്തിലുള്ള സഹകരണ പ്രസ്ഥാനങ്ങൾ നമ്മുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്. ഉദ്ദാഹരണത്തിനു ബ്രഹ്മഗിരിയിലെ മാംസ സംസ്കരണ കേന്ദ്രം. ഇപ്പോൾ അത് പച്ചക്കറി മേഖലയിലേക്കും കൂടി വിപുലീകരിക്കപ്പെട്ടു. അതുപോലെ പല അന്തർസംസ്ഥാന സഹകരണ ശൃംഖലകൾക്കും വേണ്ടിയുള്ള പ്രാഥമിക ചർച്ചകൾ നടന്നു കഴിഞ്ഞു.

ബിജെപി അധികാരത്തിൽ വന്നതിനു ശേഷം പല ഇടങ്ങളിലും ഉണ്ടാകുന്ന ഗോസംരക്ഷണത്തിന്റെ പേരിലുള്ള അക്രമങ്ങൾ നമ്മൾ  കാണുന്നുണ്ട്. ആളുകളുടെ ഭക്ഷണ സ്വാതന്ത്ര്യത്തിലേക്കുള്ള കടന്നു കയറ്റമാണ് ഇത്. ചെലവ് കുറഞ്ഞ പ്രോട്ടീൻ ഭക്ഷണമാണ് നിഷേധിക്കപ്പെടുന്നത്. കർഷകരുടെ കാര്യമെടുത്താൽ പ്രായമാകുന്ന കന്നുകാലികളെ വിറ്റു കിട്ടുന്ന പണമാണ് പുതിയ കന്നുകാലികളെ വാങ്ങാൻ നിക്ഷേപിക്കുന്നത്. ഇപ്പോൾ ആ അവസരം നിഷേധിക്കപ്പെടുന്നു. അലഞ്ഞു തിരിയുന്ന കന്നുകാലികൾ കൃഷിഭൂമികൾ നശിപ്പിക്കുന്നു. ഇതൊക്കെയും ഗ്രാമീണ മേഖലയിലെ കർഷകരുടെ പ്രശ്നങ്ങളാണ്. ഇവയൊക്കെ കിസാൻ സഭയുടെ പ്രശ്നങ്ങളാണ്. ഇവയ്ക്കൊക്കെ എതിരെ സമരം ചെയ്യുകയും ഇടപെടലുകളിലൂടെ പരിഹരിക്കുകയും ചെയ്യുകയാണ് കിസാൻ സഭ. ഈ ജാഥയിലൂടെയും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഉള്ള കർഷകരുടെ പ്രശ്നങ്ങൾ കണ്ടറിയാനും അവയ്ക്കു വേണ്ടി സമരസജ്ജരാകാനും ആണ് കിസാൻ സഭ ലക്ഷ്യമിടുന്നത്.