ഇണതേടുന്ന അവകാശങ്ങൾ

pic

വ്യക്തികളുടെ സ്വയംനിർണ്ണയാവകാശം പരമപ്രധാനമാണ്. അതിനെ ചവിട്ടിയരച്ചുകൊണ്ട് മറ്റൊരധികാരം സ്ഥാപിച്ചെടുക്കാൻ ശ്രമിച്ച മതാന്ധതയുടെയും രാഷ്ട്രീയാധികാരത്തിന്റയും ഇടപെടലുകൾ ഇരുൾനിറഞ്ഞതും ദുരിതം വിതയ്ക്കുന്നവയുമാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അടിമകളിൽ നിന്ന് വ്യക്തികളിലേയ്ക് മനുഷ്യജീവി പരിണമിച്ചത് വ്യക്തിബോധത്തിന്റെ അന്തസ്സ് സമൂഹത്തിന്റെ തുറസ്സുകളിൽ അംഗീകരിച്ചെടുക്കാനായതിനാലാണ്. അടിച്ചേല്പിക്കപ്പെട്ട സാമൂഹ്യക്രമങ്ങളേക്കാൾ, മാനവികതയിലൂന്നിയ ജനാധിപത്യബോധം മുദ്രാവാക്യങ്ങളായി പടർന്നതുകൊണ്ടാണ് ഇന്നാട്ടിൽ അയിത്താചാരങ്ങൾ അവസാനിച്ചത്. അങ്ങനെയൊക്കെ വ്യക്തിസ്വാതന്ത്ര്യബോധം ഉൾക്കൊണ്ടതുകൊണ്ടാണ് ഈ ലോകം ഇന്നു കാണുംവിധം പരിണമിച്ചെത്തിയത്. ദൗർഭാഗ്യകരമെന്നു പറയട്ടെ, സ്വന്തം ഇണയെ/ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം ഇന്നും നമ്മുടെ സമൂഹത്തിൽ പരിപൂർണ്ണമായും വ്യക്തികളിന്മേൽ വന്നുചേർന്നിട്ടില്ല. ജാതിയുടെ, മതത്തിന്റെ, കുടുംബമഹിമയുടെ, ആകാരസൗന്ദര്യത്തിന്റെ, പാരമ്പര്യസ്വത്തിന്റെ എന്ന് തുടങ്ങി അനവധി രക്ഷകർത്തൃ/സാമുദായികമാനദണ്ഡങ്ങളാൽ ഇക്കാര്യത്തിൽ വ്യക്തിസ്വാതന്ത്ര്യം ചുരക്കപ്പെട്ടിരിക്കുന്നു. സാമൂഹ്യപുരോഗതിയുടെ ചാലകശക്തിയായി നിലകൊള്ളുന്ന വ്യക്തിസ്വാതന്ത്ര്യത്തെ അംഗീകരിക്കാൻ കൂട്ടാക്കാത്ത, സാമ്പ്രദായികരീതി പിന്തുടരുന്ന മതവ്യവസ്ഥിതിയാണ് മുഖ്യമായും ഇതിന് തടസ്സം നിൽക്കുന്നത്. ഇത്തരത്തിൽ മതവ്യവസ്ഥയുടെ ഉരുക്കുചട്ടയ്ക്കുള്ളിൽ നിലയുറപ്പിച്ചു പോരുന്നവർ, ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനുള്ള അവകാശം നടപ്പിൽവരുത്തുന്ന വ്യക്തികളുടെ സ്വാതന്ത്ര്യത്തെ മുഷ്ടിയും ഖോ-ഖോ വിളികളും കൊണ്ടാണ് നേരിടുന്നത്.

നമ്മളും നമ്മുടെമുൻതലമുറയും എല്ലാംതന്നെ അവരവരുടെ സാഹചര്യങ്ങൾക്ക് (രക്ഷാകർത്തൃ-സാമുദായിക മാനദണ്ഡങ്ങൾക്ക് വിധേയമായോ അല്ലാതെയോ) അനുസൃതമായി നിലപാടുകൾ കൈക്കൊള്ളുകയോ, അങ്ങനെ ചെയ്യാൻ വിധേയരാവുകയോ ചെയ്യുന്നവരാണ്. ഏതു സാഹചര്യത്തിലും തങ്ങൾക്കനുഗുണമായ മാനദണ്ഡങ്ങളിൽപെട്ട ഇണയെ/ ജീവിതപങ്കാളിയെ ആശിക്കുന്നവരാണ് സമസ്ത ജീവജാലങ്ങളും. ഒരു വ്യക്തിയുടെ വിവാഹത്തെ സംബന്ധിച്ച അങ്ങനെയൊരു നിലപാട് ആവശ്യം വരുന്നഘട്ടത്തിൽ, മറ്റൊരാളുടെ മാനദണ്ഡങ്ങൾ അദ്ദേഹവും പിന്തുടരണം എന്ന് ശാഠ്യം പിടിക്കുന്നതിന്റെ ഭൂരിപക്ഷയുക്തി എന്താണ്? വകതിരിവില്ലാത്ത ബാല്യകാലത്തേ 'ഇൻഡോക്റ്റ്രിനേറ്റ്' ചെയ്യപ്പെട്ട മതത്തിന്റെ രീതികൾക്ക് അനുസരിച്ച് വിവാഹിതരാവുന്ന ഇതേ ഭൂരിഭാഗം ആണ് ഒരാൾ ഇതരമതസ്ഥരെ വിവാഹം ചെയ്യുകയോ, മതം മാറുകയോ ചെയ്താൽ, അവരെ സ്വബോധം നഷ്ടപ്പെട്ടവരായി കണക്കാക്കുന്നത്.

അവരവരുടെ ഇണയെ തിരഞ്ഞെടുക്കാനുള്ള അവകാശം ഒരു പൗരൻ എന്നതിലുപരി ജൈവത്തായഅവസ്ഥയുടെ അടിസ്ഥാനസത്ത കൂടെ ആണ്. ഏതൊരു വ്യക്തിയുടെയും ആ അടിസ്ഥാന അവകാശം സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സമൂഹത്തിനും ഭരണകൂടത്തിനും ഉണ്ട്. ഇന്ത്യയിൽ ഭരണഘടനാപരമായി സംരക്ഷിക്കപ്പെട്ടിട്ടുള്ള വ്യക്തികളുടെ അവകാശമാനങ്ങളിൽ ഇതൊക്കെ ഉൾച്ചേർന്നിട്ടുണ്ട്. ഞാൻ കുറ്റവാളിയെ പ്രണയിച്ചാലും കൊലപാതികയെ ഭോഗിച്ചാലും രാജ്യദ്രോഹിയെ വിവാഹം ചെയ്താലും, ഇതൊന്നുമല്ലാതെ ഒന്നിച്ചുകഴിഞ്ഞാലും ഇന്നാട്ടിലെ നിയമവ്യവസ്ഥയ്ക്ക് എന്റെ വ്യക്തിജീവിതത്തിന് കൂച്ചുവിലങ്ങിടാൻ നിർവ്വാഹമില്ല. ശാരീരിക-മാനസിക ആരോഗ്യത്തോടെ, സ്വന്തം താല്പര്യത്തിനനുസരിച്ച് ഞാൻ കൈക്കൊള്ളുന്ന എന്റെ നിലപാടുകളുടെ പരിണിതഫലം അനുഭവിക്കേണ്ടുന്നതും ഞാൻ തന്നെ. പിന്നെ, കുറ്റം, അർത്ഥശങ്കയ്ക്കിടയില്ലാതെ തെളിയിക്കപ്പെടാതെ ആരെയും കുറ്റാവാളിയെന്ന് മനസിൽപോലും കരുതരുതെന്നാണ് ഇന്ത്യയുടെ നീതിനിർവ്വഹണതത്വം കൽപ്പിക്കുന്നത് (ചിലർക്ക് പാട്ടുകേൾക്കുമ്പോൾമാത്രം എഴുന്നേൽക്കുന്ന രാജ്യസ്നേഹം, നീതിയുടെ തത്വത്തിലും കൂടി ഉണരേണ്ടുന്നതുണ്ട്).

ലോകത്താകമാനമുള്ള മനുഷ്യരുടെ ജന്മസിദ്ധമായ അടിസ്ഥാനാവകാശങ്ങളെ ആധുനികലോകക്രമം അടയാളപ്പെടുത്തിയത് 1948ലെ സാർവ്വദേശീയ മനുഷ്യാവകാശപ്രഖ്യാപനത്തിലാണ്. ജീവിതപങ്കാളിയെ തിരഞ്ഞെടുക്കാനും കുടുംബംനിലനിർത്തിപോരാനുമുള്ള അവകാശത്തെ ഉയർത്തിപിടിക്കുന്നതാണ് മനുഷ്യാവകാശത്തെ സംബന്ധിച്ച ഈ അടിസ്ഥാന രേഖ. പ്രസ്തുത പ്രഖ്യാപനത്തിന്റെ അനുച്ഛേദം 16 ഇപ്രകാരം അനുശാസിക്കുന്നു:

  1. ജാതിമതദേശഭേദമന്യേ പ്രായപൂർത്തിവന്ന ഏതൊരു പുരുഷനും സ്ത്രീയ്ക്കും വിവാഹംചെയ്ത് കുടുംബസ്ഥനാകാനുള്ള അവകാശം ഉണ്ട്. വിവാഹിതരാകുവാനും വൈവാഹികജീവിതം നയിക്കുവാനും വിവാഹമോചനത്തിനും അവർക്ക് തുല്യ അവകാശമുണ്ട്.

  2. വധൂവരന്മാരുടെ പൂർണ്ണസമ്മതത്തോടുകൂടിയെ വിവാഹബന്ധത്തിലേർപ്പെടാൻ പാടുള്ളൂ.

  3. കുടുംബം സമൂഹത്തിന്റെ സ്വാഭാവികവും അടിസ്ഥാനപരവുമായ ഘടകമായതിനാൽ അത് സമൂഹത്തിൽനിന്നും രാജ്യത്തിൽനിന്നും സംരക്ഷണം അർഹിക്കുന്നു.

വ്യക്തികളുടെ തീരുമാനങ്ങളെയും കുടുംബത്തെയും പരിരക്ഷിക്കാനുതകുന്നതാണ് ഈ പ്രഖ്യാപനം. ഇന്ത്യ ഇത് അംഗീകരിച്ചതുമാണ്. ഈ സാർവ്വദേശീയപ്രഖ്യാപനത്തിന്റെ വാക്കും അന്തഃസത്തയും സംരക്ഷിക്കാൻ നമ്മുടെ രാജ്യം പ്രതിജ്ഞാബദ്ധമാണ്. (അങ്ങനെയാകയാൽ രാജ്യസ്നേഹത്തിന്റെ സർടിഫിക്കറ്റ് ഉള്ളവർ ഇവിടെയും അത് ഉയർത്തിപിടിക്കേണ്ടതും, ഇതിനോട് കൂറ് പ്രഖ്യാപിക്കേണ്ടുന്നതുമാണ്, അല്ലാത്തപക്ഷമാണ് രാജ്യദ്രോഹം).

വ്യക്തികളുടെ വിവാഹസംബന്ധിയായ ഒരൊറ്റതീരുമാനത്തിൽ അറ്റുപോകുന്ന വൃഷ്ടിപ്രദേശമാണ് മതത്തിനുള്ളതെന്ന സത്യത്തിന്റെ ഭീതിയും, അതുമല്ലെങ്കിൽ ബാല്യകാലത്തേയുള്ള മറ്റൊരു 'ഇൻഡോക്റ്റ്രിനേഷന്റെ' അവസരനഷ്ടത്തിന്റെ വിലാപവുമല്ലാതെ, മറ്റൊന്നുമല്ല ഇക്കാര്യത്തിൽ വ്യക്തിസ്വാതന്ത്ര്യത്തിനുമേലുള്ള കൂച്ചുവിലങ്ങുകൾ. പ്രണയവും ഇഷ്ടവിവാഹങ്ങളും ഈ ഇരുമ്പുവിലങ്ങുകളെ പൊട്ടിച്ചെറിയുകതന്നെ ചെയ്യും.