ലോങ്ങ് മാർച്ച് മഹാനഗരത്തിൽ എത്തുമ്പോൾ

long march

കെട്ടകാലത്തെ പുതുപ്രതീക്ഷ എന്നവണ്ണം വർഗസമരത്തിന്റെ പുതുചരിത്രം രചിക്കുന്ന കിസാൻ ലോങ്ങ് മാർച്ച് മുംബൈ നഗരത്തിലെത്തുമ്പോൾ മഹാനഗരത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിലേയ്ക്കൊന്ന് നോക്കാം. 1920കളിലെ തുണി മിൽ സമരത്തിൽ നിന്നുമാണ് മഹാനഗരത്തിന്റെ കമ്യൂണിസ്റ്റ് പാരമ്പര്യം ആരംഭിക്കുന്നത്. ബോംബെയിലെ തൊഴിലാളിവർഗം ഒട്ടനവധി അവകാശങ്ങൾ നേടിയെടുത്ത 1928ലെ ആറ് മാസം നീണ്ടു നിന്ന സമരം ഇന്ത്യൻ ട്രേഡ് യൂണിയൻ ചരിത്രത്തിലെ ഐതിഹാസികമായ ഏടാണ്. ഇവിടുത്തെ തൊഴിലാളിവർഗമുന്നേറ്റത്തിന് ബ്രിട്ടീഷ് കൊളോണിയലിസത്തിന് നേർക്ക് പൊരുതിയ ചരിത്രം കൂടിയുണ്ട്.
 

സോലാപൂർ പ്രദേശത്തിന്റെ നിയന്ത്രണം 1930ൽ തൊഴിലാളികൾ ഏറ്റെടുക്കുകയും അവിടെ ഒരു കമ്യൂണ്‍ സ്ഥാപിക്കുകയും ചെയ്തു. ഈ മുന്നേറ്റത്തിന്റെ നേതാക്കൾ പിന്നീട് തൂക്കിലേറ്റപ്പെട്ടു. 1938ൽ കമ്യുണിസ്റ്റ് പാർടിയും ഡോ. അംബേദ്കറുടെ ലേബർ പാർടിയും ചേർന്ന് ബോംബെയിൽ പൊതുപണിമുടക്ക് നടത്തുകയുണ്ടായി.

കമ്യുണിസ്റ്റ് പാര്‍ടിയുടെ ഔദ്യോഗികനേതൃത്വത്തിൽ കർഷകമുന്നേറ്റങ്ങൾ ഉണ്ടാവുന്നത് 1945ൽ താനെയിൽ മഹാരാഷ്ട്ര രാജ്യ കിസാൻ സഭ രൂപീകരിക്കുന്നത് തൊട്ടാണ്. സഖാവ് ഗോദാവരി പരുലേക്കറിനെ പോലെ ഉള്ളവരായിരുന്നു കിസാൻ സഭയുടെ അക്കാലത്തെ നേതൃത്വം.

 ബി. റ്റി. രണദിവെ

ബ്രിട്ടീഷ് ഭരണത്തിന് എതിരായ 1946ലെ റോയൽ ഇന്ത്യൻ നേവൽ പ്രക്ഷോഭത്തെ പിന്തുണയ്ക്കുവാൻ കോണ്‍ഗ്രെസും മുസ്ലിം ലീഗും തയ്യാറാവാതെയിരുന്നപ്പോൾ കമ്മ്യുണിസ്റ്റ് പാര്‍ടി പ്രക്ഷോഭത്തെ പിന്തുണയ്ക്കുക മാത്രമല്ല തൊഴിലാളികളെ അണിനിരത്തി ഐക്യദാർഢ്യപ്രകടനങ്ങൾ സംഘടിപ്പിക്കുകയും ചെയ്തു.

ബി.റ്റി. രണദിവെയും അഹല്യ രങ്കനേകറും അടക്കമുള്ള സഖാക്കൾ ആ സമരങ്ങളിൽ പങ്കാളികളായി. നിരവധി തൊഴിലാളികൾ രക്തസാക്ഷികളായ പ്രക്ഷോഭം ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അവസാനം കുറിക്കുകയായിരുന്നു.

സ്വാതന്ത്ര്യാനന്തരം സംയുക്ത മഹാരാഷ്ട്രയ്ക്ക് വേണ്ടി നടന്ന പ്രക്ഷോഭങ്ങളിലും കമ്യൂണിസ്റ്റ് പാര്‍ടി അതിന്റെ സാന്നിധ്യം അറിയിച്ചു. സംയുക്ത മഹാരാഷ്ട്ര മുന്നേറ്റത്തിന്റെ പരിണിതഫലമായി 1960ലെ തൊഴിലാളി ദിനത്തിലാണ് ബോംബെ തലസ്ഥാനമായി മഹാരാഷ്ട്ര രൂപീകൃതമാവുന്നത്.

അടിയന്തരാവസ്ഥക്കാലത്ത് രാജ്യത്തെ മറ്റിടങ്ങളിൽ പോലെ തന്നെ കമ്യൂണിസ്റ്റ് നേതാക്കൾ ബോംബെയിലും ജയിലിലായി. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ബോംബെയിൽ നിന്നും അഹല്യ രങ്കനേകർ താനെയിൽ നിന്നും ലഹാനു കോം ബീഡിൽ നിന്നും ഗംഗാധർ, അപ്പാ ബുർദ എന്നീ സഖാക്കൾ ലോക്സഭയിൽ എത്തി. 1978ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഒമ്പത് സീറ്റുകളിലാണ് സിപിഐ(എം) വിജയിച്ചത്.

1966ൽ ശിവസേന രൂപീകൃതമായ നാൾ മുതൽ മുതലാളിത്തശക്തികളുടെയും കോണ്‍ഗ്രെസ്സിന്റെയും തന്നെ ആശിർവാദത്തിൽ ബോംബെയിൽ കമ്യൂണിസ്റ്റുകൾ ആക്രമിക്കപ്പെട്ടു. ശിവസേന തങ്ങളുടെ അർദ്ധഫാസിസ്റ്റ് സ്വഭാവം പുറത്തെടുത്തു. ബോംബയിലെ തൊഴിലാളി സമൂഹത്തിനിടയിൽ കമ്യുണിസ്റ്റ് പാര്‍ടിക്കുള്ള സ്വാധീനം തകർക്കുകയായിരുന്നു ലക്ഷ്യം. 1970ൽ സിപിഐ എംഎൽഎ ആയിരുന്ന കൃഷ്ണ ദേശായി കൊല്ലപ്പെട്ടു.

അത്തരത്തിൽ ത്യാഗോജ്വലമായ സമരപോരാട്ടങ്ങളുടെ കഥയാണ് ബോംബെയ്ക്ക് പറയാനുള്ളത്. അവിടേയ്ക്കാണ് ഓൾ ഇന്ത്യ കിസാൻ സഭയുടെ കിസാൻ ലോങ്ങ് മാർച്ച് എത്തുന്നത്. കിസാൻ സഭ വനാവകാശനിയമം നടപ്പിലാക്കുവാൻ ഇതിന് മുമ്പും സമരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. കർഷക ആത്മഹത്യകൾ സ്ഥിരം വാർത്ത ആയ മറാത്ത മണ്ണിൽ അവരുടെ അവകാശപ്പോരാട്ടങ്ങൾക്ക് മുമ്പേ നടക്കാൻ ചെങ്കൊടി വീണ്ടും പറയുകയാണ്. നമുക്കവരോട് ഐക്യപെടാം!