ഓൺലൈൻ ഫുഡ് ആപ്പുകള്‍: ചൂഷണത്തിന്റെ പുതുവഴികൾ

Courtesy: The Economist

ഏതാനും മാസങ്ങൾക്ക് മുമ്പാണ് എന്റെ അടുത്ത സുഹൃത്ത് കൂടിയായ ജവഹർ എന്ന ഊബർ ഈറ്റ്സ് ഡെലിവറി തൊഴിലാളിയെ ഒരു ഹോട്ടൽ ഉടമയും കൂട്ടുകാരും കൂടി ക്രൂരമായി മർദിച്ചത്. വലിയ തോതിൽ ഉള്ള ഓൺലൈൻ പ്രതിഷേധവും #JuticeForJawahir ക്യാമ്പയിനും എല്ലാം നടന്നു. ഊബർ ഈറ്റ്സ് ഈ ഹോട്ടലിനെ ലിസ്റ്റിൽ നിന്നും വെട്ടിമാറ്റി സുന്ദരമായി കൈകഴുകി. തങ്ങളുടെ ഒരു തൊഴിലാളി ജോലി സമയത്തു ജോലി സംബന്ധമായി ഇടപഴകുന്ന ആളുകളിൽ നിന്നും നേരിട്ട ആക്രമണത്തിന് മറ്റൊരുതരത്തിലുള്ള പിന്തുണയും അവര്‍ നൽകിയില്ല. ജവഹറിനെ പോലെ ആയിരക്കണക്കിന് യുവാക്കൾ ഇത്തരം ഓൺലൈൻ ഫുഡ് ഡെലിവറിയും ആയി ജീവിക്കുന്നുണ്ട്. ഇവർ ചെന്ന് ദിവസവും ചെന്ന് മുട്ടുന്ന വാതിലുകളിൽ ഹോട്ടൽ ഉടമകളുടെ ഗുണ്ടകൾ മുതൽ ആരെന്നോ ഏതെന്നോ അറിയാത്ത ജനങ്ങളും ഉണ്ട്. ഇവരുടെ സുരക്ഷിതത്വത്തിന് വേണ്ടിയുള്ള യാതൊരുവിധ വ്യവസ്ഥകളും നിലനിൽക്കുന്നില്ല.

കടുത്ത സൂര്യതാപത്തിന് ഇടയുണ്ടെന്ന് അറിയിപ്പ് ലഭിച്ച ദിവസങ്ങളിൽ പോലും നട്ടുച്ചയ്ക്ക് പൊരിവെയിലിൽ ബൈക്കുമായി ചീറി പായുന്ന ഡെലിവറി ബോയ്സിനെ കണ്ടിട്ടുണ്ട്. ഈ ദിവസങ്ങളിൽ രാവിലെ പതിനൊന്ന് മുതൽ മൂന്ന് വരെ തൊഴിലെടുപ്പിക്കുന്നത് കുറ്റകൃത്യമായി സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നിട്ട് പോലും യാതൊരു ആനുകൂല്യങ്ങളും തൊഴിലാളികൾക്ക് ലഭിച്ചില്ല. വെയിലും മഴയും ഒന്നും ബാധിക്കാത്ത അസാമാന്യവിഭാഗമായാണ് ഈ കോർപറേറ്റുകൾ ഫുഡ് ഡെലിവറി തൊഴിലാളികളെ കണ്ടുവരുന്നത്. പിറകിലെ ബാഗിൽ ഇരിക്കുന്ന ഐസ്ക്രീം വെള്ളം ആകുന്നതിന് മുമ്പ്, ബർഗറിന്റെ ചൂട് പോകും മുമ്പ് സാധനം എത്തിക്കണം. അറിയാത്ത വഴികളിലൂടെ, കഠിനമായ ട്രാഫിക്കിന് ഇടയിലൂടെ ചീറി പാഞ്ഞു പോകണം. ഈ പാച്ചിലിന് ഇടയിൽ ഇവരുടെ ജീവൻ നൂലിൽ തൂങ്ങി ആടും. റോഡ് അപകടങ്ങളിലോ തൊഴില്‍ സമയത്ത് നേരിടേണ്ടി വരുന്ന മറ്റ് അപായങ്ങളിലോ, തൊഴിലാളികൾക്ക് സഹായകരമാകുന്ന വ്യവസ്ഥകൾ ഒന്നും തന്നെ ഇത്തരം ഓൺലൈൻ ഫുഡ് ഡെലിവറി കോർപറേറ്റുകൾക്ക് ഇല്ല.

തങ്ങള്‍ തൊഴില്‍ ദാതാക്കളല്ല, മറിച്ച് സേവനദാതാക്കള്‍ മാത്രമാണ് എന്നാണ് ഈ കമ്പനികള്‍ പറയുന്നത്. അതായത് ഹോട്ടൽ ഭക്ഷണം വേണ്ടവർക്ക് അത് വീടുകളിൽ എത്തിച്ചു കൊടുക്കുന്ന ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം മാത്രമാണ് തങ്ങള്‍ സജ്ജമാക്കുന്നത് എന്നാണവര്‍ പറയുന്നത്. അതുകൊണ്ടു തന്നെ, തൊഴിലാളികള്‍ക്കുള്ള നിയമപരമായ ആനുകൂല്യങ്ങള്‍ നല്‍കേണ്ട ബാധ്യത തങ്ങൾക്കില്ല എന്നാണവരുടെ വാദം. അങ്ങനെ, യുവാക്കള്‍ക്ക് തൊഴില്‍ കണ്ടെത്തുവാന്‍ ഉള്ള ആപ്പ് നിര്‍മിക്കുക മാത്രം ചെയ്തതിലൂടെ, ഒരു തൊഴിൽദാതാവിനുള്ള നിയമപരമായ എല്ലാ ബാധ്യതകളിൽ നിന്നും ഇവർ സ്വയം മുക്തരായി. അതായത് സ്വന്തമായി ഒരു തൊഴിലാളിയെപ്പോലും നിയമിക്കാതെ, സ്വന്തമായി ഒരൊറ്റ വാഹനമോ,  ഹോട്ടലോ പോലും തുടങ്ങാതെ വെറുതേയിരുന്ന് ലാഭം കൊയ്യുവാൻ വേണ്ടി മാത്രമുള്ള സംരംഭമാണ് ഇത്തരം ആപ്പുകള്‍.

ഇങ്ങനെ അതിജീവനത്തിന് വേണ്ടി വളരെ കഠിനമായ സാഹസങ്ങൾ എടുത്തു ജോലി ചെയ്താലും, ലഭിക്കുന്ന പ്രതിഫലമോ വളരെ തുച്ഛം. ഓൺലൈൻ ഫുഡ് ഡെലിവറി ഒന്ന് ക്ലച് പിടിക്കും വരെ ലഭിച്ചിരുന്ന ഇൻസെന്റീവ്സ് ഇപ്പോൾ ഇവർക്ക് ലഭിക്കാറില്ല. നാമമാത്രമായ ശമ്പളത്തിനാണ് പലരും ജോലി ചെയ്യുന്നത്.

തൊഴിലാളികൾ ആത്മാഭിമാനം പണയം വെക്കാൻ തയ്യാറല്ലാത്ത, സമരങ്ങൾകൊണ്ട് ഒരുപാട് ചുവപ്പിച്ചിട്ടുള്ള  ഈ നാടിന്റെ പാരമ്പര്യം, പണിമുടക്ക് കൊണ്ട് പ്രതിഷേധം തീർക്കുവാൻ തൊഴിലാളികളെ പ്രേരിപ്പിക്കുന്നുണ്ട്. സംഘാടനം ഏറ്റവും ബുദ്ധിമുട്ടേറിയതായിരുന്നിട്ട് കൂടി എറണാകുളത്തെ സ്വിഗ്ഗി തൊഴിലാളികൾ ഒരുപരിധിവരെ ഇതിൽ വിജയിച്ചു. മാന്യമായ വേതനത്തിനും മറ്റു അവകാശങ്ങൾക്കും വേണ്ടിയുള്ള സ്വിഗ്ഗി തൊഴിലാളി പണിമുടക്ക് കള്ളക്കേസുകൾ ചമച്ചും, തൊഴിലാളികളെ പിരിച്ചുവിട്ടുമാണ് സ്വിഗ്ഗി എന്ന കുത്തകക്കമ്പനി നേരിട്ടത്.

പ്രധാനമായും യുവാക്കളാണ് ഓൺലൈൻ ഫുഡ് ഡെലിവറി തൊഴിൽ സ്വീകരിക്കുന്നത്. ഇവരിൽ വിദ്യാർത്ഥികളും ഉണ്ട്. സാമാന്യം തരക്കേടില്ലാത്ത ജീവിതനിലവാരം പോലും അപ്രാപ്യമായ ഈ മുതലാളിത്തവ്യവസ്ഥിതിയിൽ തങ്ങളുടെ ജീവന് ചെറിയ വില നൽകി തുച്ഛമായ ശമ്പളത്തിന് ജോലിയെടുക്കാൻ യുവാക്കൾ തയ്യാറാകുന്നതിൽ യാതൊരു അതിശയവും ഇല്ല.

"ഇഷ്ടമില്ലാത്ത തൊഴിൽ സാഹചര്യം ആണെങ്കിൽ അവസാനിപ്പിച്ചു പോകാമല്ലോ, ആരാണ് നിങ്ങളെ തടയുന്നത്?" എന്നെല്ലാം ആര്‍ക്കും എളുപ്പത്തിൽ ചോദിക്കാം. എന്നാൽ എല്ലാ പൗരര്‍ക്കും മെച്ചപ്പെട്ട ചികിത്സയും വിദ്യാഭ്യാസവും ആവശ്യമുള്ള പോഷകാഹാരവും നൽകുന്ന ഒരു സോഷ്യലിസ്റ്റ് ക്ഷേമരാഷ്ട്രമൊന്നുമല്ല നമ്മുടേത്. അടിസ്ഥാനാവശ്യങ്ങള്‍ പോലും നേടാന്‍ തൊഴില്‍ ചെയ്യേണ്ടതായി വരും. എന്നാല്‍, തൊഴിലാണെങ്കില്‍ ആവശ്യത്തിന് ലഭ്യവുമല്ല. കഴിഞ്ഞ അഞ്ച് ദശാബ്ദങ്ങളിലെ ഏറ്റവും കൂടിയ തൊഴിലില്ലായ്മാ നിരക്കാണ് നരേന്ദ്ര മോദി സര്‍ക്കാരിന്റെ കീഴില്‍ ഉണ്ടായിട്ടുള്ളത്. അപ്പോൾ പിന്നെ ഇഷ്ടമില്ലാത്ത തൊഴിൽ സാഹചര്യങ്ങൾ ഉപേക്ഷിക്കുന്നതിൽ നിന്നും തടയുന്നത് ആര് എന്ന ചോദ്യം പ്രസക്തമല്ല. പട്ടിണിയും ദാരിദ്ര്യവും മോശമായ ജീവിതസാഹചര്യങ്ങളും തന്നെയാണ് ഈ കഠിനമായ തൊഴിൽ സാഹചര്യങ്ങളിലും തുടരുവാൻ തൊഴിലാളികളെ പ്രേരിപ്പിക്കുന്നത്.

ഊബർ ഈറ്റ്‌സ്, സോമാറ്റോ, സ്വിഗ്ഗി എന്നിങ്ങനെയുള്ള കോർപറേറ്റ് ഭീമന്മാർ കേരളത്തിലെ പ്രധാനപ്പെട്ട സിറ്റികളിൽ വളരെ പ്രചാരം നേടി കഴിഞ്ഞു. ഒരു നല്ല മൊബൈൽ ആപ്പ് നിർമിക്കുന്നതിന്റെയും, ചെറിയ ഒരു കസ്റ്റമർ കെയർ സ്ഥാപിക്കുന്നതിന്റെയും, ഇതിനൊക്കെ ആവശ്യമായ ഇന്‍ഫ്രാസ്റ്റ്രക്‍ചര്‍ നിര്‍മിക്കുന്നതിന്റെയും  ചിലവ് മാത്രമേ അവര്‍ക്കുള്ളൂ. പിന്നെ വരുന്നത് കൊള്ളലാഭമാണ്. തൊഴിൽ ചെയ്യുവാൻ ആവശ്യം വേണ്ട രണ്ട് ഘടകങ്ങൾ ആയ സ്മാർട് ഫോണും വാഹനവും തൊഴിലാളിയുടേത് തന്നെ ആയതിനാൽ ആ വകക്കും ഇവർക്ക് യാതൊരു ചിലവും ഇല്ല. ഹോട്ടലിൽ നിന്നും ഉപഭോക്താവിൽ നിന്നും നേടുന്ന കമ്മീഷൻ തന്നെ വളരെ ലാഭം നേടി തരുന്നതാണ്. ഇത് പോരാതെയാണ് തൊഴിലാളികളുടെ നട്ടെല്ലൊടിച്ചുള്ള ലാഭം. ഏതൊരു മുതലാളിത്ത സംവിധാനത്തിലുമുള്ള തൊഴിലാളിവിരുദ്ധത തന്നെയാണ് ഇവരുടേയും.

ഓസ്‌ട്രേലിയയും അമേരിക്കയും പോലുള്ള വികസിതരാഷ്ട്രങ്ങളിൽ കൂടുതലും ഏഷ്യൻ വിദ്യാർത്ഥികളാണ് ഓൺലൈൻ ഫുഡ് ഡെലിവറി തൊഴിലാളികൾ ആയി ജോലി നോക്കുന്നത് (1). നട്ടെല്ല് ഒടിക്കുന്ന കോളേജ് ഫീസും ജീവിത ചിലവുകളും കാരണമാണ് ഇവർ ഇത്തരം ജോലി ചെയ്യാൻ നിർബന്ധിതരാകുന്നത്. വിദേശവിദ്യാർത്ഥികൾ ആഴ്ചയിൽ ഇരുപത് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്തുകൂട എന്നുള്ള നിയമം (2) മറികടന്നാണ് പലപ്പോഴും ഇവർ ഈ ഫുഡ് ഡെലിവറി ഏറ്റെടുത്തു ചെയ്യുന്നത്. വംശീയമായ വേർതിരിവുകൾ ഇവർക്ക് നൽകുന്ന ശമ്പളത്തിന്റെ കാര്യത്തിലും പ്രകടമാണ്.

ഓൺലൈൻ ഫുഡ് ഡെലിവറി തൊഴിലാളികൾ ഈ രീതില്‍ ചൂഷണം ചെയ്യപ്പെടുന്നതെന്തു കൊണ്ടാണ്?  നിരീക്ഷണങ്ങൾ പറയാം.

 

  1. ഇവിടെ തൊഴിലാളികൾക്ക് തൊഴിൽ ദാതാവിനോട് ആവശ്യങ്ങളുന്നയിക്കുവാനുള്ള അവസരങ്ങൾ  ലഭ്യമല്ല. വ്യക്തികളായിട്ടല്ല, മറിച്ച് ഒരു രൂപകല്പന ചെയ്യപ്പെട്ട ഓൺലൈൻ സംവിധാനവുമായിട്ടാണ് തൊഴിലാളികൾ ഇടപെടുന്നത്.

  2. ഒന്നോ രണ്ടോ പേർ ജോലി ഉപേക്ഷിച്ചാലും വളരെ എളുപ്പത്തിൽ തന്നെ ജോലി ചെയ്യുവാനുള്ള ആളുകളെ ലഭ്യമാകും. അതിനാൽ തന്നെ, ഉപഭോക്താവിനും തൊഴിൽ ദാതാവിനും ഉള്ളതിനേക്കാൾ വളരെ കുറഞ്ഞ  പ്രാധാന്യം മാത്രമേ തൊഴിലാളിക്ക് ലഭിയ്കുന്നുള്ളു.

  3. ഭക്ഷണം ഡെലിവർ ചെയ്യുന്നതിനെ പറ്റിയുള്ള ഉപഭോക്താവിന്റെ റേറ്റിങ് സിസ്റ്റം നിലനിൽക്കുന്നത് കൊണ്ട് പലപ്പോഴും അസൗകര്യങ്ങൾ മൂലം വൈകി പോകുന്നതിനെ തുടർന്നോ, വഴി കണ്ടെത്തുവാനുള്ള പ്രായോഗികബുദ്ധിമുട്ടുകളെ തുടർന്നോ കുറഞ്ഞ റേറ്റിങ് നേടേണ്ടി വന്നേക്കാവുന്ന തൊഴിലാളികൾക്ക് ശിക്ഷാനടപടികളും നേരിടേണ്ടി വരുന്ന അവസ്ഥ നിലനിൽക്കുന്നുണ്ട്. ഇതിൽ ശമ്പളം പിടിക്കുവാനോ പിരിച്ചു വിടുവാനോ വരെ സാധ്യത ഉണ്ട്.

  4. കൂടുതൽ യുവാക്കളും ഈ തൊഴിലിനെ ഒരു താൽക്കാലികതൊഴിൽ മാത്രമായാണ് കാണുന്നത്. അതുകൊണ്ട് പല പ്രശ്നങ്ങളും ഈ തൊഴിലാളികൾ കണ്ടില്ലെന്ന് നടിക്കുന്നു.

യു.കെയില്‍ ഊബര്‍ റ്റാക്സി ഡ്രൈവര്‍മാര്‍ക്ക് തൊഴില്പരമായ അവകാശങ്ങളുണ്ടെന്നും, അവ നല്‍കുവാന്‍ ഊബറിന് ബാധ്യതയുണ്ടെന്നും അവിടത്തെ കോടതി 2018ല്‍ വിധിച്ചിരുന്നു (3). തൊഴില്പരമായ അവകാശങ്ങള്‍ക്ക് വേണ്ടി നിയമനിര്‍മാണം നടത്തുവാന്‍ അമേരിക്കന്‍ ഐക്യനാടുകളിലെ കാലിഫോര്‍ണിയ ശ്രമിക്കുകയാണ് (4).

തൊഴിലാളികളുടെ വിയർപ്പുകൊണ്ട് കെട്ടിപ്പൊക്കിയ ഈ ലോകത്തിൽ ഏറ്റവും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വിഭാഗമായി അന്നും ഇന്നും തൊഴിലാളികൾ തന്നെ തുടരുന്നു. കൂടുതൽ കൂടുതൽ വലത്തോട്ട് നീങ്ങുന്ന രാഷ്ട്രീയസാഹചര്യങ്ങളിൽ,  വർഗരാഷ്ട്രീയത്തെ പറ്റിയോ തൊഴിലാളി വർഗത്തിന്റെ അവകാശങ്ങളെ കുറിച്ചോ ആർക്കും അറിയുവാൻ താൽപര്യവുമില്ല. എന്നിരിക്കിലും, തൊഴിലാളികളുടെ അടിസ്ഥാനപരമായ അവകാശങ്ങളെ പറ്റിയുള്ള അവബോധനിർമാണത്തിന് സമൂഹത്തിനെ കൂടുതൽ തുല്യതയിലേക്കും ചൂഷണരാഹിത്യത്തിലേക്കും നയിക്കുവാൻ കഴിയും. ഇത് എങ്ങനെയൊക്കെ ചെയ്യാം എന്നത് സംബന്ധിച്ചാണ് ചര്‍ച്ചകള്‍ വേണ്ടത്.

അവലംബങ്ങൾ

  1. https://thesocialist.org.au/food-delivery-rip-off/

  2. https://www.internationalstudent.com/study_australia/working/student-visa-rules/

  3. https://www.theguardian.com/technology/2018/dec/19/uber-loses-appeal-over-driver-employment-rights

  4. https://www.citylab.com/transportation/2019/06/gig-economy-employment-law-california-bill-ab-5-uber-lyft/591565/