ബിഹാറിനും ഗോരഖ്‌പൂറിനും ഇടതുപക്ഷമാണ് ബദല്‍

ദേശസ്നേഹവും രാജ്യത്തോടുള്ള കൂറും പ്രകടിപ്പിക്കാൻ ഈ ഭൂമിയിൽ ആദ്യം ജീവിച്ചിരിക്കണ്ടേ എന്ന് ആരോ ഒരാൾ എഴുതിയത് ഓർമ്മയിൽ വരികയാണ്. മസ്തിഷ്കജ്വരം ബാധിച്ചു ബിഹാറിലെ മുസഫർപൂരിൽ നൂറിലേറെ കുട്ടികൾ മരിച്ച സംഭവമോർക്കുമ്പോൾ ആദ്യം മനസ്സിലോടിയ ചിന്തയിതാണ്.
വാഷിങ്ങ്ടൻ യൂണിവേഴ്സിറ്റിയുടെ Global Burden of Disease (GBD) 2018ലെ റിപ്പോർട് പ്രകാരം ഇന്ത്യയിൽ മരണപ്പെട്ട ആളുകളിൽ തൊണ്ണൂറ് ശതമാനം പേരും പലവിധമായ ആരോഗ്യസംബന്ധമായ കാരണങ്ങൾ മൂലമാണ് മരണപ്പെടുന്നത്. നിരവധിയായ കാരണങ്ങൾ ഇത് സംബന്ധിച്ച് ഉയർത്തിക്കാട്ടാൻ സാധിക്കും. ബിഹാർ എന്ന ഇന്ത്യൻ സംസ്ഥാനത്തെ സംബന്ധിച്ച് 2017-18ലെ നീതി ആയോഗിന്റെ ആരോഗ്യസൂചികയിൽ ഏറ്റവും പിന്നിലായിരുന്നു. ആരോഗ്യമേഖലയില്‍ ബിഹാര്‍ സര്‍ക്കാരിന്റെ ആളോഹരി ചെലവിടല്‍ എന്നത് വെറും 491 രൂപ മാത്രമാണ്. കേരളത്തിലിത് 1463 രൂപയാണ് എന്നറിയുമ്പോഴാണ് ഇതെത്ര തുച്ഛമാണെന്ന് വ്യക്തമാകുന്നത്.
മുൻഗണനയുടെ രാഷ്ട്രീയനയം
ഇത് സംബന്ധമായ കാരണങ്ങൾ അന്വേഷിച്ച് ഏറെ ദൂരമൊന്നും പോകേണ്ടതില്ലാ. രാജ്യം ഭരിക്കുന്ന സംഘപരിവാർ നിയന്ത്രിത സർക്കാരിന്റെ നയങ്ങൾ മാത്രം നോക്കിയാൽ മതി. ആരോഗ്യമേഖലയിൽ ലോകത്തിലേറ്റവും കുറവ് പണം മാറ്റിയിരുപ്പ് നടത്തുന്ന രാജ്യമാണ് ഇന്ത്യ. 2015ൽ ഇന്ത്യയുടെ ആകെ ആഭ്യന്തരോത്പാദനത്തിന്റെ (GDP) വെറും 1.02 ശതമാനം തുക മാത്രമാണ് ആരോഗ്യമേഖലക്കായ് മാറ്റിവെച്ചത്. പൊതുജനാരോഗ്യമേഖലയിൽ 2017-18 കാലയളവിൽ ആഭ്യന്തരോത്പാദനത്തിന്റെ 1.4 ശതമാനം തുക വിനിയോഗം കണക്കാക്കിയപ്പോൾ, അയല്‍രാജ്യമായ ശ്രീലങ്കയിൽ ആരോഗ്യമേഖലയ്ക്കായുള്ള തുക നീക്കിയിരിപ്പ് ആഭ്യന്തരോത്പാദനത്തിന്റെ 1.6 ശതമാനമായിരുന്നു. ശ്രീലങ്കയെപ്പോലെ മറ്റ് ഏഷ്യന്‍ രാജ്യങ്ങളും പൊതുജനാരോഗ്യമേഖലയ്ക്ക് ഏറെ പ്രാധാന്യം നല്‍കുന്നുവെന്ന് കണക്കുകള്‍ പരിശോധിച്ചാല്‍ കാണാന്‍ സാധിക്കും. ഭൂട്ടാനിൽ 2.5 ശതമാനം, തായ്‌ലന്‍ഡില്‍ 2.9 ശതമാനം, മാലദ്വീപില്‍ 9.4 ശതമാനം എന്നിങ്ങനെ പോകുന്നു ആരോഗ്യമേഖലയിലുള്ള ചെലവിടലിന്റെ കണക്കുകൾ.
പൊതുജനാരോഗ്യമേഖലയില്‍ ചെലവിടാനായി പണമില്ലാഞ്ഞിട്ടല്ല, താത്പര്യമില്ലാഞ്ഞിട്ടാണെന്ന് ഇതരമേഖലകളില്‍ ചെലവിടുന്ന തുക കണ്ടാല്‍ മനസ്സിലാകും. സൈനികമേഖലയിൽ ആയുധവ്യാപാരത്തിനടക്കം ഏറ്റവുമധികം പണം മുടക്കുന്ന ലോകത്തെ അഞ്ചാമത്തെ വലിയ രാജ്യമാണ് ഇന്ത്യ. 2017-18 കാലത്ത് ഇന്ത്യയുടെ പ്രതിരോധബഡ്ജറ്റ് എന്നത് 4.31 ലക്ഷം കോടി രൂപയാണ്. ഇന്ത്യയുടെ മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ 2.5 ശതമാനം വരും ഇത്. അതായത് ഇന്ത്യയുടെ ആരോഗ്യബജറ്റിന്റെ ഇരട്ടിയോളം തുകയാണ് പ്രതിരോധബജറ്റിനായി കേന്ദ്രസർക്കാർ വകയിരുത്തുന്നത്.
മറ്റൊരു രസകരമായ കണക്കുണ്ട്, ഇന്ത്യയുടെ പ്രതിരോധമേഖലയ്ക്കും ആരോഗ്യമേഖലയ്ക്കുമുള്ള ബജറ്റ് തുകയേക്കാൾ അധികമാണ് വിദ്യാഭ്യാസമേഖലയ്ക്ക് ബഡ്ജറ്റിൽ അനുവദിച്ചിട്ടുള്ളത്. ഉദ്ദേശം 4.41 ലക്ഷം കോടി രൂപ നീക്കിയിരിപ്പ്. ആഭ്യന്തരോത്പാദനത്തിന്റെ 2.6 ശതമാനത്തോളം വരും ഇത്. പക്ഷേ 2018ലെ Annual Status of Education Report (ASER) പ്രകാരം ഇന്ത്യയിലെ ഒരു ശരാശരി അഞ്ചാം ക്ലാസ്സ് വിദ്യാർത്ഥിക്ക് രണ്ടാം ക്ലാസ്സിലെ പാഠപുസ്തകം പോലും വായിക്കാൻ സാധിക്കുന്നില്ല എന്നാണ് കണ്ടെത്തല്‍. അത്രമേൽ പരിതാപകരമാണ് ഇന്ത്യൻ വിദ്യാഭ്യാസമേഖല.
ആരോഗ്യരംഗത്തെ ഇടത് ബദൽ
കേരളത്തെ നിരന്തരം നിരീക്ഷിക്കുകയും, അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും ചെയ്തിരുന്ന ഒരു വ്യക്തിയാണ് ലോകപ്രശസ്തസാമ്പത്തികവിദഗ്ദ്ധനും നൊബേല്‍ സമ്മാനജേതാവുമായ അമര്‍ത്യ സെന്‍. കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് യുണൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാമും ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് സ്റ്റഡീസും ചേര്‍ന്ന് മനുഷ്യവികസന അന്താരാഷ്ട്രകേന്ദ്രത്തിന് തുടക്കമിട്ടപ്പോള്‍ ആ ചടങ്ങില്‍ സംസാരിച്ച അദ്ദേഹം പറഞ്ഞു: "ഗുണമേന്മയുള്ള ജീവിതം പ്രദാനം ചെയ്യുന്ന കാര്യത്തില്‍ കേരളത്തില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്.''
വർഷങ്ങൾക്കിപ്പുറം നിന്ന് അമർത്യാ സെൻ വിലയിരുത്തിയ ആരോഗ്യമേഖലയിലേ കേരള മോഡൽ ലോകനിലവാരത്തിൽ രാജ്യത്തിനാക്കെ മാതൃകയാണ്. ദേശീയ ശരാശരിയുമായി താരതമ്യം ചെയ്യുമ്പോൾ ഉയർന്നതാണ് കേരളത്തിന്റെ സൂചികകളെങ്കിലും വലിയ മുന്നേറ്റവുമായി തന്നെ സംസ്ഥാനം മുന്നോട്ട് പോവുകയാണ്. സാർവത്രികവും സൗജന്യവും സമഗ്രവുമായ ആരോഗ്യരക്ഷാസംവിധാനം ഏർപ്പെടുത്തുകയും ശിശു, ബാല, മാതൃ മരണനിരക്കുകൾ വികസിതരാജ്യങ്ങളിലേതിനുതുല്യമായ തലത്തിൽ എത്തിക്കുകയും ചെയ്യുകയും ജനങ്ങളുടെ ആരോഗ്യത്തോടെയുള്ള ആയുർദൈർഘ്യം കൂട്ടുകയുമാണ് ദീർഗ്ഘകാലത്തേക്കുള്ള ലക്ഷ്യങ്ങളായി കേരളം രാജ്യത്തിന് ഇടതുപക്ഷ ബദൽ മാതൃക സൃഷ്ടിക്കയാണ്.
ഒരു രാജ്യത്തെ ജനതയുടെ ജീവിതനിലവാരവും, ആരോഗ്യപരിരക്ഷയും, തൊഴിൽ സംരക്ഷണവും ഉറപ്പു വരുത്തുക എന്നത് ഭരിക്കുന്ന സർക്കാരിന്റെ സാമ്പത്തിക-രാഷ്ട്രീയനയങ്ങളുടെ പ്രതിഫലനങ്ങളിലൂടെയാണ്. ശുദ്ധമായ വായുവും, വെള്ളവും, വിഷവിമുക്തമായ ഭക്ഷണവും, മലിനപ്പെടാത്ത അന്തരീക്ഷവും ഒക്കെയാണ് ഒരു മനുഷ്യന്റെ ആരോഗ്യകരമായ ജീവിതാവസ്ഥയെ നിലനിർത്തുന്ന പ്രധാനഘടകങ്ങൾ. ഈ അടിസ്ഥാനഘടകങ്ങൾ രൂപപ്പെടുത്തി എടുക്കുന്നതിൽ സമുഹവും, ഭരണസംവിധാനങ്ങളും പരാജയപ്പെട്ടുമ്പോൾ ബീഹാറും, ഗോരഖ്‌പൂറും പോലെയുള്ള ദാരുണസംഭവങ്ങൾ ആവർത്തിക്കപ്പെടുക. ഇവിടെയാണ് കേരളം പോലെയുള്ള ഒരു സംസ്ഥാനം രാജ്യത്തിനാകെ മാതൃകയാവുന്ന തരത്തിൽ ആരോഗ്യരംഗത്ത് ഇടപെടുന്നത്.
ദേശീയാരോഗ്യരംഗത്ത് മറ്റുസംസ്ഥാനങ്ങളെ ബഹുദൂരം പിന്തള്ളി നിലവിൽ ഒന്നാമതാണ് കേരളം. പൊതുമേഖലാ ആരോഗ്യസംരക്ഷണസംവിധാനത്തിലൂടെ എല്ലാ ജനങ്ങൾക്കും ഗുണനിലവാരമുള്ള ആരോഗ്യസംരക്ഷണ സൗകര്യങ്ങൾ ലഭ്യമാക്കുന്ന നടപടികൾ നിലവിൽ സ്വികരിച്ച് വരുന്നുണ്ട് കേരളത്തിൽ. ഇത് അംഗീകരിച്ചു കൊണ്ടാണ് കേന്ദ്രസർക്കാരിന് കീഴിലുള്ള നീതി ആയോഗ് കേരളത്തെ ഏറ്റവും മികച്ച പൊതുജനാരോഗ്യസംവിധാനമുള്ള സംസ്ഥാനമായി ഇത്തവണ തെരെഞ്ഞെടുത്തിരിക്കുന്നത്. ഈ ബഹുമതി കേരളത്തിന് മുമ്പും നീതി ആയോഗ് നല്‍കിയിരുന്നു. ലോകബാങ്കിന്റെ സഹകരണത്തോടെ നീതി ആയോഗ് നടത്തിയതായിരുന്നു കേരളത്തിന് ഏറെ അഭിമാനകരമായ പഠനം നടത്തിയത്.
ആരോഗ്യരംഗത്തിനായി കേരളം മൊത്തം ബഡ്ജറ്റ് വിഹിതത്തിന്റെ 5.3 ശതമാനമാണ് 2018-19 കാലത്ത് ചിലവഴിക്കാൻ തീരുമാനിച്ചത്. ഉദ്ദേശം 1686 കോടി രൂപയോളം വരുമിത്. ഇന്ത്യയിലെ പത്തൊമ്പത് സംസ്ഥാനങ്ങളുടെ ആകെ ശരാശരിയുടെ മുകളിൽ വരും ഈ നീക്കിയിരിപ്പ്. ഇത് കേരളത്തിന്റെ മാത്രം നയമല്ല. ഇത് ഇടതുപക്ഷം മുന്നോട്ട് വയ്ക്കുന്ന നയമാണ്. പതിനേഴാം ലോക്‍സഭാ തെരെഞ്ഞെടുപ്പിന് സിപിഐ(എം) മുന്നോട്ട് വച്ച പ്രകടനപത്രികയില്‍ ഇത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ആരോഗ്യമേഖലയിലെ സര്‍ക്കാര്‍ ചെലവ് കുറഞ്ഞത് ജിഡിപിയുടെ അഞ്ച് ശതമാനം എങ്കിലും ആക്കും എന്നായിരുന്നു സിപിഐ(എം) മുന്നോട്ട് വെച്ച വാഗ്ദാനം.
ഇന്ത്യ ആകെയായി പരിഗണിച്ചാലും, മറ്റുള്ള സംസ്ഥാനങ്ങളെ അപേക്ഷിച്ചും പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ ശക്തമാക്കുകയും പൊതുജനാരോഗ്യ ശൃംഖലയെ ആധുനികവത്ക്കരിക്കുകയും രോഗീ സൗഹൃദമാക്കുകയും ചെയ്യുക എന്നതാണ് കേരളത്തിന്റെ ആരോഗ്യനയത്തിന്റെ കാതൽ. ഇത്തരമൊരു രാഷ്ട്രീയനയം കേന്ദ്രഭരണം കൈയ്യാളുന്ന രാഷ്ട്രീയകക്ഷിക്കില്ല എന്നതാണ് ദാരുണമായ ഇത്തരം ദുരന്തങ്ങൾ രാജ്യത്തെ ആരോഗ്യമേഖലയിൽ തുടരെത്തുടടെ സംഭവിക്കുന്നതിന് കാരണം.
ക്രിക്കറ്റിലെ വിക്കറ്റുകൾ എണ്ണുന്നത് പോലെ പിഞ്ചോമനകളുടെ മരണം എണ്ണുന്ന മാനസികാവസ്ഥയുള്ളവർ രാജ്യം ഭരിക്കുമ്പോൾ ആരോഗ്യനയം സംബന്ധിച്ച ചർച്ചയ്ക്ക് എന്ത് പ്രസക്തി?