ദുരന്തമുഖത്ത് രാഷ്ട്രീയം കളിക്കുന്നവർ

Ramesh Chennithala has raised baseless allegations against Kerala Government on Sprinklr

"നമുക്ക് നമ്മുടെ മുറ്റത്തെ അമേരിക്കയെ ചോദ്യം ചെയ്യാം."

 

"പക്ഷെ ഒരു ബ്രേക്കിംഗ് പോയിന്റ്‌ വരുമ്പോൾ നിങ്ങൾ ഉണരുന്നു."

ജനകീയാസൂത്രണ വിവാദകാലത്ത് എം.എൻ. വിജയൻ മാതൃഭൂമി ആഴ്ചപ്പതിപ്പിലെഴുതിയ ഗമണ്ടൻ ലേഖനങ്ങളുടെ തലക്കെട്ടുകളാണിവ. കഴിഞ്ഞ ദിവസങ്ങളിലെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ പ്രകടനങ്ങൾ കണ്ടപ്പോൾ എം.എൻ. വിജയനെഴുതിയ ഹാസ്യസാഹിത്യങ്ങളാണ് ഓർമ വന്നത്. ഗവേഷണത്തിന്റെ ഭാഗമായാണ് അതൊക്കെ വായിച്ചത്. ജനകീയാസൂത്രണം ലോകബാങ്ക് അജണ്ടയാണെന്നായിരുന്നു എം. എൻ. വിജയനും അദ്ദേഹം എഡിറ്റ്‌ ചെയ്ത "പാഠം" മാസികയും പറഞ്ഞുകൊണ്ടിരുന്നത്. പഞ്ചായത്തുകളുടെ വിഭവഭൂപടനിർമാണം വഴി സിപിഐ(എം) കേരളത്തെ വിദേശരാജ്യങ്ങൾക്ക് അടിയറവെക്കുകയാണെന്നായിരുന്നു മാതൃഭൂമി ലേഖനങ്ങളിലെ പ്രധാനവാദം. 'ടെക്നോക്രാറ്റിക് ഇമ്പീരിയലിസം' എന്നൊക്കെയാണ് അദ്ദേഹം വിഭവഭൂപടമുണ്ടാക്കിയതിനെ തിയറൈസ് ചെയ്തത്!

അമേരിക്കൻ കമ്പനിക്ക് കോവിഡ് രോഗബാധിതരായ മലയാളികളുടെ ആരോഗ്യവിവരങ്ങൾ കൈമാറുന്നുവെന്ന പ്രതിപക്ഷനേതാവിന്റെ ഇപ്പോളുണ്ടായ ആരോപണം, ഒരുതരത്തിൽ മേൽപ്പറഞ്ഞ എം.എൻ. വിജയൻ സ്കൂളിന്റെ വഴിപിടിച്ചുകൊണ്ടാണ്. സ്പ്രിങ്ക്ളർ വിഷയം കുത്തിപ്പൊക്കിയതിന് കൃത്യം ഒരു വർഷം മുമ്പ്, 2019 ഏപ്രിൽ 11ന് രമേശ് ചെന്നിത്തല എം.എൻ. വിജയനേയും പാഠം മാസികയേയും ഉദ്ധരിച്ചുകൊണ്ട് ഫേസ്ബുക്കിൽ ഒരു പോസ്റ്റ് ഇട്ടിരുന്നു. മസാല ബോണ്ട്‌ വിഷയത്തിലായിരുന്നു, ഇപ്പോൾ ചെറിയ കുട്ടികൾപോലും ചിരിച്ചുതള്ളുന്ന അന്നത്തെ സിൻഡിക്കേറ്റ് സൃഷ്ടിയായ തോമസ് ഐസക്-റിച്ചാർഡ് ഫ്രാങ്കി-അമേരിക്കൻ ചാരപ്പണി വിവാദത്തെയാണ് രമേശ് ചെന്നിത്തല അന്ന് എടുത്തുപയോഗിച്ചത് (ചിത്രം 1). ധനമന്ത്രി തോമസ് ഐസക്കിനെ ഏതുവിധേനയും ആക്രമിക്കുക എന്നതുമാത്രമായിരുന്നു രമേശ് ചെന്നിത്തലയുടെ ലക്ഷ്യം. അതേ രീതിയിലുള്ള ഒരു ആക്രമണമാണ് സ്പ്രിങ്ക്ളർ വിഷയത്തിലും കാണുന്നതെന്നാണ് ഇപ്പോൾ മനസ്സിലാകുന്നത്.

Screenshot of Ramesh Chennithala's Facebook Post
ചിത്രം 1

സർക്കാരിന്റെ കീഴിലുള്ള സി-ഡിറ്റിന് ചെയ്യാവുന്ന കാര്യങ്ങൾ അമേരിക്കൻ കമ്പനിയെ ഏൽപ്പിക്കണോയെന്ന ചെന്നിത്തലയുടെ ആവർത്തിച്ചുള്ള ചോദ്യം മുമ്പുയർന്നുവന്ന ജനകീയാസൂത്രണ വിവാദവിഷയം, സിപിഐ(എം)ന്റെ വലതുവ്യതിയാനം എന്ന ആരോപണങ്ങളിൽ പയറ്റിയ തിരക്കഥ അതേ മട്ടിൽ ആവർത്തിക്കുന്നത് പോലെയാണ്. ഹോം വർക്കൊക്കെ കാര്യമായി ചെയ്തിട്ടും കാര്യങ്ങൾ മുമ്പത്തേതു പോലെ ഏശാത്തത് നാട്ടുകാർക്കിപ്പോൾ സ്വൽപ്പം ബോധം വെച്ചതുകൊണ്ടാണെന്ന് ഈ ആരോപണം ഉന്നയിക്കുന്നവർക്ക് മനസ്സിലായിട്ടില്ല. സോഷ്യൽ മീഡിയയുടെ കാലത്ത് ഒന്നും "പണ്ടേ പോലെ ഫലിക്കുകയില്ലിനി"യെന്ന നഗ്നസത്യം ഇക്കൂട്ടരിനി മനസ്സിലാക്കാൻ പോവുന്നുമില്ല. ചുരുക്കത്തിൽ, ഇനിയും വരും ഇതുപോലുള്ള നനഞ്ഞ പടക്കങ്ങൾ എന്നുതന്നെ.

എം.എൻ. വിജയനെക്കുറിച്ച് പറഞ്ഞായിരുന്നല്ലോ തുടങ്ങിയത്. ഇത്രയുമായ സ്‌ഥിതിക്ക് എം.എൻ. വിജയൻ പൂണ്ടുവിളയാടിയ, 'മുറ്റത്തെ അമേരിക്കയെ' ചോദ്യം ചെയ്തുവിറപ്പിച്ച ആ കാലത്തേക്കൊന്ന് തിരിച്ചുപോകാം.

കേരളത്തിലെ അധികാരവികേന്ദ്രീകരണപ്രക്രിയയെക്കുറിച്ചു പഠിക്കാനെത്തിയ മോണ്ട്ക്ലെയർ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായിരുന്ന റിച്ചാർഡ് ഫ്രാങ്കിയുടെ വെബ്സൈറ്റിനകത്ത് ഏതോ രേഖയിലെ അവലംബത്തിൽ യു.എസ്. എയിഡിന്റെ ലിങ്ക് ഉണ്ടെന്നും അതിന്റെ അർത്ഥം അയാൾ ലോകബാങ്കിന്റെയും സിഐഎയുടെയും ചാരനാണെന്നും പറഞ്ഞ മഹാനാണ് എം.എൻ. വിജയൻ. റിച്ചാർഡ് ഫ്രാങ്കിയുമായി ചേർന്ന് പുസ്തകമെഴുതിയ ഡോ. തോമസ് ഐസക്കിനെ അതുവഴി സാമ്രാജ്യത്വചാരനായി മുദ്രകുത്തിയതും ഇതേ എം.എൻ. വിജയൻ തന്നെയായിരുന്നു. സകല സിപിഐ(എം)വിരുദ്ധ മാധ്യമങ്ങളും വർഷങ്ങളോളം ആഘോഷിച്ച ഈ ഗൂഢാലോചനാ സിദ്ധാന്തങ്ങൾ എം.എൻ. വിജയനൊപ്പം പ്രചരിപ്പിക്കാൻ മുന്നിൽനിന്ന മറ്റൊരാളാണ് ബെർലിൻ കുഞ്ഞനന്തൻ നായർ.

എം.എൻ. വിജയൻ അനുകൂലികളുടെ കൂട്ടായ്മയായ 'ലെഫ്റ്റ് വ്യൂസ് പബ്ലിഷേഴ്സ്' കോഴിക്കോട്ടുനിന്നും പുറത്തിറക്കിയ പുസ്തകമാണ് ബർലിൻ കുഞ്ഞനന്തൻ നായർ എഴുതിയ "അധിനിവേശത്തിന്റെ ദല്ലാളർ". സിപിഐ(എം)ന്റെ സാമ്രാജ്യത്വസേവ പുറത്തുകൊണ്ടുവരികയായിരുന്നു ബെർലിന്റെയും കൂട്ടരുടെയും ലക്ഷ്യം. നേരത്തെ പറഞ്ഞ റിച്ചാർഡ് ഫ്രാങ്കിയുടെ വെബ്സൈറ്റിലെ ലിങ്കും, വേറെ പല ലിങ്കുകളും ചേർന്ന് ഒടുവിലത് സിഐഎയിലേക്ക് വന്നെത്തുന്ന ലിങ്കും ഒക്കെ വരച്ചാണ് പുസ്തകത്തിന്റെ പുറംചട്ട. (ചിത്രം 2) പുസ്തകത്തിന്റെ രണ്ടാം പേജിൽ സീരീസ് എഡിറ്ററായി ഡോ. ആസാദിന്റെ പേരുണ്ട്. എന്നാലത്ത് വൈറ്റ്നർ കൊണ്ട് മറച്ചുവെക്കാൻ പ്രസാധകർ ശ്രമിച്ചിട്ടുണ്ട്. കേരളത്തിലെ സിപിഐ(എം) സിഐഎക്ക് പൂർണ്ണമായും കീഴ്പ്പെട്ടുകഴിഞ്ഞിരിക്കുന്നുവെന്നാണ് ഈ പുസ്തകത്തിന്റെ കണ്ടെത്തൽ. സിപിഐ(എം)ന്റെ നേതൃത്വം അമേരിക്കൻ ചാരന്മാർ ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും സോവിയറ്റ് യൂണിയൻ തകർന്നതുപോലെ "തദ്ദേശീയരായ ഒറ്റുകാരുടെ പിന്തുണയിലൂടെ" കേരളത്തിലെ സിപിഐ(എം)ഉം ചാരപ്പണി വഴി സാമ്രാജ്യത്വശക്തികൾക്ക് കീഴടങ്ങിയിരിക്കുകയാണെന്നും ഉമേഷ്‌ ബാബു 2003 ഡിസംബർ 31ന് ഈ പുസ്തകത്തിനെഴുതിയ അവതാരികയിൽ പറയുന്നു. (കെ.സി. ഉമേഷ്ബാബു, അവതാരിക: "സിഐഎയുമായുള്ള സഹശയനത്തിന്റെ കാലത്ത്")

Photograph of Cover page of M.N. Vijayan's book against Thomas Isaac.
ചിത്രം 2

പുസ്തകത്തിന്റെ പതിനെട്ടാം പേജിൽ (ചിത്രം 3) മേൽപ്പറഞ്ഞ സിപിഐഎമ്മിന്റെ അമേരിക്കൻ ചാരപ്പണിയും സാമ്രാജ്യത്വ വിധേയത്വവും സമർത്ഥിക്കാൻ ബെർലിൻ എഴുതുന്നത് നോക്കുക:

"....ഇത്തരം വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് മൗണ്ട് ക്ലയർ സർവ്വകലാശാല പ്രവർത്തിക്കുന്നത്. ലൈംഗികഅരാജകത്വ വിഷയത്തിൽ അവിടെ ഒരു ഗവേഷണം തന്നെയുണ്ട്. ആണിന് ആണിനേയും (GAY) പെണ്ണിന് പെണ്ണിനേയും (LESBIAN) വിവാഹം ചെയ്യാം. അവർക്ക് ലൈംഗിക ബന്ധമാവാം, ഒരാണിന് ഒരാണിനെയും ഒരു പെണ്ണിനേയും കെട്ടാം (ബൈ സെക്ഷ്വൽ), 'വ്യക്തികൾ വൈവിദ്ധ്യത്തിന്റെ ഭാഗമാണ് ' തുടങ്ങിയ സിദ്ധാന്തങ്ങൾ ഇവർ വളർത്തിയെടുക്കുന്നു. സ്വവർഗ്ഗരതിയെക്കുറിച്ച് മുൻവിധിയും വിവേചനവും പാടില്ല. അതിനായാണത്രെ ഗേ-ലെസ്ബിയൻ ഫാക്കൽറ്റി. മൗണ്ട് ക്ലയർ യൂനിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട ഇത്തരം വെളിപ്പെടുത്തലുകൾക്ക് ശേഷം കേരള സർവ്വകലാശാല അവരുമായുള്ള ബന്ധം വിച്ഛേദിച്ചതായി ഒരു മലയാള പാത്രത്തിൽ വാർത്തകണ്ടു. നേരത്തേയുണ്ടാക്കിയ കരാർ എന്താണെന്നും അത് വിച്ഛേദിച്ചത് എന്തിനാണെന്നും ഈ യൂനിവേഴ്സിറ്റി വക്താക്കൾ വിശദമാക്കേണ്ടതുണ്ട്. ഇതിനുവന്ന പണമെത്രയെന്നും ഇതിന്റെ ഗുണഭോക്താക്കൾ ആരെല്ലാമാണെന്നും വെളിപ്പെടുത്തേണ്ടത് കേരള സർവ്വകലാശാല വൈസ് ചാൻസലർ ആണ്." - അധിനിവേശത്തിന്റെ ദല്ലാളർ, ബെർലിൻ കുഞ്ഞനന്തൻ നായർ.

Berlin Kunjananthan Nair on LGBT
ചിത്രം 3

എങ്ങനെയുണ്ട് ഈ സൈദ്ധാന്തീകരണം?

കേരളസർവകലാശാല വിസി എന്നനിലയിൽ ഡോ. ബി ഇഖ്ബാലിനെയാണ് എം.എൻ. വിജയൻ അനുകൂലികൾ ലക്ഷ്യം വയ്ക്കുവാൻ ശ്രമിക്കുന്നത്. സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസിനെയും (CDS) ശാസ്ത്രസാഹിത്യപരിഷത്തിനെയും പ്രതിക്കൂട്ടിലാക്കാനും ശ്രമിക്കുന്നുണ്ട്. പുസ്തകത്തിൽ പറയുന്നത് നോക്കുക. ലൈംഗിക അരാജകവാദമാണത്രെ. കാലത്തിന്റെ ആനുകൂല്യമൊന്നും ഇവർക്ക് നൽകണമെന്നുതോന്നുന്നില്ല. ഇന്ത്യയിൽ പുരോഗമനവാദികൾ എൽജിബിറ്റി (LGBT) വിഷയങ്ങൾ ഉന്നയിച്ചുതുടങ്ങിയ കാലമൊക്കെത്തന്നെയാണ് 2004. അതേ 2004ൽ യഥാർത്ഥ ഇടതുപക്ഷം പ്രസംഗിക്കുന്ന ആളുകൾ എടുത്ത നിലപാടാണ് മുമ്പ് പറഞ്ഞത്. സിപിഐ(എം)നെ അമേരിക്കൻ ചാരന്മാരാക്കാനുള്ള വ്യഗ്രതയിൽ ട്രാൻസ്‌ജെൻഡർ സ്വത്വത്തെക്കൂടി ആരോപണങ്ങളുടെ മുൾമുനയിൽ നിർത്തുന്നുണ്ടിവർ. എൽജിബിറ്റി വിഷയത്തിൽ നിലപാടെടുത്തതിനാൽ സിപിഐ(എം)നെ ചിത്രവധം ചെയ്യാനാണ് ഇവർ തുനിഞ്ഞത്.

2004ൽ പിന്നീടിറങ്ങിയ പാഠം മാസികയിൽ ഈ വിഷയത്തിൽ സിപിഐ(എം)നെ വിമർശിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ട "എം.എ. ബേബിയുടെ ലൈംഗിക പെരിസ്‌ട്രോയിക്ക" എന്ന ലേഖനം 2006ലെ തെരെഞ്ഞെടുപ്പു കാലത്ത് ക്രൈം മാസിക വ്യാപകമായി എടുത്തുപയോഗിക്കുകയുണ്ടായി. സിപിഐ(എം) നേതാക്കളെ "ലൈംഗിക അരാജകവാദി"കളായി ചിത്രീകരിക്കുകയായിരുന്നു ഇതിലൊക്കെ. ഈ വിഷയത്തിൽ സിപിഐ(എം) നേതാക്കളെയാകെ അജണ്ട വെച്ച് ആക്രമിക്കുകയായിരുന്നു ഇവർ. ഒരു തെറിവിളിയായാണ്, അറപ്പുളവാക്കുന്ന സംജ്ഞയായാണ് അന്നിവർ എൽജിബിറ്റി ഐഡന്റിറ്റിയെ ഉപയോഗിച്ചതെന്ന് ഇവരെയൊക്കെ ഓഡിറ്റ് ചെയ്യേണ്ടതുണ്ട്. ഇതേ ആളുകൾ ഇന്ന് ക്വിയർ പ്രൈഡ് മാർച്ചുകളിൽ ആവേശത്തോടെ പങ്കെടുക്കുന്നതും സാമൂഹ്യ മാധ്യമങ്ങളിൽ ഫോട്ടോ പങ്കുവെക്കുന്നതും കാണാൻ കഴിയുമെന്നത് വേറെക്കാര്യം.

ബെർലിനും യഥാർത്ഥ ഇടതന്മാരുടെ സംഘവും എന്നാൽ ഇതുകൊണ്ടൊന്നും അവസാനിപ്പിക്കാൻ തയ്യാറായിരുന്നില്ല. എൽജിബിറ്റി നിലപാടും മറ്റുമൊക്കെ ഉൾക്കൊള്ളിച്ച് വലിയൊരു ഇംഗ്ലീഷ് പുസ്തകം കുഞ്ഞനന്തൻ നായർ ജർമനിയിൽ ഉള്ളകാലത്ത് എഴുതി തീർത്തതാണത്രേ. ഇതേക്കുറിച്ച് "അധിനിവേശത്തിന്റെ ദല്ലാളർ" എന്ന മേൽപ്പറഞ്ഞ പുസ്തകത്തിൽ തന്നെ ബെർലിൻ പറയുന്നുമുണ്ട്. "പിശാചും അവന്റെ ചാട്ടുളിയും" എന്നാണത്രേ ആ പുസ്തകത്തിനിട്ട പേര്. എന്നാൽ പുസ്തകരചന പൂർത്തിയാക്കിയയുടൻ ബെർലിന് നാട്ടിൽ വരേണ്ട ആവശ്യമുണ്ടായി. അലമാരയിലെ ഷെൽഫ് താക്കോലിട്ട് പൂട്ടി, അലമാരയ്ക്ക് നമ്പർ ലോക്കൊക്കെയിട്ടാണ് ബെർലിൻ നാട്ടിലേക്ക് പോയത്. ബെർലിൻ നാട്ടിൽപോയ സമയംനോക്കി ഫ്ലാറ്റും അലമാരയും ഷെൽഫും കള്ളത്താക്കോലിട്ട് തുറന്ന് കയ്യെഴുത്തുപ്രതി സിഐഎക്കാർ മോഷ്ടിച്ചുവത്രേ! ഇത് ഞാൻ വെറുതേ പറയുന്നതല്ല. ചിത്രങ്ങൾ ചേർക്കുന്നു,അവ സംസാരിക്കും.(ചിത്രം 4)

Berlin Kunjananthan Nair bluffing about CIA
ചിത്രം 4

ബെർലിൻ എഴുതിയത് നോക്കുക:

"ഞാൻ മോസ്‌കോ വഴി ഡൽഹിക്ക് പോയി. പോകുമ്പോൾ ഫ്‌ളാറ്റു പൂട്ടി താക്കോൽ കൂടെയെടുത്തു. മകൾ ഉഷ അപ്പോൾ ഹാല സർവകലാശാലയിലെ ഹോസ്റ്റലിൽ ആയിരുന്നു. ഒരു മാസം കഴിഞ്ഞാണ് ഞാൻ ഫ്ലാറ്റിൽ തിരിച്ചെത്തിയത്. പിശാചും അവന്റെ ചാട്ടുളിയും എന്ന പുസ്തകത്തിന്റെ രണ്ടാം ഭാഗം ഇംഗ്ലീഷ് പതിപ്പായി ജർമനിയിൽ തന്നെ അച്ചടിക്കാൻവേണ്ടി സൂക്ഷിച്ച രേഖകൾ അലമാര തുറന്നപ്പോൾ അപ്രത്യക്ഷമായിരിക്കുന്നു. ആ അലമാര നിറയേ മറ്റു പുസ്തകങ്ങൾ ഒറ്റ നോട്ടത്തിൽ ആർക്കും മനസ്സിലാകാത്ത രീതിയിൽ അടുക്കിവെച്ചിരിക്കുന്നു. ഞാൻ ഇന്ത്യയിലായിരുന്നപ്പോൾ ഫ്ലാറ്റ് കള്ളത്താക്കോലിട്ട് തുറന്ന് കയ്യെഴുത്തുപ്രതി മോഷ്ടിച്ചുവെന്ന് തീർച്ച. ഇതുചെയ്തത് സിഐഎ അല്ലാതെ മറ്റാരാണ്? വാട്ടർ ഗേറ്റ് മോഡലിലുള്ള കടന്നുകയറ്റം."

ഏതാണ്ട് ഇതേ രീതിയിലാണ്, എം.എൻ. വിജയന്റെ ഏതാണ്ടെല്ലാ സിപിഐ(എം) വിരുദ്ധ സാഹിത്യങ്ങളും അക്കാലത്ത് പുറത്തിറങ്ങിയത്. മുറ്റത്തെ അമേരിക്കയെ ചോദ്യം ചെയ്ത ഇങ്ങനെ എത്രയെത്ര ഗൂഢാലോചനാ സിദ്ധാന്തങ്ങൾ. സ്പ്രിങ്ക്ളർ വിഷയത്തിൽ മുറ്റത്തെ അമേരിക്കയെ ചോദ്യം ചെയ്യുന്ന രമേശ് ചെന്നിത്തലയെ കാണുമ്പോൾ എനിക്ക് എം.എൻ. വിജയൻ ഭക്തരെയാണ് ഓർമ വരുന്നത്. മസാല ബോണ്ടിലെ ക്ഷീണം മാറി ഒരു കൊല്ലം കഴിഞ്ഞ അന്നുതന്നെ അടുത്ത അബദ്ധവുമായി വന്നിരിക്കുന്നു രമേശ് ചെന്നിത്തലയും സംഘവും. പ്രതിപക്ഷനേതാവൊരു കോമാളി ആയെന്ന് അങ്ങേരൊഴിച്ച് ബാക്കിയെല്ലാവർക്കും മനസ്സിലായിട്ടുണ്ട്.

ഒരു ബ്രേക്കിങ് പോയിന്റിലും ചെന്നിത്തല ഉണരുന്ന ലക്ഷണമില്ലെന്നാണ് തോന്നുന്നത്. മുഖ്യമന്ത്രിക്കസേര മനസ്സിൽ കണ്ട് ആശാൻ വേറെയേതോ മാനസികാവസ്ഥയിലാണ്. ഇക്കണക്കിനു പോയാൽ, അന്ന് വെളിച്ചം കാണാതെപോയ "പിശാചും അവന്റെ ചാട്ടുളിയും" നമ്മുടെ പ്രതിപക്ഷനേതാവ് സ്വന്തം പേരിൽ പുറത്തിറക്കുന്ന ലക്ഷണമാണ്.