പ്രളയദുരിതാശ്വാസം, പുനഃനിര്‍മാണം, കേരള റീബില്‍ഡ് ഇനിഷ്യേറ്റീവ് : ഇവ തമ്മിലുള്ള വ്യത്യാസങ്ങള്‍

Facts about the fake news being spread by Congress MLAs on the issue of rebuild Kerala initiative and Kerala Floods 2018

രണ്ടു ദിവസമായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രളയപുനഃനിര്‍മാണം സംബന്ധിച്ച ഒരുഎണ്‍പത്തിയെട്ട് ലക്ഷം രൂപയുടെ കണക്ക് ചീഞ്ഞു നാറുകയാണ്. കേരളത്തിലെ പ്രളയവുമായി ബന്ധപ്പെട്ട് ഉന്നയിക്കപ്പെട്ട ചൊദ്യങ്ങള്‍ക്ക്മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പലവട്ടം വ്യക്തമായി പറഞ്ഞതാണ്. അപ്പൊഴൊന്നും ആർക്കും ഒന്നും ചോദിക്കാനും പറയാനുമുണ്ടായിരുന്നില്ല. അവിടവും കടന്ന്, അമരവും കടക്കുമ്പോള്‍, യാതൊരുവിധ വിശ്വാസ്യതയുമില്ലാത്ത ചിലര്‍ ഫെയ്സ്‌ബുക്ക് പോസ്റ്റിടുമ്പോൾ അതും പൊക്കിപ്പിടിച്ച് ആഘോഷിക്കുന്നത് ഒരു ശരിയായ രീതിയല്ല.

കേരളത്തിൽ പ്രളയത്തിൽപെട്ട ആൾക്കാർക്ക് കൊടുക്കാനുള്ള പണത്തിൽ നിന്ന് 88 ലക്ഷം എടുത്ത് ഏതോ ലക്ഷ്മീ നായരുടെ ഫ്ലാറ്റ് മോടി പിടിപ്പിക്കാൻ പിണറായി വിജയൻ ശ്രമിക്കുന്നു എന്നാണ് ആരോപണം. അങ്ങനെ, കണക്കുകള്‍ മാറ്റിയെഴുതുകയും, തുക വകമാറ്റി ചിലവഴിക്കുകയും, സിമന്റ് കുറച്ച് പാലം പണിയുകയും ചെയ്യുന്ന ഒരു കാലമുണ്ടായിരുന്നു മൂന്നു കൊല്ലം മുമ്പ്. ആധുനികകേരള ചരിത്രത്തിലെ അഴിമതി നിറഞ്ഞ ആ ഇരുണ്ടകാലം എന്നെന്നേക്കുമായി കഴിഞ്ഞു പോയി എന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. അതുപോട്ടെ, ഈ 88 ലക്ഷത്തിലേക്ക് മടങ്ങി വരാം.

ദുരിതാശ്വസവും പുനഃനിര്‍മാണവും രണ്ടാണ്

പ്രളയദുരിതാശ്വാസം എങ്ങുമെത്താതെ നിൽക്കെ ഇത്തരം ധൂർത്ത് പാടുണ്ടോ എന്നാണ് വ്യാജവാര്‍ത്തയുടെ അപ്പോസ്തലന്മാര്‍ ചോദിക്കുന്നത്. ഈ ചോദ്യത്തിൽ ഒരുവിധം നിഷ്കളങ്കരായ മനുഷ്യരൊക്കെ വീണു പോകും എന്ന കാര്യത്തില്‍ സംശയമില്ല. ഈ ചോദ്യം രണ്ട് രീതിയില്‍ തെറ്റാണ്. ഒന്നാമതായി, ഇപ്പോൾ ആരംഭിക്കുന്ന ഓഫീസുമായി ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ബന്ധവുമില്ല. വാസ്തവത്തില്‍, ഇപ്പോൾ ഓഫീസ് തുടങ്ങുന്ന Rebuild Kerala Initiative എന്നത് ദുരിതാശ്വാസനിധിയില്‍ നിന്നുമുള്ള പണം എടുത്ത് ചെലവാക്കുന്ന ഒരു പദ്ധതിയല്ല. അത് പ്രളയം തകർത്ത കേരളത്തെ പുനഃനിർമ്മിക്കാനുള്ള പദ്ധതിയാണ്. അത് വീട് പോയവർക്ക് വീട് നിർമ്മിച്ച് നൽകാനുള്ളതോ ജീവനോപാധി നൽകാനുള്ളതോ ആയ - ദുരിതാശ്വാസ - പദ്ധതി അല്ല.

രണ്ടാമതായി, പ്രളയവുമായി ബന്ധപ്പെട്ട ദുരിതാശ്വാസപ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍സഹായം നല്‍കുന്ന പ്രവര്‍ത്തനങ്ങളൊക്കെ വളരെയേറെ മുന്നോട്ട് പോയി കഴിഞ്ഞു. അതിനെ പൂര്‍ണതയിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ഇപ്പൊഴും നടന്നുകൊണ്ടിരിക്കുന്നു.

ദുരിതാശ്വാസം എവിടെ വരെയെത്തി?

തങ്ങള്‍ക്ക് കഴിയാവുന്നത്ര സംഭാവനകള്‍ ദുരിതാശ്വാസഫണ്ടിലേക്ക് ആൾക്കാർ നല്‍കുകയും, സർക്കാർ അത് ദുരിതബാധിതരിലേക്ക് എത്തിക്കുകയും ചെയ്തു. അത് ഇപ്പൊഴും തുടരുകയാണ്. അതിന്റെ ഏകദേശരൂപം പറയാം. കൃത്യം കണക്കുകൾ വേണ്ടവർക്ക് CMDRFന്റെ വെബ്സൈറ്റിൽ അത് ലഭ്യമാക്കിയിട്ടുണ്ട്. CMDRF വഴി ശേഖരിച്ച ഏതാണ്ട് തുക 3862 കോടിയാണ്. അതിൽ 1917.97 കോടി രൂപ 7,37,475 ലക്ഷം കുടുംബങ്ങൾക്കായി കൊടുത്തിട്ടുണ്ട് [1].

ഈ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളുടെ ഭാഗമായി, ഭാഗികമായി കേടുപാടുകൾ, സംഭവിച്ച 2,51,227 വീടുകൾക്ക് 1163 കോടി രൂപ വിതരണം ചെയ്തു. പൂർണമായി നശിച്ച 14886 വീടുകൾക്കായി 221 കോടി രൂപ വിതരണം ചെയ്തു. ഇതിനോടകം 3060 വീടുകൾ പുനഃനിർമ്മിച്ച് കഴിഞ്ഞു.ഇതിന്റെ കണക്കും ലഭ്യമാണ്. ഉദാഹരണത്തിന് എറണാകുളം ജില്ലയുടെ കണക്ക് ഇവിടെ ലഭിക്കും.

ജീവനോപാധികൾ നഷ്ടപ്പെട്ട 1,27,237 കുടുംബങ്ങൾക്കായി കുടുംബശ്രീ വഴി 1149 കോടിയും, MNREGA വഴി 9.48 ലക്ഷം കുടുംബങ്ങൾക്കായി 559 കോടിയും ചെലവഴിച്ചു കഴിഞ്ഞു. 4851 കോടി രൂപയുടെ പുതിയ ഉപജീവനപദ്ധതികൾ ഈ വർഷത്തെ പ്ലാൻ പദ്ധതിയിൽ തന്നെ വിവിധ വകുപ്പുകളിലൂടെ നടപ്പിലാക്കുകയാണ്. ഇതിന് പുറമേ 2.38 ലക്ഷം കർഷകർക്ക് ആശ്വാസമായി 198 കോടിയും നൽകിയിട്ടുണ്ട്. കാർഷികകടങ്ങൾക്കു സഹായകമായി 54 കോടിയും നൽകിക്കഴിഞ്ഞു.

ഇത്തരത്തിൽ അടിയന്തിര ധനസഹായം, അവശ്യസാധനകിറ്റ്, ചികിത്സാസഹായം തുടങ്ങിയവയ്ക്കൊക്കെയുമുള്ള പണം മാത്രമേ CMDRFൽ നിന്ന് നൽകിയിട്ടുള്ളൂ. ഇതൊക്കെയാണ് പ്രളയദുരിതാശ്വാസപരിപാടികൾ. ഇനിയും പലതും തീരാനുണ്ട്. ഉദാഹരണത്തിന്, പുറമ്പോക്കിലും പുഴയിറമ്പിലും മണ്ണിടിയുന്ന താഴ് വാരത്തും ഒക്കെ ഉണ്ടായിരുന്ന വീട് നഷ്ടപ്പെട്ടവർക്ക് ഭൂമി കണ്ടെത്തി വീട് വയ്ക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു. വീട് നഷ്ടപ്പെട്ടവരിൽ സ്വത്ത് തർക്കമോ മറ്റുകേസുകളോ ഉള്ളവർക്ക് സമയമെടുത്തേ അത് തീർക്കാനാവൂ.

ദുരിതാശ്വാസം നല്‍കല്‍ ഇപ്പോഴും മുമ്പും - ഒരു താരതമ്യം

CMDRFൽ നിന്ന് പ്രളയ ദുരിതാശ്വസം അല്ലാതെ കഴിഞ്ഞ മുന്ന് വർഷമായി 1100 കോടിയാണ് മറ്റ് ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി ഈ സർക്കാർ ചെലവാക്കിയത്. അതെല്ലാം ഇലക്റ്റ്രോണിക്‍ റ്റ്രാൻസ്ഫർ ആയി ഉപഭോക്താവിന്റെ അക്കൗണ്ടിലേക്ക് ആണ് എത്തിയത്. സർക്കാരിന് ഒരു നയാപൈസയുടെയും ദുർവ്യയമില്ലാതെ. അതിന്റെറയൊക്കെ കണക്ക് കൃത്യമായും സുതാര്യമായും ലഭ്യമാണ്. എന്നാൽ കഴിഞ്ഞ UDF സർക്കാർ ഈ മേഖലയിൽ അഞ്ചു വർഷംകൊണ്ട് ചെലവഴിച്ചത് വെറും 808 കോടി രൂപ മാത്രമാണ് എന്നത് സൂചിപ്പിച്ചു പോകാതെ ഈ മറുപടി പൂര്‍ണമാകില്ല. അത് നൽകാൻ സംഘടിപ്പിച്ച ബഹുജനസമ്പർക്കപരിപാടി എന്ന തമ്പുരാൻ കോംപ്ലക്സ് പി.ആർ. പരിപാടിക്ക് മാത്രം ചെലവായത് ഏതാണ്ട് 15 കോടി രൂപയാണ് എന്നത് കൂടി പറയണം. ഇതൊന്നും ആര്‍ക്കും ഓര്‍മയില്ലാത്തത് ഒരു സൗകര്യമായിട്ടാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ കരുതുന്നത്..

എന്താണ് പ്രളയപുനഃനിര്‍മാണം?

ഏതാനും ചില വീടുകളോ തൊഴുത്തുകളോ അല്ല പ്രളയത്തിൽ തകർന്നത്. ആകെ 26718 കോടിയുടെ നഷ്ടമാണ് സംസ്ഥാനത്തിനതുണ്ടാക്കിയത്. കേരളത്തെ പുതിയ കേരളമായി പുതുക്കിപ്പണിത് എടുക്കാൻ കുറഞ്ഞത് 36000 കോടി രൂപയെങ്കിലും വേണം എന്നാണ് കണക്ക്. ദുരിതാശ്വാസവും കേരളത്തിന്റെ പുനഃനിർമ്മാണവും രണ്ടാണ് എന്ന അടിസ്ഥാനപരമായ കാര്യമാണ് ഇവിടെ നാം മനസ്സിലാക്കേണ്ടത്.

ഇതിന് പുറമേയാണ് തകർന്നുപോയ നമ്മുടെ റോഡുകളും പാലങ്ങളും അടക്കമുളള അടിസ്ഥാനസൗകര്യങ്ങളുടെ പുനഃനിർമ്മാണം. ദുരിതാശ്വാസപ്രവർത്തനങ്ങൾക്കുള്ള ഫണ്ട് എടുത്തല്ല ഇത് ചെയ്യുന്നത് എന്ന് കൂടെ ഓര്‍മ്മപ്പെടുത്തട്ടെ. അങ്ങനെയാണെന്ന് ചിലർക്ക് വേണമെങ്കിൽ തെറ്റിദ്ധരിപ്പിക്കാം എന്നേയുള്ളൂ. തകർന്നുപോയ അടിസ്ഥാനസൗകര്യങ്ങൾ പുനഃനിർമ്മിക്കാൻ പദ്ധതി ചെലവിൽ 20% കുറവുവരുത്തി ആ തുക ഉപയോഗിക്കുമെന്ന് ബജറ്റിൽ തോമസ് ഐസക്‍ പറഞ്ഞപ്പോൾ ഈ ഉപജാപകസംഘം അത് കേട്ടു കാണാൻ സാധ്യതയില്ല. അത് പിണറായി വിജയന്റെയോ ഡോ. തോമസ് ഐസക്കിന്റെയോ കുറ്റമല്ല. അത് പോട്ടെ, ഈ അടിസ്ഥാനസൗകര്യങ്ങളുടെ പുനഃനിർമ്മാണപ്രവര്‍ത്തനം പോലുമല്ല റീബിൽഡ് കേരള ഇനീഷ്യേറ്റീവ്.

പിന്നെ എന്താണ് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവ്?

ഇനി എന്താണ് റീബിൽഡ് കേരള ഇനിഷ്യേറ്റീവ് എന്ന് പറയാം. പ്രളയത്തിന് ശേഷം യു.എന്‍. സംഘം നടത്തിയ പഠനത്തിൽ അവർ നിർദ്ദേശിച്ച കേരള പുനഃനിർമ്മാണ പദ്ധതിയാണ് Rebuild Kerala Initiative. അടുത്ത അഞ്ച്-ആറ് വർഷം കൊണ്ട് 36,000 കോടി മുതൽ മുടക്കിൽ സൃഷ്ടിക്കപ്പെട്ടുന്ന പുതുകേരളനിർമ്മാണമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതാകട്ടെ യു.എന്നിന്റെയും ലോകബാങ്കിന്റെയും ഒക്കെ സഹായത്തോടെയും ഇടപെടലോടെയും നടത്തേണ്ട ഒന്നാണ്. കലുങ്ക് കെട്ടലും മതിലു പണിയും മാത്രമല്ല അതിൽ വരുന്നത്. പല കാരണങ്ങളാലും മാറിപ്പോയ നദികളുടെ ഒഴുക്ക് നേരയാക്കുക, കൃഷിയിടങ്ങളും തണ്ണീർത്തടങ്ങളും പുനഃസൃഷ്ടിക്കുക, കുട്ടനാട് പോലുള്ള പരിസ്ഥിതിലോലപ്രദേശങ്ങളുടെ വികസനം, തീരദേശം, മലയോരം തുടങ്ങിയ മേഖലയിലെ പുതിയ നിർമ്മാണരീതികൾ ആവിഷ്കരിക്കുക തുടങ്ങി ആവാസവ്യവസ്ഥയും മനുഷ്യജീവിതപുരോഗതിയും ഒരുപോലെ ഉറപ്പുവരുത്തിക്കൊണ്ടുള്ള ഒരു നവകേരളനിർമ്മാണമാണ് റീ ബിൽഡ് കേരള ഇനിഷ്യേറ്റീവ്. അത്തരത്തിലുള്ള ദീർഘകാലപദ്ധതി നടത്തുന്നതിനുള്ള ഓഫീസ് പ്രവർത്തിക്കാനുള്ള സ്ഥലം കണ്ടെത്തിയത് സംബന്ധിച്ചാണ് ഇപ്പോൾ ചർച്ച നടക്കുന്നത്.

യു.എന്‍., ലോകബാങ്ക്, അന്തർദ്ദേശീയ തലത്തിലുള്ള ഏജൻസികൾ എന്നിവയുമായൊക്കെ നിരന്തരം ബന്ധപ്പെട്ടുകയും അവരുടെ സാന്നിധ്യം ഏറക്കുറെ സ്ഥിരമായി ഉണ്ടാവുകയും ചെയ്യുന്ന ഒരു പ്രോജെക്റ്റ് ഓഫീസ് ഭരണകേന്ദ്രത്തോട് അനുബന്ധിച്ച് പ്രവർത്തിപ്പിക്കേണ്ടതായി വരും. ഇതിനായി ഏറ്റവും പറ്റിയ സ്ഥലം ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ് ആണ്. എന്നല്‍, ഇവിടെ നിലവിലുള്ള ഓഫീസുകള്‍ക്ക് പോലും ആവശ്യത്തിന് സ്ഥലമില്ല എന്നതാണ് വാസ്തവം. സർക്കാരിന്റെ പല ഏജൻസികളും കമ്മീഷനുകളും എല്ലാം ഇപ്പോൾത്തന്നെ സ്വകാര്യകെട്ടിടങ്ങളിൽ വാടകയ്ക്ക് പ്രവർത്തിക്കുന്ന അവസ്ഥയാണുള്ളത്. അതേ രീതിയില്‍ ഈ ഓഫീസിനായി സെക്രട്ടേറിയറ്റിന് സമീപത്തായി 3000 ചതുരശ്രയടി സ്ഥലം കണ്ടെത്തിയിരുന്നു. അതിനെ സംബന്ധിച്ചുള്ള ദുസ്സൂചനകളാണ് ഈ നായരുടെ ഓഫീസ് എന്ന പ്രയോഗം തന്നെ. അതാകട്ടെ, ഒരു നായരുടെയും വകയല്ല. ഒരു മാത്യു ആണ് അതിന്റെ ഉടമ. ചതുരശ്രയടിക്ക് അമ്പത് രൂപയ്ക്കാണ് അത് വാടകയ്ക്ക് എടുത്തിരിക്കുന്നത്. (ഇത് തെറ്റാണെങ്കിൽ തിരുത്താൻ തയ്യാറാണ്). ഇതിലും കുറഞ്ഞ വാടകയ്ക്ക് സെക്രട്ടേറിയറ്റിന് സമീപത്ത് Rebuild Kerala Initiative നിർദ്ദേശിക്കുന്ന നിലവാരത്തിൽ 3000 ചതുരശ്രടി സ്ഥലം ഈ കുറ്റം പറയുന്നവർ ആരെങ്കിലും ചൂണ്ടിക്കാട്ടുമോ?

ഓഫീസ് സ്പേസ് വാടകയ്ക്ക് എടുത്താൽ, എടുക്കുന്നവര്‍ അത് ഫർണിഷ് ചെയ്യണം.. വാടകയ്ക്ക് തരുന്നവർ ഫർണിഷ് ചെയ്ത് തരില്ല. അന്തർദ്ദേശീയ ഏജൻസികൾക്കടക്കം പ്രവർത്തിക്കാവുന്ന വിധത്തിൽ ഓഫീസ് ഫർണിഷ് ചെയ്യുന്നതിനായി KSEB ലിമിറ്റഡ് സമർപ്പിച്ച ഒരു എസ്റ്റിമേറ്റ് മാത്രമാണ് ഇപ്പോൾ പൊക്കിപ്പിടിച്ചിരിക്കുന്നത്. ദര്‍ഘാസ് ചെയ്താൽ മാത്രമേ അതിന്റെ യഥാർത്ഥതുക അറിയാൻ കഴിയൂ. ഇനി 88 ലക്ഷം ആണെന്ന് തന്നെയിരിക്കട്ടെ, 5-6 വർഷം പ്രവർത്തിക്കേണ്ടതും അന്തർദ്ദേശീയ ഏജൻസികൾ ഇടപെടുന്നതുമായ ഒരു ഓഫീസ് നല്ല നിലവാരത്തിൽ സംവിധാനം ചെയ്യുകയല്ലേ വേണ്ടത്? UN പ്രതിനിധികൾ അടക്കം വരുമ്പോൾ ഇരുമ്പ് കസേര ഇട്ട് സ്വീകരിച്ചാൽ മതിയെന്ന് ഫേസ് ബുക്കിൽ തള്ളാൻ പറ്റും. അഞ്ചാറ് വർഷം കഴിഞ്ഞാൽ ഇപ്പോൾ നടത്തുന്ന ഫർണിഷിംഗ് വർക്കുകൾ സ്വന്തമാക്കുന്നത് കെട്ടിട ഉടമയ്ക്ക് വലിയ ലാഭമാണ് ഉണ്ടാക്കുക എന്നൊക്കെ തള്ളിയാൽ ഒരു പെട്ടിക്കടയെങ്കിലും നടത്തിയിട്ടുള്ളവർ ചിരിച്ചുപോകും. ഗ്ലാസ്സുകൊണ്ടുള്ള വർക്‍ സ്റ്റേഷൻ മാതൃകയിലാണ് ക്യൂബിക്കിളുകളും വിഡിയോ കോൺഫെറെൻസ് ഹാളുകളും ചെയ്യാൻ നിർദേശിച്ചിരിക്കുന്നത്. മാറേണ്ട ഒരു സാഹചര്യം വരുമ്പോള്‍, ഈ രീതിയില്‍ ഫര്‍ണിഷ് ചെയ്ത ഓഫീസുകള്‍അതേതരത്തിൽ അഴിച്ചു പുനഃരുപയോഗിക്കാൻ കഴിയും. മാത്രമല്ല അന്ന് സ്ഥലം മാറുമ്പോൾ എടുക്കാവുന്ന സാധനങ്ങളെല്ലാം അവിടെ നിന്ന് മാറ്റുകയും ചെയ്യും. ഇപ്പോഴും സർക്കാർ ഓഫീസുകൾ ഒഴിഞ്ഞു പോകുമ്പോൾ ഇത്തരത്തിൽ സാധനസാമഗ്രികളും ക്യൂബിക്കിളുകളും പുനഃരുപയോഗിക്കുകയാണ് ചെയ്യുന്നത്.

സർക്കാരിന്റെ മുതലിനോടൊക്കെ വലിയ ഉത്തരവാദിത്വമുള്ള ഫെയ്സ്‌ബുക്‍ എം.എൽ.എ, ഒരു വലിയ പദ്ധതിക്ക് മുന്നിൽ മൂക്കുമുറിച്ച് ശകുനം മുടക്കാതെ പറ്റുമെങ്കിൽ പാ ലാരിവട്ടത്തെ ആ പഞ്ചവടി പാലത്തിൽ ‘ചിലവായിൽ’ പോയ ആ നൂറു കോടി (അതെ 0.88 കോടിയല്ല, ഒരു കോടിയല്ല, പത്ത് കോടിയല്ല,, 100 കോടി) ഇങ്ങു വാങ്ങിത്തന്നിരുന്നെങ്കില്‍...

അവലംബങ്ങള്‍

  1. https://donation.cmdrf.kerala.gov.in/index.php/settings/transparency#expenditure