പുരോഗമന പ്രസ്ഥാനത്തിന്റെ മിത്ര

Ashok Mitra

തൊഴിലാളി ദിനമായ മെയ് ഒന്നിന് ഇന്ത്യയിലെ തൊഴിലാളി വർഗ്ഗ പ്രസ്ഥാനങ്ങളിലെ മുൻനിര പ്രവർത്തകനായിരുന്ന അശോക് മിത്ര അന്തരിച്ചു.1928 ഏപ്രിൽ പത്തിൽ ധാക്കയിൽ ജനിച്ച് 2018മെയ് ഒന്നിന് കൽക്കത്ത വരെ നീളുന്നതാണ് മിത്രയുടെ പാഥേയം. അദ്ദേഹത്തിന്റെ വിദ്യഭ്യാസ രേഖ നീളുന്നത് - ബിരുദം വരെ ധാക്കയിലും ബിരുദാനന്തര ബിരുദം ബനാറസ് ഹിന്ദു സർവ്വകലാശാലയിൽ നിന്നും ഡൽഹി സ്കൂൾ ഓർ എക്കണോമിക്സിൽ നിന്നുമാണ്. സാമ്പത്തിക ശാസ്ത്രത്തിൽ ആദ്യ നോബൽ സമ്മാന ജേതാവായ റ്റിംബർഗിന്റെ ( Jan Tinbergen )ഗൈഡൻസിലാണ് നെതർലാൻഡ്‌സിലെ ഇൻസ്റ്റിറ്റൂട് ഓഫ് സോഷ്യൽ സ്റ്റഡീസിൽ നിന്നും ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. 

മിത്രയുടെ അധ്യാപന ജീവിതം ആരംഭിക്കുന്നത് ലക്നൗ സർവ്വകലാശാലയിൽ നിന്നുമാണ്. കൂടാതെ യു എൻ ഇക്കണോമിക് കമ്മീഷൻ ഫോർ ഏഷ്യ ആൻഡ് ദി ഫാർ ഈസ്റ്റ് ബാങ്കോക്കിലും,ഇക്കണോമിക് ഡെവലെപ്മെന്റ് ഇൻസ്റ്റിറ്റൂട് വാഷിംഗ്ടണിലും സേവനം നടത്തിയതിന് ശേഷമാണ് പുതുതായി ആരംഭിച്ച ഇന്ത്യൻ ഇൻസ്റ്റിറ്റൂട് ഓഫ് മാനേജ്മെന്റ് കൽക്കത്തയിൽ പ്രവേശിക്കുന്നത്. കൽക്കത്ത ഐഐഎം-ൽ തുടരവെ കാർഷിക വില നിർണ്ണയ കമ്മീഷൻ രൂപീകരിക്കുന്നതിന്റെ ഭാഗമായി. ഇതാണ് ഇന്ന് ഇന്ത്യയിലെ അരി ഗോതമ്പ് മുതലായ വിളകളുടെ വിലനിർണ്ണയം നടത്തുന്നത്. ഓരോ സംസ്ഥാനത്തിലേയും ഒരു സർവ്വകലാശാല കോസ്റ്റ് ഓഫ് കൽറ്റിവേഷൻ സ്കീം നടപ്പാക്കുന്നത് ഈ കമ്മീഷന്റെ മൂലമാണ്. ഇതിനെ തുടർന്ന് 1970-72കാലയളവിൽ ഇന്ത്യ ഗവൺമെന്റിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായിരുന്നു. ഇന്ദിരാഗാന്ധിയുടെ നയങ്ങളിലെ വിയോജിപ്പ് മൂലം സാമ്പത്തിക ഉപദേഷ്ടാവ് എന്ന സ്ഥാനം രാജിവയ്ക്കുകയും മിസ്സിസ് ഗാന്ധിയുടെ വിമർശകനാവുകയുമായിരുന്നു പിന്നെ മിത്ര. ഇക്കാലത്താണ് ഇന്ദിര ഗാന്ധിയുടെ ഗരിബി ഹഠാവോ മുദ്രാവാക്യത്തോടുള്ള വിയോജനത്തിൽ തുടങ്ങി കോണ്ഗ്രസ്സിന്റെ നയപരവും ആഭ്യന്തരവുമായ പ്രശ്നങ്ങളെ വരെ രൂക്ഷമായി വിമർശിക്കുന്ന EPW ലേഖനങ്ങളിലൂടെ ഇടതുപക്ഷരാഷ്ട്രീയത്തിന്റെ പ്രസക്തി അടിവരയിട്ടത്.

അടിയന്തരാവസ്ഥ കാലത്തെ   ഇന്ദിരാഗാന്ധിയുടെ വിമർശകരിൽ മുൻപന്തിയിലായിരുന്ന മിത്രയുടെ ലേഖനങ്ങൾ ഇന്ത്യയിൽ നിരോധിച്ചു. അടിയന്തിരാവസ്ഥ പിൻവലിച്ചതോടനുബന്ധിച്ച് വെസ്റ്റ് ബംഗാളിൽ നടന്ന ഇലക്ഷനിൽ ഇടത് പക്ഷം അധികാരത്തിൽ വരുകയും, വെസ്റ്റ് ബംഗാളിലെ ആദ്യ ഇടത് പക്ഷ സർക്കാരിൽ അശോക് മിത്ര ധനകാര്യ മന്ത്രി (1977) ആവുകയും ചെയ്തു.എന്നാൽ ജ്യോതി ബസുവുമായി നല്ല വ്യക്തി ബന്ധം സൂക്ഷിക്കുമ്പോഴും ഇടത് പക്ഷ സർക്കാരിന്റെ നയങ്ങളോടുള്ള വിയോജിപ്പ് മൂലം അദ്ദേഹം 1986ൽ ധനമന്ത്രി സ്ഥാനം ഒഴിഞ്ഞു. എന്നാൽ സിപിഎം അദ്ദേഹത്തെ 1993 രാജ്യസഭാ MP ആക്കുകയും പിവി നരസിംഹറാവുവും മൻമോഹൻ സിങ്ങും ചേർന്ന് ആവിഷ്കരിച്ച നവലിബറൽ സാമ്പത്തിക പരിഷ്ക്കരണത്തിനെതിരെ പാർലമെന്റിൽ മുഴങ്ങിയത് അശോക്ദ യുടെ ശബ്ദമായിരുന്നു. ബുദ്ധദേവിന്റെ കീഴിൽ സിംഗൂരിലും നന്ദിഗ്രാമിലും ബംഗാൾ സർക്കാർ സ്വീകരിച്ച ഭൂമി ഏറ്റെടുക്കൽ പ്രക്രിയയുടെ നിശിത വിമർശകൻ കൂടിയായിരുന്നു മിത്ര. തന്റെ വിമർശനത്തിന്റെ അടിസ്ഥാനമായി മിത്ര മുന്നോട്ടുവച്ച പ്രധാന വിഷയം കർഷകരുടെയും കർഷക തൊഴിലാളികളുടെയും അവകാശങ്ങളെ ലംഘിക്കുന്ന ബുദ്ധദേബ് സർക്കാരിന്റെ നയം ഇടതുപക്ഷത്തിന്റെ പാരമ്പര്യ അടിത്തറ തന്നെ ഇളക്കുമെന്നാണ്. മിത്രയുടെ പ്രവചനത്തിന്റെ നേർക്കാഴ്ചയാണ് ബംഗാളിലെ ഇടതുപക്ഷം ഇന്ന് അനുഭവിക്കുന്ന പ്രതിസന്ധി. 

മിത്ര ഒരു മികച്ച സാമ്പത്തിക ശാസ്ത്രജ്ഞനും,സാമാജികനും മാത്രമായിരുന്നില്ല, അദ്ദേഹം നല്ല സാഹിത്യ കാരൻ കൂടിയായിരുന്നു. ബംഗ്ലയിൽ രചിക്കപ്പെട്ട നിരവധി പുസ്തകങ്ങളും കഥകളും ബംഗാളി സാഹിത്യത്തിലെ മുതൽകൂട്ടുകളാണ്. ഈ രചനകളിലെല്ലാം തന്നെ തികഞ്ഞ സാമൂഹിക ബോധമുള്ള പുരോഗമന വാദിയായ കമ്മ്യൂണിസ്റ്റിനെ നമുക്ക് കാണാം. അദ്ദേഹത്തിന്റെ പ്രശസ്തമായ കൽക്കത്ത ഡയറിയിലെ കൽക്കത്ത നഗരത്തിന്റെ വിവരണം, പ്രത്യേകിച്ചും അടിയന്തിരാവസ്ഥയുടെ പശ്ചാത്തലത്തിൽ, ഒരു ക്യാൻവാസിലെ ചിത്രംപോലെ വായനക്കാർക്ക് വരച്ച് കാണിക്കുന്നതാണ്. മാർക്സിസ്റ്റുകൾക്കിടയിലെ പ്രത്യയ ശാസ്ത്രപരമായ ചഞ്ചലതകളെ തുറന്ന് കാണിക്കുന്ന വളരെ രൂക്ഷമായ നിരീക്ഷണങ്ങളാണ് ഒപിലോ ചൊപൊലോയിൽ മിത്ര നടത്തുന്നത്. ചുരുക്കത്തിൽ അശോക് മിത്രയുടെ ബംഗാളിയിൽ രചിക്കപ്പെട്ട കഥകളുടെ അടിസ്ഥാനത്തിലും ബംഗാളി സാഹിത്യത്തിലെ സമഗ്ര സംഭാവനയും മാനിച്ച് ബംഗാൾ സർക്കാർ സാഹിത്യ അക്കാദമി അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചു. 

മിത്ര ഒരു മികച്ച സാമ്പത്തിക ശാസ്ത്രജ്ഞനും,സാമാജികനും, സാഹിത്യ കാരനും ആയിരിക്കുമ്പോഴും എന്നെ ഏറെ സ്വാധീനിച്ചത് അദ്ദേഹം ഒരു കോളമിസ്റ്റ് എന്ന നിലയിലായിരുന്നു. ഇടത് വീക്ഷണങ്ങൾക്കും കാഴ്ചപാടിൽ സൂക്ഷിക്കേണ്ട നേരും നന്മയും വ്യക്തതയും വായിച്ച് മനസ്സിലാക്കാൻ ശ്രമിക്കുന്ന കാലം മുതൽ മിത്രയും ടെലെഗ്രാഫിലെ ലേഖനങ്ങളും വലിയ പ്രചോദനം തന്നെയാണ്. ഒരുവായനക്കാരൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ ബൗദ്ധിക ശ്രേഷ്ഠത ഉണർത്തുന്ന പ്രധാനപ്പെട്ട വസ്തുത വളരെ സങ്കീർണ്ണമായതെന്ന് തോന്നിക്കുന്ന പ്രശ്നങ്ങളെ അതിന്റെ അടുക്കും ചിട്ടയോടും കൂടി ലളിതമായി വായനക്കാരിൽ സന്നിവേശിപ്പിക്കുന്ന എഴുത്ത് ശൈലിയാണ്. തികഞ്ഞ ജൈവ ബുദ്ധിജീവിയും മാർക്സിസ്റ്റുമായ മിത്ര തന്റെ സൈദ്ധാന്തികവും പ്രവർത്തനപരവുമായ മണ്ഡലത്തിലും ആശയത്തിലും ഉറച്ചുനിൽക്കുകയും,നിശിതമായിത്തന്നെ വിമർശനങ്ങൾ തൊടുത്തുവിടുകയും ചെയ്തു. അതിൽ ഇടത് വലത് വ്യത്യാസം ഇല്ലാ എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടുന്നത് തന്നെയാണ്. അത് തന്നെയാണ് മിത്രയെ തികഞ്ഞ ബഹുമുഖ പ്രതിഭയും മാർക്സിസ്റ്റും ആയി നിലനിർത്തിയത്. അദ്ദേഹത്തിന്റെ നിര്യാണം ഇടത്, പുരോഗമന പ്രസ്ഥാനങ്ങൾക്കും പ്രവർത്തകർക്കും വലിയ നഷ്ടം തന്നെയാണ്. തൊണ്ണൂറ് വർഷം ചിലർക്ക് മതിയാകില്ല. എന്നാൽ കാലത്തിന്റെ പ്രയാണം എല്ലാവരെയും അതിന്റെ ചുമലിലേറ്റും. തിരിച്ച് വരാനാകാത്ത അകലങ്ങളിൽ അറിവിന്റെ വെള്ളി വെളിച്ചം അകന്ന് പോയി. ആദരാജ്ഞലികൾ 

 

Image courtesy: Indian Express