[ഇന്ത്യന്‍ ഫാഷിസത്തിനെതിരെ ധീരമായി പോരാടുന്നവര്‍ക്ക് ഈ ലേഖനം സമര്‍പ്പിക്കുന്നു.]
അന്റോണിയോ ഗ്രാംഷി എന്ന സാര്‍ദീനിയന്‍ വിപ്ലവകാരി മരിച്ചിട്ട് പത്തു കൊല്ലങ്ങള്‍ക്ക് ശേഷം, 1947-ലാണ് അദ്ദേഹത്തിന്റെ ‘ജയിലില്‍ നിന്നുള്ള കത്തുകള്‍’ ഒരു സമാഹാരമായി പ്രസിദ്ധീകരിക്കപ്പെടുന്നത്. ഭരണകൂടം/പൗരസമൂഹം, സാംസ്കാരിക അധീശത്വം, ജൈവബുദ്ധിജീവി/പാരമ്പര്യബുദ്ധിജീവി എന്നിങ്ങനെ, വിപ്ലവ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്ഗ്ഗദര്ശകമായ നൂതന പരികല്പനകള് പരിചയപ്പെടുത്തുന്ന, ‘ജയില്‍ നോട്ടുപുസ്തകങ്ങള്‍’ (Prison Notebooks) എന്ന ബൃഹദ് പദ്ധതിയുടെ ഉല്‍പ്പത്തിയും വികസനവും മിഴിവോടെ വരച്ചിടുന്നവയാണ് ഈ കത്തുകള്‍.