നിയമപുസ്തകങ്ങളും ഭരണഘടനയും ഒരു വിഷയത്തെപ്പറ്റി എന്തെല്ലാം തന്നെ എഴുതിവച്ചിട്ടുണ്ടെങ്കിലും പൊലീസ്, കോടതി, ഗവണ്‍മെന്റ് എന്നിവ ഈ നിയമങ്ങളെ എപ്രകാരം വ്യാഖ്യാനിക്കുകയും പ്രയോഗത്തില്‍ കൊണ്ടുവരികയും ചെയ്യുന്നു എന്നതിനെ ആസ്പദമാക്കിയാണ് സാധാരണക്കാരന്‍ നിയമവിധേയതയെയും നിയമവിരുദ്ധതയെയും നിര്‍വചിക്കുന്നത്. ഒരു വിഷയത്തില്‍ കോടതികള്‍ സ്വീകരിക്കുന്ന നിലപാടുകളെയാണ് സാമാന്യജനങ്ങള്‍ ആ വിഷയത്തിന്റെ നിയമവശത്തെപ്പറ്റിയുള്ള അവസാനവാക്കായി കരുതിപ്പോരുന്നത്. ഒരു കോടതി ഒരവസരത്തില്‍ പുറപ്പെടുവിക്കുന്ന വിധി പിന്നീട് സമാനവിഷയങ്ങളില്‍ കീഴ്വഴക്കം സൃഷ്ടിക്കുന്നു.