കയ്യിലെ പുസ്തകങ്ങളെല്ലാം വായിച്ചു തീര്‍ന്ന ഒരു നാള്‍. നീണ്ട ബസ് യാത്രകള്‍ ദിവസവും വേണ്ടത്കൊണ്ട് കയ്യില്‍ പുസ്തകമില്ലെങ്കില്‍ വല്ലാത്ത ബുദ്ധിമുട്ടും. ദൂരെയുള്ള കടകള്‍ അന്വേഷിച്ച് ചെല്ലാനുള്ള സമയമില്ലാത്തതിനാല്‍ അടുത്തുള്ള ഒരു മാളിലെ ഒരുപാട് ബ്രാഞ്ചുകളുള്ള വലിയ ഒരു പുസ്തകക്കടയില്‍ ചെന്നു. ആവശ്യമുള്ള പുസ്തകങ്ങള്‍ക്കെല്ലാം തീ പിടിച്ച വില. ഒടുവില്‍ വിറ്റുപോകാത്തത് കൊണ്ട് ഡിസ്കൗണ്ടില്‍ ഇട്ടിരിക്കുന്ന പഴകി നിറം മങ്ങിയ പുസ്തകങ്ങള്‍ക്കിടയില്‍ നിന്നും ഒരെണ്ണം കണ്ടെത്തി കൗണ്ടറില്‍ ചെന്നു. അപ്പോള്‍ കൗണ്ടറിലിരിക്കുന്ന യുവതി മനഃപാഠമാക്കിയ നീണ്ട ഒരു പ്രസംഗം പറഞ്ഞു കേള്‍പ്പിച്ചു.