മുഖ്യധാരാ സ്വാതന്ത്രസമരചരിത്രവായനകളും സ്ത്രീമുന്നേറ്റചരിത്രങ്ങളും മറന്ന വർളി ആദിവാസി സമരനായികയായ സഖാവ് ഗോദാവരി പരുലേക്കറുടെ ജീവിതവും ഇടപെടലുകളും പരിശോധിക്കുകയാണ് ലേഖിക.

നാളിതുവരെയുള്ള മഹാരാഷ്ട്രയുടെ സമരചരിത്രം ചോരയുടെ ചരിത്രമാണ്. സ്വാതന്ത്ര്യത്തിനുമുമ്പ്, 1920കളിലാണ് ബോംബെ ടെക്‌സ്റ്റൈൽ തൊഴിലാളികളുടെ സമരചരിത്രം തുടങ്ങുന്നത്. മില്ലുടമകൾ മുടക്കുമുതലിന് നൂറുശതമാനത്തിലധികം വാർഷികലാഭം കൊയ്തിട്ടും (മൂലധനത്തിനുമേൽ രേഖപ്പെടുത്തപ്പെട്ട ശരാശരി ലാഭം 99.69% ആയിരുന്നു!) കുട്ടികളടക്കം കുടുംബം മുഴുവൻ രാപ്പകൽ ജോലിചെയ്താലും തൊഴിലാളികൾക്ക് ഭക്ഷണം കഴിക്കാൻ പോലും അന്നത്തെ കൂലിനിരക്കനുസരിച്ച് സാധിക്കുമായിരുന്നില്ല.