മങ്കടയിൽ രണ്ടു ദിവസം മുൻപുണ്ടായ കൊലപാതകം നടത്തിയവരെ വിശേഷിപ്പിക്കാൻ “സദാചാര പോലീസുകാർ” എന്ന വാക്കാണ് പൊതുവെ മാധ്യമങ്ങളിലും സാമൂഹികമാധ്യമങ്ങളിലും കണ്ടു വരുന്നത്. “പോലീസ്” എന്നത് പോസിറ്റീവായി ഉപയോഗിക്കണ്ട ഒരു പദമാണെന്നാണ് എന്റെ പക്ഷം. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷിതത്വം ഉറപ്പുവരുത്തുക എന്നതാണ് പോലീസിന്റെ കടമയും കർത്തവ്യവും. അതുകൊണ്ടു തന്നെ, സദാചാരസംരക്ഷണത്തിന്റെ പേരിൽ ആളുകളെ ഉപദ്രവിക്കുകയും കൊല്ലുകയും ചെയ്യുന്ന വിഭാഗത്തെ “സദാചാരഗുണ്ടകൾ” എന്നു തന്നെ അഭിസംബോധന ചെയ്യണമെന്ന് ഞാൻ വിശ്വസിക്കുന്നു.
കഴിഞ്ഞ കുറെ നാളുകളായി ക്യാമ്പസ്സുകളാണ് രാജ്യത്തിന്റെ രാഷ്ട്രീയ ഗതിയെ നിർണയിക്കുന്നത്. മോദി ഗവൺമെന്റിന്റെ സ്ഥാനരോഹണത്തിനു ശേഷം ശക്തമായ ചെറുത്തുനില്പുകളുടെ പരിസരങ്ങളായി കലാലയങ്ങൾ രൂപപ്പെട്ടുവെന്നത് ഭാവിയെക്കുറിച്ച് പ്രത്യാശ നൽകുന്ന വസ്തുതയാണ്.