പ്രതിസന്ധികളെ മറികടക്കുമ്പോൾ ഒരു പുതിയ രൂപവും ഭാവവും സ്വയം കൈവരിക്കാൻ സാധ്യമാകുന്നു എന്നത് മുതലാളിത്തത്തിന്റെ ഒരു പ്രത്യേകതയാണ്. മുതലാളിത്തം കടന്നു പോന്ന പ്രധാന പ്രതിസന്ധികളിൽ നിന്നെല്ലാം തന്നെ അത് പുതിയ വിപണികൾ, ഉൽപ്പാദനമാർഗങ്ങൾ എന്നിവ സാങ്കേതികവിദ്യയുടെ സഹായത്താൻ സൃഷ്ടിച്ചെടുത്ത് ആസന്നമായ പ്രതിസന്ധിയെ തരണം ചെയ്തിട്ടുണ്ട്. രൂക്ഷമായ പ്രതിസന്ധി നേരിടുന്ന ഓരോ ഘട്ടത്തിലും ഒരു പുതിയ സാങ്കേതികവിദ്യ നൂതനമായ ഉൽപ്പന്നങ്ങളും, ഉൽപ്പാദന പ്രക്രിയകളും സംഭാവന ചെയ്യുക മാത്രമല്ല, മനുഷ്യ ജീവിതത്തിലെ അതിനോടകം വിപണിവൽക്കരിക്കപ്പെട്ടിട്ടില്ലാത്ത പല പ്രക്രിയകളും വിപണിയുടെ ഭാഗമാക്കുകയും ചെയ്തു പോന്നു.