വ്യക്തികളുടെ സ്വയംനിർണ്ണയാവകാശം പരമപ്രധാനമാണ്. അതിനെ ചവിട്ടിയരച്ചുകൊണ്ട് മറ്റൊരധികാരം സ്ഥാപിച്ചെടുക്കാൻ ശ്രമിച്ച മതാന്ധതയുടെയും രാഷ്ട്രീയാധികാരത്തിന്റയും ഇടപെടലുകൾ ഇരുൾനിറഞ്ഞതും ദുരിതം വിതയ്ക്കുന്നവയുമാണെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അടിമകളിൽ നിന്ന് വ്യക്തികളിലേയ്ക് മനുഷ്യജീവി പരിണമിച്ചത് വ്യക്തിബോധത്തിന്റെ അന്തസ്സ് സമൂഹത്തിന്റെ തുറസ്സുകളിൽ അംഗീകരിച്ചെടുക്കാനായതിനാലാണ്. അടിച്ചേല്പിക്കപ്പെട്ട സാമൂഹ്യക്രമങ്ങളേക്കാൾ, മാനവികതയിലൂന്നിയ ജനാധിപത്യബോധം മുദ്രാവാക്യങ്ങളായി പടർന്നതുകൊണ്ടാണ് ഇന്നാട്ടിൽ അയിത്താചാരങ്ങൾ അവസാനിച്ചത്.
അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിൽ കഴിഞ്ഞദിവസങ്ങളിലുണ്ടായ അസ്വാരസ്യങ്ങൾ തെരുവിലും ചർച്ചകളിലും ഇരുപക്ഷത്തുനിന്നുള്ള ഏറ്റുമുട്ടലുകളായ് കാണപ്പെട്ടു എന്നതിനേക്കാളുപരി തൊഴിലിടങ്ങളിലെ സംഘബോധത്തിന്റെ തിരിതെളിച്ചാണ് നിലയുറപ്പിച്ചിട്ടുള്ളത്. ഈ സംഘബോധത്തിന്റെ ദിശാസൂചകങ്ങൾ ആഴത്തിലുള്ള സ്വയംബോധ്യത്തിന്റെയും പരിവർത്തനക്ഷമതയുടെയും നേർക്കാണോ അതോ കേവലം സ്പർദ്ധയുടെയും അധരവ്യായാമങ്ങളുടെയും പക്ഷത്താണോ എന്ന് പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു.