ഏതാണ്ട് ഒരു വർഷം മുമ്പാണ്. സാംസ്കാരിക വകുപ്പുമായി ചേർന്ന് ഡി സി ബുക്സ് കോഴിക്കോട് വെച്ചു ഒരു ലിറ്ററേച്ചർ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു. അതിനോടനുബന്ധിച്ച് നടത്തിയ “മതം, സാഹിത്യം, ആത്മീയത” എന്ന സെമിനാറിലേക്ക് മുസ്ലീങ്ങളെ മാത്രം, പ്രത്യേകിച്ചും അവർക്കിടയിൽ കേരളത്തിലെ മഹാഭൂരിഭാഗം മുസ്ലീങ്ങളുടെയും ജീവിതാനുഭവങ്ങളെ വിമർശിക്കുന്ന എഴുത്തുകാരെ മാത്രം ക്ഷണിക്കുകയും ചെയ്യുന്നു.
ബാബ്‌റി മസ്ജിദ്, കാശ്മീരിന്റെ പ്രത്യേക പദവി, യൂണിഫോം സിവിൽ കോഡ്, എന്നിവയൊക്കെയാണ് 1980-കൾക്ക് ശേഷം ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയം മുഖ്യ പ്രചരണ ആയുധങ്ങളാക്കിയ വിഷയങ്ങൾ. ഒരു ദരിദ്ര രാജ്യത്ത് അധികാരം നേടിയെടുക്കുവാൻ ശ്രമിക്കുന്ന/ശ്രമിച്ചു കൊണ്ടിരിക്കുന്ന പാർടിയെന്ന നിലയിൽ ആ രാജ്യത്തെ ബഹുഭൂരിപക്ഷം വരു ന്ന ദരിദ്ര ജനവിഭാഗങ്ങളുടെ സാമൂഹിക - സാമ്പത്തിക സ്ഥിതിക്ക് മാറ്റം വരുത്തുന്ന മുദ്രാവാക്യങ്ങൾക്ക് പകരം രാജ്യത്തെ ഭൂരിപക്ഷ മതവിഭാഗങ്ങളുടെ ഇക്കിളിപ്പെടുത്തുന്ന രാഷ്ട്രീയമാണ് ഇതിലൂടെ സംഘപരിവാർ മുന്നോട്ടു വെച്ചത്. മറ്റൊരു വസ്തുത ഈ മുദ്രാവാക്യങ്ങളോട് പോലും ഏതെങ്കിലും തരത്തിലുള്ള പ്രതിബദ്ധത അവർ അധികാരത്തിൽ ഇരുന്ന സമയത്ത് കാണിച്ചിട്ടില്ല എന്നതാണ്. ബാബ്‌റി മസ്ജിദിന്റെ പതനത്തിനു ശേഷം ബിജെപി ഒന്നിലധികം തവണ അധികാരത്തിൽ വന്നിട്ടുണ്ട്. കാശ്മീരിന്റെ പ്രത്യേക പദവിയുടെ കാര്യത്തിൽ കടുത്ത നിലപാടുകളുള്ള പിഡിപിയുമായി ചേർന്നു കാശ്മീരിൽ ഇപ്പോൾ ഭരണം നടത്തുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് "രാമജന്മ ഭൂമി" യിൽ ക്ഷേത്രം പണിയൽ, കാശ്മീരിന്റെ പ്രത്യക പദവി എടുത്തു കളയൽ എന്നീ മുദ്രാവാക്യങ്ങളുടെ കാര്യത്തിൽ യാതൊരു വിധത്തിലുള്ള ഒച്ചപ്പാടുകൾക്കും സംഘപരിവാർ തുനിയാത്തത്. അതുകൊണ്ടു തന്നെ മുസ്ലിം വോട്ടുകൾ അന്തിമഫലം നിർണയിക്കുന്നതിൽ വലിയ പങ്കു വഹിക്കുന്ന ആസന്നമായ ഉത്തർപ്രദേശ് തെരെഞ്ഞെടുപ്പിൽ മുസ്ലിങ്ങളെ ഏതെങ്കിലും തരത്തിൽ പ്രകോപിപ്പിക്കുവാൻ പര്യാപ്തമായ വിഷയമെന്ന നിലയിൽ പൊടുന്നനെ യൂണിഫോം സിവിൽ കോഡ് (UCC) കൊണ്ടുവരണം എന്ന ആവശ്യം അവർ ഉയർത്തി കൊണ്ടു വരുന്നത്.