ലോങ്ങ്‌ മാര്‍ച്ച് - ആത്മഹത്യ നിര്‍ത്തി ഇന്ത്യ സമരം ചെയ്യാന്‍ തുടങ്ങുന്നു

lm

ഈ മാസം ഏഴാം തിയതി “നാസിക്കി”ല്‍ നിന്നും തുടങ്ങിയ കിസാന്‍ ലോങ്ങ്‌ മാര്‍ച്ച് ഇരുനൂറോളം കിലോമീറ്റര്‍ താണ്ടി അഞ്ചാം ദിവസം, അതായത് മാര്‍ച്ച് പന്ത്രണ്ടാം തിയതി മുംബൈയില്‍ സമാപിക്കുമ്പോള്‍ ഇന്ത്യ സാക്ഷ്യം വഹിച്ചത് മറ്റൊരു ഉജ്ജ്വല അവകാശ പോരാട്ടത്തിന്റെ വിജയമാണ്. കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ച സര്‍ക്കാര്‍ അവരുമായി കരാര്‍ ഒപ്പിട്ടു.

ഈ ലോങ്ങ് മാര്‍ച്ച് പല കാരണങ്ങള്‍ കൊണ്ടും നാം മുമ്പ് കണ്ടിട്ടുള്ള കര്‍ഷക സമരങ്ങളുമായി താരതമ്യം ഇല്ലാത്തതാണ്. എന്നാല്‍ ഈ സമരം പൊടുന്നനെ ഉയര്‍ന്നുവന്ന് ഐതിഹാസിക മാനം ആര്‍ജ്ജിക്കുകയായിരുന്നില്ല. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി മാറിമാറി ഭരിച്ച വലത് സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നയങ്ങളിലും, അവഗണനയിലും, അവകാശ നിഷേധത്തിലും പൊറുതിമുട്ടിയ കര്‍ഷക ജനത ഇന്ത്യയൊട്ടുക്കുമായി നടത്തി വന്നിരുന്ന ചെറുതും വലുതുമായ പോരാട്ടങ്ങളുടെ സ്വാഭാവിക വികാസമാണ് ഇത്.

എന്നാൽ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യയില്‍ നടന്ന മറ്റ് കര്‍ഷക സമരങ്ങള്‍ ഈ വിജയത്തിന്റെ ലഹരിയില്‍ വിസ്മരിക്കപ്പെട്ടുകൂട. മഹാരാഷ്‌ട്രയില്‍ തന്നെ രണ്ട് കൊല്ലം മുമ്പ് നടന്ന നാല്പത്തിയെട്ട് മണിക്കൂര്‍ സമരം, ഭരണകൂട ധാര്‍ഷ്ട്യത്തെ മുട്ടുകുത്തിച്ചുകൊണ്ട് രാജസ്ഥാനിലെ കര്‍ഷകര്‍ നേടിയ ഐതിഹാസിക വിജയം, ഒക്കെയും ഓര്‍മ്മിപ്പിക്കുകയാണ് കിസാന്‍ ലോങ്ങ്‌ മാര്‍ച്ചിന്റെ ഈ ചരിത്ര വിജയം. ഒപ്പം അവകാശ സമരങ്ങള്‍ അവസാനിക്കുന്നില്ല എന്നും.

മാദ്ധ്യമ പിന്തുണ

മാദ്ധ്യമ പിന്തുണയില്ലാതെ സമരമെന്നല്ല ഒരു സംരംഭവും വിജയിക്കാത്ത ഒരു കാലത്താണ് ഇത്തരം ഒരു സമരം ഉയര്‍ന്നുവരുന്നത്. പല പ്രായത്തിലുള്ള സ്ത്രീകളും പുരുഷന്മാരുമടക്കം മുപ്പതിനായിരത്തോളം കര്‍ഷകര്‍ അഞ്ച് ദിവസം മുമ്പ് നാസിക്കില്‍ നിന്ന് നടന്നു തുടങ്ങുമ്പോള്‍ സ്വാഭാവികമായും അതിനെ ഏറ്റെടുക്കാനും ഒപ്പം നടക്കാനുമല്ല, താമസ്കരിക്കാനായിരുന്നു മുഖ്യധാരയിലെ വലത് കോര്‍പ്പറേറ്റ് മാദ്ധ്യമങ്ങളുടെയൊക്കെയും ശ്രമം. സമരം നാലു നാള്‍ പിന്നിട്ടപ്പോള്‍ ചില മാദ്ധ്യമങ്ങളിലെങ്കിലും കണ്ട് തുടങ്ങിയ ആവേശ തിരയിളക്കമൊന്നും ആദ്യ നാളുകളില്‍ ഇല്ലായിരുന്നു.

കൊടുംവെയിലിലും തളരാതെ വഴിയോരത്ത് വച്ചു തിന്ന്, പിന്നെയും നടന്ന്, വഴിയോരങ്ങളില്‍ തന്നെ കിടന്നുറങ്ങി മുന്നേറുന്ന അവരുടെ ഉള്ളിലെ നിശ്ചയദാര്‍ഢ്യത്തിന്റെ വര്‍ഗവീര്യമല്ലാതെ ആ നാളുകളില്‍ പുറത്ത് മുഖ്യധാരാസമൂഹത്തില്‍ നിന്നും ഒന്നുമുണ്ടായിരുന്നില്ല അവര്‍ക്ക് ആവേശം പകരാനായി. അവര്‍ അത് അറിഞ്ഞതു തന്നെയില്ലല്ലോ! വെയിലില്‍ അവര്‍ കരിയില്ല, കാരണം അതില്‍ കുരുത്തവരാണവര്‍. എന്നാല്‍ അങ്ങനെയല്ല അവഗണന. ഇക്കാലത്ത് ജനാധിപത്യപരമായ പോരാട്ടങ്ങള്‍ ഏറ്റവും അധികം ഭയക്കേണ്ടതും അതിനെയാണ്.

മുഖ്യധാരാ മാദ്ധ്യമങ്ങള്‍ അവഗണിച്ചു എങ്കിലും ഇന്ത്യയിലും ലോകത്തെമ്പാടും കര്‍ഷക, തൊഴിലാളി വര്‍ഗങ്ങള്‍ക്കിടയില്‍ നിന്നും ഉയര്‍ന്നുവരുന്ന ഓരോ പോരാട്ടത്തെയും പ്രതീക്ഷയോടെ നോക്കി കാണുകയും അവയെ നിരന്തരം പിന്തുടരുകയും ചെയ്യുന്ന കുറേ ചെറുപ്പക്കാര്‍ ലോകത്തിന്റെ പല കോണുകളിൽ ഇരുന്നു ഇതിനെ തത്സമയം അറിയുകയും ഏറ്റെടുക്കുകയും ചെയ്തു. നവ മാദ്ധ്യമങ്ങളിലുടെ ചിത്രങ്ങളും, വീഡിയോയും, വാര്‍ത്തകളും വിശകലനങ്ങളും ഒക്കെയായി അവര്‍ അതിനെ ഈ നാല് ദിവസവും സജീവമാക്കി നിര്‍ത്തി. അതോട് കൂടി സംഭവം മുഖ്യധാരാ മാദ്ധ്യമങ്ങള്‍ ഏറ്റെടുക്കാന്‍ നിര്‍ബന്ധിതരായി എന്ന് വേണം പറയാന്‍.

പൊതുജന പിന്തുണ

സമരം ചെയ്യുന്നത് ഒരു പ്രത്യേക വിഭാഗം ആണെങ്കിലും ആ സമരത്തിന്, അത് ഉന്നയിക്കുന്ന ആവശ്യങ്ങള്‍ക്ക് പൊതുജന പിന്തുണ ലഭിക്കുക എന്നത് ഏതൊരു സമരത്തിന്റെയും വിജയത്തിന് അനിവാര്യമാണ്. എന്നാല്‍ അത് സ്വാഭാവികമായി, പൊതുസമൂഹത്തില്‍ അന്തര്‍ലീനമായ നൈതികതയില്‍ നിന്ന് സ്വയം ഉണ്ടായിക്കോളും എന്ന് കരുതുന്നത് അതികാല്പനികതയാണ്. കര്‍ഷക ആത്മഹത്യ എന്നത് നിരന്തരം കേള്‍ക്കുന്ന ഒരു സമൂഹത്തിന് അവരോട് സ്വാഭാവികമായി ഉണ്ടാകുന്ന ഒരു അനുതാപമുണ്ട്. പക്ഷേ എന്തൊക്കെയായാലും ഗതാഗതം ഉള്‍പ്പെടെ നിത്യജീവിതത്തിന്റെ മദ്ധ്യവര്‍ഗ്ഗ സ്വാസ്ഥ്യങ്ങളെ ബാധിക്കുന്ന സമരം പോലുള്ള പരിപാടികള്‍ക്ക് അവര്‍ നേരിട്ട് പിന്തുണ പ്രഖ്യാപിക്കണമെങ്കില്‍ അതിന് മേല്പറഞ്ഞ അനുതാപം മാത്രം പോര.

ഇവിടെയാണ് ചില സംജ്ഞകൾ (gestures) പ്രസക്തമാകുന്നത്. അത്തരം ഒന്നായിരുന്നു സമരത്തിന്റെ പുര്‍വ്വ പദ്ധതിയില്‍ ചില മാറ്റങ്ങള്‍ വരുത്തുക വഴി അവര്‍ ചെയ്തത്. തങ്ങളുടെ മാര്‍ച്ച് കാരണം നഗരത്തിലെ ഗതാഗതം തടസ്സപ്പെടുകയും അതുവഴി കുട്ടികളുടെ പത്താം ക്ലാസ് പരീക്ഷയ്ക്ക് തടസ്സം ഉണ്ടാവുകയും ചെയ്യുന്നത് ഒഴിവാക്കാന്‍ മാര്‍ച്ച് പതിനൊന്നാം തിയതി രാത്രി മുഴുവന്‍ ഉറങ്ങാതെ അവര്‍ നടന്നു. അതിരാവിലെ മുംബൈയില്‍ എത്തി.

നഗരം അവരെ വരവേറ്റത് കുടിവെള്ള കുപ്പികളും, ഭക്ഷണ പൊതികളുമായി വഴിയോരത്ത് നിരന്നുകൊണ്ടായിരുന്നു. ‘അപരിഷ്കൃതരായ’ കര്‍ഷകരുടെ ‘വൃത്തിഹീനമായ’ ശീലങ്ങള്‍ നഗര കേന്ദ്രത്തെ മലീമസമാക്കുമോയെന്നപോലുള്ള മദ്ധ്യവര്‍ഗ്ഗ ഭയങ്ങള്‍ ഒരു ന്യൂനപക്ഷത്തിന്റെ ഫെയ്സ് ബുക്ക് ആവിഷ്കാരങ്ങളില്‍ ചുരുങ്ങി. പൊതുജനവും സമരത്തിനൊപ്പം നിന്നു.

സമരം ഒരു ഐതിഹാസിക വിജയം തന്നെ ആയിരുന്നു എന്ന് ആവര്‍ത്തിക്കട്ടെ. പക്ഷെ അത് ചില പാഠങ്ങള്‍ നല്‍കുന്നുണ്ട്. അവയാണ് അതിന്റെ രാഷ്ട്രീയ മാനവും.

ലോങ്ങ്‌ മാര്‍ച്ചിന്റെ രാഷ്ട്രീയ പ്രസക്തി

കടുത്ത സമരമുറകളിലേക്ക് നീങ്ങാതെ തന്നെ സമരം വിജയിച്ചു. അത് പക്ഷെ മഹാരാഷ്ട്ര സര്‍ക്കാര്‍ മുംബൈയില് കര്‍ഷക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കാത്തിരുന്നതുകൊണ്ടൊന്നും അല്ല എന്ന് വ്യക്തമാണ്. എന്താണ് അവരെ ഇത്ര എളുപ്പം കീഴടങ്ങാന്‍ പ്രേരിപ്പിച്ചത്? ആ ചോദ്യത്തിന്റെ ഉത്തരത്തിലാണ് കിസാന്‍ ലോങ്ങ്‌ മാര്‍ച്ചിന്റെ രാഷ്ട്രീയ പ്രസക്തി.

ഒരു വികാര തള്ളിച്ചയില്‍ ഒത്തുകുടുന്ന ജനസാമാന്യം ഉണ്ടാക്കുന്ന സമരങ്ങള്‍ കൈകാര്യം ചെയ്യുക ഭരണകൂടങ്ങളെ സംബന്ധിച്ചിടത്തോളം എളുപ്പമാണ്. വാഗ്ദാനങ്ങള്‍ വഴി സമരം അവസാനിപ്പിച്ച് ഒടുക്കം കയ്യടി തങ്ങള്‍ക്കാക്കി ‘കഴിച്ചി’ലാക്കാം. കാരണം അത്തരം ആൾക്കൂട്ടങ്ങളെ ആവര്‍ത്തിച്ച് നിലനിര്‍ത്തുക എളുപ്പമല്ല. നിര്‍ഭയയ്ക്കായി ദില്ലിയില്‍ ഒത്തുകൂടിയ ഇത്തരമൊരു ആൾക്കൂട്ടത്തെ വിശ്വസിച്ച് ചില ആക്ടിവിസ്റ്റുകള്‍ നോര്‍ത്ത് ഈസ്ടിലെ സ്ത്രീകള്‍ അനുഭവിക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് എതിരെ സമാനമായ ഒരു പ്രതിഷേധം ആഹ്വാനം ചെയ്തു. അത് പക്ഷേ വെള്ളത്തില്‍ വരച്ച വരയായി.

എന്നാല്‍ ലോങ്ങ്‌ മാര്‍ച്ച് അങ്ങനെ ഒരു ‘ആൾക്കൂട്ട’ സമരമല്ല, അത് വര്‍ഗബോധവും രാഷ്ട്രീയജ്ഞാനവും സംഘടനാതലത്തില്‍ ആര്‍ജ്ജിച്ച, അതിന്‍റെ പിന്നില്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കാന്‍ സജ്ജരായ ഒരു ആള്‍ക്കൂട്ടം നേടിയ വിജയമാണ്. തങ്ങള്‍ ചെയ്യുന്ന ഓരോ സമരവും അതില്‍ അവസാനിക്കുന്ന ഒറ്റപ്പെട്ട അദ്ധ്യായങ്ങള്‍ അല്ല എന്നും അവ ഒരു സമരചരിത്രത്തിന്റെ തുടര്‍ച്ചയാണ് എന്നും അവര്‍ക്ക് അറിയാം. അതുകൊണ്ട് തന്നെ ചില ബി.ജെ.പി പ്രവര്‍ത്തകര്‍ ചാനല്‍ റുമിലും സൈബര്‍ മാദ്ധ്യമങ്ങളിലും ഇരുന്ന് പറയുന്നത് പോലെ ഇത് അങ്ങനെ മാനേജ് ചെയ്യാവുന്ന സമരമല്ല.

ഇന്ത്യയില്‍ എമ്പാടുമായി സമീപ കാലത്ത് ഉണ്ടായ ചെറുതും വലുതുമായ നിരവധി കര്‍ഷകസമരങ്ങളുടെ തുടര്‍ച്ച എന്ന നിലയില്‍ ഇന്ന് ഭരണകൂടം കരാര്‍ ഒപ്പിട്ട് പിരിച്ചയക്കുന്ന ആള്‍ക്കൂട്ടം “തരിപോലുമില്ല കണ്ടുപിടിക്കാന്‍” എന്ന പാല്‍പൊടിയുടെ പരസ്യം പോലെ പൊതുസമൂഹത്തില്‍ എന്നെന്നേക്കുമായി അപ്രത്യക്ഷമാകാന്‍ പോകുന്നില്ല എന്ന് ആര്‍ക്കറിയില്ലെങ്കിലും ഭരണകൂടത്തിനറിയാം. അവര്‍ അടുത്ത ഒരാഹ്വാനത്തില്‍ ഇതിലും വലിയ സംഖ്യയില്‍ ഇതിലും ദീര്‍ഘമായ ഒരു ദുരം മാര്‍ച്ച് ചെയ്യാന്‍ സജ്ജമാണ്.

ആകെ മൂന്നു സംസ്ഥാനങ്ങളില്‍ മാത്രം നിലനിന്നിരുന്ന, ഇപ്പോള്‍ ആകെ ഒന്നില്‍ ഒതുങ്ങിയ കാലഹരണപ്പെട്ട പ്രത്യയശാസ്ത്രം എന്നൊക്കെ പരിഹസിക്കുമ്പോഴും ഇടത് രാഷ്ട്രീയത്തെ ബി.ജെ.പിയും സംഘപരിവാറും ഭയക്കുന്നതിന്റെ കാരണവും ഇതാണ്.

ചരിത്രപരമായ സാഹചര്യങ്ങള്‍

സ്വതന്ത്ര ഇന്ത്യയിലെ ആദ്യകാല ഭരണകൂടങ്ങളില്‍ ഭരണപക്ഷത്ത് സോഷ്യലിസ്റ്റ് ആയ നെഹ്റുവും പ്രതിപക്ഷത്ത് കമ്യുണിസ്റ്റ് പാര്‍ട്ടിയും ആയിരുന്നു എന്നത് ഇവിടെ പ്രസക്തമാണ് എന്ന് തോന്നുന്നു. എ.കെ.ജി അനൌദ്യോഗിക പ്രതിപക്ഷ നേതാവായി ദില്ലിയില്‍ കഴിഞ്ഞിരുന്ന കാലം. ഇന്ത്യയുടെ നാനാ ഭാഗങ്ങളില്‍ നിന്നും തന്നെ കാണാന്‍ എത്തുന്ന കര്‍ഷകരും, മറ്റ് തൊഴിലാളികളും തൊഴില്‍രഹിതരും ഒക്കെയായ മനുഷ്യരുടെ പ്രശ്നങ്ങള്‍ അദ്ദേഹം തന്‍റെ ഡയറിയില്‍ കുറിച്ചിരുന്നത് ഇന്ന് പുസ്തക രൂപത്തില്‍ ലഭ്യമാണ്. അതില്‍ എ.കെ.ജി ഉള്‍ക്കിടിലത്തോടെ പറയുന്ന ഒരു കാര്യമുണ്ട്. ഇന്ത്യ എമ്പാടുമായി പരന്നുകിടക്കുന്ന ഒരു വന്‍ മനുഷ്യസമൂഹം വല്ലാത്ത പ്രതീക്ഷയോടെ ഈ പാര്‍ട്ടിയെ ഉറ്റ്നോക്കുന്നു; അതിനൊത്ത് വളരാനും പ്രവര്‍ത്തിക്കാനും ആയില്ലെങ്കില്‍ ഈ പ്രതീക്ഷ നിരാശയ്ക്ക് വഴിമാറാന്‍ അധികം സമയം എടുക്കില്ല എന്ന സാമാന്യമായ രാഷ്ട്രീയ തിരിച്ചറിവാണ് അദ്ദേഹം അന്ന് കുറിച്ച് വച്ചത്.

എന്നാല്‍ നെഹ്റുവിന്‍റെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന കോണ്ഗ്രസ് ഭരണകൂടം, നരസിംഹറാവുവിന്റെ കാലം തൊട്ട് കൈകൊണ്ടതുപോലെ പ്രത്യക്ഷമായ ഒരു കര്‍ഷക വിരുദ്ധ സമീപനം കൈകൊണ്ടിരുന്നു എന്ന് പറയാനും ആവില്ല. അപ്പോള്‍ ഊന്നല്‍ വേഗതയില്‍ ആവുന്നത് സ്വാഭാവികം. അളക്കാവുന്ന ഒന്നല്ല എങ്കിലും പ്രതീക്ഷ എന്ന ഒന്നുണ്ട്. ആത്മഭാരം കൊണ്ട് മറ്റൊന്നായി തീരാവുന്ന അതിനെ, അതിന്‍റെ പെരുമാറ്റ രീതിയെ എമ്പെരിക്കലായല്ലാതെ സമീപിക്കുക പ്രയാസമാകും. പ്രതീക്ഷിച്ച ജീവിതം ലഭിക്കാതെ മനുഷ്യര്‍ ആത്മഹത്യ ചെയ്യുന്നത് എടുക്കുക. പ്രതീക്ഷ എന്നത് സൃഷ്ടിപരവും ആ നിലയ്ക്ക് ഭൌതീകം തന്നെയുമായ ഒന്നാണ്. പക്ഷെ അത് തകര്‍ന്നാല്‍ മനുഷ്യരില്‍ പലരും അതിന്‍റെ നേര്‍ വിപരീതമായ നിരാശ എന്ന ആത്മനാശോന്മുഖമായ ഒരു അതിഭൌതീക മോചന മാര്‍ഗ്ഗത്തിലേക്ക് എത്തിചേരുന്നു.

തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യം എന്ന പാഠപരമായ ഘട്ടത്തിലേക്ക് കടക്കാനുള്ള അമാന്തം പിളര്‍പ്പായി മാറുന്നതും നക്സല്‍ പ്രസ്ഥാനം രൂപം കൊള്ളൂന്നത് നാം കണ്ടു. സോവിയറ്റ് റഷ്യയുമായി അടുത്ത ചങ്ങാത്തമുള്ള നെഹ്റുവിയന്‍ സോഷ്യലിസ്റ്റ് കോണ്ഗ്രസ്സുമായി അകലം എന്തിന് എന്ന ചോദ്യം ഉണ്ടാക്കിയ പിളര്‍പ്പും. ഇവയ്ക്ക്കിടയില്‍ നിലപാട് പ്രത്യയശാസ്ത്രപരവും വര്‍ഗ്ഗപരവും ആകുന്നതിന് പകരം കേവലം സംഘടനാപരതയിലെയ്ക്ക് വഴിമാറിയത്, നക്സല്‍ നേതാക്കാള്‍ ആ വഴിവിട്ട് മുഖ്യധാര സി.പി.എം വിമര്‍ശകരായി മാറിയിട്ടും സി.പി.ഐ-സി.പി.എം സഖ്യ മുന്നണി ഉണ്ടായിട്ടും, ആരും സ്വയം വിമര്‍ശനപരമായി സമീപിച്ച് കണ്ടിട്ടുമില്ല.

ഈ പിളര്‍പ്പുകളും വിഘടിതമായ സംഘടനാ സ്വത്വങ്ങളുടെ അസ്തിത്വ പോരാട്ടങ്ങളും ഒക്കെയായി നഷ്ടമായ ഊര്‍ജ്ജം കുടിയാണ് ഇന്നത്തെ ഇന്ത്യന്‍ ഇടത് രാഷ്ട്രീയ അവസ്ഥ. ഇതിന് മുഴുവന്‍ പഴി കേള്‍ക്കുന്നത് മുഖ്യ കമ്യുണിസ്റ്റ് പാര്‍ട്ടിയായ സി.പി.എമ്മും.

ഇതുവരെ പറഞ്ഞുവന്നത് പ്രതികൂലാവസ്ഥയാണ്. ഇടത് രാഷ്ട്രീയത്തിലെ ആന്തരിക പ്രശ്നങ്ങളെ ഉള്‍പ്പെടെ അനുപാതരഹിതമായി പെരുപ്പിച്ച് കാട്ടി അതിന്‍റെ അന്ത്യം പ്രവചിച്ച വലത് ബൌദ്ധികതയും അതിന്റെ മെഗഫോണായ മാദ്ധ്യമങ്ങളും പക്ഷെ ഈ കര്‍ഷക സമരപരമ്പരയ്ക്ക്, അതില്‍ മകുടം ചാര്‍ത്തി നില്‍ക്കുന്ന കിസാന്‍ ലോങ്ങ്‌ മാര്‍ച്ച് വിജയത്തിന് മുമ്പില്‍ നിശബദരാവുകയാണ്. അതാണ്‌ അനുകൂല സാഹചര്യം.

സി.പി.എം പഠിക്കേണ്ട പാഠങ്ങള്‍

കര്‍ഷകര്‍ ഇന്ന് അനുഭവിക്കുന്ന പ്രശ്നങ്ങള്‍ യാദൃശ്ചികമായി സംഭവിച്ചതോ ഈ ഒരു സര്‍ക്കാര്‍ നയങ്ങളുടെ മാത്രം ഭാഗമായി ഉണ്ടായതോ അല്ല. അവയ്ക്ക് പിന്നില്‍ വിശാലമായ ഒരു രാഷ്ട്രീയ, പ്രത്യയശാസ്ത്ര ദര്‍ശന സ്ഥലമുണ്ട്. അതിന്റെ വിമര്‍ശനമാണ്; കോണ്ഗ്രസ്സിന്റെയോ, ബി.ജെ.പിയുടെയോ വിമര്ശനമല്ല ഇത്. നവഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് എതിരായ രാഷ്ട്രീയത്തിന് കോണ്ഗ്രസ്-ബി.ജെ.പി വിരുദ്ധമായി ചുരുങ്ങാന്‍ പറ്റില്ല. എന്നാല്‍ അവയ്ക്ക് രണ്ടിനും അനുകൂലമാകാനും പറ്റില്ല.

പൊതുവില്‍ ഇപ്പോള്‍ പറയപ്പെടുന്നത് ബി.ജെ.പിക്ക് എതിരായി കോണ്ഗ്രസ് അല്ലാതെ മറ്റൊരു ബദല്‍ ഇല്ല എന്നതാണ്. എന്നാല്‍ ഈ കര്‍ഷക സമരങ്ങള്‍, അവയ്ക്ക് നേടാനായ വിജയം കോണ്ഗ്രസ്സും ബി.ജെ.പിയും പിന്തുടരുന്ന നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്ക് എതിരെയുള്ള ഒരു സംവാദമായി വളര്‍ത്താന്‍ പറ്റും. ലോങ്ങ്‌ മാര്‍ച്ചില്‍ പങ്കെടുത്ത നിരക്ഷര വൃദ്ധർ പോലും മോഡിക്കും മന്മോഹനും അപ്പുറത്തേക്ക് നീളുന്ന മുതലാളിത്ത വിരുദ്ധ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നു എന്നത് ചെറിയ കാര്യമല്ല.

കാര്യങ്ങള്‍ മനസിലാക്കാന്‍ സന്നദ്ധമായി ആകെ കര്‍ഷകര്‍ മാത്രമേ ഉള്ളു എന്നുമല്ല. ഈ പ്രതിഷേധത്തിന്റെ രാഷ്ട്രീയ ഉണര്‍വിനെ പാര്‍ശ്വവല്കൃതരുടെ സമഗ്ര അവകാശ പോരാട്ടങ്ങളിലേയ്ക്ക് വികസിപ്പിക്കണം. സര്‍വ്വ പ്രധാനമായി ദളിത്‌ ആത്മാഭിമാന പോരാട്ടങ്ങളിലേയ്ക്ക് കര്‍ഷക ആത്മാഭിമാന പോരാട്ടങ്ങളെ, തിരിച്ചും ഉള്‍ചേര്‍ക്കാന്‍ ആവണം.

മാര്‍ക്സിസത്തിനും അംബേദ്കറിസത്തിനും ഇടയില്‍ ഒരു പാലം

ഈ പറഞ്ഞതിനും സാഹചര്യങ്ങള്‍ അനുകൂലമാണ്. മാര്‍ക്സിസത്തിനും അംബേദ്കറിസത്തിനും ഇടയില്‍ ഒരു പാലം എന്ന സാദ്ധ്യത, രാഷ്ട്രീയ ആവശ്യം, മുന്നോട്ട് വച്ചത് പ്രമുഖ ദളിത്‌ ചിന്തകനായ കാഞ്ച എലയ്യയാണ്. അടുത്ത കാലത്ത് ഗുജറാത്തില്‍ നിന്നും ഉയര്‍ന്നുവന്ന ദളിത്‌ ആത്മാഭിമാന സമരത്തിന്‍റെ സംഭാവനയായ നേതാവ് ജിഗ്നേഷ് മേവാനി ദളിത്‌ സമരങ്ങളില്‍ ജാതീയമായ ഉള്ളടക്കത്തിനൊപ്പം സാമ്പത്തികവും വര്‍ഗ്ഗപരവുമായ ഒന്നുകൂടി ഉണ്ട് എന്ന് കൂട്ടി ചേര്‍ക്കുകയും ചെയ്തു.

അക്കാലത്ത് വലിയ സാദ്ധ്യതകളും, പ്രതീക്ഷകളും ഉയര്‍ത്തിയ ആ പാലം കേരളത്തില്‍ തകര്‍ന്ന് വീണത് ഏതാനും അമാനവര്‍ പാലം വലിച്ചിട്ടാണ് എന്നതും ഓര്‍ക്കണം. കാരണം പുതിയ കാലത്തില്‍ സംഖ്യ ഒരു ഘടകമല്ല, പുത്തന്‍ സാദ്ധ്യതകളും അവ നല്‍കുന്ന റീച്ചും ആണ് പ്രശ്നം.

സി.പി.എം, ദളിത്‌ പീഢനങ്ങള്‍ക്ക് മേല്‍ പണികഴിപ്പിച്ച ഒരു വ്യാജ പാര്‍ശ്വവല്കൃത സംഘടനയാണ് എന്ന് ‘ചിത്രലേഖ’ ഉള്‍പ്പെടെ ഏതാനും വ്യക്തികളെ, അവരുടെ എകപക്ഷീയ ആത്മാഖ്യാനങ്ങളെ മുന്‍ നിര്‍ത്തി അവര്‍ നിരന്തരം സാദ്ധ്യമാക്കിക്കൊണ്ടിരിക്കുന്ന ഒന്നാണ്. അതിനെ ചെറുക്കേണ്ടതുണ്ട് എന്ന് പോലും ഇടതുപക്ഷം മനസിലാക്കിയില്ല, പിന്നെയല്ലേ ചെറുക്കുന്നത്. ആ വഴിയിലും എന്തെങ്കിലും നടന്നത് സൈബര്‍ മീഡിയില്‍ ആണ്. എന്റെ ഓര്‍മ്മയില്‍ അത് രാവണന്‍ കണ്ണൂര്‍ എന്ന ഒരു ഐഡി എഴുതിയ ഒരു പോസ്റ്റില്‍ ഒതുങ്ങുന്നു.

കര്‍ഷക ലോങ്ങ്‌ മാര്‍ച്ചിനെ മുഖ്യധാരാ മാധ്യമങ്ങള്‍ തമസ്കരിച്ചപ്പോള്‍ അതിനെ നിലനിര്‍ത്തി എന്ന ന്യായമായ അവകാശവാദം ഇതുപോലെ ഉത്തരവാദിത്തങ്ങളും നല്‍കുന്നു. അതും മനസിലാക്കണം.

ചില സമര പരിഷ്കാരങ്ങള്‍

സത്യം പറഞ്ഞാലും ആരും വിശ്വസിക്കില്ല എന്നത് ഒരു മറു ന്യായമാണ്. കിസാന്‍ ലോങ്ങ്‌ മാര്‍ച്ചിനെ കുറിച്ചും ഉണ്ടായിരുന്നു ഇത്തരം പ്രചാരണങ്ങള്‍. ഒരു കോടിയില്‍ അധികം കര്‍ഷകര്‍ ഉള്ള മഹാരാഷ്ട്രയില്‍ മുപ്പത് ലക്ഷം പേര്‍ ഈ മാര്‍ച്ചിനിറങ്ങിയത് രാഷ്ട്രീയ പ്രേരിതമായാണ് എന്നൊക്കെയാണ് ബി.ജെ.പി പറയുന്നത്. അതിലെ സംഖ്യാപരമായ മണ്ടത്തരം അവര്‍ക്ക് പോലും മനസിലാകും. നുറുകോടിയില്‍ പരം ജനസംഖ്യയുള്ള ഇന്ത്യയില്‍ അവര്‍ ഒരു പ്രക്ഷോഭം സംഘടിപ്പിച്ചാല്‍ അതില്‍ എത്ര പേര്‍ കാണും? ഒരു കോടി? അത്രയും പേര്‍ ഒരു സ്ഥലത്ത് വന്നാല്‍ അതുണ്ടാക്കുന്ന പ്രത്യാഘാതം? അപ്പോള്‍ ആ കണക്കൊക്കെ വിടു.

ഒരു നഗരത്തെ സംബന്ധിച്ചിടത്തോളം അവിടേയ്ക്ക് അധികമായി വരുന്ന മുപ്പതിനായിരം മനുഷ്യര്‍ എന്നത് ഒരു വലിയ സംഖ്യ തന്നെയാണ്. ഈ ഇരുനൂറു കിലോമീറ്ററിനിടയില്‍ കര്‍ഷക മാര്‍ച്ച് ഒരിടത്തും പൊതുസമൂഹത്തിന്റെ നിത്യ ജീവിതത്തെ സ്തംഭിപ്പിച്ചല്ല മുംബൈയിലേക്ക് എത്തിയത്. അവിടെ തന്നെയും കുട്ടികള്‍ക്ക് പരീക്ഷ എഴുതാന്‍ വല്ല തടസ്സവും ഉണ്ടായാലോ എന്ന പരിഗണനയില്‍ അവര്‍ മാര്‍ച്ച് രാത്രിയിലാക്കി.

ഇവിടെയാണ് ആദ്യം പറയുന്ന സംജ്ഞകളുടെ (gestures) പ്രാധാന്യം. നുണ പ്രചാരണങ്ങള്‍ വഴി സമരങ്ങള്‍ക്കും, അവയ്ക്ക് നേതൃത്വം കൊടുക്കുന്ന സംഘടനകള്‍ക്കും സംഘടനാ രാഷ്ട്രീയത്തിന് തന്നെയും എതിരായി നിര്‍മ്മിച്ചിരിക്കുന്ന പൊതുബോധം സ്വയം മാറില്ല. അതിന് സമൂഹം ധനാത്മകം എന്ന് വിലയിരുത്തുന്ന ചില ആര്‍ദ്രമായ ചുവടുകള്‍ സമരങ്ങള്‍ കൈക്കൊള്ളണം.

കര്‍ഷക സമരമല്ല, സമരങ്ങള്‍

ലോങ്ങ്‌ മാര്‍ച്ചിന്റെ വിജയാനന്തരം നമ്മള്‍ ആദ്യം ഓര്‍ക്കുകയും സ്വയം ഉറപ്പ് വരുത്തുകയും ചെയ്യേണ്ടത് ഇത് ഒരു സമരത്തിന്റെ വിജയമാണ്, സമരത്തിന്റെ വിജയമല്ല എന്നാണ്.

ഓര്‍ക്കേണ്ടത് കര്‍ഷക സ്വാഭിമാന പോരാട്ടങ്ങള്‍ ഒരു സമരമല്ല, സമരങ്ങള്‍, നിരന്തര സമരങ്ങള്‍ ചേരുന്ന ഒരു തുടര്‍ ആഖ്യാനമാണ് എന്നതായിരിക്കണം . ഭരണകൂടം സമരങ്ങളുമായി ഒത്തുതീര്‍പ്പില്‍ എത്തും. സമരക്കാര്‍ വിജയാഹ്ളാദത്തോടെ പിരിയും. എന്നാല്‍ ഭരണകുടം ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ ലംഘിക്കും. ഇത് നാം നിരന്തരം കണ്ടിട്ടുള്ള ഒന്നാണ്. ഇത് സുചിപ്പിക്കുന്നത് നാം വിജയം എന്ന് കരുതിയ സമരം ഒരു പരാജയമായിരുന്നു എന്നല്ല, മറിച്ച് വിജയം ഒരു സമരത്തിലുടെ ഉണ്ടാക്കേണ്ടതല്ല, നിരന്തര സമരങ്ങളിലൂടെ നിലനിർത്തേണ്ടതാണ് എന്നാണ്. .

കര്‍ഷകര്‍ക്കും കിസ്സാന്‍ സഭയ്ക്കും കമ്യുണിസ്റ്റ് പാര്‍ട്ടിക്കും ഒരുപോലെ ഉണ്ടാവേണ്ടതും അതിലുപരി അവ അടിതൊട്ടുമുടിവരെ പറഞ്ഞ് ഉറപ്പിക്കെണ്ടതുമായ ഒരു കാര്യമാണ് ഒരു സമരമല്ല, നിരന്തര സമരങ്ങള്‍ മാത്രമാണ് മാര്‍ഗ്ഗം എന്നത്. പറയുമ്പോള്‍ ഇത് ഉപരിപ്ലവമായ ഒരു രാഷ്ട്രീയ പാഠം എന്ന പ്രതീതി ജനിപ്പിക്കും വിധം ലളിതവും സ്പഷ്ടവുമാണ് എന്നാല്‍ ഈ പ്രകടമായ ലളിതങ്ങളെ നിര്‍ദ്ധാരണം ചെയ്യുകയാണ് പ്രായോഗിക രാഷ്ട്രീയത്തിലെ ഏറ്റവും പ്രയാസമേറിയ പണിയും.

ലോങ്ങ്‌ മാര്‍ച്ചിന്റെ ആനുകാലിക പ്രസക്തി

ലോങ്ങ് മാര്‍ച്ചിന്റെ ആത്യന്തിക രാഷ്ട്രീയ പ്രസക്തി കര്‍ഷകര്‍ നിരാശയുടെ ആത്മനാശോന്മുഖമായ വഴി വിട്ട് പോരാട്ടത്തിലേക്ക് മടങ്ങി വരുന്നു എന്നതാണ്. സംഘടനയിലേയ്ക്ക്, സംഘടനാ രാഷ്ട്രീയത്തിന്റെ ഒറ്റയടിക്ക് ജയിക്കാന്‍ ആവാത്ത സമരങ്ങളിലേക്ക് അവര്‍ തിരിച്ചെത്തുന്നു എന്നതാണ്. മഹാരാഷ്ട്രയില്‍ കിസാന്‍ സഭ ഇത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ നടത്തി വിജയിപ്പിക്കുന്ന ആദ്യ സമരം അല്ല എന്നും ഓര്‍ക്കണം.

ലോങ്ങ്‌ മാര്‍ച്ചിന്റെ വിജയം നമ്മുടെ സാമൂഹ്യ, സാംസ്കാരിക നേതൃരൂപങ്ങളുമായി തര്‍ക്കിക്കുന്നത് സംഘടിത പോരാട്ടങ്ങളുടെ രാഷ്ട്രീയശക്തി എന്നെന്നേക്കുമായി ചോര്‍ന്നുപോയി എന്ന് പറയാനായിട്ടില്ല എന്നാണ്. അറുപത് വൃദ്ധരെ ചേര്‍ത്ത് ഏതാനും ദിവസം നീളുന്ന ഒരു തീര്ത്ഥാടനം സംഘടിപ്പിച്ച ട്രാവല്‍ ഏജന്‍സി പരിചയം എങ്കിലും ഉള്ളവര്‍ക്കറിയാം അതിലെ റിസ്ക്‌. അപ്പോഴാണ്‌ മുപ്പതിനായിരം പേരില്‍ തുടങ്ങുന്ന ഒരു മാര്‍ച്ച് തെരുവില്‍ അഞ്ച് ദിവസത്തോളം നീളമുള്ള ഒരു കാലയളവ്‌ സംഘടിപ്പിക്കുന്നതിലെ ആത്മഹത്യാപരത, അതാണ് മഹാരാഷ്ട്ര പോലെ ചുവപ്പ് കോട്ട പോയിട്ട് ചുവപ്പ് സാന്നിദ്ധ്യമായി പോലും ആരും അടയാളപ്പെടുത്താത്ത ഒരിടത്ത് നടത്താന്‍ ഒരുമ്പെട്ടത്തിലെ റിസ്ക്‌.

സുരക്ഷിതമായ അകലത്തിരുന്ന് ഇടത് വിരുദ്ധത നല്‍കുന്ന വേദികള്‍ പരമാവധി ഉപയോഗിച്ച് ആദര്‍ശ ഇടത് രാഷ്ട്രീയത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നവര്‍ക്ക് ഇത് മനസിലാവില്ല. നിങ്ങള്‍ ചാനല്‍ ചര്‍ച്ചകള്‍ വഴി നിരസിച്ചാല്‍ ഇല്ലാതാകുന്നതല്ല പ്രായോഗിക ഇടത് കമ്യുണിസ്റ്റ് രാഷ്ട്രീയം. അതിന്റെ ചുവപ്പ് കൊടി മനുഷ്യര്‍ പിടിക്കുന്നത് ഒരു സമൂര്‍ത്തമായ ഭൌതീക സാഹചര്യത്തില്‍ ആയിരിക്കും, നിങ്ങളുടെ അമൂര്‍ത്ത ആദര്‍ശവല്‍ക്കരണങ്ങള്‍ അതില്‍ ഏല്‍ക്കില്ല.

കേരളത്തില്‍ പണി നടക്കും. കാരണം ഇവിടെ കര്‍ഷക വൃത്തി തൊട്ട് കായികമായി ജോലി ചെയ്യുന്നവന് വരെ മിനിമം വേതനം ദിവസം ചുരുങ്ങിയത് പത്തെഴുനുറു രുപ വരും, അത് എങ്ങനെ വന്നു എന്ന് നമ്മുടെ ഉപരിമദ്ധ്യവര്‍ഗ്ഗ കേരള മുഖ്യധാരയ്ക്ക് ഓര്‍മ്മ ഇല്ല. പക്ഷെ, ഇന്ത്യ ആ ഓര്‍മ്മകളിലേക്ക് തിരിച്ച് വരികയാണ്.

ലോങ്ങ്‌ മാര്‍ച്ചിന്റെ ആനുകാലിക രാഷ്ട്രീയ പ്രസക്തി ഇതാണ്. ഇന്ത്യ അതിന്റെ രാഷ്ട്രീയ പോരാട്ടങ്ങളുടെ ചരിത്രത്തെ ഓര്‍ക്കാന്‍ തുടങ്ങിയിരിക്കുന്നു. അവര്‍ ആത്മഹത്യ ചെയ്യുന്നതിന്‌ പകരം സമരം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു.