ജാതിയുടെ ഉന്മൂലനം (ഭാഗം നാല് )
Bodhi is publishing a Malayalam translation of Dr.B.R.Ambedkar's "Annihilation of Caste" that was produced by Frances Pritchett, Professor of Modern Indic Languages, Columbia University and the Columbia Center for New Media Teaching and Learning. The translation was done by Sharon Vinod. This article is the third one in a series of articles dealing with the translation of the manuscript.
Bodhi is publishing a Malayalam translation of Dr.B.R.Ambedkar's "Annihilation of Caste" that was produced by Frances Pritchett, Professor of Modern Indic Languages, Columbia University and the Columbia Center for New Media Teaching and Learning. The translation was done by Sharon Vinod. This article is the third one in a series of articles dealing with the translation of the manuscript. The previous articles in the series can be read here
1936 ലെ ലാഹോര്‍ ജാത്-പാത്-തോടക് മണ്ഡലിന്റെ വാര്‍ഷിക സമ്മേളനത്തില്‍ അവതരിപ്പിക്കാനായി ബി. ആര്‍ അംബേദ്‌കര്‍ തയ്യാറാക്കിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം (ഭാഗം 4).
ജാതിയും ഹൈന്ദവസഹാനുഭൂതിയുടെ അഭാവവും
‘ശുദ്ധി’ ഇല്ലായ്മ ചെയ്ത അതേ കാരണങ്ങള്‍ തന്നെയാണ് ‘സംഘടന’ യെയും ഹൈന്ദവതയില്‍ നിന്ന് ഇല്ലായ്മ ചെയ്യുന്നത്. സംഘടന എന്നതിന്‍റെ ഉദ്ദേശ്യലക്ഷ്യം തന്നെ ഹിന്ദുവിന്റെ ഉള്ളില്‍ നിലനില്‍ക്കുന്ന, അവനെ മുഹമ്മദീയനിൽ നിന്നും സിക്കുകാരനിൽ നിന്നും അകറ്റി നിര്‍ത്തുന്ന ഭീരുത്വത്തെയും അധൈര്യത്തെയും ഇല്ലാതാക്കുക എന്നതാണ്. സ്വാഭാവികമായും ചോദ്യം ഉയരുന്നു: എവിടെ നിന്നാണ് സിക്കുകാർ അല്ലെങ്കില്‍ മുഹമ്മദീയർ ഇത്രയേറെ ധൈര്യവും ഭയരാഹിത്യവും പ്രകടിപ്പിക്കാനുള്ള ശക്തി സംഭരിക്കുന്നത്? ശാരീരികശക്തിയോ ആഹാരക്രമമോ കായികപരിശീലനമോ ഒന്നുമല്ല അതിനു കാരണം എന്ന് എനിക്കുറപ്പുണ്ട്. ഒരു സിക്കുകാരൻ ആക്രമിക്കപ്പെട്ടാല്‍ തന്നെ രക്ഷിക്കാന്‍ പിന്നില്‍ എല്ലാ സിക്കുകാരും അണിനിരക്കും എന്നുള്ള, ഒരു മുസ്ലീം ആക്രമിക്കപ്പെട്ടാല്‍ മുഹമ്മദീയർ എല്ലാവരും തനിക്കുവേണ്ടി നിരത്തിലിറങ്ങും എന്നുള്ള വിശ്വാസത്തില്‍ നിന്ന് ഉളവാകുന്ന ധൈര്യമാണ് അത്. ഹിന്ദുവിന് അത്തരം ഒരു ശക്തി ആവാഹിക്കുക സാധ്യമല്ല. തന്‍റെ സഹോദരങ്ങള്‍ തനിക്കുവേണ്ടി പ്രവര്‍ത്തിക്കും എന്ന് ഉറപ്പിക്കാന്‍ അവന് കഴിയുകയില്ല. ഒറ്റയായിരിക്കുന്നതിനാല്‍, ഏകാനാവാന്‍ വിധിക്കപ്പെട്ടതിനാല്‍, അവന്‍ ശക്തിരഹിതനാവുന്നു; ഭീരുത്വം ജനിക്കുന്നു; ആക്രമണങ്ങളില്‍ അവന്‍ കീഴടങ്ങുന്നു. സിക്കോ മുസല്‍മാനോ ഭയം തീണ്ടാതെ പോരാടുന്നു; അവനറിയാം അവന്‍ ഒറ്റയ്ക്കല്ല എന്ന്. ഈ വിശ്വാസം അവനെ മുന്നേറാന്‍ സഹായിക്കുമ്പോള്‍ അതില്ലാത്ത അപരന്‍ വഴിമാറി കൊടുക്കേണ്ടി വരുന്നു. ഇക്കാര്യത്തെ ആഴത്തില്‍ അപഗ്രഥിച്ചാല്‍, മുഹമ്മദീയരും സിക്കുകാരും കൈക്കൊള്ളുന്ന പങ്കാളിത്ത ജീവിതക്രമത്തിലാണ് വ്യത്യാസം നിലനില്‍ക്കുന്നത് എന്ന്‍ മനസ്സിലാക്കാം. ഈ പങ്കാളിത്ത ജീവിതം അവരില്‍ സഹാനുഭൂതി വളര്‍ത്തുന്നു. ഹിന്ദുക്കളില്‍ അത് ഉണ്ടാവുന്നില്ല. സിക്കുകാരിലും മുഹമ്മദീയരിലും ഒരു സാമൂഹികദൃഢത നിലനില്‍ക്കുന്നു, അവരെ തമ്മില്‍ “ഭായി”കളാക്കുന്ന ഒന്ന്‍. എന്നാല്‍ ഒരു ഹൈന്ദവന് മറ്റൊരു ഹൈന്ദവന്‍ “ഭായി” അല്ല. ഒരു സിക്ക് എന്നാല്‍ പലലക്ഷം മനുഷ്യര്‍ എന്ന് സിക്കുകള്‍ പറയുന്നത് ഒരു മുസല്‍മാന്‍ സമം ഒരു കൂട്ടം ഹിന്ദു എന്ന് പറയുന്നത് എന്തുകൊണ്ടാണ് എന്ന് ഇത് വിശദീകരിക്കുന്നു. ഈ വ്യത്യാസം ജാതീയത മൂലമുള്ളതാണ് എന്നത് സംശയാതീതമാണ്. ജാതി ഉള്ളിടത്തോളം സംഘടന ഉണ്ടാവില്ല; സംഘടന ഇല്ലാത്തിടത്തോളം ഹിന്ദു അശക്തനും അധീരനുമായി തുടരും. ഹിന്ദുക്കള്‍ സഹിഷ്ണുതയുള്ളവരാണ് എന്നാണ് അവകാശപ്പെടുന്നത്. എന്‍റെ അഭിപ്രായത്തില്‍ അത് തെറ്റാണ്. പല അവസരങ്ങളിലും അവര്‍ അസഹിഷ്ണുക്കളാണ്. ചില അവസരങ്ങളില്‍ സഹിഷ്ണുത പ്രകടിപ്പിച്ചാല്‍ത്തന്നെ അത് അവര്‍ എതിര്‍വാദം ഉയര്‍ത്താന്‍ അശക്തരായത് കൊണ്ടോ ഉദാസീനത കൊണ്ടോ ആയിരിക്കും. ഹിന്ദുവിന്റെ ഉദാസീനത അവന്റെ പ്രകൃതത്തില്‍ ഇപ്പോള്‍ അലിഞ്ഞു ചേരുകയും തെറ്റിനെയോ അധിക്ഷേപത്തെയോ അശക്തനായി സഹിക്കുവാന്‍ അവനെ നിര്‍ബന്ധിതനാക്കുകയും ചെയ്യുന്നു. മോറിസിന്റെ ഈ വാക്യങ്ങള്‍ ഉപയോഗിക്കാന്‍ തക്കവരായി നമുക്കവരെ കാണാം. “വലിയവനാൽ ചവിട്ടി മെതിക്കപ്പെടുന്ന എളിയവൻ, ശക്തനാൽ പ്രഹരിക്കപ്പെടുന്ന ദുർബലൻ, നിഷ്ഠൂരന്റെ നിർഭയത്വം, ദാക്ഷിണ്യമുള്ളവന്റെ ഭീതി, വിവേകിയുടെ മൗനം!” ഒരു സമൂഹത്തിന് ബാധിക്കാവുന്ന ഏറ്റവും വലിയ രോഗം ഉദാസീനതയാണ്. എന്തു കൊണ്ടാണ് ഹിന്ദു ഇത്ര ഉദാസീനനാവുന്നത്? ഈ ഉദാസീനത ജാതീയതയുടെ പരിണതഫലമാണ്. ഒരു സത്കൃത്യത്തിന് വേണ്ടിയുള്ള ഒത്തുചേരലിനെയും സംഘടനാപ്രവര്‍ത്തനത്തെയും പോലും ജാതീയത ഇല്ലാതാക്കുന്നു.
വ്യക്തിയുടെ മേല്‍ സമൂഹത്തിന്‍റെ അധികാരം എന്ന നിലയില്‍ ജാതി
ഏത് നവീകരണത്തിന്റെയും ആരംഭം എന്നത് പോതുബോധത്തിനെതിരായി, പൊതുപ്രാമാണ്യത്തിനെതിരായി, വ്യവസ്ഥക്കെതിരായി സ്വന്തം നിലപാടുകളും ചിന്താഗതികളും വിശ്വാസങ്ങളും സമർഥിക്കുക എന്നതാണ്. പക്ഷെ ആ നവീകരണം നിലനിന്നുപോകുമോ എന്നത് അത്തരം വ്യക്തിഗത നിലപാടുകൾക്ക് ആ പൊതുബോധത്തെ തിരുത്താനുള്ള വ്യാപ്തിയുണ്ടോ എന്നതിന് അനുസരിച്ചിരിക്കും. സമൂഹം ഈ വ്യക്തികളെ ഉൾക്കൊള്ളാൻ പ്രപ്തരാണെങ്കിൽ, പക്ഷപാതരഹിതരാണെങ്കിൽ ഇവർ സ്വന്തം ചിന്തകളുടെ സമർഥനം തുടരുകയും അങ്ങനെ സമൂഹത്തിന്റെ മാറ്റത്തിന് കാരണമാവുകയും ചെയ്യും. അതേസമയം സമൂഹം അസഹിഷ്ണുത കാട്ടുകയും, അവരെ അടിച്ചമർത്താൻ ഏത് മാർഗ്ഗം സ്വീകരിക്കാനും മടി കാട്ടാതെ ഇരിക്കുകയും ചെയ്‌താൽ നവീകരണ പ്രക്രിയ നിലയ്ക്കുക തന്നെ ചെയ്യും.
ഹിന്ദുക്കളുടെ നൈതികതയിൽ ജാതിയുടെ സ്വാധീനം പരിതാപകരമാണ്. സാമൂഹിക ചൈതന്യത്തെ അത് നശിപ്പിച്ചു. സഹാനുഭൂതിയെ അത് നിലം പരിശാക്കി. പൊതുജനാഭിപ്രായം അസാധ്യമാക്കി. ഹിന്ദുവിന് പൊതുജനം ജാതിയാണ്. അവന്റെ ഉത്തരവാദിത്തവും ജാതിയോടു മാത്രമാണ്. അവന്റെ കൂറും ആ ജാതിയോടു മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു.
ഇന്നത്തെ അവസ്ഥയിൽ ഒരു ജാതിക്ക്, ജാതിനിയമങ്ങളെ ലംഘിക്കുന്ന ഏതൊരാളെയും ഭ്രഷ്ടനാക്കാൻ ചോദ്യം ചെയ്യപ്പെടാത്ത അധികാരമുണ്ട്. ഈ ഭ്രഷ്ട് ആളെ സാമൂഹികസമ്പർക്കത്തിൽ നിന്നുപോലും പൂർണമായി ഒഴിവാക്കുന്നു എന്ന് തിരിച്ചറിയുമ്പോൾ മരണമോ ഭ്രഷ്ടോ ഭേദം എന്നതിൽ പ്രത്യേകമായ തെരഞ്ഞെടുപ്പിന്റെ പ്രസക്തി പോലും നഷ്ടമാവുന്നു. അതുകൊണ്ട് തന്നെ, ഇതുവരെ ജാതിയുടെ വേലിക്കെട്ടുകൾ തകർക്കാൻ ഒരു ഹിന്ദുവും ധൈര്യം കാട്ടിയില്ല എന്നതിൽ അത്ഭുതമില്ല. മനുഷ്യന് തന്റെ കൂട്ടാളികളുമായി ഒത്തുചേർന്ന് പോകാൻ ബുദ്ധിമുട്ടാണ് എന്നതൊരു സത്യമാണ്. അതുപോലെ തന്നെ മറ്റൊരു സത്യമാണ് അവരില്ലാതെയും അയാൾക്ക് മുന്നോട്ടു പോകാൻ കഴിയില്ല എന്നത്. അവന്റെ വ്യവസ്ഥകൾക്കുള്ളിൽ നിലനില്ക്കുന്ന ഒരു സമൂഹത്തെ അയാൾക്ക് ആവശ്യമാണെന്ന് വരുന്നു. അവന്റെ വ്യവസ്ഥകൾക്കുള്ളിൽ അങ്ങനെയൊന്ന് ലഭിച്ചില്ലെങ്കിൽ ഏതെങ്കിലും വ്യവസ്ഥകൾക്ക് കീഴിൽ ആ സമൂഹത്തെ ലഭിക്കാൻ അയാൾ ശ്രമിക്കും; പൂർണമായും ആ വ്യവസ്ഥകൾക്ക് കീഴടങ്ങിക്കൊണ്ട് തന്നെ. സമൂഹം ഇല്ലാതെ അയാൾക്ക് പറ്റില്ല എന്നതുകൊണ്ടാണ് അത്. ഈ നിസ്സഹായതയെ മുതലെടുക്കാൻ ജാതി സദാ സന്നദ്ധമാണ്; വാക്കിലും പ്രവൃത്തിയിലും അതിന്റെ അനുവർത്തനം നിഷ്കർഷിക്കാനും. ഒരു സാമൂഹിക പരിഷ്കർത്താവിന്റെ ജീവിതം നരകമാക്കുന്ന ഉപജാപകവൃന്ദമായി സംഘടിക്കാൻ ഒരു ജാതിക്ക് കഴിയും. ഉപജാപം ഒരു കുറ്റകൃത്യമാണെങ്കിൽ, എന്തുകൊണ്ടാണ് ജാതിനിയമങ്ങൾ അംഗീകരിക്കാൻ കൂട്ടാക്കാത്തവർക്ക് ഭ്രഷ്ട് കൽപ്പിക്കാൻ ഗൂഡാലോചന നടത്തുന്നത് നിയമത്തിനു മുന്നിൽ കുറ്റകരമാവുന്നില്ല എന്നെനിക്ക് മനസിലാവുന്നില്ല. അങ്ങനെ നിയമം പോലും ജാതികൾക്ക് അംഗങ്ങളെ നിയന്ത്രിക്കാനും, ഭ്രഷ്ട് കല്പ്പിച്ച് ശിക്ഷിക്കാനും സ്വയംഭരണം കല്പ്പിച്ചു കൊടുത്തിരിക്കുന്നു. യാഥാസ്ഥിതികർക്ക് പരിഷ്കർത്താക്കളെ പീഡിപ്പിക്കാനും നവീകരണത്തെ ഹനിക്കാനുമുള്ള ശക്തമായ ആയുധമാണ് ജാതി.
സാമൂഹിക ചൈതന്യം നശിപ്പിക്കുന്ന ജാതി
ഹിന്ദുക്കളുടെ നൈതികതയിൽ ജാതിയുടെ സ്വാധീനം പരിതാപകരമാണ്. സാമൂഹിക ചൈതന്യത്തെ അത് നശിപ്പിച്ചു. സഹാനുഭൂതിയെ അത് നിലം പരിശാക്കി. പൊതുജനാഭിപ്രായം അസാധ്യമാക്കി. ഹിന്ദുവിന് പൊതുജനം ജാതിയാണ്. അവന്റെ ഉത്തരവാദിത്തവും ജാതിയോടു മാത്രമാണ്. അവന്റെ കൂറും ആ ജാതിയോടു മാത്രമായി പരിമിതപ്പെട്ടിരിക്കുന്നു. നന്മ ജാതിമുക്തവും ധർമ്മം ജാതി ബന്ധിതവുമായിരിക്കുന്നു. അർഹതയുള്ളവന് സഹാനുഭൂതി ലഭിക്കുന്നില്ല. യോഗ്യതയുള്ളവന് അംഗീകാരം, ദരിദ്രന് അനുകമ്പ, ഒന്നും ഇന്ന് ലഭ്യമല്ല. സഹാനുഭൂതി ജാതിയിൽ തുടങ്ങി ജാതിയിൽ തന്നെ അവസാനിക്കുന്ന വികാരമാണ് ഇന്ന്. അനുകമ്പയും ഉണ്ട്, പക്ഷെ അത് ജാതിക്കു പുറത്തുള്ളവന് അർഹതപ്പെട്ടതല്ല. ഒരു നല്ലവനും മഹാനുമായ മനുഷ്യനെ ഒരു ഹിന്ദു വകവച്ചു കൊടുക്കുകയും പിന്തുടരുകയും ചെയ്യുമോ? 'മഹാത്മാ' വിന്റെ കാര്യം മാറ്റി നിർത്തിയാൽ, നമുക്ക് ലഭിക്കുന്ന ഉത്തരം അവൻ പിന്തുടരണമെങ്കിൽ ആ നേതാവ് സ്വന്തം ജാതിയുടെ വക്താവായിരിക്കണം എന്നതാണ്. ബ്രാഹ്മണൻ ആണെങ്കിൽ മാത്രമേ നേതാവിനെ ഒരു ബ്രാഹ്മണൻ പിന്തുടരൂ, കയസ്ഥനാണെങ്കിൽ മാത്രം ഒരു കയസ്ഥൻ, അങ്ങനെയങ്ങനെ. ഒരു മനുഷ്യനിലുള്ള യോഗ്യതകളെ അംഗീകരിക്കാനുള്ള പ്രാപ്തി, സ്വജാതിയിൽ പെടാത്ത ഒരാളെ അംഗീകരിക്കാനുള്ള പ്രാപ്തി, ഒരു ഹിന്ദുവിൽ നിലനില്ക്കുന്നില്ല. വൈശിഷ്ട്യങ്ങൾക്ക് വിലമതിക്കപ്പെടുന്നുണ്ട്, പക്ഷെ അയാൾ സ്വന്തം ജാതിയുടെ സഹകാരി ആവുമ്പോൾ മാത്രം. മുഴുവൻ നീതിയുക്തിയും ജാതീയമായ നീതിയുക്തിയുടെ അത്ര തന്നെ മോശമാവുന്നു. എന്റെ ജാതിവക്താവ്, ശരിയോ തെറ്റോ; എന്റെ ജാതിവക്താവ്, നല്ലതോ മോശമോ? ഇത് നന്മയുടെ ഭാഗത്ത് നില്കുന്നതിന്റെയോ തിന്മയുടെ ഭാഗം പിടിക്കാതിരിക്കുന്നതിന്റെയോ കാര്യമല്ല. ഇത് ജാതിക്കൊപ്പം നില്ക്കുകയോ നില്ക്കാതിരിക്കുകയോ ചെയ്യുന്നതിനെ സംബന്ധിച്ചുള്ളതാണ്. ജാതി താല്പ്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി തങ്ങളുടെ നാടിനെതിരായി ഹിന്ദുക്കൾ രാജ്യദ്രോഹം ചെയ്തിട്ടില്ലേ?
Related Articles
വിപ്ലവത്തിൽ നിന്ന് വിഗ്രഹനിർമ്മിതിയിലേക്ക്: കേരള നവോത്ഥാനത്തിന്റെ ചില പ്രതി-രൂപങ്ങൾ (ഭാഗം: 2)
അരുവിപ്പുറം സംഭവത്തിന്റെ കാര്യത്തിൽ, ബ്രാഹ്മണ്യവിധിപ്രകാരം വിഗ്രഹപ്രതിഷ്ഠ നടത്തുവാൻ അനുവാദമില്ലാത്ത ഒരാൾ അതു ചെയ്തു എന്ന വിപ്ലവം എടുത്തുപറയുമ്പോൾ തന്നെ, എടുത്തുപറയേണ്ട മറ്റൊന്നു...

Blocking at the Entrance: Need of Reform in Viva-voce Examination of JNU
Heated debates and discussions are going on in JNU on the reduction of marks in the Viva-voce of the M.phil entrance examination for a few years.

സംവരണം, ജാതി, ദാരിദ്ര്യം: വിവാദങ്ങളും വസ്തുതകളും
സംവരണേതരവിഭാഗങ്ങളിലെ പാവപ്പെട്ടവർക്ക് സംവരണമേർപ്പെടുത്താനുള്ള തീരുമാനം ഉയർത്തിവിട്ട സംവാദങ്ങളെ ഗവേഷകവിദ്യാർത്ഥികളായ രാമദാസ് പ്രിനി ശിവാനന്ദൻ, ജിഷ്ണുദാസ് കെ.എസ്.