ഫാസിസവും കമ്മ്യൂണിസവും : ജവഹര്‍ലാല്‍ നെഹ്‌റു
താന്‍ ഫാസിസ്റ്റ് പക്ഷത്താണോ അതോ കമ്മ്യൂണിസത്തിന്റെ ഒപ്പമാണോ എന്ന് വിശദീകരിച്ചു കൊണ്ട് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റു 1933 ഡിസംബർ 18 ന് പ്രസിദ്ധീകരിച്ച പത്രക്കുറിപ്പ്.
ഇന്ത്യൻ മാധ്യമങ്ങൾ എല്ലാക്കാലത്തും എന്നോട് മമത പുലർത്തുകയും, എന്റെ അഭിപ്രായങ്ങൾക്ക് പ്രചാരം നൽകാൻ അസംഖ്യം അവസരങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്. അതിനോടുള്ള കൃതജ്ഞത ഞാൻ പ്രകടിപ്പിച്ചേ മതിയാവൂ.
എങ്കിലും അവയെന്നെ ചിലപ്പോഴൊക്കെ ഞെട്ടിക്കാറുണ്ട്. ഈയടുത്ത കാലത്ത് എനിക്കുണ്ടായ ഏറ്റവും വലിയ ഞെട്ടലുകളിലൊന്ന് ഡെല്‍ഹിയില്‍ വെച്ച് ഞാൻ ചില വിദേശസന്ദര്‍ശകര്‍ക്ക് നൽകിയ അഭിമുഖമെന്ന് പറയപ്പെടുന്നതിനെക്കുറിച്ചുള്ള റിപ്പോര്‍ടാണ്. ഡെല്‍ഹിയിലെ ‘ദ നാഷണല്‍ കോള്‍’ (The National Call) ആണ് ഇത് ആദ്യം പ്രചരിപ്പിച്ചത്. എന്റെ വാക്കുകൾ എന്ന നിലയിൽ എഴുതപ്പെട്ടത് വായിച്ച് ഞാന്‍ ആശ്ചര്യപ്പെട്ടു. ബോംബെയിലെ ‘ഫ്രീ പ്രെസ്സ് ജേണല്‍’ (Free Press Journal) ആകട്ടെ, ഒരു പടി കൂടെ കടന്ന്, ഒരു ഏഴ് കോളം തലക്കെട്ടില്‍, ഞാനെന്റെ നയം വ്യക്തമാക്കിയെന്നും കമ്മ്യൂണിസത്തേക്കാള്‍ ഞാന്‍ ഫാസിസത്തെയാണ് ഇഷ്ടപ്പെടുന്നതെന്നും പ്രഖ്യാപിച്ചു. കുപ്പായത്തിനുള്ളിലൊളിപ്പിച്ച മാന്ത്രികച്ചീട്ടെന്ന പോലെ, എന്റെ ഏതെങ്കിലും നിലപാടുകൾ ഇത്രയും നാൾ ഞാൻ മറച്ചു വച്ചിരുന്നതായി എനിക്ക് അറിവില്ല. എന്റെ എഴുത്തുകളിലും പ്രസംഗങ്ങളിലും ആവിഷ്കരിക്കപ്പെടുന്ന കാഴ്ചപ്പാടുകള്‍ക്ക് എനിക്ക് കഴിയാവുന്നത്രയും സ്പഷ്ടത വരുത്തുവാനായിരുന്നു ഇക്കഴിഞ്ഞ മൂന്ന് മാസങ്ങളില്‍ ഞാന്‍ ശ്രമിച്ചത്. ആ കാഴ്ചപ്പാടുകള്‍ ശരിയോ തെറ്റോ ആയിക്കൊള്ളട്ടെ, എന്നാല്‍ അവ തീർത്തും വ്യക്തമാണെന്നും ആരാലും തെറ്റിദ്ധരിക്കപ്പെടില്ലെന്നുമായിരുന്നു എന്റെ പ്രതീക്ഷ. എന്നാൽ എന്റെ ആശയങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നുവെന്നതും ഞാന്‍ വിശ്വസിക്കുന്നതിന്റെയും ഉദ്ദേശിക്കുന്നതിന്റെയും നേര്‍വിപരീതമാണ് പ്രചരിപ്പിക്കപ്പെടുന്നതെന്നതും എന്നില്‍ ഞെട്ടലും നിരാശയുമുണ്ടാക്കുന്നു.
ഡെല്‍ഹി അഭിമുഖത്തെക്കുറിച്ചുള്ള റിപ്പോര്‍ട് പിഴവുകളും തെറ്റായ പ്രസ്താവനകളും നിറഞ്ഞതായതിനാല്‍ അത് പുതുതായി എഴുതാതെ, തിരുത്തുകള്‍ വരുത്തുവാന്‍ ബുദ്ധിമുട്ടാണ്. ഞാനത് ചെയ്യുവാന്‍ ആവശ്യപ്പെടുന്നില്ല. ഈ വിഷയത്തില്‍ ഞാനെഴുതിയവ വായിക്കുവാന്‍ താല്പര്യപ്പെടുന്നവരുടെ ശ്രദ്ധ ഞാന്‍ ക്ഷണിക്കുകയാണ്. പ്രത്യേകിച്ചും ഒരു കാര്യത്തില്‍ വ്യക്തത വരുത്തുവാന്‍ ഞാനാഗ്രഹിക്കുന്നു. അത് ഫാസിസത്തെയും കമ്മ്യൂണിസത്തെയും കുറിച്ചുള്ള എന്റെ നിലപാടാണ്. അടിസ്ഥാനപരമായി ഇന്ന് ലോകത്തിനു മുന്നിലുള്ള രണ്ട് വഴികള്‍ കമ്മ്യൂണിസത്തിന്റെയോ ഫാസിസത്തിന്റെയോ ഒരു രൂപം തിരെഞ്ഞെടുക്കുക എന്നതാണ്. ഞാന്‍ കമ്മ്യൂണിസത്തിനൊപ്പമാണ്. അത്രയേറെ ഞാന്‍ ഫാസിസത്തെ വെറുക്കുന്നു. നിലവിലെ മുതലാളിത്തവ്യവസ്ഥ അതിനെത്തന്നെ സംരക്ഷിക്കുവാന്‍ നടത്തുന്ന അപരിഷ്കൃതവും ക്രൂരവുമായ ശ്രമങ്ങൾ മാത്രമാണ് ഫാസിസം. കമ്മ്യൂണിസത്തിനും ഫാസിസത്തിനുമിടയിൽ ഒരു മദ്ധ്യനിലപാടില്ല. രണ്ടിലൊന്ന് ഒരാള്‍ക്ക് തെരഞ്ഞെടുക്കേണ്ടതായി വരും. ഞാനതില്‍ കമ്മ്യൂണിസ്റ്റ് ആശയമാണ് തെരെഞ്ഞെടുക്കുന്നത്. ഈ ആശയത്തിന്റെ രീതികളെയും സമീപനങ്ങളെയും സംബന്ധിച്ചാണെങ്കില്‍, പരമ്പരാഗത കമ്മ്യൂണിസ്റ്റുകാര്‍ ചെയ്ത എല്ലാ കാര്യങ്ങളോടും ഞാന്‍ യോജിച്ചെന്ന് വരില്ല. എന്നാൽ, മാറുന്ന സാഹചര്യങ്ങള്‍ക്ക് അനുഗുണമായ മാറ്റങ്ങള്‍ കമ്മ്യൂണിസത്തിന്റെ രീതികള്‍ക്ക് കൊണ്ടുവരാന്‍ സാധിക്കുമെന്നും ഓരോ രാജ്യങ്ങള്‍ക്കനുസരിച്ച് ഇവ വ്യത്യാസപ്പെടണമെന്നും ഞാന്‍ കരുതുന്നു. മാത്രമല്ല, കമ്മ്യൂണിസത്തിന്റെ അടിസ്ഥാനപ്രത്യയശാസ്ത്രവും, ചരിത്രത്തിനത് നൽകിയ ശാസ്ത്രീയവ്യാഖ്യാനവും ഉറപ്പുള്ളവയാണെന്ന് ഞാന്‍ കരുതുന്നു.
ഞാന്‍ എന്റെ നിലപാടില്‍ വ്യക്തത വരുത്തിയിട്ടുണ്ടെന്ന് കരുതട്ടെ. ബലഹീനമായ മനസ്സുള്ള ഒരാള്‍ക്ക് മാത്രമേ റിപ്പോര്‍ട് ചെയ്യപ്പെട്ട അഭിമുഖത്തിലെപ്പോലെ പരസ്പരവിരുദ്ധമായ രീതിയില്‍ ആശയപ്രകാശനം നടത്തുവാന്‍ കഴിയുകയുള്ളൂ. ചിത്തഭ്രമം ബാധിച്ചവർക്ക് മാത്രമേ കമ്മ്യൂണിസത്തെ ഒരു ദിവസവും, ഫാസിസത്തെ മറ്റൊരു ദിവസവും പിന്തുണയ്ക്കുവാന്‍ സാധിക്കുകയുള്ളൂ. ഞാനെന്നെത്തന്നെ ബോധ്യപ്പെടുത്തുന്നത് ഞാന്‍ ഇത് രണ്ടുമല്ല എന്നും, വിവേകശാലിയാണെന്നും, ഒരുവേള സമചിത്തനാണെന്നുമാണ്.
Category & Topics
Related Articles
ഇന്ത്യയില്‍ കമ്മ്യൂണിസത്തിന്റെ ആവശ്യകത എന്താണ്? - ഭാഗം 2
ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെ മുന്നോട്ടുള്ള വഴികളെക്കുറിച്ച് ഡോ. വിജയ് പ്രഷാദ് എഴുതുന്നു.
ഇന്ത്യയില്‍ കമ്മ്യൂണിസത്തിന്റെ ആവശ്യകത എന്താണ്? - ഭാഗം 1
ഇന്ത്യയില്‍ ഇടതുപക്ഷത്തിന് മുന്നേറാന്‍ സാധിക്കുന്ന പാതകളെക്കുറിച്ചും നിലവിലെ സാഹചര്യങ്ങള്‍, വസ്തുതകള്‍, രാഷ്ട്രീയം എന്നതിനെക്കുറിച്ചും ഡോ. വിജയ് പ്രഷാദ് പരിശോധിക്കുന്നു.

വിശ്വാസത്തിന്റെ പേരില്‍ ഇതിനുമുമ്പും...
വിശ്വാസത്തിന്റെ പേരില്‍ ഇടതുപക്ഷത്തിനെതിരെയുള്ള പെരുമ്പറകൊട്ട് മുമ്പുമുണ്ടായിട്ടുണ്ട്. എന്നാല്‍, ശൈലി മാറ്റിക്കൊണ്ട് ആയിരുന്നില്ല കമ്മ്യൂണിസ്റ്റ് പാര്‍ടി അതിനെ നേരിട്ടത്.