പ്രവാസം: കടത്തനാട്ടിലെ ചില ചിത്രങ്ങൾ
നൂറ്റാണ്ടുകൾ നീണ്ട സമുദ്രവ്യാപാര ബന്ധത്തിന്റെ തുടർച്ചയായി 1970-കളിൽ ആരംഭിച്ച ഗൾഫ് കുടിയേറ്റം കടത്തനാടിന്റെ സാമൂഹിക-സാമ്പത്തിക ജീവിതത്തെ ആഴത്തിൽ സ്വാധീനിച്ചു. രാജ്യത്തിനകത്തും പുറത്തും മുൻപേ പ്രവാസം നയിച്ച ചരിത്രമുള്ള ഈ പ്രദേശം, പ്രവാസത്തിന്റെ സങ്കീർണ്ണമായ അനുഭവങ്ങളിലൂടെയും മാറിയ നിയമങ്ങൾക്കിടയിലൂടെയും അറബ് നാടുകളുമായുള്ള സാംസ്കാരിക-വൈകാരിക ബന്ധം മുറിയാതെ ഇന്നും കാത്തുസൂക്ഷിക്കുന്നു.

പ്രവാസം: കടത്തനാട്ടിലെ ചില ചിത്രങ്ങൾ
എഴുത്ത്: രാജിവൻ കുന്നത്ത്
വര: ഉമേഷ് ഓമനക്കുട്ടൻ
കോഴിക്കോട് ജില്ലയിൽ വടകരയ്ക്ക് ചുറ്റുമുള്ള പ്രദേശത്തെയാണ് 'കടത്തനാട്' എന്ന് പൊതുവെ അറിയപ്പെടുന്നത്. വടക്ക് മാഹിപ്പുഴ, തെക്ക് മൂരാട് പുഴ, പടിഞ്ഞാറ് അറബിക്കടൽ, കിഴക്ക് മൊകേരിക്ക് അടുത്തുള്ള കടത്തനാടൻ കല്ല് എന്നിവ അതിർത്തിയിട്ട ദേശം. രാഷ്ട്രീയ-ഭരണപരമായ ഒരു പ്രദേശം എന്ന നിലയിൽ കടത്തനാട് ഇന്ന് നിലവിലില്ലെങ്കിലും, അതൊരു സാംസ്‌കാരിക, പൈതൃക സാന്നിദ്ധ്യമായി ദേശക്കാരുടെ മണ്ണിലും മനസ്സിലും ഇന്നും തിരിമുറിയാതെ നിലകൊള്ളുന്നു. കടത്തനാടിന്റെ പ്രവാസ അനുഭവങ്ങൾക്ക് ഒരു നൂറ്റാണ്ടിനോടടുത്ത ഇഴയടുപ്പമുണ്ടെങ്കിലും അതൊരു സ്വാധീന ശക്തിയായി ഇന്നാട്ടിലെ മനുഷ്യ ജീവിതത്തിന്റെ ഭാഗമാകുന്നത് 1970-കളിൽ ഗൾഫ്നാടുകളിലേക്കുള്ള തൊഴിൽ തേടിയുള്ള സാധാരണ മനുഷ്യരുടെ കുടിയേറ്റത്തോടുകൂടിയാണ്.
ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ്, ഒമാൻ, യു. എ .ഇ, സൗദി അറേബ്യ എന്നീ ആറ് എണ്ണയുല്പാദക രാജ്യങ്ങങ്ങളാണ് ഈ ഗൾഫ് നാടുകൾ. പേർഷ്യൻ ഗൾഫെന്നും അറേബ്യൻ ഗൾഫെന്നും ഇടകലർന്ന് പറയുന്ന കടലിടുക്കിന്റെ ഓരങ്ങളിലുള്ള ഗൾഫ്നാടുകൾ, അറബിക്കടലിനക്കരെ കടത്തനാടിന് തെക്ക് -പടിഞ്ഞാറ് മാറി നിലകൊള്ളുന്നു. 1970-കളിൽ ലോകത്തിന്റെ വിഭിന്ന നാടുകളിൽനിന്ന് മനുഷ്യാധ്വാനം വിലക്ക് കൊടുക്കാൻ പുറപെട്ടുപോയവരിൽ കടത്തനാട് ദേശത്തെ കുറെ മനുഷ്യരുമുണ്ടായിരുന്നു; പുതു ജീവിതം വിളക്കിച്ചേർത്ത് വെളുപ്പിച്ചെടുക്കാമെന്ന സ്വപ്നവുംപേറി അറബിക്കടലിനക്കരെ പോയവർ.
പ്രവാസത്താൽ ചിലർ പുതുപണക്കാരായി. ചിലർക്ക് ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിക്കെട്ടാനായി. മറ്റൊരു വിഭാഗം കാര്യമായി ഒന്നുമില്ലാതെ രോഗശരീരവുമായി മടങ്ങിവന്നു. കുറച്ചുപേരുടെ സ്വപ്നങ്ങളും ജീവിതവും അറേബ്യൻ മരുമണലിൽതന്നെ ഒടുങ്ങി അമർന്നു. ഇന്നിക്കാണുന്ന മലബാറിന്റെ/കടത്തനാടിന്റെ സാമൂഹിക ജീവിതഗതിയെ മാറ്റിപ്പണിയുന്നതിൽ ഇങ്ങനെയുള്ള പ്രവാസ ജീവിതാനുഭാവങ്ങളുടെ ഇടർച്ച-തുടർച്ച കൂടി ഒട്ടിച്ചേർന്നതാണ്. അതുകൊണ്ട്, കടത്തനാടിന്റെ മണ്ണിനും മനസ്സിനും പ്രവാസത്തിന്റെ ഏറെ സാമൂഹിക-വൈകാരിക അനുഭവ കഥകൾ പറയാനുണ്ട്. അവ പറഞ്ഞതും അറിഞ്ഞതുമാകാം. പക്ഷെ, ചിലത് അങ്ങിനെയൊന്നും പുതു തലമുറ അറിയാത്തതുമുണ്ട്.
കടത്തനാടും പ്രവാസവും
പ്രവാസത്തിന്റെ കടത്തനാടൻ അറിവുകൾ പ്രാദേശികമാണ്. ഇത്തരം പ്രവാസ അറിവനുഭവങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പലപ്പോഴും അവഗണിക്കപ്പെടുകയോ പ്രാദേശികമായി ഒരു കൂട്ടം മനുഷ്യരുടെ മനസ്സില്‍ ഒതുങ്ങി നിന്നവയോ ആയിരുന്നു. പ്രവാസികളുടെ ജീവിത അനുഭവങ്ങൾ, അവരുടെ കുടുംബാംഗങ്ങൾ, നാട്ടുകാർ, ചങ്ങാതിമാർ,തുണക്കാർ എന്നിവരോടൊത്തുള്ള കെട്ടുപാടുകളില്ലാത്ത വര്‍ത്തമാനങ്ങൾ, കാഴ്ച്ചകൾ, വായനകൾ എന്നിവയിലൂടെ എന്റെ മനസ്സിൽ തറിച്ചപ്രവാസത്തിന്റെ ചിതറിയ ചിത്രങ്ങളെ ഇവിടെ പകർത്തിയെഴുതാൻ ശ്രമിക്കുന്നു.
ഗൾഫ് പ്രവാസത്തിനുമുൻപ് തന്നെ ഇന്ത്യയ്ക്കു അകത്തും പുറത്തും പ്രവാസം നയിച്ചവരായിരുന്നു കടത്തനാട്ടുകാർ. പ്രവാസത്തിന്റെ ആദ്യഘട്ടത്തിൽ മുഖ്യമായും പങ്കുചേർന്നത് മാപ്പിള മുസ്ലിം ജനവിഭാഗമായിരുന്നു. മദ്രാസ്, കോയമ്പത്തൂർ, അഹമ്മദാബാദ്, വിജയവാഡ, തിരുപ്പൂർ, ബോംബെ, കൽക്കത്ത, വിശാഖപട്ടണം, ആൻഡമാൻ തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അവർ കുടിയേറി. ചായ പീടിക, അരിക്കച്ചവടം, വെറ്റില മുറക്ക്, പലചരക്ക്, ഹോട്ടൽ എന്നീ മേഖലകളിൽ അവർ പണിയെടുത്തു. റംഗൂണ്‍ (മ്യാന്മാർ), മലയ (മലേഷ്യ), ജാവ (ഇൻഡോനേഷ്യ), സിലോൺ/കൊളംബ് (ശ്രീലങ്ക) സിംഗപ്പൂർ എന്നീ വിദേശരാജ്യങ്ങളിലെ കച്ചവട അനുബന്ധ മേഖലകളിലും ഒരു വിഭാഗം ഏർപെട്ടുപോന്നു. ഇന്നത്തെ വില്യാപ്പള്ളിയിലെ നിരവധി കുടുംബാംഗങ്ങൾ വിഭജനത്തിന് മുമ്പ് തന്നെ കറാച്ചിയിൽ കുടിയേറി കച്ചവടത്തിൽ ഇടപെട്ടവരാണ്. ഇവരിൽ ചിലർ അവിടെ തന്നെ സ്ഥിരതാമസമാക്കിയിട്ടുമുണ്ട്. എട്ടര പതിറ്റാണ്ട് മുൻപ് ഇന്നത്തെ ഇൻഡോനേഷ്യൻ ദ്വീപുസമൂഹങ്ങളിലൊന്നായ ജാവ ദ്വീപിൽ കുടിയേറ്റം നടത്തിയ പ്രവാസികളുടെ ചരിത്രബന്ധത്തിന്റെ നൂലിഴകളിലൊന്നാണ് ഇന്നും വില്യാപ്പള്ളി അങ്ങാടിയിൽ നാം കാണുന്ന 'ജാവ' തുണിക്കട.
കോഴിക്കോട്, മംഗലാപുരം, ബോംബെ തുടങ്ങിയ തുറമുഖ നഗരങ്ങളിൽ നങ്കൂരമിടുന്ന അറബ് ചരക്ക് കപ്പലുകളിൽ (ലാഞ്ച്) ഏതെങ്കിലും ഇടനിലക്കാർ വഴി, ഇക്കരയിലേയും മറുകരയിലെയും തീരങ്ങളിലെ അധികൃതരുടെ കണ്ണിൽപെടാതെ കടത്തനാടിൽനിന്നും ഗൾഫിൽ അഭയം കണ്ടെത്തിയിരുന്നു. 1960 കളിൽ ചരക്കിറക്കുന്ന ലോഞ്ചുകളിൽ ബോംബെ തീരത്തുനിന്ന് ഇന്നത്തെ ഇറാഖിലെ ബാഗ്ദാദിലേക്കും ചിലർ പുറപെട്ടുപോയി. ബാഗ്ദാദിലെ മൊയ്നുകുടിയേറിയത് ദ്ദീൻ ശൈഖ് ദർഗയിൽ സന്ദർശനം നടത്തി അവിടെനിന്ന് ഗൾഫിലേക്ക് പോയവരും പാക്കിസ്ഥാനിലെ കറാച്ചിയിൽ താമസിച്ചു അവിടെ നിന്ന് ഇറാൻ വഴി ഗൾഫിലേക്ക് പോയവരും കടത്തനാട്ടെ പ്രവാസത്തിന്റെ ഭാഗമാണ്. ഇങ്ങനെയുള്ള ദേശ-ദേശാന്തര പ്രവാസ അനുഭവവും അറിവും പേറിയ മണ്ണിൽ നിന്നാണ് 1970 മുതൽ ദേശം വിട്ട് വലിയ തോതിൽ അറബ് നാട്ടിലേക്ക് തൊഴിൽത്തേടി കുടിയേറിയത്. ഇവരാണ് ജീവിതം കരുപ്പിടിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെട്ട ആദ്യകാല ഗൾഫ് പ്രവാസികൾ.
കച്ചവടം പണിത ദേശ-മനുഷ്യബന്ധം
കടത്തനാടിനെ സംബന്ധിച്ചിടത്തോളം അറബ് ഒരു അന്യദേശമല്ല. കരയ്ക്ക് പകരം കടൽ കടന്ന് എത്തിച്ചേരാൻ പറ്റുന്ന ദേശം. മലബാറുമായി/കടത്തനാടുമായി ഏതാണ്ട് മുഖത്തോട് മുഖം നോക്കിനിൽക്കുന്ന ദേശം.
പൗരാണിക കാലം മുതലെ കടത്തനാട് ഉൾപ്പെടുന്ന മലബാറിന് അറബ് മണലുമായി ഒരു പൊക്കിൾക്കൊടി ബന്ധമുണ്ട്. മലഞ്ചരക്കുകളും സുഗന്ധ ദ്രവ്യങ്ങളും മലബാർ തീരത്തുനിന്ന് പായ്കപ്പലുകളിലും മറ്റും അറേബ്യയിലേക്ക് കയറ്റുമതി ചെയ്തുള്ള സാമ്പത്തിക -സാംസ്‌കാരിക ബന്ധമുള്ള ജനതയിലൂടെ അവ രൂപപ്പെട്ടു. സംഘടിത മതങ്ങൾ അറേബ്യയിൽ പിറവിയെടുക്കുന്നത്തിന് നൂറ്റാണ്ടുകൾ മുമ്പ് തന്നെ അറബ് -മലബാർ മനുഷ്യ -ചരക്ക് ബന്ധത്തിലൂടെ ഒന്നായി നിന്ന ഇരു ദേശങ്ങൾ. ആധുനിക ദേശരാഷ്ട്രങ്ങൾ അതിർത്തിയിട്ടും അവ മുറിച്ചും ഭൂപടങ്ങൾ നിർമ്മിച്ചെടുക്കുന്നതിന് എത്രയോ മുൻപ് കൊണ്ടു കൊടുക്കലിലെ വിശ്വാസത്താൽ ഒന്നായ് നിന്ന malabar-അറബ് ദേശങ്ങൾ.
ജൂത, ക്രിസ്ത്യൻ, ഇസ്ലാം മതങ്ങൾ നാമ്പെടുത്തപ്പോഴും ഈ ബന്ധം മുറിയാതെ ഉടലോടെ നിലനിന്നു. അങ്ങിനെയാണ് മലബാർ ഒരു സങ്കര സാമൂഹിക ജീവിത രീതിയുടെ മണ്ണായി നിലകൊണ്ടത്; അറേബ്യൻ ഇസ്ലാം, അറേബ്യൻ ജൂതർ, അറേബ്യൻ കൃത്യാനികൾ, അറബ് ആഫ്രിക്കൻ വംശജർ, പേർഷ്യക്കാർ, തുർക്കികൾ ഇങ്ങനെ നീളുന്ന മനുഷ്യസമൂഹങ്ങൾ. ഇവരൊക്കെ ഇവിടെ താൽക്കാലികമായും സ്ഥിരമായും ജീവിച്ച കച്ചവട സാമൂഹിക വിഭാഗങ്ങളായിരുന്നു. യൂറോപ്യൻ വരവുവരെ അധിനിവേശ രഹിത സാമ്പത്തിക സാംസ്‌കാരിക ജീവിതമായിരുന്നു മേൽപ്പറഞ്ഞ ജനതയുമായുള്ള സമ്പർക്കത്തിന്റെ സത്ത. നൂറ്റാണ്ടുകൾക്ക് ശേഷം രൂപപ്പെട്ട ഗൾഫ് പ്രവാസത്തിന്റെ അടിവേരുകളെ കണ്ടെത്താൻ നമുക്ക് കഴിയുന്നത്, ഇങ്ങനെ രൂപപ്പെട്ട സാമ്പത്തിക സാംസ്‌കാരിക ബന്ധത്തിലാണ്. അതുകൊണ്ടുതന്നെ ഗൾഫ് പ്രവാസത്തിൽ കണ്ണിചേരുന്നതിന് മലബാറിന്/കടത്തനാടിന് ഒട്ടും അന്യത തോന്നിയിരുന്നില്ല. രാഷ്ട്രീയ-സൈനീക ബലതന്ത്രങ്ങളൊട്ടുമില്ലാതെ മനുഷ്യർ തീർത്ത കടൽ-കര വഴികളിൽ കാലം വലിയ തടസ്സങ്ങളൊന്നും സൃഷിച്ചിട്ടില്ല. അണമുറിയാതെ ഇന്നും നമ്മുടെ ദേശക്കാർ തുടരുന്ന പ്രവാസം മേൽപറഞ്ഞ ബന്ധത്തിന്റെ സാക്ഷ്യമാണ്. ആധുനിക ദേശരാഷ്ട്രങ്ങൾ അതിന്റെ പദാവലികളിൽ ദേശ-സമുദ്ര അതിർത്തി, സമുദ്ര നിയമം, വിദേശനയം, നയതന്ത്രം, വിസ, കടത്ത് ചീട്ട് (Passport), ഇഖാമ , സ്വദേശിവത്കരണം എന്നിവ ഏറിയും കുറഞ്ഞും ആവർത്തിക്കപ്പെട്ടപ്പോഴും അറബ് നാട്ടിലേക്കുള്ള കടത്തനാട്ടിലെ മനുഷ്യപാത പാടെ മുറിഞ്ഞുപോയിട്ടില്ല.
Category & Topics
Related Articles

വിവിപാറ്റ്: കമീഷൻ വീണ്ടും വിശ്വാസ്യത തകർക്കുന്നു
ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണുമ്പോൾ വിവിപാറ്റ് (വോട്ടർ വെരിഫെയബിൾ പേപ്പർ ഓഡിറ്റ് ട്രയിൽ)

സംവരണം, ജാതി, ദാരിദ്ര്യം: വിവാദങ്ങളും വസ്തുതകളും
സംവരണേതരവിഭാഗങ്ങളിലെ പാവപ്പെട്ടവർക്ക് സംവരണമേർപ്പെടുത്താനുള്ള തീരുമാനം ഉയർത്തിവിട്ട സംവാദങ്ങളെ ഗവേഷകവിദ്യാർത്ഥികളായ രാമദാസ് പ്രിനി ശിവാനന്ദൻ, ജിഷ്ണുദാസ് കെ.എസ്.

ജനാധിപത്യത്തിന്റെ ശബ്ദമാകാൻ 'ബോധി കോമൺസ്' വീണ്ടും വരുന്നു!
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ബോധി കോമൺസ് അതിന്റെ പ്രസിദ്ധീകരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയാണ്.