പ്രവാസം: കടത്തനാട്ടിലെ ചില ചിത്രങ്ങൾ
കൺമുന്നിൽക്കണ്ട അറബിക്കടൽത്തീരത്തുനിന്ന് മറുതീരം കാണുന്നില്ലെങ്കിലും, മറുതീരക്കരയിൽ ഒരു ഖോർ ഫക്കാൻ തീരദേശമുണ്ടെന്നും ആ തീരദേശം താണ്ടിയാൽ കാണുന്ന മരുഭൂമിക്ക്, നൊന്തുനീറിയ ദുരിതത്തിന് ഒരു അറുതി ഉണ്ടാക്കാൻ കഴിവുണ്ടെന്നും വിശ്വസിച്ചവരാണ് ആദ്യകാല പ്രവാസികൾ

അറബ് നാട്ടിലേക്ക്
1950-കൾക്കു ശേഷമുള്ള രണ്ട് പതിറ്റാണ്ടുകളിൽ അറബ് നാട്ടിലേക്ക് പോയവർ പ്രധാനമായും ബറൂച്ച്, ബോംബെ, മംഗലാപുരം, മലബാർ എന്നീ ദേശങ്ങളിൽനിന്നുള്ളവരായിരുന്നു. അറബിക്കടൽ കടന്ന് അറബ് നാട്ടിലേക്ക് പോയ ഇവരോടൊപ്പം മലബാറിലെ കടത്തനാട്ടുകാരും കണ്ണി ചേർന്നു. പേർഷ്യ, കുവൈത്ത്, അറേബ്യ എന്നീ വ്യത്യസ്ത നാമങ്ങളിലാണ് ഈ അറബ് ദേശത്തെ, അന്ന് കടത്തനാട്ടുകാർ പൊതുവെ വിളിച്ചുപോന്നിരുന്നത്. ഒന്ന് ഇരുട്ടി വെളുക്കുമ്പോഴുണ്ടായവെറുമൊരു തീരുമാനമായിരുന്നില്ല ഈ ദേശത്തേക്കുള്ള പുറപ്പാട്. അറബ് നാടുമായുള്ള കച്ചവട ബന്ധവും അതിന്റെ ചരിത്രവും; മാപ്പിളപ്പാട്ടുകളും ഭക്ഷണരീതികളും വാമൊഴി-വരമൊഴിയുമായി, തലമുറകളിലൂടെ കൈമാറ്റം ചെയ്യപ്പെട്ട് ഇവിടെയൊരു സാംസ്കാരിക ഇഴയടുപ്പം നേരത്തേതന്നെ സാധ്യമായിരുന്നു. അവ ഗൾഫ് പ്രവാസത്തിലേക്കുള്ള ഒരു പാലം പണിതു. നിലനിൽക്കുന്ന പ്രതികൂല ജീവിതസാഹചര്യങ്ങളിൽനിന്നും ദാരിദ്ര്യത്തിൽനിന്നും എങ്ങനെയെങ്കിലും കരകയറണമെന്ന കിനാവുകളായിരുന്നു അവരുടെ കൈമുതൽ. അറബിക്കെട്ടിലേക്ക് ഭാഗ്യാന്വേഷികളായ ആദ്യകാല പ്രവാസികൾ അഭയം കണ്ടെത്തിയത് ഈ കിനാവുകളുടെ അടരുകളിലാണ്. സാമ്പത്തിക പിന്നാക്കാവസ്ഥയും സാംസ്കാരികമായ ചേരുവയുമാണ് അറബ് മണ്ണിലേക്ക് ചേക്കേറാൻ ആദ്യകാല കടത്തനാട്ടുകാരെ പ്രേരിപ്പിച്ച ഘടകങ്ങൾ.
ഖോർ ഫക്കാനിലെ മായാത്ത കാൽപ്പാടുകൾ
കൺമുന്നിൽക്കണ്ട അറബിക്കടൽത്തീരത്തുനിന്ന് മറുതീരം കാണുന്നില്ലെങ്കിലും, മറുതീരക്കരയിൽ ഒരു ഖോർ ഫക്കാൻ തീരദേശമുണ്ടെന്നും ആ തീരദേശം താണ്ടിയാൽ കാണുന്ന മരുഭൂമിക്ക്, നൊന്തുനീറിയ ദുരിതത്തിന് ഒരു അറുതി ഉണ്ടാക്കാൻ കഴിവുണ്ടെന്നും വിശ്വസിച്ചവരാണ് ആദ്യകാല പ്രവാസികൾ. ഒമാനും ഇറാനും അതിരിടുന്ന ഹോർമുസ് കടലിടുക്കിനപ്പുറം, ഒമാൻ ഉൾക്കടലിന്റെ തീരത്ത് നിലകൊള്ളുന്ന ഇന്നത്തെ ഷാർജ പ്രവിശ്യയുടെ ഭാഗമാണ് ഖോർ ഫക്കാൻ. ആ തീരത്തെ വെൺമണലിൽ ആദ്യകാല പ്രവാസികളുടെ ആശങ്കകളുടെയും മോഹങ്ങളുടെയും അടിയുറക്കാത്ത കാൽപ്പാടുകൾ പതിഞ്ഞിരുന്നു. തീരത്തടിച്ചുകയറിയ തിരമാലകൾക്ക് മായ്ച്ചുകളയാൻ കഴിയാത്ത ആ കാൽപ്പാടുകളാണ് പിൽക്കാല പ്രവാസികൾക്ക് അറബ് നാട്ടിലേക്കു കാലെടുത്തു വയ്ക്കാനുള്ള ആത്മധൈര്യം പകർന്നത്.
ചരക്കിറക്കുന്ന പത്തേമാരികളിൽ ഒളിച്ചുകടന്ന് അറേബ്യയിലെത്താൻ ഏറ്റവും അനുയോജ്യമായ ഇടമായിരുന്നു ഖോർഫക്കാൻ തീരം. പേർഷ്യൻ ഗൾഫിലേക്കുള്ള പ്രധാന പ്രവേശന കേന്ദ്രങ്ങളിൽ നിലയുറപ്പിച്ച ബ്രിട്ടീഷ്, അറബ് സുരക്ഷാ വിഭാഗങ്ങളുടെ കണ്ണിൽപ്പെടാതെ ഒറ്റപ്പെട്ടുനിന്ന അന്നത്തെ അറബ് തീര ദേശങ്ങളിലൊന്നായിരുന്നു ഖോർഫക്കാൻ. ഖോർ ഫക്കാന്റെ മൂന്ന് ഭാഗങ്ങൾ ഹജാർ പർവതനിരകളുടെ ഒരു ഭാഗത്താൽ ചുറ്റപ്പെട്ടിരിക്കുന്നു. ഈ പ്രദേശത്തെ ആളുകൾ അതിനെ പൊതുവെ ഖോർ ഫക്കാൻക്കുന്നെന്ന് വിളിച്ചിരുന്നു.
ഇരുട്ടിന്റെ മറപറ്റി രഹസ്യമായി വരുന്ന ഉരുക്കളിൽനിന്നും പത്തേമാരികളിൽനിന്നും ആളുകളെ ആഴം കുറഞ്ഞ പാറക്കെട്ടുകൾ നിറഞ്ഞ ഉൾക്കടലുകളിലോ വിജനമായ കടൽത്തീരങ്ങളിലോ ഇറക്കുമായിരുന്നു. അവിടെനിന്ന് അവർ ഖോർ ഫക്കാൻ മലനിരകളിലെ ദുർഘടമായ ഇടപ്പാതകൾ താണ്ടി, പടിഞ്ഞാറൻ വാണിജ്യകേന്ദ്രങ്ങളായ ഷാർജയിലേക്കും ദുബായിലേക്കും ചെന്നെത്തി. പോളിമറും റബ്ബറും ചേർത്ത, ഏത് കാലാവസ്ഥയെയും ചെറുക്കാൻ ശേഷിയുള്ള , ആധുനിക പാതകൾ അറബ് നാടുകളിൽ വരുന്നതിന് പതിറ്റാണ്ടുകൾക്ക് മുൻപ്, അധികൃതരുടെ കണ്ണുവെട്ടിച്ച് പാറയിടുക്കുകളിലൂടെയും മരുമണലിലൂടെയും ഈന്തപ്പനത്തോട്ടങ്ങളിലൂടെയും വരണ്ടുണങ്ങിയ മലയിടുക്കുകളിലൂടെയുമായിരുന്നു ഈ സാഹസിക യാത്രകൾ. ഈ വഴികളെല്ലാം ചരിത്രപരമായി രൂപപ്പെട്ടതാണ്; പരമ്പരാഗത ബെദൂയിൻ (Bedouins) യാത്രാസംഘങ്ങൾ രൂപപ്പെടുത്തിയ പാതകൾ. ഇത്തരം പാതകളിലെ യാത്രകൾ കുടിയേറ്റ ചരിത്രവഴികളിലെ ചിതറിയ പരുക്കൻ ചില മുദ്രണങ്ങളാണ്.
വേനൽക്കാലങ്ങളിൽ ഇവിടങ്ങളിലെ താപനില പലപ്പോഴും 50- ഡിഗ്രി സെൽഷ്യസിന് മുകളിലാണ്; ഒപ്പം വേണ്ടത്ര കുടിവെള്ള സ്രോതസ്സിന്റെ അഭാവം യാത്ര അതീവ വിഷമകരമാക്കി. മലമ്പ്രദേശങ്ങളിൽ പാർത്തിരുന്ന തദ്ദേശീയരായ ബെദൂക്കൾ മാത്രമായിരുന്നു അവിടുത്തെ നീരുറവകളെക്കുറിച്ചും ആടുകൾ സഞ്ചരിക്കുന്ന വഴികളെക്കുറിച്ചും അറിവുള്ളവർ. കുടിയേറ്റക്കാർ, തുറമുഖങ്ങളിലെ ഇടനിലക്കാർ വഴി ഇത്തരം തദ്ദേശീയരുടെ സഹായം തേടുകയായിരുന്നു പതിവ്. മസാഫി, അൽ ദൈദ് തുടങ്ങിയ മരുപ്പച്ചകൾ ഈ ദുരിതയാത്രയിൽ അവർക്ക് വലിയ ആശ്വാസമായി. അൽ ദൈദ് പോലുള്ള ഇടങ്ങളിലെ പഴയകാല ഇന്ത്യൻ വ്യാപാരികളും പ്രാദേശികവാസികളും ചേർന്ന് ഇവർക്ക് താൽക്കാലിക ഒളിത്താവളങ്ങളും വെള്ളവും ഭക്ഷണവും ഒരുക്കിക്കൊടുത്തു.
1960-കളിലും 70-കളുടെ തുടക്കത്തിലും, പ്രാദേശിക അറബ് ഡ്രൈവർമാർ ട്രക്കുകളിലും മറ്റുവാഹനങ്ങളിലും ടാർപോളിൻ വലിച്ചുകെട്ടി അതിനടിയിൽ ഒളിപ്പിച്ചാണ് മണൽക്കുന്നുകൾ താണ്ടി ഇവരെ ഉൾനാടുകളിലേക്ക് എത്തിച്ചിരുന്നത്. അങ്ങനെ എത്തുന്നവരെ ദേര ദുബായിലും ഖോർ ദുബായിലുമുള്ള പ്രവാസി കൂട്ടായ്മകളും മലബാറി-ഗുജറാത്തി വ്യാപാരി സമൂഹങ്ങളുംഏറ്റെടുത്തു. അവർ പുതുതായി എത്തിയവർക്ക് പ്രാഥമിക താമസസൗകര്യമൊരുക്കുകയും നിർമ്മാണമേഖലയിലോ തുറമുഖങ്ങളിലോ തൊഴിൽ കണ്ടെത്താൻ സഹായിക്കുകയും ചെയ്തു.
ദുരിതത്തിൽനിന്ന് കരകയറുമെന്ന പ്രത്യാശ അസ്ഥിക്കു പിടിച്ച് ഇറങ്ങിപുറപ്പെട്ട ആദ്യകാല പ്രവാസിക്ക്, അറബ് നാട്ടിലെ കൊടും ചൂടും മരുക്കാറ്റും തണുപ്പും നേരിടുന്നതിൽ ഒട്ടും പ്രയാസമായിരുന്നില്ല. എങ്കിലും, അങ്ങനെ പുറപ്പെട്ടുപോയവരിൽ ചിലരൊക്കെ അറബ് തീരമണയാതെ, ഖോർ ഫക്കാൻ കുന്നുപോലും കാണാതെ തങ്ങളുടെ സ്വപ്നങ്ങളുടെ ഭാരമേറിയ ശരീരങ്ങളുമായി അറബിക്കടലിന്റെ ആഴങ്ങളിൽ ആണ്ടുപോയി. മണൽക്കാറ്റിലും കൊടും ചൂടിലും കരിഞ്ഞുപോയവരുണ്ട്; ദുരിതങ്ങൾ പെയ്തൊഴിയുമെന്ന കിനാവുകണ്ട് ജീവിതം ഉരുക്കിത്തീർത്തവരുണ്ട്; ജീവിതം കരുപ്പിടിപ്പിച്ച് കരകയറിയവരുമുണ്ട്. എങ്കിലും അരനൂറ്റാണ്ട് പിന്നിട്ട ഗൾഫ്പ്രവാസത്തിന്റെ കടത്തനാടൻ പാതകൾ പടിഞ്ഞാറോട്ട് നോക്കി ഇന്നും മലർക്കെ തുറന്നിട്ടിരിക്കുന്നു; പ്രതീക്ഷകളോടും ആശങ്കകളോടും ഒപ്പം നിരവധി ചരിത്രാനുഭവങ്ങളും പേറിക്കൊണ്ട്.
Category & Topics
Related Articles

പ്രവാസം: കടത്തനാട്ടിലെ ചില ചിത്രങ്ങൾ
നൂറ്റാണ്ടുകൾ നീണ്ട സമുദ്രവ്യാപാര ബന്ധത്തിന്റെ തുടർച്ചയായി 1970-കളിൽ ആരംഭിച്ച ഗൾഫ് കുടിയേറ്റം കടത്തനാടിന്റെ സാമൂഹിക-സാമ്പത്തിക ജീവിതത്തെ ആഴത്തിൽ സ്വാധീനിച്ചു.

ജനാധിപത്യത്തിന്റെ ശബ്ദമാകാൻ 'ബോധി കോമൺസ്' വീണ്ടും വരുന്നു!
ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ബോധി കോമൺസ് അതിന്റെ പ്രസിദ്ധീകരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയാണ്.

കേരളത്തിലെ തെരഞ്ഞെടുപ്പ് ഫലം
പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിലെ ഫലം അപ്രതീക്ഷിതമാണ്.